'കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തെ സേവിക്കാനുള്ള ഞങ്ങളുടെ ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ ഇന്ത്യയിലെ ജനങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ പിന്തുണയ്ക്കുകയും അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്'
'രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ലാത്ത എന്നെപ്പോലുള്ളവര്‍ക്ക് രാഷ്ട്രീയത്തില്‍ വരാനും അത്തരമൊരു ഘട്ടത്തിലെത്താനും അവസരമൊരുക്കിയത് ബാബാ സാഹിബ് അംബേദ്കര്‍ നല്‍കിയ ഭരണഘടനയാണ്'
'നമ്മുടെ ഭരണഘടന ഒരു വിളക്കുമാടം പോലെ നമ്മെ നയിക്കുന്നു'
'ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥ ആക്കി ഇന്ത്യയെ മാറ്റുമെന്ന ആത്മവിശ്വാസത്തോടെയും ഉറച്ച വിശ്വാസത്തോടെയും ജനങ്ങള്‍ ഞങ്ങള്‍ക്ക് മൂന്നാമത്തെ ഊഴം നല്‍കി'
'അടുത്ത 5 വര്‍ഷം രാജ്യത്തിന് നിര്‍ണായകമാണ്'
'നല്ല ഭരണത്തിന്റെ സഹായത്തോടെ ഈ കാലത്തെ അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന കാലഘട്ടമാക്കി മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു'
''ഞങ്ങള്‍ ഇവിടെ നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. അടുത്ത അഞ്ച് വര്‍ഷത്തേക്ക്, പുതിയ മേഖലകളില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
'വിത്ത് മുതല്‍ വിപണി വരെ കര്‍ഷകര്‍ക്ക് എല്ലാ ഘട്ടത്തിലും മൈക്രോ പ്ലാനിംഗ് വഴി ശക്തമായ ഒരു സംവിധാനം നല്‍കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്'
'വെറും മുദ്രാവാക്യമായിട്ടല്ല, അചഞ്ചലമായ പ്രതിബദ്ധതയോടെയാണ് ഇന്ത്യ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനായി പ്രവര്‍ത്തിക്കുന്നത്'
'അടിയന്തരാവസ്ഥ ഒരു രാഷ്ട്രീയ വിഷയമായിരുന്നില്ല, അത് ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനയെയും മാനവികതയെയും ബാധിച്ച വിഷയമായിരുന്നു'
'ജമ്മു കശ്മീരിലെ ജനങ്ങള്‍ ഭാരതത്തിന്റെ ഭരണഘടനയും അതിന്റെ ജനാധിപത്യവും തിരഞ്ഞെടുപ്പ് കമ്മീഷനേയും അംഗീകരിച്ചു'

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്‍മേല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യസഭയില്‍ മറുപടി നല്‍കി.

സഭയെ അഭിസംബോധന ചെയ്തുകൊണ്ട്, പ്രചോദനാത്മകവും പ്രോത്സാഹജനകവുമായ പ്രസംഗത്തിന് പ്രധാനമന്ത്രി രാഷ്ട്രപതിയോട് നന്ദി പറഞ്ഞു. 70 ഓളം അംഗങ്ങള്‍ രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും പ്രധാനമന്ത്രി അംഗങ്ങള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

60 വര്‍ഷത്തിന് ശേഷം, ഇന്ത്യയിലെ വോട്ടര്‍മാര്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഒരു സര്‍ക്കാരിനെ തിരികെ കൊണ്ടുവന്നുവെന്നത് ചരിത്രപരമായ നേട്ടമാണെന്ന് രാജ്യത്തിന്റെ ജനാധിപത്യ യാത്രയെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. വോട്ടര്‍മാരുടെ തീരുമാനത്തെ തുരങ്കം വയ്ക്കാനുള്ള പ്രതിപക്ഷ നീക്കത്തെ അപലപിച്ചുകൊണ്ട്, കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍, അതിന്റെ തോല്‍വിയും അവരുടെ വിജയവും ഭാരിച്ച ഹൃദയത്തോടെ സ്വീകരിച്ചതായി താന്‍ നിരീക്ഷിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു.

നിലവിലെ സര്‍ക്കാര്‍ ഭരണത്തിന്റെ മൂന്നിലൊന്ന്, അതായത് 10 വര്‍ഷം മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളൂവെന്നും മൂന്നില്‍ രണ്ട് അല്ലെങ്കില്‍ 20 വര്‍ഷം ശേഷിക്കുന്നുവെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ''കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തെ സേവിക്കാനുള്ള ഞങ്ങളുടെ ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ ഇന്ത്യയിലെ ജനങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ പിന്തുണയ്ക്കുകയും അനുഗ്രഹിക്കുകയും ചെയ്തു'', പ്രധാനമന്ത്രി പറഞ്ഞു. കിംവദന്തികളെ പരാജയപ്പെടുത്തി, പ്രകടനത്തിന് മുന്‍ഗണന നല്‍കി, വ്യാമോഹങ്ങളുടെ രാഷ്ട്രീയം നിരസിച്ച്, വിശ്വാസത്തിന്റെ രാഷ്ട്രീയത്തില്‍ വിജയ മുദ്ര പതിപ്പിച്ച പൗരന്മാരുടെ തീരുമാനത്തില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.

ഇന്ത്യ ഭരണഘടനയുടെ 75-ാം വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യന്‍ പാര്‍ലമെന്റും 75 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനാല്‍ ഇതൊരു പ്രത്യേക ഘട്ടമാണെന്നും ഇത് ആഹ്ലാദകരമായ യാദൃശ്ചികതയാണെന്നും പറഞ്ഞു. ബാബാ സാഹിബ് അംബേദ്കര്‍ നല്‍കിയ ഇന്ത്യന്‍ ഭരണഘടനയെ പ്രശംസിച്ച മോദി, ഇന്ത്യയിലെ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത കുടുംബാംഗങ്ങള്‍ക്ക്  രാജ്യത്തെ സേവിക്കാന്‍ അവസരം ലഭിക്കുന്നത് അതില്‍ പ്രതിപാദിച്ചിരിക്കുന്ന അവകാശങ്ങള്‍ നിമിത്തമാണെന്ന് പറഞ്ഞു. ബാബാ സാഹിബ് അംബേദ്കര്‍ നല്‍കിയ ഭരണഘടനയാണ് എന്നെപ്പോലുള്ള രാഷ്ട്രീയ വംശപരമ്പരയില്ലാത്തവരെ രാഷ്ട്രീയത്തില്‍ വരാനും അത്തരമൊരു ഘട്ടത്തിലെത്താനും അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ജനങ്ങള്‍ അംഗീകാരത്തിന്റെ മുദ്ര പതിപ്പിച്ചതോടെ തുടര്‍ച്ചയായി മൂന്നാം തവണയും സര്‍ക്കാര്‍ വന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഭരണഘടന കേവലം അനുച്ഛേദങ്ങളുടെ സമാഹാരമല്ലെന്നും അതിന്റെ ആത്മാവും മുദ്രയും വളരെ വിലപ്പെട്ടതാണെന്നും പ്രധാനമന്ത്രി അടിവരയിട്ടു.

നവംബര്‍ 26 'ഭരണഘടനാ ദിനം' ആയി ആചരിക്കാന്‍ തന്റെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നുവെന്ന് ശ്രീ മോദി അനുസ്മരിച്ചു. ഭരണഘടനാ ദിനം അനുസ്മരിക്കാനുള്ള അവരുടെ തീരുമാനം, ഭരണഘടനയുടെ ആത്മാവിനെ കൂടുതല്‍ പ്രചരിപ്പിക്കാനും, സ്‌കൂളുകളിലെയും കോളേജുകളിലെയും യുവാക്കള്‍ക്കിടയില്‍ ഭരണഘടനയില്‍ ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതും ഒഴിവാക്കിയതും എന്തുകൊണ്ട്, എങ്ങനെ എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനയുടെ വിവിധ വശങ്ങളെക്കുറിച്ച് നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉപന്യാസങ്ങള്‍, സംവാദങ്ങള്‍, എക്‌സ്റ്റെംപോര്‍ തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ വിശ്വാസബോധവും ഭരണഘടനയെക്കുറിച്ചുള്ള വികസിത ധാരണയും വര്‍ദ്ധിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ''ഭരണഘടനയാണ് ഞങ്ങളുടെ ഏറ്റവും വലിയ പ്രചോദനം,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടന അതിന്റെ അസ്തിത്വത്തിന്റെ 75-ാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍, രാജ്യവ്യാപകമായി ആഘോഷങ്ങള്‍ ഉറപ്പാക്കുന്നതിനായി അത് 'ജന്‍ ഉത്സവ്' ആയി ആഘോഷിക്കാന്‍ തന്റെ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നുവെന്ന് ശ്രീ മോദി അടിവരയിട്ടു. ഭരണഘടനയുടെ ചൈതന്യ-ലക്ഷ്യങ്ങളെക്കുറിച്ച്  രാജ്യത്തിന്റെ മുക്കിലും മൂലയിലും ജനങ്ങളെ ബോധവാന്മാരാക്കുന്നത് ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


'വികസിത് ഭാരത്', 'ആത്മനിര്‍ഭര്‍ ഭാരത്' എന്നിവയിലൂടെ വികസനത്തിന്റെയും ആശ്രയത്വത്തിന്റെയും ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ തന്റെ സര്‍ക്കാരിനെ മൂന്ന് തവണ അധികാരത്തിലെത്തിച്ചെന്ന് വോട്ടര്‍മാരെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി തന്റെ ഗവണ്‍മെന്റ് എടുത്ത തീരുമാനങ്ങള്‍ക്ക് പൗരന്മാര്‍ നല്‍കിയ അംഗീകാരത്തിന്റെ മുദ്ര മാത്രമല്ല, അവരുടെ ഭാവി സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാനുള്ള നിയോഗം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്ന് ശ്രീ മോദി തുടര്‍ന്നു. ''ഈ രാജ്യത്തെ ജനങ്ങള്‍ തങ്ങളുടെ ഭാവി പ്രമേയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള അവസരം ഞങ്ങളെ ഏല്‍പിച്ചിരിക്കുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള അസ്വസ്ഥതകളും മഹാമാരിയും പോലുള്ള വെല്ലുവിളികള്‍ക്കിടയിലും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പത്താം സ്ഥാനത്ത് നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലേക്ക് ഉയരുന്നത് രാജ്യം കണ്ടതായി പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ''സമ്പദ്വ്യവസ്ഥയെ നിലവിലെ അഞ്ചാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുക എന്നതാണ് ഈ നിയോഗം,'' ജനവിധി നിറവേറ്റാനുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നടന്ന വികസനത്തിന്റെ വേഗവും വ്യാപ്തിയും വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത ശ്രീ മോദി ആവര്‍ത്തിച്ചു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി സഭയ്ക്ക് ഉറപ്പ് നല്‍കി. ''നല്ല ഭരണത്തിന്റെ സഹായത്തോടെ ഈ കാലഘട്ടത്തെ അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കുന്ന യുഗമാക്കി മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,'' പ്രധാനമന്ത്രി മോദി അടിവരയിട്ടു. അടുത്ത 5 വര്‍ഷം ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിന് നിര്‍ണായകമാണെന്ന് എടുത്തുകാണിച്ച അദ്ദേഹം കഴിഞ്ഞ 10 വര്‍ഷത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ദാരിദ്ര്യത്തിനെതിരെ നിലപാടെടുക്കാനും അതിനെ മറികടക്കാനുമുള്ള ദരിദ്രരുടെ കൂട്ടായ കഴിവിലുള്ള വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമ്പോള്‍ ജന ജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഭവിക്കുന്ന സ്വാധീനത്തെക്കുറിച്ച് വിശദീകരിച്ച ശ്രീ മോദി, ഈ സംഭവവികാസം ആഗോള സാഹചര്യത്തിലും അഭൂതപൂര്‍വമായ സ്വാധീനം ചെലുത്തുമെന്ന് പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെയും കമ്പനികളുടെയും ആഗോള പുനരുജ്ജീവനത്തെക്കുറിച്ചും വളര്‍ച്ചാ എഞ്ചിനുകളായി ഉയര്‍ന്നുവരുന്ന ടയര്‍ 2, ടയര്‍ 3 നഗരങ്ങളുടെ ആവിര്‍ഭാവത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഇന്നത്തെ നൂറ്റാണ്ടിനെ സാങ്കേതികവിദ്യാധിഷ്ഠിത നൂറ്റാണ്ടെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, പൊതുഗതാഗതം പോലുള്ള നിരവധി പുതിയ മേഖലകളിലെ പുതിയ സാങ്കേതിക കാല്‍പ്പാടുകളെക്കുറിച്ച് സംസാരിച്ചു. വൈദ്യശാസ്ത്രം, വിദ്യാഭ്യാസം അല്ലെങ്കില്‍ നവീകരണം തുടങ്ങിയ മേഖലകളില്‍ ചെറിയ നഗരങ്ങള്‍ വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കര്‍ഷകര്‍, ദരിദ്രര്‍, നാരിശക്തി, യുവജനങ്ങള്‍ എന്നീ നാല് തൂണുകള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ട് പറഞ്ഞ പ്രധാനമന്ത്രി, ഈ മേഖലകളില്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധ ഇന്ത്യയുടെ വികസനത്തിന്റെ യാത്രയില്‍ നിര്‍ണായകമാണെന്ന് പറഞ്ഞു.

കൃഷിക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് അംഗങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്, കഴിഞ്ഞ 10 വര്‍ഷമായി കര്‍ഷകര്‍ക്ക് കൃഷി ലാഭകരമാക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിവരിച്ചു. വായ്പ, വിത്ത്, താങ്ങാനാവുന്ന വളം, വിള ഇന്‍ഷുറന്‍സ്, എംഎസ്പി സംഭരണം, എന്നിവ ഉറപ്പാക്കുന്നതിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ''വിത്ത് മുതല്‍ വിപണി വരെ കര്‍ഷകര്‍ക്ക് എല്ലാ ഘട്ടത്തിലും സൂക്ഷ്മാസൂത്രണത്തിലൂടെ ശക്തമായ ഒരു സംവിധാനം നല്‍കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്'', പ്രധാനമന്ത്രി പറഞ്ഞു.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി മോദി ചെറുകിട കര്‍ഷകര്‍ക്ക് വായ്പ ലഭ്യമാക്കുന്ന പ്രക്രിയ ലളിതമാക്കിയെന്നും പറഞ്ഞു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കും മൃഗസംരക്ഷണക്കാര്‍ക്കും കൂടി വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുകിട കര്‍ഷകര്‍ക്കുള്ള ക്ഷേമ പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിക്കുകയും  10 കോടി കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും വിധം, കഴിഞ്ഞ 6 വര്‍ഷത്തിനിടെ 3 ലക്ഷം കോടി രൂപ വിതരണം ചെയ്ത പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയെക്കുറിച്ച് എടുത്തുപറയുകയും ചെയ്തു. മുന്‍ ഭരണകാലത്തെ വായ്പ എഴുതിത്തള്ളല്‍ പദ്ധതികളുടെ അപര്യാപ്തതയും വിശ്വാസ്യതയില്ലായ്മയും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, നിലവിലെ ഭരണത്തിന്റെ കിസാന്‍ കല്യാണ്‍ പദ്ധതികള്‍ക്ക് അടിവരയിടുകയും ചെയ്തു.


പ്രതിപക്ഷം ഇറങ്ങിപ്പോയതിന് ശേഷം പ്രസംഗം തുടര്‍ന്ന പ്രധാനമന്ത്രി, സഭാ ചെയര്‍മാനോട് അനുഭാവത്തോടെ സംസാരിക്കവേ പറഞ്ഞു, ''ജനങ്ങളുടെ സേവകനാകാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. എന്റെ സമയത്തിന്റെ ഓരോ മിനിറ്റിനും ഞാന്‍ ജനങ്ങളോട് ഉത്തരവാദിയാണ്. സഭയുടെ പാരമ്പര്യങ്ങളെ പ്രതിപക്ഷം അവഹേളിക്കുന്നതായും അദ്ദേഹം വിമര്‍ശനമുന്നയിച്ചു.

വളങ്ങളുടെ സബ്‌സിഡിയായി 12 ലക്ഷം കോടി രൂപ പാവപ്പെട്ട കര്‍ഷകര്‍ക്ക് തന്റെ സര്‍ക്കാര്‍ അനുവദിച്ചത്  സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കര്‍ഷകരെ ശാക്തീകരിക്കുന്നതിനായി തന്റെ സര്‍ക്കാര്‍ മിനിമം താങ്ങുവിലയില്‍ (എംഎസ്പി) റെക്കോര്‍ഡ് വര്‍ദ്ധനവ് പ്രഖ്യാപിക്കുക മാത്രമല്ല, അവരില്‍ നിന്ന് വാങ്ങുന്നതില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്ന് ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നെല്ല്, ഗോതമ്പ് കര്‍ഷകര്‍ക്ക് തന്റെ സര്‍ക്കാര്‍ 2.5 മടങ്ങ് കൂടുതല്‍ പണം എത്തിച്ചിട്ടുണ്ടെന്ന് മുന്‍ സര്‍ക്കാരുമായി താരതമ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം എടുത്തുപറഞ്ഞു. ''ഞങ്ങള്‍ ഇവിടെ നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. അടുത്ത അഞ്ച് വര്‍ഷത്തേക്ക്, പുതിയ മേഖലകളില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഞങ്ങള്‍ നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ സംഭരണ കാമ്പെയ്ന്‍ ഏറ്റെടുത്തിട്ടുണ്ട്, ''കേന്ദ്രീകൃത സംവിധാനത്തിന് കീഴില്‍ ലക്ഷക്കണക്കിന് കളപ്പുരകള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹോര്‍ട്ടികള്‍ച്ചര്‍ എന്നത് ഒരു പ്രധാന കാര്‍ഷിക മേഖലയാണെന്നും അതിന്റെ സുരക്ഷിതമായ സംഭരണത്തിനും ഗതാഗതത്തിനും വില്‍പനയ്ക്കുമായി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തന്റെ സര്‍ക്കാര്‍ അക്ഷീണം പ്രയത്‌നിക്കുകയാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

'സബ്കാ സാത്ത് സബ്കാ വികാസ് എന്ന മൂലമന്ത്രം ഉപയോഗിച്ച് ഗവണ്‍മെന്റ് ഇന്ത്യയുടെ വികസന യാത്രയുടെ വ്യാപ്തി തുടര്‍ച്ചയായി വിപുലീകരിച്ചു', പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പൗരന്മാര്‍ക്ക് അന്തസ്സുള്ള ജീവിതം നല്‍കുകയെന്നത് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയാണെന്ന് അദ്ദേഹം അടിവരയിട്ടു. സ്വാതന്ത്ര്യത്തിന് ശേഷവും പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടവര്‍ ഇന്ന് പരിപാലിക്കപ്പെടുക മാത്രമല്ല ആരാധിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 'ദിവ്യാംഗ്' സഹോദരീസഹോദരന്മാരുടെ പ്രശ്നങ്ങള്‍ മിഷന്‍ മോഡിലും സൂക്ഷ്മതലത്തിലും അഭിസംബോധന ചെയ്തുവെന്നും അങ്ങനെ അവര്‍ക്ക് മറ്റുളളവരെ കുറച്ചു മാത്രം ആശ്രയിച്ച് അന്തസോടെ ജീവിതം നയിക്കാന്‍ കഴിയുമെന്നും പറഞ്ഞു. തന്റെ ഗവണ്‍മെന്റിന്റെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സ്വഭാവം എടുത്തുകാണിച്ചുകൊണ്ട്, സമൂഹത്തിലെ മറന്നുപോയ ഒരു വിഭാഗമായ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി ഒരു നിയമം നടപ്പിലാക്കാന്‍ അത് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങള്‍ പോലും ഇന്ന് ഇന്ത്യയുടെ പുരോഗമന സ്വഭാവത്തെ അഭിമാനത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിമാനകരമായ പത്മ പുരസ്‌കാരങ്ങള്‍ ഇപ്പോള്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് തന്റെ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

അതുപോലെ നാടോടികള്‍ക്കും അര്‍ദ്ധ നാടോടികള്‍ക്കും വേണ്ടി ഒരു ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചു. ജന്‍ മന്‍ സ്‌കീമിന് കീഴില്‍ 24,000 കോടി രൂപ അനുവദിച്ചതിനെക്കുറിച്ചും, പ്രത്യേകിച്ച് ദുര്‍ബലരായ ആദിവാസി വിഭാഗങ്ങള്‍ക്കുള്ള (പിവിടിജി) നടപടികളെക്കുറിച്ച്  പ്രധാനമന്ത്രി പരാമര്‍ശിച്ചു. സര്‍ക്കാര്‍ വോട്ട് രാഷ്ട്രീയത്തേക്കാള്‍ വികസന രാഷ്ട്രീയത്തില്‍ മുഴുകുന്നു എന്നതിന്റെ സൂചനയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ വികസന യാത്രയില്‍ പ്രധാന പങ്ക് വഹിച്ച ഇന്ത്യയിലെ വിശ്വകര്‍മാക്കളെയും പ്രധാനമന്ത്രി മോദി സ്പര്‍ശിച്ചു, ഏകദേശം 13,000 കോടിയുടെ സഹായത്തോടെ സര്‍ക്കാര്‍ പ്രൊഫഷണലിസം വളര്‍ത്തിയെടുക്കുകയും നൈപുണ്യ വികസനത്തിനുള്ള വിഭവങ്ങള്‍ നല്‍കുകയും ചെയ്തുകൊണ്ട് അവരുടെ ജീവിതം മാറ്റിമറിച്ചതായി അദ്ദേഹം അറിയിച്ചു. വഴിയോര കച്ചവടക്കാര്‍ക്ക് ബാങ്ക് വായ്പകള്‍ ലഭ്യമാക്കാനും അവരുടെ വരുമാനം ഇനിയും വര്‍ധിപ്പിക്കാനും സഹായിച്ച പ്രധാനമന്ത്രി സ്വാനിധി പദ്ധതിയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. 'അത് ദരിദ്രരോ ദളിതരോ പിന്നാക്ക സമുദായമോ ആദിവാസികളോ സ്ത്രീകളോ ആകട്ടെ, അവര്‍ ഞങ്ങളെ പൂര്‍ണ്ണമായി പിന്തുണച്ചിട്ടുണ്ട്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേവലം ഒരു മുദ്രാവാക്യമായി മാത്രമല്ല, അചഞ്ചലമായ പ്രതിബദ്ധതയോടെയും രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്ന സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന്റെ ഇന്ത്യന്‍ സമീപനത്തിന് പ്രധാനമന്ത്രി അടിവരയിട്ടു. സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ശ്രീമതി സുധാ മൂര്‍ത്തിയുടെ ഇടപെടലിനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി കുടുംബത്തില്‍ അമ്മയുടെ പ്രാധാന്യത്തെ കുറിച്ചു പറഞ്ഞു. സ്ത്രീകളുടെ ആരോഗ്യം, ശുചിത്വം, ക്ഷേമം എന്നിവയില്‍ മുന്‍ഗണന നല്‍കുന്നതായി ശ്രീ മോദി പറഞ്ഞു. ടോയ്ലറ്റുകള്‍, സാനിറ്ററി പാഡുകള്‍, വാക്സിനേഷന്‍, പാചക വാതകം എന്നിവ ആ ദിശയിലുള്ള പ്രധാന നടപടികളായി അദ്ദേഹം പരാമര്‍ശിച്ചു. പാവപ്പെട്ടവര്‍ക്ക് കൈമാറിയ 4 കോടി വീടുകളില്‍ ഭൂരിഭാഗവും സ്ത്രീകളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിച്ച മുദ്ര, സുകന്യ സമൃദ്ധി യോജന തുടങ്ങിയ പദ്ധതികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ചെറിയ ഗ്രാമങ്ങളിലെ സ്വാശ്രയ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോടി സ്ത്രീകള്‍ ഇന്ന് ലക്ഷപതി ദീദികളായി മാറിയിരിക്കുകയാണെന്ന് ശ്രീ മോദി അറിയിച്ചു.

എല്ലാ പുതിയ മേഖലകളിലും സ്ത്രീകളെ നയിക്കാനും എല്ലാ പുതിയ സാങ്കേതികവിദ്യകളും ആദ്യം സ്ത്രീകളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാനുമാണ് തന്റെ സര്‍ക്കാരിന്റെ ശ്രമമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു. 'ഇന്ന് നമോ ഡ്രോണ്‍ ദീദി അഭിയാന്‍ ഗ്രാമങ്ങളില്‍ വിജയകരമായി നടപ്പിലാക്കി, അതില്‍ സ്ത്രീകളാണ് മുന്നില്‍', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ത്രീകളെ 'പൈലറ്റ് ദിദിസ്' എന്നാണ് വിളിക്കുന്നതെന്നും അത്തരം അംഗീകാരം സ്ത്രീകള്‍ക്ക് പ്രേരകശക്തിയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


സ്ത്രീകളുടെ പ്രശ്നങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്ന പ്രവണതയെയും വേറിട്ട മനോഭാവത്തെയും വിമര്‍ശിച്ച പ്രധാനമന്ത്രി, പശ്ചിമ ബംഗാളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി. 

രാജ്യത്തിന്റെ പുതിയ ആഗോള പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുന്ന വിദേശ നിക്ഷേപങ്ങളെ ഭാരതം സ്വാഗതം ചെയ്യുന്നതിനാല്‍ 'സംശയത്തിന്റെ യുഗം ഇന്ന് ഇല്ലാതായിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുന്ന വിദേശ നിക്ഷേപങ്ങളെ ഭാരതം സ്വാഗതം ചെയ്യുകയും അതോടൊപ്പം ഒരു അന്താരാഷ്ട്ര പ്ലാറ്റ്ഫോമില്‍ അവരുടെ കഴിവ് പ്രകടിപ്പിക്കാനുമാകുന്നു. ആഗോള സമ്പദ്വ്യവസ്ഥയില്‍ സന്തുലിതാവസ്ഥ പ്രതീക്ഷിക്കുന്ന നിക്ഷേപകര്‍ക്ക് ഇന്ത്യയുടെ ഇന്നത്തെ വിജയം പ്രതീക്ഷ നല്‍കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സുതാര്യതയുടെ കാര്യത്തില്‍ ഇന്ന് ഭാരതം ഒരു വാഗ്ദാന ഭൂമിയായി ഉയര്‍ന്നുവരുകയാണെന്ന് ശ്രീ മോദി പറഞ്ഞു.

1977ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളും റേഡിയോയും വെട്ടിക്കുറയ്ക്കുകയും ജനങ്ങളുടെ ശബ്ദം നിശബ്ദമാക്കുകയും ചെയ്ത സമയം പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുന്നതിനും ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുമാണ് വോട്ടര്‍മാര്‍ വോട്ട് ചെയ്തതെന്നും ഭരണഘടനയെ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങളുടെ ആദ്യ പരിഗണന ഇപ്പോഴത്തെ സര്‍ക്കാരാണെന്നും അദ്ദേഹം അടിവരയിട്ടു. അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്തിന് നേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചും ശ്രീ മോദി പരാമര്‍ശിച്ചു. 38, 39, 42 ഭരണഘടനാ ഭേദഗതികള്‍ക്കൊപ്പം അടിയന്തരാവസ്ഥക്കാലത്ത് ഭേദഗതി വരുത്തിയ ഒരു ഡസന്‍ മറ്റ് ആര്‍ട്ടിക്കിളുകളും അദ്ദേഹം പരാമര്‍ശിച്ചു. കാബിനറ്റ് എടുക്കുന്ന തീരുമാനങ്ങള്‍ മറികടക്കാന്‍ അധികാരമുള്ള ദേശീയ ഉപദേശക സമിതിയുടെ (എന്‍എസി) നിയമനത്തെയും സ്ഥാപിത പ്രോട്ടോക്കോളുകള്‍ പരിഗണിക്കാതെ ഒരു കുടുംബത്തിന് മുന്‍ഗണന നല്‍കുന്നതിനെയും ശ്രീ മോദി ശകാരിച്ചു. അടിയന്തരാവസ്ഥയുടെ കാലത്തെ ചര്‍ച്ച ഒഴിവാക്കാന്‍ പ്രതിപക്ഷം ഉപയോഗിച്ചിരുന്ന ഒഴിഞ്ഞുമാറല്‍ രീതികളെയും പ്രധാനമന്ത്രി മോദി വിമര്‍ശിച്ചു.

''അടിയന്തരാവസ്ഥ ഒരു രാഷ്ട്രീയ പ്രശ്നം മാത്രമല്ല, അത് ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനയെയും മാനവികതയെയും ബാധിക്കുന്നു,'' പ്രധാനമന്ത്രി ഉദ്ഘോഷിച്ചു. ജയിലില്‍ അടച്ച അന്നത്തെ പ്രതിപക്ഷ നേതാക്കളോട് കാട്ടിയ ക്രൂരതകളും അദ്ദേഹം ചൂണ്ടിക്കാട്ടി, മോചിതനായ ശേഷം പൂര്‍ണ്ണമായി സുഖം പ്രാപിക്കാന്‍ കഴിയാത്ത അന്തരിച്ച ശ്രീ ജയ് പ്രകാശ് നാരായണ്‍ ജിയെ ശ്രീ മോദി പരാമര്‍ശിച്ചു. ''അടിയന്തരാവസ്ഥക്ക് ശേഷം വീടുവിട്ടിറങ്ങിയ പലരും തിരിച്ചെത്തിയിട്ടില്ല,'' അടിയന്തരാവസ്ഥക്കാലത്ത് മുസാഫര്‍നഗറിലും തുര്‍ക്ക്മാന്‍ ഗേറ്റിലുമുള്ള ന്യൂനപക്ഷങ്ങളുടെ അവസ്ഥ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി അഗാധമായ ദുഃഖത്തോടെ പറഞ്ഞു.

പ്രതിപക്ഷത്തുള്ള ചില വിഭാഗങ്ങള്‍ അഴിമതിക്കാരെ സംരക്ഷിക്കുന്ന പ്രവണതയില്‍ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന വിവിധ സര്‍ക്കാരുകള്‍ നടത്തിയ വിവിധ അഴിമതികളെ പരാമര്‍ശിച്ച പ്രധാനമന്ത്രി, എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളെ ദുരുപയോഗം ചെയ്തുവെന്ന കുറ്റം തള്ളി. അഴിമതിക്കെതിരായ പോരാട്ടത്തിലെ ഇരട്ടത്താപ്പിനെയും അദ്ദേഹം വിമര്‍ശിച്ചു. മുന്‍ സര്‍ക്കാരുകളില്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത സംഭവങ്ങളും അദ്ദേഹം വിവരിച്ചു. 'അഴിമതിക്കെതിരായ പോരാട്ടം എനിക്ക് തിരഞ്ഞെടുപ്പ് വിഷയമല്ല, മറിച്ച് അത് എന്റെ ദൗത്യമാണ്', പ്രധാനമന്ത്രി മോദി പറഞ്ഞു. 2014ല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പാവപ്പെട്ടവര്‍ക്കുള്ള സമര്‍പ്പണവും അഴിമതിക്കെതിരായ ശക്തമായ സമരവും എന്ന ഇരട്ട വാഗ്ദാനങ്ങള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ദാരിദ്രക്ഷേമ പദ്ധതിയിലും, കള്ളപ്പണം, ബിനാമി, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിനുള്ള വ്യവസ്ഥകള്‍, അര്‍ഹരായ ഓരോ ഗുണഭോക്താവിനും ആനുകൂല്യങ്ങള്‍ കൈമാറുന്നത് ഉറപ്പാക്കുക തുടങ്ങി അഴിമതിക്കെതിരായ പുതിയ നിയമങ്ങളിലും ഇത് പ്രകടമാണ്. അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഞാന്‍ പൂര്‍ണ അനുമതി നല്‍കിയിട്ടുണ്ട്, പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

അടുത്തിടെയുണ്ടായ പേപ്പര്‍ ചോര്‍ച്ചയില്‍ രാഷ്ട്രപതിയുടെ ആശങ്ക ആവര്‍ത്തിച്ചു പറഞ്ഞ പ്രധാനമന്ത്രി, നമ്മുടെ രാജ്യത്തിന്റെ ഭാവിയുമായി കളിക്കുന്നവര്‍ക്കെതിരെ തന്റെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുകയാണെന്നും അവരെ ശിക്ഷിക്കാതെ വിടില്ലെന്നും യുവാക്കള്‍ക്ക് ഉറപ്പുനല്‍കി. ''നമ്മുടെ യുവാക്കള്‍ ഒരു തരത്തിലുള്ള സംശയത്തിനും വിധേയരാകാതിരിക്കാനും അവരുടെ കഴിവുകള്‍ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനും ഞങ്ങള്‍ മുഴുവന്‍ സംവിധാനത്തെയും ശക്തിപ്പെടുത്തുകയാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നാല് പതിറ്റാണ്ടിന്റെ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങള്‍ വോട്ടുചെയ്യാന്‍ വന്‍തോതില്‍ എത്തിയിരിക്കുന്നു.ജമ്മു കശ്മീരില്‍ അടുത്തിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് കണക്കുകള്‍ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു, . ജമ്മു കശ്മീരിലെ ജനങ്ങള്‍ ഭാരതത്തിന്റെ ഭരണഘടനയെയും അതിന്റെ ജനാധിപത്യത്തെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും അംഗീകരിച്ചിരിക്കുന്നു,'' അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൗരന്മാര്‍ ഏറെ കാത്തിരുന്ന നിമിഷമാണിതെന്ന് ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ ഒന്നിലധികം ബന്ദുകളും പ്രതിഷേധങ്ങളും സ്ഫോടനങ്ങളും ഭീകര പ്രവര്‍ത്തനങ്ങളും ജമ്മു കശ്മീരിലെ ജനാധിപത്യത്തെ അട്ടിമറിച്ചതായി കേന്ദ്രഭരണ പ്രദേശത്തെ വോട്ടര്‍മാരെ അഭിനന്ദനം അര്‍പ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. എന്നിരുന്നാലും, ജമ്മു & കശ്മീരിലെ ജനങ്ങള്‍ ഭരണഘടനയില്‍ അചഞ്ചലമായ വിശ്വാസം പ്രകടിപ്പിക്കുകയും അവരുടെ ഭാവി തീരുമാനിക്കുകയും ചെയ്തു. ''ഒരു തരത്തില്‍ പറഞ്ഞാല്‍, ജമ്മു കശ്മീരിലെ തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ അവസാന ഘട്ടത്തിലാണ് ഞങ്ങള്‍. അവശേഷിക്കുന്ന ഭീകര ശൃംഖലകളെ നശിപ്പിക്കാന്‍ ഞങ്ങള്‍ കഠിനമായി പ്രയത്‌നിക്കുകയാണ്,'' അദ്ദേഹം പറഞ്ഞു, ഈ പോരാട്ടത്തില്‍ കേന്ദ്ര ഭരണ പ്രദേശത്തെ ജനങ്ങള്‍ സഹായിക്കുകയും അവരെ നയിക്കുകയും ചെയ്യുന്നു.


രാജ്യത്തിന്റെ പുരോഗതിയുടെ കവാടമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ ദിശയില്‍ സ്വീകരിച്ച നടപടികള്‍ അദ്ദേഹം വിവരിച്ചു. വടക്കുകിഴക്കന്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭൂതപൂര്‍വമായ വളര്‍ച്ച അദ്ദേഹം പരാമര്‍ശിച്ചു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ സമവായത്തോടെ അര്‍ത്ഥവത്തായ രീതിയില്‍ പരിഹരിക്കപ്പെടുന്നതിനാല്‍ മേഖലയില്‍ ശാശ്വത സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് ദീര്‍ഘകാല സ്വാധീനം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യസഭയുടെ മുന്‍ സമ്മേളനത്തില്‍ മണിപ്പൂരിനെക്കുറിച്ചുള്ള തന്റെ വിശദമായ പ്രസംഗം അനുസ്മരിച്ചുകൊണ്ട്, മണിപ്പൂരിലെ സ്ഥിതിഗതികള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ശ്രീ മോദി ആവര്‍ത്തിച്ചു. മണിപ്പൂരിലെ കലാപത്തിനിടയിലും അതിനുശേഷവും 11,000-ലധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 500-ലധികം കുറ്റക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരിലെ അക്രമ സംഭവങ്ങള്‍ തുടര്‍ച്ചയായി കുറഞ്ഞു വരികയാണ് എന്ന വസ്തുത നാം അംഗീകരിക്കണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സമാധാനത്തിനുള്ള സുനിശ്ചിത സാധ്യത എന്ന പ്രതീക്ഷയാണ് ഇതിനര്‍ത്ഥമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് മണിപ്പൂരില്‍ സ്‌കൂളുകളും കോളേജുകളും ഓഫീസുകളും മറ്റ് സ്ഥാപനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ശ്രീ മോദി സഭയെ അറിയിച്ചു. കുട്ടികളുടെ വികസന യാത്ര പോലും ഒരു തരത്തിലും തടസ്സപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരില്‍ സമാധാനവും സൗഹാര്‍ദവും ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാ പങ്കാളികളുമായും ചര്‍ച്ച നടത്തിവരികയാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. മണിപ്പൂരിലിരുന്ന് സമാധാന ശ്രമങ്ങള്‍ക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയത് ആഭ്യന്തരമന്ത്രിയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനുമുള്ള ദൗത്യത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും സമ്മര്‍ദ്ദം ചെലുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണിപ്പൂരിലെ ഇപ്പോഴത്തെ ദുഷ്‌കരമായ വെള്ളപ്പൊക്കത്തില്‍ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫിന്റെ 2 കമ്പനികളെ വിന്യസിച്ചതായി സഭയെ അറിയിച്ച ശ്രീ മോദി, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞു. മണിപ്പൂരില്‍ സമാധാനവും സാധാരണ നിലയും ഉറപ്പാക്കാന്‍ രാഷ്ട്രീയ, പാര്‍ട്ടി ലൈനുകള്‍ പാലിക്കേണ്ടത് എല്ലാ പങ്കാളികളുടെയും സമയവും കടമയുമാണെന്ന് ശ്രീ മോദി അടിവരയിട്ടു. മണിപ്പൂരിന്റെ സുരക്ഷാ സ്ഥിതിഗതികള്‍ കൂടുതല്‍ അപകടത്തിലാക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി വിമതരോട് അഭ്യര്‍ത്ഥിച്ചു. മണിപ്പൂരിലെ സാമൂഹിക സംഘര്‍ഷം ഒരു നീണ്ട ചരിത്രവുമായി ആഴത്തില്‍ വേരൂന്നിയതാണെന്ന് അദ്ദേഹം സഭയെ ഓര്‍മ്മിപ്പിച്ചു, ഇത് സ്വാതന്ത്ര്യത്തിന് ശേഷം 10 തവണ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിലേക്ക് നയിച്ചു. 1993 മുതല്‍ മണിപ്പൂരില്‍ 5 വര്‍ഷം നീണ്ടുനിന്ന സാമൂഹിക സംഘര്‍ഷം ശ്രദ്ധയില്‍പ്പെടുത്തിയ ശ്രീ മോദി, വിവേകത്തോടെയും ക്ഷമയോടെയും സാഹചര്യം കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. മണിപ്പൂരില്‍ സാധാരണ നിലയും സമാധാനവും ഉറപ്പാക്കാനുള്ള തന്റെ ശ്രമങ്ങളില്‍ സഹായിക്കാന്‍ സമാന ചിന്താഗതിക്കാരായ എല്ലാവരെയും അദ്ദേഹം ക്ഷണിച്ചു.

ലോക്സഭയില്‍ കാലുകുത്തി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് സംസ്ഥാന മുഖ്യമന്ത്രിയായിരുന്നതിനാല്‍ ഫെഡറലിസത്തിന്റെ പ്രാധാന്യം അനുഭവത്തില്‍ നിന്നാണ് താന്‍ പഠിച്ചതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സഹകരണവും മത്സരാധിഷ്ഠിതവുമായ ഫെഡറലിസത്തെ ശക്തിപ്പെടുത്തുന്നതിനുള്ള തന്റെ നിലപാടിന് ശ്രീ മോദി അടിവരയിടുകയും, ആഗോളതലത്തില്‍ സംസ്ഥാനത്തെയും അതിന്റെ കഴിവുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും സുപ്രധാനമായ ജി20 പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെ പരാമര്‍ശിക്കുകയും ചെയ്തു. കൊവിഡ് പകര്‍ച്ചവ്യാധിയുടെ കാലത്ത് സംസ്ഥാനത്തും കേന്ദ്രത്തിലും റെക്കോര്‍ഡ് ചര്‍ച്ചകളും ആലോചനകളും നടന്നതായും അദ്ദേഹം അറിയിച്ചു.

രാജ്യസഭ സംസ്ഥാനങ്ങളുടെ സഭയാണെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, അര്‍ദ്ധചാലക, ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖലയിലെ അടുത്ത വിപ്ലവത്തിന് ഇന്ത്യ വഴികാട്ടിയാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞു, വികസനം, നല്ല ഭരണം, നയ രൂപീകരണം, തൊഴില്‍ സൃഷ്ടിക്കല്‍, വിദേശ നിക്ഷേപം ആകര്‍ഷിക്കല്‍ എന്നിവയില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ചു. . ലോകം ഇന്ത്യയുടെ വാതിലില്‍ മുട്ടുമ്പോള്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അവസരമുണ്ടെന്ന് പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയുടെ വളര്‍ച്ചാ ചരിത്രത്തിലേക്ക് സംഭാവന നല്‍കാനും അതിന്റെ നേട്ടങ്ങള്‍ കൊയ്യാനും എല്ലാ സംസ്ഥാനങ്ങളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നതിനാല്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള മത്സരം യുവാക്കളെ വളരെയധികം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു, അര്‍ദ്ധചാലകങ്ങളുമായി ബന്ധപ്പെട്ട ജോലികള്‍ അതിവേഗം നടക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമിന്റെ ഉദാഹരണം അദ്ദേഹം എടുത്തു കാട്ടി. 

ഐക്യരാഷ്ട്രസഭ 2023 നെ 'മില്ലറ്റിന്റെ വര്‍ഷം' ആയി പ്രഖ്യാപിക്കുന്നതിനെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഇത് ഇന്ത്യയിലെ ചെറുകിട കര്‍ഷകരുടെ ശക്തിയെ സൂചിപ്പിക്കുന്നുവെന്ന് പറഞ്ഞു. മില്ലറ്റ് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയങ്ങള്‍ രൂപീകരിക്കാനും ആഗോള വിപണിയില്‍ അത് സ്ഥാപിക്കുന്നതിനുള്ള ഒരു റോഡ്മാപ്പ് സൃഷ്ടിക്കാനും അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ലോകത്തിലെ പോഷകാഹാര വിപണിയില്‍ മില്ലറ്റുകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനും പോഷകാഹാരക്കുറവുള്ള പ്രദേശങ്ങളില്‍ പ്രധാന ഭക്ഷണമായി മാറാനും കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൗരന്മാര്‍ക്കിടയില്‍ 'ജീവിതം എളുപ്പമാക്കുന്ന' നയങ്ങള്‍ രൂപീകരിക്കാനും നിയമങ്ങള്‍ രൂപപ്പെടുത്താനും പ്രധാനമന്ത്രി സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ചു. പഞ്ചായത്ത്, നഗരപാലിക, മഹാനഗര്‍ പാലിക, തഹസില്‍ദാര്‍, ജില്ലാ പരിഷത്ത് എന്നിങ്ങനെ എല്ലാ തലങ്ങളിലും അഴിമതിക്കെതിരായ പോരാട്ടം ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം പ്രകടിപ്പിക്കുകയും സംസ്ഥാനങ്ങള്‍ യോജിച്ച് ചേരാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇന്ത്യയെ 21-ാം നൂറ്റാണ്ടിന്റെ ഒരു ബ്ലൂപ്രിന്റ് ആക്കി മാറ്റുന്നതിനുള്ള സര്‍ക്കാരിന്റെ തീരുമാനങ്ങളെടുക്കല്‍, വിതരണം, ഭരണ മാതൃക എന്നിവയിലെ കാര്യക്ഷമതയുടെ പ്രാധാന്യത്തെക്കുറിച്ച് വെളിച്ചം വീശിക്കൊണ്ട്, ഈ മേഖലകളിലെ പ്രവര്‍ത്തനങ്ങളുടെ ഗതിവേഗം വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കാര്യക്ഷമത, സംവിധാനത്തില്‍ സുതാര്യത കൊണ്ടുവരുന്നു, അതുവഴി പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നു, ജീവിത സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു, ഇത് ആശങ്കകള്‍  ഇല്ലാതാക്കുന്നു.

ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ നിലനിര്‍ത്തിക്കൊണ്ടുതന്നെ പൗരന്മാരുടെ ജീവിതത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, പ്രകൃതിദുരന്തങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും മുന്നോട്ട് വരാനും അതിനെതിരെ പോരാടാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനും ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. രാഷ്ട്രീയ സന്നദ്ധതയിലൂടെ ഈ അടിസ്ഥാന ലക്ഷ്യങ്ങള്‍ കൈവരിക്കാനാകുമെന്നും അവയിലെത്താന്‍ എല്ലാ സംസ്ഥാനങ്ങളും മുന്നിട്ടിറങ്ങുകയും സഹകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നിലവിലെ നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ടായിരിക്കുമെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രി, ഇപ്പോള്‍ ഈ അവസരം നഷ്ടപ്പെടുത്താന്‍ നമുക്ക് കഴിയില്ലെന്ന് പറഞ്ഞു. ഇന്ത്യ പല അവസരങ്ങളും നഷ്ടപ്പെടുത്തിയതിനാല്‍ സമാനമായ സ്ഥാനത്തുള്ള പല രാജ്യങ്ങളും വികസിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പരിഷ്‌കാരങ്ങള്‍ ഒഴിവാക്കേണ്ട ആവശ്യമില്ലെന്നും കൂടുതല്‍ തീരുമാനമെടുക്കാനുള്ള അധികാരം പൗരന്മാര്‍ക്ക് കൈമാറുന്നതോടെ പുരോഗതിയും വളര്‍ച്ചയും പിന്തുടരാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. 

'140 കോടി പൗരന്മാരുടെ ദൗത്യമാണ് വികസിത് ഭാരത്', ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഐക്യത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സാധ്യതകളില്‍ നിക്ഷേപം നടത്താന്‍ ലോകം മുഴുവനും തയ്യാറാണെന്ന് ആവര്‍ത്തിച്ച അദ്ദേഹം,  'ലോകത്തിന്റെ ആദ്യ തിരഞ്ഞെടുപ്പ് ഇന്ത്യയാണ് എന്നു പറഞ്ഞു. അവസരം മുതലാക്കാനും അദ്ദേഹം സംസ്ഥാനങ്ങളെ ഉദ്ബോധിപ്പിച്ചു.

രാഷ്ട്രപതിയുടെ മാര്‍ഗനിര്‍ദേശത്തിനും അവരുടെ പ്രസംഗത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
UJALA scheme completes 10 years, saves ₹19,153 crore annually

Media Coverage

UJALA scheme completes 10 years, saves ₹19,153 crore annually
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
President of the European Council, Antonio Costa calls PM Narendra Modi
January 07, 2025
PM congratulates President Costa on assuming charge as the President of the European Council
The two leaders agree to work together to further strengthen the India-EU Strategic Partnership
Underline the need for early conclusion of a mutually beneficial India- EU FTA

Prime Minister Shri. Narendra Modi received a telephone call today from H.E. Mr. Antonio Costa, President of the European Council.

PM congratulated President Costa on his assumption of charge as the President of the European Council.

Noting the substantive progress made in India-EU Strategic Partnership over the past decade, the two leaders agreed to working closely together towards further bolstering the ties, including in the areas of trade, technology, investment, green energy and digital space.

They underlined the need for early conclusion of a mutually beneficial India- EU FTA.

The leaders looked forward to the next India-EU Summit to be held in India at a mutually convenient time.

They exchanged views on regional and global developments of mutual interest. The leaders agreed to remain in touch.