പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലോക്‌സഭയിൽ അവിശ്വാസപ്രമേയത്തിനു മറുപടി നൽകി.
ഗവണ്മെന്റിലുള്ള വിശ്വാസം ആവർത്തിച്ചു പ്രകടിപ്പിച്ചതിനു രാജ്യത്തെ ഓരോ പൗരനോടും അങ്ങേയറ്റം കൃതജ്ഞത അറിയിക്കുന്നതിനാണു താൻ വന്നിരിക്കുന്നതെന്നു സഭയെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ഇത് ഗവണ്മെന്റിനെതിരായ വിശ്വാസവോട്ടെടുപ്പല്ലെന്നും 2018ൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ സഭയിൽ അവതരിപ്പിച്ചവർക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “2019ൽ ഞങ്ങൾ തിരഞ്ഞെടുപ്പിനു പോയപ്പോൾ, ജനങ്ങൾ അവരിലാണ് അവിശ്വാസം പ്രഖ്യാപിച്ചത്”- എൻഡിഎയും ബിജെപിയും കൂടുതൽ സീറ്റുകൾ നേടിയെന്ന് അടിവരയിട്ടു പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ഒരുതരത്തിൽ ഗവണ്മെന്റിനു ഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ അനുഗ്രഹത്തോടെ 2024ൽ എൻഡിഎയും ബിജെപിയും എല്ലാ റെക്കോർഡുകളും തകർത്തു വിജയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സമ്മേളനത്തിന്റെ തുടക്കം മുതൽ പ്രതിപക്ഷം വേണ്ടത്ര ഗൗരവത്തോടെ പങ്കെടുത്തിരുന്നെങ്കിൽ നന്നായിരുന്നേനെയെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുപ്രധാന നിയമനിർമാണങ്ങൾ പാസാക്കിയിട്ടുണ്ടെന്നും ഈ പ്രധാന നിയമനിർമാണങ്ങളേക്കാൾ രാഷ്ട്രീയം കളിക്കുന്നതിനു മുൻഗണന നൽകുന്ന പ്രതിപക്ഷം അവ ചർച്ച ചെയ്യേണ്ടതായിരുന്നെന്നും അദ്ദേഹം പരാമർശിച്ചു. “മത്സ്യത്തൊഴിലാളികൾ, ദരിദ്രർ, നിരാലംബർ, ഗിരിവർഗക്കാർ എന്നിവരുമായി ബന്ധപ്പെട്ട നിരവധി ബില്ലുകൾ ഉണ്ടായിരുന്നു, എന്നാൽ പ്രതിപക്ഷത്തിന് അവയിൽ താൽപ്പര്യമില്ല. ഇതു ജനങ്ങളുടെ പ്രതീക്ഷകളോടുള്ള വഞ്ചനയാണ്. അവരെ സംബന്ധിച്ചിടത്തോളം പാർട്ടിയാണു രാജ്യത്തിനു മുകളിലെന്ന് അവർ തെളിയിച്ചു”- അദ്ദേഹം പറഞ്ഞു. രാജ്യം പ്രതിപക്ഷത്തെ ഉറ്റുനോക്കുകയാണെന്നും അവർ ജനങ്ങളെ എല്ലായ്പോഴും നിരാശപ്പെടുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
പഴയ പ്രതിബന്ധങ്ങളിൽനിന്നു മോചനം നേടി പുതിയ ഊർജത്തോടും നിശ്ചയദാർഢ്യത്തോടും മുന്നേറുന്ന ഒരു കാലഘട്ടമാണ് ഒരു രാഷ്ട്രത്തിന്റെ ജീവിതത്തിൽ വരുന്നതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ കാലഘട്ടം നമ്മുടെ വികസനസ്വപ്നങ്ങളെല്ലാം നിറവേറ്റുന്ന സമയമാണ്. ഈ കാലയളവിൽ രൂപപ്പെടുന്നതെന്തും അടുത്ത ആയിരം വർഷത്തേക്കു രാജ്യത്തെ സ്വാധീനിക്കും. അതിനാൽ, നമുക്കു വലിയ ഉത്തരവാദിത്വമുണ്ട്, രാജ്യത്തിന്റെ വികസനം എന്ന ഒരൊറ്റ ലക്ഷ്യത്തിലായിരിക്കണം നമ്മുടെ ശ്രദ്ധ. നാട്ടുകാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള സമ്പൂർണ സമർപ്പണവും ഉണ്ടായിരിക്കണം” - അദ്ദേഹം പറഞ്ഞു. നമ്മുടെ ജനങ്ങളുടേയും യുവാക്കളുടേയും കരുത്തിനു നമ്മെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
2014ലും തുടർന്നും നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യം സമ്പൂർണ ഗവണ്മെന്റിനെ തിരഞ്ഞെടുത്തു. കാരണം തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള കഴിവ് എവിടെയാണെന്ന് അവർക്ക് അറിയാം - പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യയിലെ യുവാക്കൾക്ക് അഴിമതിരഹിതമായ ഗവണ്മെന്റിനെയാണു ഞങ്ങൾ നൽകിയത്. ഞങ്ങൾ അവർക്കു തുറന്ന ആകാശത്തു പറക്കാനുള്ള അവസരവും ധൈര്യവും നൽകി. ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം ഞങ്ങൾ മെച്ചപ്പെടുത്തുകയും അവരെ പുതിയ ഉയരങ്ങളിലെത്തിക്കുകയും ചെയ്തു” - അദ്ദേഹം പറഞ്ഞു. “അവിശ്വാസ പ്രമേയത്തിന്റെ മറവിൽ ജനങ്ങളുടെ വിശ്വാസം തകർക്കാനുള്ള വിഫലശ്രമമാണു പ്രതിപക്ഷം നടത്തിയത്” - അദ്ദേഹം പറഞ്ഞു. “ഇന്നു പാവപ്പെട്ടവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് അവരുടെ മനസിൽ വിശ്വാസം ഉയർന്നുവന്നിരിക്കുന്നു”- സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിലെ വളർച്ച, റെക്കോർഡ് വിദേശ നിക്ഷേപം, കയറ്റുമതി സ്വന്തമാക്കിയ പുതിയ നേട്ടങ്ങൾ എന്നിവ പരാമർശിച്ചു ശ്രീ മോദി പറഞ്ഞു. 13.5 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽനിന്നു കരകയറുന്നതിനെക്കുറിച്ചുള്ള നിതി (NITI) റിപ്പോർട്ടിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
അതിദാരിദ്ര്യം ഇന്ത്യ ഏതാണ്ടു തുടച്ചുനീക്കിയെന്നു പ്രസ്താവിച്ച ഐഎംഎഫ് പ്രവർത്തനരേഖയുടെ കാര്യവും പ്രധാനമന്ത്രി പരാമർശിച്ചു. ഇന്ത്യയുടെ നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റ പദ്ധതിയും മറ്റു സാമൂഹ്യക്ഷേമ പദ്ധതികളും ‘ലോജിസ്റ്റിക് വിസ്മയം’ ആണെന്ന് ഐഎംഎഫിനെ ഉദ്ധരിച്ചു പ്രധാനമന്ത്രി പറഞ്ഞു. ജൽ ജീവൻ ദൗത്യം രാജ്യത്തു നാലുലക്ഷം പേരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നുവെന്നും ശുചിത്വ ഭാരത യജ്ഞം 3 ലക്ഷം ജീവൻ രക്ഷിക്കാൻ സഹായിക്കുന്നുവെന്നും ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. “നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന രാജ്യത്തെ പാവപ്പെട്ടവരാണിവർ”- അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ദരിദ്രകുടുംബങ്ങൾക്കു പ്രതിവർഷം 50,000 രൂപ ലാഭിക്കാൻ ശുചിത്വ ഭാരത യജ്ഞം സഹായിക്കുന്നുവെന്നു യുണിസെഫിനെ ഉദ്ധരിച്ചു പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ഒട്ടകപ്പക്ഷി സമീപനത്തെ വിമർശിച്ച പ്രധാനമന്ത്രി, അവിശ്വാസത്തിൽ മുങ്ങിയതിനാൽ അവർക്കു ജനങ്ങളുടെ വിശ്വാസം കാണാൻ കഴിയുന്നില്ലെന്നും പറഞ്ഞു. പ്രതിപക്ഷത്തിന്റെ മോശം ഭാഷയും നിരന്തരമായ കുറ്റം പറച്ചിലുകളും ‘കാലാ ടീക’ (ദുശ്ശകുനം അകറ്റാൻ) എന്ന പോലെയാണു പ്രവർത്തിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ വിമർശനം ലക്ഷ്യമിടുന്ന സ്ഥാപനങ്ങളെല്ലാം പതിവായി മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി, അതിനെ ‘പ്രതിപക്ഷത്തിന്റെ രഹസ്യവരം’ എന്നും വിശേഷിപ്പിച്ചു. “അവർ ആർക്കു ദോഷം വരണമെന്ന് ആഗ്രഹിക്കുന്നുവോ അവരെല്ലാം മെച്ചപ്പെടുകയാണു ചെയ്യുന്നത്” - പ്രധാനമന്ത്രി പറഞ്ഞു.
ബാങ്കിങ് മേഖലയിലെ സംഭവവികാസങ്ങളോടുള്ള പ്രതിപക്ഷത്തിന്റെ മനോഭാവം അനുസ്മരിച്ച പ്രധാനമന്ത്രി, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനും അവർ പരമാവധി ശ്രമിച്ചുവെന്നും പറഞ്ഞു. എന്നാൽ, പൊതുമേഖലാ ബാങ്കുകളുടെ അറ്റാദായം ഇരട്ടിയായി വർധിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ നിഷ്ക്രിയ ആസ്തി പ്രതിസന്ധിയിലേക്കു തള്ളിവിട്ട ഫോൺ ബാങ്കിങ് കുംഭകോണത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇതിൽനിന്നു രാജ്യം സ്വയം പുനരുജ്ജീവിച്ച് ഇപ്പോൾ മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ രൂക്ഷമായ ആക്രമണത്തിനിരയായ എച്ച്എഎല്ലിന്റെ ഉദാഹരണവും ശ്രീ മോദി പറഞ്ഞു. എച്ച്എഎൽ വിജയത്തിന്റെ പുതിയ ഉയരങ്ങൾ തൊടുകയാണെന്നും എക്കാലത്തെയും ഉയർന്ന വരുമാനം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽഐസിയെക്കുറിച്ചു പ്രതിപക്ഷം പറയുന്ന മോശം കാര്യങ്ങളിലേക്കു വെളിച്ചം വീശി, ദിവസം ചെല്ലുന്തോറും എൽഐസി കൂടുതൽ കരുത്താർജിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
“പ്രതിപക്ഷത്തിനു രാജ്യത്തിന്റെ കഴിവുകളിലും അർപ്പണബോധത്തിലും വിശ്വാസമില്ല”- താൻ മൂന്നാം തവണ അധികാരത്തിലെത്തുമ്പോൾ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നു കുറച്ചു ദിവസങ്ങൾക്കു മുമ്പു പറഞ്ഞത് അനുസ്മരിച്ചു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഉത്തരവാദിത്വമുള്ള പ്രതിപക്ഷമെന്ന നിലയിൽ, ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള മാർഗരേഖയിൽ ഗവണ്മെന്റിനെ ചോദ്യം ചെയ്യുകയോ അല്ലെങ്കിൽ നിർദേശങ്ങൾ നൽകുകയോ ചെയ്യണമായിരുന്നു. എന്നാൽ അതുണ്ടായില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാൻ ഒന്നും ചെയ്യേണ്ടതില്ലെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷത്തിന്റെ അലംഭാവത്തെ അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷത്തിന്റെ ഇത്തരം സമീപനം സൂചിപ്പിക്കുന്നതു നയങ്ങളുടെയും ഉദ്ദേശ്യങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ലോക സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള അറിവിന്റെയും ഇന്ത്യയുടെ കഴിവുകളെക്കുറിച്ചുള്ള ധാരണയുടെയും അഭാവമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
1991ൽ ഇന്ത്യ എങ്ങനെയാണു ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തുകയും പാപ്പരത്വത്തിന്റെ വക്കിലെത്തുകയും ചെയ്തതെന്നു പ്രധാനമന്ത്രി പറഞ്ഞു. എന്നിരുന്നാലും, 2014നു ശേഷം ലോകത്തിലെ ഏറ്റവും മികച്ച 5 സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ ഇടം നേടി. കൃത്യമായ ആസൂത്രണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ‘പരിഷ്കരണം, നടപ്പിലാക്കൽ, പരിവർത്തനം’ എന്ന തത്വത്തിലൂടെയാണ് ഇതു കൈവരിക്കാനായതെന്ന് അദ്ദേഹം പറഞ്ഞു. ഇതു തുടരുമെന്നും ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “2028ൽ നിങ്ങൾ അവിശ്വാസ പ്രമേയം കൊണ്ടുവരുമ്പോൾ, രാജ്യം ആദ്യ മൂന്നിൽ ഇടംപിടിച്ചിരിക്കും” - അദ്ദേഹം സഭയിൽ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അവിശ്വാസ സമീപനം തുടരുന്ന പശ്ചാത്തലത്തിൽ, ശുചിത്വ ഭാരതം, ജൻധൻ അക്കൗണ്ട്, യോഗ, ആയുർവേദം, സ്റ്റാർട്ടപ്പ് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ തുടങ്ങിയ യജ്ഞങ്ങളിൽ പ്രതിപക്ഷത്തിനു വിശ്വാസമില്ലാത്തതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.
കോൺഗ്രസ് ഭരണകാലത്തു കശ്മീരിൽ ആക്രമണകാരികൾ നുഴഞ്ഞുകയറിയതു ചൂണ്ടിക്കാട്ടി, അന്നത്തെ ഗവണ്മെന്റ് പാകിസ്ഥാനുമായി യോജിക്കുകയും അതേസമയം സമാധാന ചർച്ചകൾ തുടരുകയും ചെയ്തെന്നു പ്രധാനമന്ത്രി പറഞ്ഞു. കശ്മീർ ജനതയ്ക്കു പകരം ഹുറിയത്തുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. മിന്നലാക്രമണത്തെക്കുറിച്ചു സംസാരിക്കവേ, വിഷയത്തിൽ ഗവണ്മെന്റിനെ വിശ്വസിക്കുന്നതിനുപകരം ശത്രുവിന്റെ ആഖ്യാനം വിശ്വസിക്കാൻ പ്രതിപക്ഷം തീരുമാനിച്ചതെങ്ങനെയെന്നു പ്രധാനമന്ത്രി പരാമർശിച്ചു.
“രാജ്യത്തെക്കുറിച്ചു മോശമായി സംസാരിക്കുന്നവരെ വിശ്വസിക്കാൻ പ്രതിപക്ഷം തിടുക്കം കൂട്ടുന്നു”- ചില മാനദണ്ഡങ്ങളിൽ ഭക്ഷ്യ അരക്ഷിതാവസ്ഥയിൽ ഇന്ത്യയെക്കാൾ മുന്നിലുള്ള രാജ്യത്തെക്കുറിച്ച് വിദേശ ഏജൻസിയുടെ തെറ്റായ വിവരമുള്ള റിപ്പോർട്ട് പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം ഇത്തരം തെറ്റായ വാർത്തകളിൽ മുറുകെ പിടിക്കുകയാണെന്നും കിട്ടുന്ന അവസരങ്ങളിലെല്ലാം രാജ്യത്തെ അപകീർത്തിപ്പെടുത്താനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നിർമിത കൊറോണ വാക്സിന്റെ ഉദാഹരണം നൽകിയ അദ്ദേഹം, പ്രതിപക്ഷം അതിൽ വിശ്വസിച്ചില്ലെന്നും പകരം വിദേശ നിർമിത വാക്സിനുകളിലേക്കാണു നോക്കിയതെന്നും പറഞ്ഞു. ഇന്ത്യയുടെയും ജനങ്ങളുടെയും കഴിവുകളിൽ പ്രതിപക്ഷത്തിനു വിശ്വാസമില്ലെന്നും അതുപോലെ ജനങ്ങളുടെ കണ്ണിൽ പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസത്തിന്റെ അളവ് അങ്ങേയറ്റം താഴ്ന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
സഖ്യം കെട്ടിപ്പടുക്കുന്നതിലെ പുറംമോടികൾക്കു രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കാൻ കഴിയില്ലെന്നും പേരുമാറ്റംകൊണ്ടു പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗധേയം മാറില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. “അതിജീവനത്തിനായി അവർ എൻഡിഎയുടെ സഹായം സ്വീകരിച്ചു, എന്നാൽ രണ്ട് ‘ഐ’കളുടെ ധാർഷ്ട്യം അതിൽ ചേർത്തു. ആദ്യത്തെ ‘ഐ’ 26 കക്ഷികളുടെ അഹംഭാവവും രണ്ടാമത്തേത് ഒരു കുടുംബത്തിന്റെ അഹങ്കാരവും. അവർ ഇന്ത്യയെ I.N.D.I.A. ആയി വിഭജിക്കുക പോലും ചെയ്തു”- അദ്ദേഹം പറഞ്ഞു. “പ്രതിപക്ഷം പേരുകൾ മാറ്റുന്നതിൽ വിശ്വസിക്കുന്നു; പക്ഷേ അവർക്ക് അവരുടെപ്രവർത്തനസംസ്കാരം മാറ്റാൻ കഴിയില്ല” - അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ മന്ത്രിയുടെ വിഭാഗീയ പരാമർശത്തെക്കുറിച്ചു പറയവേ, ആ സംസ്ഥാനത്തിലുള്ള തന്റെ വിശ്വാസം പ്രധാനമന്ത്രി ആവർത്തിച്ചു. ദേശസ്നേഹത്തിന്റെ തുടർപ്രവാഹമുള്ള സംസ്ഥാനമാണു തമിഴ്‌നാടെന്നും അദ്ദേഹം പറഞ്ഞു. പേരുകളോടുള്ള പ്രതിപക്ഷത്തിന്റെ അഭിനിവേശത്തെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, എല്ലാ പദ്ധതികൾക്കും സുപ്രധാന നേട്ടങ്ങൾക്കും ഒരു കുടുംബത്തിലെ അംഗങ്ങളുടെ പേരു നൽകുന്നതെങ്ങനെയെന്നു പരാമർശിച്ചു. I.N.D.I.A-യെ 'ഘാൻഡ്യ' സഖ്യം (അഹങ്കാരമുള്ള സഖ്യം) എന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി പങ്കാളികൾക്കിടയിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തു.
സ്വാതന്ത്ര്യസമര സേനാനികളും രാഷ്ട്രനിർമാതാക്കളും എല്ലായ്പ്പോഴും കുടുംബവാഴ്ച രാഷ്ട്രീയത്തെ എതിർത്തിരുന്നതായി ശ്രീ മോദി പറഞ്ഞു. കുടുംബവാഴ്ച സമ്പ്രദായം സാധാരണ പൗരനെ ദോഷകരമായി ബാധിക്കുന്നു. കുടുംബവാഴ്ച രാഷ്ട്രീയം മൂലം പ്രധാന നേതാക്കൾ ദുരിതമനുഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള രാഷ്ട്രീയത്തിന്റെ ഇരകളായ പല പ്രമുഖരുടെയും ഛായാചിത്രങ്ങൾ പാർലമെന്റിൽ ഇടംനേടിയതു പിന്നീടുള്ള കോൺഗ്രസ് ഇതര ഗവണ്മെന്റുകളുടെ വർഷങ്ങളിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഏകതാ പ്രതിമ, പ്രധാനമന്ത്രി സംഗ്രഹാലയ എന്നിവയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ പ്രധാനമന്ത്രിമാർക്കുമായി സമർപ്പിച്ചിരിക്കുന്നതാണ് ഈ മ്യൂസിയം.
30 വർഷത്തിനുശേഷം രണ്ടുതവണ സമ്പൂർണ ഭൂരിപക്ഷമുള്ള ഗവണ്മെന്റിനെ ഇന്ത്യയിലെ ജനങ്ങൾ തിരഞ്ഞെടുത്തെങ്കിലും പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കുന്ന ‘പാവപ്പെട്ടവരുടെ പുത്രനാ’ണു പ്രതിപക്ഷത്തെ അലോസരപ്പെടുത്തുന്നതെന്നു പ്രധാനമന്ത്രി ആവർത്തിച്ചു. മുൻകാലങ്ങളിൽ വിമാനങ്ങളും നാവികസേനയുടെ കപ്പലുകളും പ്രതിപക്ഷം ദുരുപയോഗം ചെയ്തത്, വാക്സിനുകൾ കൊണ്ടുപോയതിലൂടെയും വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്നവരെ തിരികെ കൊണ്ടുവന്നതിലൂടെയും ഇപ്പോൾ തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആനുകൂല്യങ്ങളുടെ രാഷ്ട്രീയത്തിനെതിരായ മുന്നറിയിപ്പു നൽകിയ പ്രധാനമന്ത്രി, അത്തരം രാഷ്ട്രീയം കൊണ്ടുവരുന്ന നാശത്തിന്റെ ഉദാഹരണമായി അയൽരാജ്യങ്ങളിലെ സ്ഥിതിഗതികൾ ചൂണ്ടിക്കാട്ടി. വീണ്ടുവിചാരമില്ലാത്ത വാഗ്ദാനങ്ങളിലൂടെ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന പ്രവണതയെക്കുറിച്ചും വികസന പദ്ധതികൾ മുടങ്ങിക്കിടക്കുന്നതിനാൽ ജനങ്ങൾ കടുത്ത സമ്മർദത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പുരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിനു താൽപ്പര്യമില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയമില്ലാതെ ക്ഷമയോടെ വളരെ വിശദമായി ആഭ്യന്തരമന്ത്രി വിഷയങ്ങൾ വിശദീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെയും ജനതയുടെയും ആശങ്ക അറിയിക്കാനുള്ള ശ്രമമായിരുന്നു ആഭ്യന്തരമന്ത്രിയുടെ വിശദീകരണം. സഭയുടെ ആത്മവിശ്വാസം മണിപ്പുരിലേക്ക് എത്തിക്കാനുള്ള ശ്രമമായിരുന്നു അത്. ചർച്ച ചെയ്യാനും വഴികൾ കണ്ടെത്താനുമുള്ള സത്യസന്ധമായ ശ്രമമായിരുന്നു അത്.
മണിപ്പുർ വിഷയത്തെക്കുറിച്ചു സംസാരിക്കവേ, മണിപ്പുരിലെ അക്രമങ്ങൾ സങ്കടകരമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. “സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അംഗീകരിക്കാവുന്നതല്ല; കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നു കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ ഉറപ്പാക്കും. വരുംകാലങ്ങളിൽ മണിപ്പുരിൽ സമാധാനമുണ്ടാകുമെന്നു ഞങ്ങൾ നടത്തുന്ന പരിശ്രമത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ജനങ്ങൾക്കു ഞാൻ ഉറപ്പു നൽകുന്നു”- പ്രധാനമന്ത്രി പറഞ്ഞു. രാജ്യം അവർക്കൊപ്പം നിൽക്കുമെന്നും സഭ അവർക്കൊപ്പം നിൽക്കുമെന്നും മണിപ്പുരിലെ ജനങ്ങൾക്കും മണിപ്പുരിലെ അമ്മമാർക്കും പെൺമക്കൾക്കും അദ്ദേഹം ഉറപ്പു നൽകി. മണിപ്പുരിനെ വികസനത്തിന്റെ പാതയിലേക്കു തിരികെ കൊണ്ടുവരാൻ ഗവണ്മെന്റ് സാധ്യമായ എല്ലാ ശ്രമവും നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഭാരതമാതാവിനെ അധിക്ഷേപിക്കുന്ന ഭാഷ സഭയിൽ ഉപയോഗിച്ചതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, അവരാണു വിഭജനത്തിന് ഉത്തരവാദികളെന്നും വന്ദേമാതരത്തെപ്പോലും നിന്ദിച്ചവരാണെന്നും പറഞ്ഞു. പ്രതിപക്ഷ പരാജയത്തിന്റെ ഉദാഹരണമായി കച്ചത്തീവ് വിഷയവും ശ്രീ മോദി പരാമർശിച്ചു.
വടക്കുകിഴക്കൻ മേഖലയുമായി ബന്ധപ്പെട്ട മൂന്നു സംഭവങ്ങൾ പ്രധാനമന്ത്രി പരാമർശിച്ചു. ആദ്യത്തേത്, 1966 മാർച്ച് 5നു മിസോറമിൽ ജനങ്ങളെ ആക്രമിക്കാൻ വ്യോമസേനയെ ഉപയോഗിച്ചത്. രണ്ടാമതായി, 1962-ൽ ചൈനീസ് അധിനിവേശസമയത്തു വടക്കുകിഴക്കൻ ജനതയെ സ്വയം പ്രതിരോധിക്കാൻ വിട്ടപ്പോൾ അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു നടത്തിയ റേഡിയോ പ്രക്ഷേപണം. മേഖലയെ അവഗണിച്ചെന്ന രാം മനോഹർ ലോഹ്യയുടെ ആരോപണവും അദ്ദേഹം ഉദ്ധരിച്ചു. നിലവിലെ ഗവണ്മെന്റിലെ മന്ത്രിമാർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ 400 രാത്രി താമസിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി 50 തവണ സന്ദർശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “എനിക്കു വടക്കുകിഴക്കൻ മേഖലയുമായി വൈകാരികമായ അടുപ്പമുണ്ട്. പ്രധാനമന്ത്രിയാകുന്നതിനു മുമ്പുതന്നെ ഞാൻ ഈ പ്രദേശത്തുടനീളം സഞ്ചരിച്ചിട്ടുണ്ട്”- ശ്രീ മോദി പറഞ്ഞു.
മണിപ്പുരിൽ സംഘർഷം ഉടലെടുത്തത് ഈയിടെ മാത്രമാണെന്നും എന്നാൽ മണിപ്പുരിലെ എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം കോൺഗ്രസും അതിന്റെ രാഷ്ട്രീയവുമാണെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. “സമ്പന്നമായ ഇന്ത്യൻ സംസ്കാരവും പൈതൃകവും കൊണ്ടു നിറഞ്ഞ നാടാണു മണിപ്പുർ. മണിപ്പുർ എണ്ണമറ്റ ത്യാഗങ്ങളുടെ നാടാണ്”- അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഗവണ്മെന്റിന്റെ കാലത്ത് എല്ലാ സ്ഥാപനങ്ങളും തീവ്രവാദ സംഘടനകളുടെ ആഹ്വാനത്തിനനുസരിച്ചു പ്രവർത്തിക്കുകയും ഗവണ്മെന്റ് ഓഫീസുകളിൽ മഹാത്മാഗാന്ധിയുടെ ഫോട്ടോ വയ്ക്കുന്നതു വിലക്കുകയും ചെയ്തിരുന്നതായി അദ്ദേഹം അനുസ്മരിച്ചു. മൊയ്‌റാങ്ങിലെ ആസാദ് ഹിന്ദ് ഫൗജ് മ്യൂസിയത്തിലെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയ്ക്കു നേർക്കുണ്ടായ ബോംബേറും അദ്ദേഹം പരാമർശിച്ചു. മണിപ്പുരിലെ സ്കൂളുകളിൽ ദേശീയഗാനം ആലപിക്കുന്നതിനു വിലക്കേർപ്പെടുത്തിയതും ലൈബ്രറികളിൽനിന്നു പുസ്തകങ്ങൾ കത്തിക്കുന്ന പ്രചാരണം ആരംഭിച്ചതും അദ്ദേഹം അനുസ്മരിച്ചു. കോൺഗ്രസ് ഭരണകാലത്തു മേഖലയിലെ തീവ്രവാദ പ്രവർത്തനങ്ങളുടെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വൈകുന്നേരം 4 മണിക്കു ക്ഷേത്രങ്ങൾ വാതിലുകൾ അടച്ചതും ഇംഫാലിലെ ഇസ്കോൺ ക്ഷേത്രത്തിനു നേരെയുണ്ടായ ജീവഹാനിക്കിടയാക്കിയ ബോംബ് സ്ഫോടനവും തീവ്രവാദികളെ സംരക്ഷിക്കാൻ ഗവണ്മെന്റ് ഉദ്യോഗസ്ഥർ നൽകിയ പണത്തെക്കുറിച്ചും പരാമർശിച്ചു.
വരുംദിവസങ്ങളിൽ വടക്കുകിഴക്കൻ മേഖല വികസനത്തിന്റെ കേന്ദ്രമായി മാറുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ആഗോള സംവിധാനത്തിലെ ചലനങ്ങൾ തെക്ക്-കിഴക്കൻ ഏഷ്യയിലും ആസിയാൻ രാജ്യങ്ങളിലും മാറ്റം കൊണ്ടുവരുമെന്നും അതു വടക്കുകിഴക്കൻ മേഖലകളിൽ എന്തു സ്വാധീനം ചെലുത്തുമെന്നും തനിക്ക് അറിയാമെന്ന് അദ്ദേഹം പറഞ്ഞു. “അതുകൊണ്ടാണു വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനു ഞങ്ങളുടെ ഗവണ്മെന്റ് പ്രഥമ പരിഗണന നൽകുന്നത്”- പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തെക്കുറിച്ചും ആധുനിക ഹൈവേകളും റെയിൽവേയും വിമാനത്താവളങ്ങളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രതിച്ഛായയായി മാറുന്നത് എങ്ങനെയെന്നും ശ്രീ മോദി പരാമർശിച്ചു. “അഗർത്തല ഇതാദ്യമായി റെയിൽവേ സൗകര്യവുമായി ബന്ധപ്പെട്ടു. ചരക്കു ട്രെയിൻ ഇതാദ്യമായി മണിപ്പുരിലെത്തി. ഇതാദ്യമായി വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിൻ ഈ മേഖലയിൽ ഓടി. ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിച്ചത് അരുണാചൽ പ്രദേശിലാണ്. സിക്കിമിൽ വിമാനയാത്രയ്ക്കുള്ള സൗകര്യമായി. ഇതാദ്യമായി വടക്കുകിഴക്കൻ മേഖലയിൽ എയിംസ് തുറന്നു. മണിപ്പുരിൽ ദേശീയ കായിക സർവകലാശാലയും ഇതാദ്യമായി മിസോറമിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനും തുറന്നു. ഇതാദ്യമായി മന്ത്രിസഭയിൽ വടക്കുകിഴക്കൻ മേഖലയുടെ പങ്കാളിത്തം വർധിച്ചു. ഇതാദ്യമായി ഒരു വനിത നാഗാലാൻഡിനെ പ്രതിനിധാനം ചെയ്തു രാജ്യസഭയിലെത്തി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ഇതാദ്യമായി ഇത്രയധികം പേർക്കു പത്മ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ലാചിത് ബോർഫുകാനെപ്പോലുള്ള വീരനായകനെ റിപ്പബ്ലിക് ദിനത്തിൽ ആഘോഷിക്കുകയും റാണി ഗൈഡിൻലിയുവിന്റെ പേരിൽ മ്യൂസിയം സ്ഥാപിക്കുകയും ചെയ്തു” - അദ്ദേഹം പറഞ്ഞു.
“ഞങ്ങളെ സംബന്ധിച്ചിടത്തോളം ‘ഏവർക്കുമൊപ്പം ഏവരുടെയും വിശ്വാസം’ വെറുമൊരു മുദ്രാവാക്യമല്ല; മറിച്ച് വിശ്വാസത്തിന്റെ ഭാഗമാണ്; പ്രതിബദ്ധതയാണ്” - പ്രധാനമന്ത്രി പറഞ്ഞു. “ശരീരത്തിലെ ഓരോ കണികയും ഓരോ നിമിഷവും ഞാൻ നാട്ടുകാരുടെ സേവനത്തിനായി സമർപ്പിക്കുമെന്ന് ഞാൻ രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു”- അദ്ദേഹം കൂട്ടിച്ചേർത്തു.
“പാർലമെന്റ് ഒരു കക്ഷിയുടെ വേദിയല്ല. രാജ്യം ബഹുമാനിക്കുന്ന പരമോന്നത സ്ഥാപനമാണ് പാർലമെന്റ്. അതിനാൽ, പാർലമെന്റംഗങ്ങൾക്കു കാര്യഗൗരവം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ധാരാളം വിഭവങ്ങൾ ഇവിടെ നീക്കിവയ്ക്കുന്നു. ഇവിടെയുള്ള ഓരോ നിമിഷവും രാജ്യത്തിനായി വിനിയോഗിക്കണം”- പ്രധാനമന്ത്രി പറഞ്ഞു. കാര്യഗൗരവമില്ലായ്മയാൽ ഒരാൾക്കു രാഷ്ട്രീയത്തിലിറങ്ങാം. എന്നാൽ, രാജ്യം ഭരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 9 വർഷത്തിനിടയിൽ, സാധാരണക്കാരുടെ വിശ്വാസം പുതിയ തലങ്ങളിലേക്കു കുതിച്ചുയരുകയാണെന്നും ഓരോ ഇന്ത്യക്കാരനിലും ആത്മവിശ്വാസം നിറഞ്ഞിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “സമ്മർദത്തിൽ തകരുന്നതല്ല ഇന്നത്തെ ഇന്ത്യ. ഇന്നത്തെ ഇന്ത്യ തല കുനിക്കുന്നില്ല, തളരുന്നില്ല, നിലയ്ക്കുന്നില്ല”- ശ്രീ മോദി പറഞ്ഞു. വിശ്വാസത്തോടും നിശ്ചയദാർഢ്യത്തോടും മുന്നോട്ടുപോകാൻ അദ്ദേഹം പൗരന്മാരോട് അഭ്യർഥിച്ചു. സാധാരണക്കാരുടെ വിശ്വാസമാണ് ഇന്ത്യയെ വിശ്വസിക്കാൻ ലോകത്തെ പ്രചോദിപ്പിക്കുന്നതെന്നും പറഞ്ഞു. ഇന്ത്യയിലുള്ള ലോകത്തിന്റെ വർധിച്ചുവരുന്ന വിശ്വാസമാണു സാധാരണക്കാരിൽ ആത്മവിശ്വാസം വളർത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി വികസിത ഭാരതത്തിനു കരുത്തുറ്റ അടിത്തറ പാകുന്നതിൽ ഗവണ്മെന്റ് വിജയിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ അടിത്തറയാകും 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാൻ സഹായിക്കുകയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മോശം സാഹചര്യങ്ങളിൽനിന്നു രാജ്യം ഒറ്റക്കെട്ടായി പുറത്തുവന്നുവെന്നു പറഞ്ഞ അദ്ദേഹം, കേവലം രാഷ്ട്രീയത്തിനായി മണിപ്പുരിന്റെ ഭൂമി ദുരുപയോഗം ചെയ്യരുതെന്നു രാഷ്ട്രീയ കക്ഷികളോട് അഭ്യർഥിച്ചു. “വേദനയോടും കഷ്ടപ്പാടുകളോടും നാം സഹാനുഭൂതി കാണിക്കുകയും തിരിച്ചുവരവിനായി പരമാവധി ശ്രമിക്കുകയും വേണം. ഇതാണു മുന്നോട്ടുള്ള വഴി”- പ്രധാനമന്ത്രി അഭ്യർഥിച്ചു.
— PMO India (@PMOIndia) August 10, 2023
— PMO India (@PMOIndia) August 10, 2023
— PMO India (@PMOIndia) August 10, 2023
— PMO India (@PMOIndia) August 10, 2023
— PMO India (@PMOIndia) August 10, 2023
— PMO India (@PMOIndia) August 10, 2023
— PMO India (@PMOIndia) August 10, 2023
— PMO India (@PMOIndia) August 10, 2023
— PMO India (@PMOIndia) August 10, 2023
— PMO India (@PMOIndia) August 10, 2023
— PMO India (@PMOIndia) August 10, 2023
— PMO India (@PMOIndia) August 10, 2023
— PMO India (@PMOIndia) August 10, 2023
— PMO India (@PMOIndia) August 10, 2023
— PMO India (@PMOIndia) August 10, 2023
— PMO India (@PMOIndia) August 10, 2023
— PMO India (@PMOIndia) August 10, 2023