“ഇന്ത്യയിലെ ജനങ്ങൾ കഴിഞ്ഞ 10 വർഷമായി ഞങ്ങളുടെ ഗവൺമെന്റിന്റെ പ്രവർത്തനഫലങ്ങളിൽ വിശ്വാസമർപ്പിക്കുകയും മൂന്നാം തവണയും മികച്ച ഭരണം തുടരാൻ ഞങ്ങൾക്ക് അവസരം നൽകുകയും ചെയ്തു”
“‘ജനസേവ ഹീ പ്രഭു സേവ’ (മനുഷ്യരാശിക്കുള്ള സേവനം ദൈവത്തിനുള്ള സേവനമാണ്) എന്ന വിശ്വാസത്തോടെ പൗരന്മാരെ സേവിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ജനങ്ങൾ കണ്ടു”
“അഴിമതിയോടുള്ള സഹിഷ്ണുതാരഹിതസമീപനത്തിനു ജനങ്ങൾ പ്രതിഫലം നൽകി”
“ഞങ്ങൾ ‘തുഷ്ടീകരണി’നു പകരം ‘സന്തുഷ്ടീകരണ’ത്തിനായി, പ്രീണനത്തിനു പകരം പരിപൂർണതയ്ക്കായി, പ്രവർത്തിച്ചു”
“140 കോടി പൗരന്മാരുടെ അഭിപ്രായവും പ്രതീക്ഷകളും വിശ്വാസവും വികസനത്തിന്റെ ചാലകശക്തിയായി മാറുന്നു”
“രാഷ്ട്രം ആദ്യം എന്നതാണു നമ്മുടെ ഏക ലക്ഷ്യം”
“ഒരു രാജ്യം വികസിക്കുമ്പോൾ, ഭാവിതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള കരുത്തുറ്റ അടിത്തറ പാകുകയാണ്”
“മൂന്നാം കാലയളവിൽ, ഞങ്ങൾ മൂന്നിരട്ടി വേഗത്തിൽ പ്രവർത്തിക്കും; മൂന്നിരട്ടി ഊർജം കൊണ്ടുവരും; ഫലങ്ങൾ മൂന്നിരട്ടിയാക്കും”

പാർലമെന്റിൽ രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപനപ്രസംഗത്തിന്മേൽ നന്ദി രേഖപ്പെടുത്തുന്നതിനുള്ള ഉപക്ഷേപത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലോക്‌സഭയിൽ മറുപടി നൽകി.

സഭയെ അഭിസംബോധന ചെയ്യവേ, രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കു പ്രധാനമന്ത്രി നന്ദി അറിയിക്കുകയും പ്രസംഗത്തിന്റെ കേന്ദ്രബിന്ദുവായ വികസിത ഭാരതം എന്ന ആശയം ഉയർത്തിക്കാട്ടുകയും ചെയ്തു. രാഷ്ട്രപതി പ്രസംഗത്തിൽ സുപ്രധാന വിഷയങ്ങൾ ഉന്നയിച്ചതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അവർ നൽകിയ മാർഗനിർദേശത്തിനു നന്ദി അറിയിക്കുകയും ചെയ്തു.

രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ച് ഇന്നലെയും ഇന്നും നിരവധി അംഗങ്ങൾ ചിന്തകൾ പങ്കുവച്ചപ്പോൾ, സഭാനിയമങ്ങളെ മാനിച്ചു രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവച്ച, ആദ്യമായി പാർലമെന്റിലെത്തിയ അംഗങ്ങൾക്കു ശ്രീ മോദി പ്രത്യേകം നന്ദി പറഞ്ഞു. അവരുടെ പെരുമാറ്റം പരിചയസമ്പന്നരായ ഏതൊരു പാർലമെന്റ് അംഗത്തേക്കാളും പിന്നിലല്ലെന്നും അവരുടെ ചിന്തകൾ ഈ സംവാദത്തെ കൂടുതൽ സമ്പന്നമാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിച്ചു ഗവണ്മെന്റിനെ തെരഞ്ഞെടുത്തതിനു സമ്മതിദായകർക്കു നന്ദി പറഞ്ഞ പ്രധാനമന്ത്രി, തുടർച്ചയായി മൂന്നാം തവണയും നിലവിലെ ഗവണ്മെന്റിനെ തെരഞ്ഞെടുത്തതിന് ഇന്ത്യയിലെ പൗരന്മാർക്കു നന്ദി അറിയിക്കുകയും ജനാധിപത്യലോകത്തിന് ഇത് അഭിമാന നിമിഷമാണെന്നു വിശേഷിപ്പിക്കുകയും ചെയ്തു. ഗവണ്മെന്റിന്റെ കഴിഞ്ഞ 10 വർഷത്തെ ശ്രമങ്ങളാണു വോട്ടർമാരിൽ നിർണായക ഘടകമായതെന്ന് അദ്ദേഹം പറഞ്ഞു. ‘ജനസേവ ഹീ പ്രഭു സേവ’ (മനുഷ്യരാശിക്കുള്ള സേവനം ദൈവത്തിനുള്ള സേവനമാണ്) എന്ന വിശ്വാസത്തോടെ പൗരന്മാരെ സേവിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത അദ്ദേഹം ഉയർത്തിക്കാട്ടി. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണ് 25 കോടിയിലധികം ദരിദ്രർ ഇത്ര ചെറിയ കാലയളവിൽ ദാരിദ്ര്യത്തിൽനിന്നു കരകയറുന്നത്.

2014നുശേഷം, അഴിമതിയോടു സഹിഷ്ണുത കാട്ടില്ലെന്ന നിലപാട് ആവർത്തിച്ച പ്രധാനമന്ത്രി, രാജ്യത്തെ വോട്ടർമാരാണു തങ്ങളെ വീണ്ടും അധികാരത്തിലെത്തിച്ചതെന്നു പറഞ്ഞു. “ഇന്നു ലോകമെമ്പാടും ഇന്ത്യയുടെ പ്രശസ്തി മെച്ചപ്പെട്ടിരിക്കുന്നു. ഓരോ ഇന്ത്യക്കാരനും ഇപ്പോൾ അഭിമാനം തോന്നുന്നു” - തന്റെ ഗവണ്മെന്റിന്റെ ഓരോ നയവും തീരുമാനവും പ്രവർത്തനവും ഇന്ത്യക്കു മുൻഗണന നൽകുന്നതാണെന്നു ശ്രീ മോദി പറഞ്ഞു. ആഗോളതലത്തിൽ ഇന്ത്യയുടെ സാന്നിധ്യം വർധിച്ചുവരുന്നതിലേക്കു വെളിച്ചംവീശി, രാഷ്ട്രത്തോടുള്ള ലോകത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വന്നിട്ടുണ്ടെന്നും അത് ഓരോ പൗരനിലും അഭിമാനം വളർത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗവണ്മെന്റിന്റെ നയങ്ങളിലും തീരുമാനങ്ങളിലും പ്രതിഫലിക്കുന്ന ‘രാഷ്ട്രം ആദ്യം’ എന്ന ഏക ലക്ഷ്യത്തിനു പ്രധാനമന്ത്രി ഊന്നൽ നൽകി. ഈ വിശ്വാസത്തോടെ, ഗവണ്മെന്റ് രാജ്യത്തുടനീളം പരിഷ്കരണപ്രക്രിയ തുടരുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്തുവർഷമായി, ‘ഏവർക്കുമൊപ്പം ഏവർക്കും വികസനം’ എന്ന തത്വവും ‘സർവ് പന്ത് സംഭവ്’ (എല്ലാ മതങ്ങളും തുല്യമാണ്) എന്ന തത്വവും ഉപയോഗിച്ചു ജനങ്ങളെ സേവിക്കാനാണു ഗവണ്മെന്റ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പ്രീണന രാഷ്ട്രീയവും ഭരണമാതൃകയുമാണ് ഇന്ത്യ വളരെക്കാലമായി കണ്ടിരുന്നതെന്നു ശ്രീ മോദി പറഞ്ഞു. ഇന്ത്യയിലാദ്യമായി തന്റെ ഗവണ്മെന്റ് ജനങ്ങളുടെ സംതൃപ്തിയോടെയും സ്ഥിരീകരണത്തോടെയും മതനിരപേക്ഷതയ്ക്കായി പ്രവർത്തിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗവൺമെന്റിന്റെ വിവിധ നയങ്ങളിൽ സമ്പൂർണത കൈവരിക്കുകയും ഇന്ത്യയിൽ ഏറ്റവും ‌ഒടുവിലത്തെ വ്യക്തിക്കും സേവനം ലഭ്യമാക്കുക എന്ന ദൃഢനിശ്ചയം നിറവേറ്റുകയും ചെയ്യുക എന്നതാണു തന്നെ സംബന്ധിച്ചിടത്തോളം സംതൃപ്തി പകരുന്ന കാര്യമെന്ന് അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം ഈ പരിപൂർണതാ തത്വചിന്ത, യഥാർഥ അർഥത്തിൽ സാമൂഹ്യനീതിയും മതനിരപേക്ഷതയുമാണെന്നും തുടർച്ചയായ മൂന്നാം കാലയളവിന്റെ രൂപത്തിൽ ഇന്ത്യയിലെ ജനങ്ങൾ അത് അംഗീകരിച്ചിട്ടുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

ഈ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ ജനങ്ങളുടെ പക്വതയും ആദർശവും ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഞങ്ങളുടെ നയങ്ങളിലും ഉദ്ദേശ്യങ്ങളിലും പ്രതിബദ്ധതയിലും ജനങ്ങൾ വിശ്വാസം പ്രകടിപ്പിച്ചു”- പ്രധാനമന്ത്രി പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ വികസിത ഭാരതം എന്ന ദൃഢനിശ്ചയം ജനങ്ങൾ അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വികസിത രാഷ്ട്രത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, പുരോഗതി പ്രാപിക്കുമ്പോൾ രാജ്യത്തെ ഓരോ പൗരന്റെയും സ്വപ്നങ്ങൾ പൂർത്തീകരിക്കപ്പെടുമെന്നും, അതോടൊപ്പം ഭാവിതലമുറയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള അടിത്തറയ‌ിടുമെന്നും പറഞ്ഞു. മുൻതലമുറകൾ എന്നും ആഗ്രഹിച്ചിരുന്ന വികസിത ഇന്ത്യയുടെ നേട്ടങ്ങൾ കൊയ്യാൻ ഇന്ത്യയിലെ ജനങ്ങൾ അർഹരാണെന്നു പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിന്റെ സൃഷ്ടി ഇന്ത്യയിലെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ജീവിതസാഹചര്യങ്ങളും ജീവിതനിലവാരവും ഗണ്യമായി മെച്ചപ്പെടുത്തുമെന്നും ജനങ്ങൾക്കിടയിൽ അഭിമാനബോധം വളർത്തുമെന്നും അവർക്കു നിരവധി അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യയിലെ നഗരങ്ങൾ ലോകത്തിലെ മറ്റു വികസിത നഗരങ്ങൾക്കു തുല്യമായി മാറും” - അദ്ദേഹം ഉറപ്പുനൽകി.

രാജ്യത്തെ ഓരോ പൗരനും ലഭിക്കുന്ന നിരവധി തുല്യ അവസരങ്ങളുടെ ലഭ്യതയെയാണു വികസിത ഭാരതം സൂചിപ്പിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. നൈപുണ്യങ്ങൾ, വിഭവങ്ങൾ, സാധ്യതകൾ എന്നിവയെ അടിസ്ഥാനമാക്കി ഏവർക്കും വളർച്ച ഉറപ്പാക്കുന്നു.

ആത്മാർഥതയോടെയും സത്യസന്ധതയോടെയും വികസ‌ിത ഭാരതം എന്ന ആശയം സാക്ഷാത്കരിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും ഗവണ്മെന്റ് നടത്തുമെന്നു പ്രധാനമന്ത്രി മോദി ഇന്ത്യയിലെ പൗരന്മാർക്ക് ഉറപ്പു നൽകി. “സമയത്തിലെ ഓരോ നിമിഷവും നമ്മുടെ ശരീരത്തിലെ ഓരോ കോശവും വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന ആശയത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നു; 2047-നായി ദ‌ിവസത്തിലെ 24 മണിക്കൂറും ആഴ്ചയിലെ 7 ദിവസവും” - ശ്രീ മോദി പറഞ്ഞു.

രാജ്യം മുഴുവൻ നിരാശയിലായിരുന്ന 2014നു മുമ്പുള്ള കാലഘട്ടം പ്രധാനമന്ത്രി അനുസ്മരിച്ചു. പൗരന്മാർക്കിടയിലെ ആത്മവിശ്വാസം നഷ്‌ടപ്പെട്ടത് ഈ കാലയളവിൽ രാജ്യത്തിനു സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണെന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇതു നിരാശയുടെ കാർമേഘം സൃഷ്ടിച്ചുവെന്നും പറഞ്ഞു. കുംഭകോണങ്ങളും നയപരമായ തളർച്ചയും ദുർബലമായ അഞ്ചു സമ്പദ്‌വ്യവസ്ഥകളുടെ പട്ടികയിലേക്കു രാജ്യത്തെ തള്ളിവിടുന്ന കാലഘട്ടമായിരുന്നു ഇതെന്ന് അദ്ദേഹം അനുസ്മരിച്ചു. സാധാരണ പൗരന്മാർക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. വീട്, പാചകവാതക കണക്ഷൻ അല്ലെങ്കിൽ പൊതുവിതരണ സമ്പ്രദായത്തിലൂടെ ധാന്യങ്ങൾ സ്വീകരിക്കൽ എന്നിവയ്ക്കു കൈക്കൂലി പതിവായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

2014-നു മുമ്പു രാഷ്ട്രത്തിന്റെ ദയനീയാവസ്ഥയിൽ തങ്ങളുടെ വിധിയെ പഴിച്ചുകൊണ്ടു ദൈനംദിന ജീവിതം നയിക്കാൻ രാജ്യത്തെ പൗരന്മാർ നിർബന്ധിതരായിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. “മാറ്റത്തിന്റെ നിമിഷത്തിനു തുടക്കമിട്ട് അവർ ഞങ്ങളെ തെരഞ്ഞെടുത്തു”- അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു കാലത്ത് ഒന്നും സാധ്യമല്ലെന്നു കരുതിയിരുന്നവരെ എല്ലാം സാധ്യമാണെന്നു വിശ്വസിക്കുന്നതിലേക്കു മാറ്റാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഗവൺമെന്റിന്റെ നേട്ടങ്ങൾ പട്ടികപ്പെടുത്തി, വിജയകരമായി 5ജി പുറത്തിറക്കിയതും ഏറ്റവും ഉയർന്ന കൽക്കരി ഉൽപ്പാദനവും രാജ്യത്തിന്റെ ബാങ്കിങ് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പരിവർത്തന നയങ്ങളും ഭീകരവാദത്തോടുള്ള സഹിഷ്ണുതാരഹിതനയവും അനുച്ഛേദം 370 റദ്ദാക്കിയതും പ്രധാനമന്ത്രി പരാമർശിച്ചു. “അനുച്ഛേദം 370ന്റെ പ്രതിബന്ധങ്ങൾ തകർക്കപ്പെട്ടതിനാൽ ജനാധിപത്യം ശക്തിപ്പെടുകയാണ്” എന്നും അടുത്തിടെ സമാപിച്ച പൊതുതെരഞ്ഞെടുപ്പിലെ റെക്കോർഡ് വോട്ടിങ് ശതമാനം ചൂണ്ടിക്കാട്ടി അദ്ദേഹം കൂട്ടിച്ചേർത്തു.

“140 കോടി പൗരന്മാരുടെ അഭിപ്രായവും പ്രതീക്ഷകളും വിശ്വാസവും വികസനത്തിന്റെ ചാലകശക്തിയായി മാറും” - പ്രധാനമന്ത്രി പറഞ്ഞു. ഈ വിശ്വാസം, നിശ്ചയദാർഢ്യത്തിലൂടെയുള്ള നേട്ടത്തിന്റെ പ്രതീകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയെ വികസിത രാഷ്ട്രമാക്കാൻ നമ്മുടെ സ്വാതന്ത്ര്യസമരകാലത്തിലെന്നപോലെ ഇന്നും പൗരന്മാർക്ക് ആവേശവും ആത്മവിശ്വാസവുമുണ്ടെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. “ഇന്നു ഭാരതം സ്വയം മത്സരിക്കേണ്ടതുണ്ട്. നമ്മുടെ പഴയ റെക്കോർഡുകൾ തകർത്തു രാജ്യത്തെ അടുത്ത ഘട്ടത്തിലേക്കു കൊണ്ടുപോകണം” - കഴിഞ്ഞ പത്തുവർഷത്തെ രാജ്യത്തിന്റെ പുരോഗതിയെ പ്രകീർത്തിച്ചു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ സ്വീകരിച്ച വികസനത്തിന്റെ പാത ഇപ്പോൾ അളവുകോലായി മാറിയെന്നു പ്രധാനമന്ത്രി മോദി പറഞ്ഞു. രാജ്യം അതിവേഗം പുരോഗമിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, “ഞങ്ങൾ എല്ലാ മേഖലകളെയും അടുത്ത ഘട്ടത്തിലേക്കു കൊണ്ടുപോകു”മെന്നും പറഞ്ഞു.

കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽനിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്കു വളർന്നുവെന്നു ശ്രീ മോദി എടുത്തുപറഞ്ഞു. ഇന്ത്യ ഉടൻതന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമാതാക്കളും കയറ്റുമതിക്കാരും ആയി മാറിയെന്നു പറഞ്ഞ അദ്ദേഹം, ഗവണ്മെന്റിന്റെ മൂന്നാം കാലയളവിൽ സെമികണ്ടക്ടർ മേഖലയിൽ രാജ്യം സമാനമായ ഉയരങ്ങൾ താണ്ടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാഷ്ട്രം പുതിയ നാഴികക്കല്ലുകൾ കീഴടക്കി പുതിയ ഉയരങ്ങളിലെത്തുമെങ്കിലും സാധാരണ പൗരന്മാരുടെ സേവനത്തിൽ ഗവണ്മെന്റ് വേരൂന്നുമെന്നു പ്രധാനമന്ത്രി ആവർത്തിച്ചു. പാവപ്പെട്ടവർക്കു കൈമാറിയ വാസയോഗ്യമായ നാലുകോടി വീടുകളെക്കുറിച്ചു പരാമർശിച്ച ശ്രീ മോദി, അടുത്തുതന്നെ മൂന്നുകോടി പുതിയ വീടുകൾ നിർമിക്കുമെന്നും അറിയിച്ചു. സ്ത്രീകളുടെ സ്വയംസഹായസംഘങ്ങളുടെ വളർച്ച പരാമർശിച്ച്, മൂന്നുകോടി ‘ലഖ്പതി ദീദി’കളെ സൃഷ്ടിക്കാനുള്ള ഗവണ്മെന്റിന്റെ കർമപദ്ധതിയെക്കുറിച്ചു പ്രധാനമന്ത്രി അറിയിച്ചു. മൂന്നാം കാലയളവിൽ മൂന്നിരട്ടി വേഗത്തിൽ പ്രവർത്തിക്കാനും ഫലങ്ങൾ മൂന്നിരട്ടിയാക്കാനുമുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.

60 വർഷത്തിനുശേഷം തുടർച്ചയായി മൂന്നാം തവണയും ഒരു ഗവണ്മെന്റ് അധികാരത്തിൽ വരുന്നതു ഗവൺമെന്റിന്റെ പരിശ്രമത്തെയും അതു പൗരന്മാർക്കിടയിൽ സൃഷ്ടിച്ച വിശ്വാസത്തെയും സൂചിപ്പിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. “ഇത്തരം നേട്ടങ്ങൾ കൈവരിക്കുന്നതു കേവലം രാഷ്ട്രീയം കൊണ്ടല്ല; മറിച്ച്, പൗരന്മാരുടെ അനുഗ്രഹം കൊണ്ടാണ്”. ജനങ്ങൾ സ്ഥിരതയും തുടർച്ചയുമാണു തെരഞ്ഞെടുത്തിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒഡ‌ിഷ, ആന്ധ്രപ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ് എന്നീ നാലു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ജനവിധിയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ വൻ വിജയങ്ങൾ പരാമർശിക്കുകയും ചെയ്തു. രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിലെ വർധിച്ചുവരുന്ന വോട്ടുവിഹിതത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. “‘ജനതാജനാർദൻ’ ഞങ്ങൾക്കൊപ്പമാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലങ്ങളെക്കുറിച്ചു പരാമർശിക്കവേ, ജനവിധി വിനയത്തോടെ സ്വീകരിക്കാനും ജനങ്ങളുടെ സന്ദേശം മനസിലാക്കാനും പ്രധാനമന്ത്രി പ്രതിപക്ഷത്തോട് അഭ്യർഥിച്ചു. ജനങ്ങൾ വികസനത്തിന്റെ പാത തെരഞ്ഞെടുത്തുവെന്നും വികസിത ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ദൃഢനിശ്ചയമുള്ളവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ കൂട്ടായി വികസനത്തിന്റെ പുതിയ യാത്ര ആരംഭിക്കണമെന്നു സൂചിപ്പിച്ച പ്രധാനമന്ത്രി, അരാജകത്വത്തിന്റെയും നിയമരാഹിത്യത്തിന്റെയും വിഭജന രാഷ്ട്രീയത്തിന്റെയും പാത തെരഞ്ഞെടുക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കാൻ ഇന്ത്യൻ പൗരന്മാരോട് ആവശ്യപ്പെട്ടു. രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്കും തെറ്റായ വിവരങ്ങളുടെ വ്യാപനത്തിലേക്കും തള്ളിവിടുന്ന അനുയോജ്യമല്ലാത്ത സാമ്പത്തിക നയങ്ങൾക്കെതിരെയും അദ്ദേഹം മുന്നറിയിപ്പു നൽകി. ശ്രേഷ്ഠമായ സഭയുടെ അന്തസ്സും ഭംഗിയും കാത്തുസൂക്ഷിക്കാൻ സ്പീക്കർ മുഖേന പ്രതിപക്ഷത്തോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി, സഭയുടെ പവിത്രത തടസ്സപ്പെടാതിരിക്കാൻ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ സ്പീക്കറോടു നിർദേശിക്കുകയും ചെയ്തു.

അടിയന്തരാവസ്ഥയുടെ കാലഘട്ടത്തെക്കുറിച്ചു പരാമർശിക്കവേ, രാജ്യം ഭരിച്ചവർ രാജ്യത്തു സ്വേച്ഛാധിപത്യ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഇതു പൗരന്മാരോടു വ്യാപകമായ ക്രൂരതയും രാജ്യത്തോടുള്ള അനീതിയും സൃഷ്ടിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഇന്ത്യൻ ഭരണഘടനയിൽ വാഗ്ദാനം ചെയ്തതുപോലെ പിന്നാക്ക വിഭാഗങ്ങളുടെയും പട്ടികജാതിക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ അന്നത്തെ ഗവണ്മെന്റ് നടപടിയെടുക്കാത്തതിലുള്ള അമർഷം ചൂണ്ടിക്കാട്ടി ബാബാ സാഹിബ് അംബേദ്കർ മന്ത്രിസഭയിൽനിന്നു രാജിവച്ച സമയവും അദ്ദേഹം അനുസ്മരിച്ചു. ജഗ്ജീവൻ റാം ജി, ചൗധരി ചരൺ സിങ് ജി, സീതാറാം കേസരി ജി തുടങ്ങിയ പ്രമുഖ നേതാക്കളോടു ചെയ്ത അതിക്രമങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.

തത്വചിന്തകനായ സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം ഉദ്ധരിച്ച്, സഹിഷ്ണുതയും സാർവത്രിക സ്വീകാര്യതയും ലോകത്തെ പഠിപ്പിച്ച മതത്തിൽപ്പെട്ടതിൽ താൻ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിന്റെ ജനാധിപത്യവും വൈവിധ്യവും അഭിവൃദ്ധിപ്രാപിച്ചതു ഹിന്ദു സമൂഹത്തിന്റെ സഹിഷ്ണുതയും ഐക്യത്തിന്റെ ചൈതന്യവും കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നു ഹിന്ദു സമുദായത്തെ കുറ്റപ്പെടുത്തുകയും ഗൂഢാലോചന നടത്തുകയും ചെയ്യുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ഇന്ത്യയുടെ സായുധസേനയുടെ വീര്യത്തെയും ശക്തിയെയും പ്രശംസിച്ച ശ്രീ മോദി, കഴിഞ്ഞ പത്തുവർഷത്തിനിടെ പ്രതിരോധ മേഖലയിൽ നിരവധി പരിഷ്കാരങ്ങൾ കൈക്കൊണ്ടിട്ടുണ്ടെന്നും എല്ലാ വെല്ലുവിളികളും ഏറ്റെടുക്കാൻ ഇന്ത്യയുടെ സായുധസേനയെ നവീകരിക്കുകയും സജ്ജരാക്കുകയും ചെയ്തുവെന്നും പരാമർശിച്ചു. ദേശീയ സുരക്ഷയെന്ന ലക്ഷ്യം കണക്കിലെടുത്തു സായുധസേനയെ യുദ്ധസജ്ജരാക്കാനുള്ള എല്ലാ ശ്രമങ്ങളും ഗവണ്മെന്റ് നടത്തുന്നുണ്ടെന്നു ശ്രീ മോദി പറഞ്ഞു. തിയറ്റർ കമാൻഡ് സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ ശ്രീ മോദി, സംയുക്ത സൈനിക മേധാവിയുടെ (സിഡിഎസ്) നിയമനത്തിനുശേഷം, ദീർഘകാലമായി മുടങ്ങിക്കിടന്ന ഈ സൈനിക സംഘടനാ ഘടന സ്ഥാപിക്കുന്നതിനുള്ള ദിശയിൽ പ്രവർത്തനങ്ങൾ നടക്കുന്നതിൽ സംതൃപ്തി പ്രകടിപ്പിച്ചു.

സ്വയംപര്യാപ്ത ഇന്ത്യയിൽ നമ്മുടെ സായുധസേനയെ സ്വയംപര്യാപ്തരാക്കുന്നതിനുള്ള സുപ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കിവരികയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. സായുധസേന ചെറുപ്പമാകണമെന്നും നമ്മുടെ സേനയിൽ യുവാക്കളുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷ ഗൗരവമേറിയ വിഷയമാണെന്നും സായുധസേനയെ ‘യുദ്ധയോഗ്യമാക്കാൻ’ ഗവണ്മെന്റ് കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു.

ആയുധങ്ങളോ സാങ്കേതികതയോ ഏതുമാകട്ടെ, യുദ്ധസംവിധാനങ്ങളിൽ വലിയ മാറ്റമുണ്ടെന്നും, അതിനാൽ, വ്യാജ പ്രസ്താവനകളും ആരോപണങ്ങളും അവഗണിച്ച്, ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ നമ്മുടെ സേനയെ ശക്തിപ്പെടുത്തേണ്ട വലിയ ഉത്തരവാദിത്വം ഗവണ്മെന്റിനുണ്ടെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. വിവിധ അഴിമതി ആരോപണങ്ങൾ സായുധസേനയുടെ കഴിവുകൾ ശക്തിപ്പെടുത്തുന്നത‌ിനു തടസമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ദീർഘകാലമായി മുടങ്ങിക്കിടന്ന “ഒരു റാങ്ക്, ഒരു പെൻഷൻ” പദ്ധതി മുൻകാലങ്ങളിൽ തന്റെ ഗവണ്മെന്റ് നടപ്പാക്കിയിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും തന്റെ ഗവണ്മെന്റ് OROP പദ്ധതി നടപ്പാക്കാൻ 1.2 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമീപകാല ചോദ്യപ്പേപ്പർചോർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിൽ തന്റെ ഗവണ്മെന്റ് അതീവ ഗൗരവത്തോടെ ഇടപെടുമെന്നും യുവാക്കളോടും രാജ്യത്തോടുമുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പുനൽകി. നീറ്റ്-യുജി ചോദ്യപ്പേപ്പർ ചോർച്ച സംഭവത്തിൽ രാജ്യത്തുടനീളം നിരവധി അറസ്റ്റുകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “കേന്ദ്ര ഗവണ്മെന്റ് ഇതിനകം കർശനമായ നിയമം കൊണ്ടുവന്നിട്ടുണ്ട്. മുഴുവൻ സ്ക്രീനിങ് സംവിധാനവും ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്.”- ശ്രീ മോദി പറഞ്ഞു,

“ഗവണ്മെന്റിന്റെ കഴിഞ്ഞ പത്തുവർഷത്തിനിടയിലെ ഏറ്റവും വലിയ ദൃഢനിശ്ചയമായിരുന്നു വികസനം”- പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുക, എല്ലാ വീട്ടിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുക, എല്ലാ പാവപ്പെട്ടവർക്കും അടച്ചുറപ്പുള്ള വീടുകൾ നൽകുക, സായുധസേനയെ സ്വയംപര്യാപ്തമാക്കുന്നതിലൂടെ ശക്തിപ്പെടുത്തുക, രാജ്യത്തു പുനരുൽപ്പാദക ഊർജമേഖല മെച്ചപ്പെടുത്തുക, ഇന്ത്യയെ ഹരിത ഹൈഡ്രജൻ കേന്ദ്രമാക്കുക, അടിസ്ഥാനസൗകര്യവികസനം നവീകരിക്കുക, വികസിത ഇന്ത്യയിൽ പുതിയ തൊഴിലവസരങ്ങളും സ്വയംതൊഴിലവസരങ്ങളും സൃഷ്ടിക്കുക, നൈപുണ്യവികസനം ശാക്തീകരിക്കുക, യുവാക്കളുടെ ഭാവി രൂപപ്പെടുത്തുക തുടങ്ങിയ തീരുമാനങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ 18 വർഷത്തിനിടെ സ്വകാര്യവ്യവസായത്തിൽ തൊഴിലവസരങ്ങൾ റെക്കോർഡ് എണ്ണം വർധിച്ചതായി അടുത്തിടെ നടത്തിയ പഠനം പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു.

ഡിജിറ്റൽ ഇന്ത്യ പ്രസ്ഥാനത്തെ പ്രകീർത്തിച്ച പ്രധാനമന്ത്രി, ലോകത്തിലെ ഡിജിറ്റൽ പണമിടപാടു സംവിധാനത്തിന്റെ ഉജ്വല ഉദാഹരണമായി ഭാരതം നിലകൊള്ളുന്നുവെന്നു പറഞ്ഞു. ജി-20 ഉച്ചകോടിയെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, ലോകത്തിലെ വികസിത രാജ്യങ്ങൾപോലും നമ്മുടെ ഡിജിറ്റൽ മുന്നേറ്റത്തിൽ അത്ഭുതപ്പെടുന്നുവെന്ന് അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ പുരോഗതിക്കൊപ്പം മത്സരവും വെല്ലുവിളികളും വളരുന്നതിനെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ ജനാധിപത്യത്തിനും ജനസംഖ്യാശാസ്ത്രത്തിനും വൈവിധ്യത്തിനും ദോഷം വരുത്തുന്ന, രാജ്യത്തിന്റെ പുരോഗതിയെ വെല്ലുവിളിയായി കാണുന്നവർക്കെതിരെ മുന്നറിയിപ്പു നൽകി. “എല്ലാ ശ്രമങ്ങളിലും സംശയം സൃഷ്ടിച്ച് അടിത്തറ ദുർബലപ്പെടുത്തി ഇന്ത്യയുടെ പുരോഗതിയെ തുരങ്കം വയ്ക്കാനുള്ള ശക്തമായ ശ്രമം നടക്കുന്നതായി തോന്നുന്നു. അത്തരം ശ്രമങ്ങൾ ഉറവിടത്തിൽനിന്നുതന്നെ ഇല്ലാതാക്കണം” - ഇന്ത്യയുടെ പരമോന്നത കോടതിയുടെ വിധി ഉദ്ധരിച്ചു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പരമോന്നത നീതിപീഠം നടത്തിയ നിരീക്ഷണങ്ങളിൽ സഭ മുഴുവനും ഗൗരവമായ ചർച്ചകൾ നടത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി. അത്തരം ശക്തികൾക്കെതിരെ ജാഗ്രത പാലിക്കാൻ പൗരന്മാരോട് അഭ്യർഥിക്കുകയും ചെയ്തു. “ദേശവിരുദ്ധ ഗൂഢാലോചനകൾ ഇന്ത്യ ഒരിക്കലും വച്ചുപൊറുപ്പിക്കില്ല”- പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

എല്ലാ സങ്കീർണതകളും ശ്രദ്ധിച്ച് ഇന്ത്യയുടെ പുരോഗതിയെ ലോകം അതീവ ഗൗരവത്തോടെയാണു പരിഗണിക്കുന്നതെന്നു ശ്രീ മോദി ആവർത്തിച്ചു. ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും വികസിത ഇന്ത്യ സൃഷ്ടിക്കുന്നതിനും സഭയിലെ ഓരോ അംഗത്തിന്റെയും സംഭാവനകളുടെ ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി. ദേശീയക്ഷേമത്തിൽ വിശ്വാസമർപ്പിക്കണമെന്ന് അദ്ദേഹം അംഗങ്ങളോട് അഭ്യർഥിച്ചു. “നാം തോളോടുതോൾ ചേർന്നു നടക്കുകയും പൗരന്മാരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും നിറവേറ്റുകയും വേണം”- പ്രധാനമന്ത്രി മോദി പറഞ്ഞു. വർത്തമാനകാലത്തു ക്രിയാത്മക രാഷ്ട്രീയത്തിന്റെ പ്രാധാന്യത്തിനും അദ്ദേഹം ഊന്നൽ നൽകി. “സദ്ഭരണം, വിതരണം, ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റൽ എന്നിവയിൽ നമുക്കു മത്സരിക്കാം”- അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ തിക്കിലും തിരക്കിലുംപെട്ടു നിർഭാഗ്യകരമായി ജീവൻ വെടിഞ്ഞവർക്കും പ്രസംഗത്തിനിടെ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ കേന്ദ്ര ഗവണ്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥർ സംസ്ഥാന ഗവണ്മെന്റുമായി നിരന്തരം ബന്ധപ്പെടുന്നുവെന്നും തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ സംസ്ഥാന ഗവണ്മെന്റ് സജീവമായി ഏർപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം സഭയെ അറിയിച്ചു.

ആദ്യമായി പാർലമെന്റ് അംഗങ്ങളായവരെ പ്രധാനമന്ത്രി മോദി പ്രത്യേകം അഭിനന്ദിക്കുകയും അവർക്ക് ഏറെ കാര്യങ്ങൾ പഠിക്കാനാകുമെന്നു പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കു നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, നന്ദി രേഖപ്പെടുത്തുന്നതിനുള്ള ഉപക്ഷേപത്തിന് അംഗങ്ങളുടെ ചിന്തകൾക്കും സംഭാവനകൾക്കും നന്ദി പറഞ്ഞാണു പ്രസംഗം ഉപസംഹരിച്ചത്.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi