പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ മോര്‍ബിയിലെ ടങ്കാരയില്‍ സ്വാമി ദയാനന്ദ സരസ്വതിയുടെ ജന്മസ്ഥലത്ത് അദ്ദേഹത്തിന്റെ 200-ാം ജന്മവാര്‍ഷിക പരിപാടിയെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.
സ്വാമിജിയുടെ സംഭാവനകളെ ആദരിക്കുന്നതിനും അദ്ദേഹത്തിന്റെ ശിക്ഷണങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനുമായി ആര്യസമാജം പരിപാടി സംഘടിപ്പിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ മേളയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത് അനുസ്മരിച്ച്, ''ഇത്തരമൊരു മഹാത്മാവിന്റെ സംഭാവനകള്‍ വളരെ സവിശേഷമായിരിക്കുമ്പോള്‍, അവരുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ വിപുലമാകുന്നത് സ്വാഭാവികമാണ്'' എന്നു പറഞ്ഞു.
''മഹര്‍ഷി ദയാനന്ദന്റെ ജീവിതത്തെക്കുറിച്ച് നമ്മുടെ പുതിയ തലമുറയെ പരിചയപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ മാധ്യമമായി ഈ പരിപാടി വര്‍ത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'' - അത്തരം ശ്രദ്ധേയരായ വ്യക്തികളുടെ പൈതൃകം കൈമാറേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നല്‍നല്‍കി പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്വാമി ദയാനന്ദ് ജനിച്ചത് ഗുജറാത്തിലാണെന്നും ഹരിയാനയില്‍ സജീവമായിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രണ്ട് മേഖലകളുമായുള്ള തന്റെ ബന്ധം ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, സ്വാമി ദയാനന്ദ തന്റെ ജീവിതത്തില്‍ ചെലുത്തിയ അഗാധമായ സ്വാധീനത്തെക്കുറിച്ചു പറയുകയും ചെയ്തു. ''അദ്ദേഹത്തിന്റെ ശിക്ഷണങ്ങള്‍ എന്റെ കാഴ്ചപ്പാടിനെ രൂപപ്പെടുത്തി. അദ്ദേഹത്തിന്റെ പാരമ്പര്യം എന്റെ യാത്രയുടെ അവിഭാജ്യ ഘടകമായി തുടരുന്നു''. സ്വാമി ജിയുടെ ജന്മദിനത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ദശലക്ഷക്കണക്കിന് അനുയായികള്‍ക്ക് അദ്ദേഹം ആശംസകള്‍ അറിയിച്ചു.
''ചരിത്രത്തില്‍ ഭാവിയുടെ ഗതി മാറ്റിമറിക്കുന്ന നിമിഷങ്ങളുണ്ട്. ഇരുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, സ്വാമി ദയാനന്ദയുടെ ജനനം അത്തരമൊരു അഭൂതപൂര്‍വമായ നിമിഷമായിരുന്നു''- സ്വാമി ദയാനന്ദയുടെ ശിക്ഷണങ്ങളുടെ പരിവര്‍ത്തനാത്മക സ്വാധീനം പ്രതിഫലിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും ചങ്ങലകളില്‍ നിന്ന് ഇന്ത്യയെ ഉണര്‍ത്തുന്നതിലും, വേദവിജ്ഞാനത്തിന്റെ സത്ത വീണ്ടും കണ്ടെത്തുന്നതിനുള്ള പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്നതിലും, സ്വാമിജി വലിയ പങ്കുവഹിച്ചെന്ന് അദ്ദേഹം പറഞ്ഞു. ''നമ്മുടെ പാരമ്പര്യങ്ങളും ആത്മീയതയും മങ്ങിക്കൊണ്ടിരിക്കുന്ന കാലത്ത്, 'വേദങ്ങളിലേക്ക് മടങ്ങാന്‍' സ്വാമി ദയാനന്ദ നമ്മോട് ആഹ്വാനം ചെയ്തു'' - വേദങ്ങള്‍ക്ക് പണ്ഡിതോചിത വ്യാഖ്യാനങ്ങളും യുക്തിസഹവ്യാഖ്യാനങ്ങളും നല്‍കാനുള്ള സ്വാമിജിയുടെ ശ്രമങ്ങള്‍ക്ക് അടിവരയിട്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമൂഹത്തിനുള്ളില്‍ ആത്മവിശ്വാസം ജ്വലിപ്പിച്ച സ്വാമിജിയുടെ സാമൂഹിക മാനദണ്ഡങ്ങളെക്കുറിച്ചുള്ള നിര്‍ഭയമായ വിമര്‍ശനത്തിനും, ഇന്ത്യന്‍ തത്വചിന്തയുടെ യഥാര്‍ഥ സത്തയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണത്തിനും അദ്ദേഹം ഊന്നല്‍ നല്‍കി. ഇന്ത്യയുടെ പൗരാണിക പൈതൃകത്തില്‍ ഐക്യം വളര്‍ത്തുന്നതിലും അഭിമാനബോധം വളര്‍ത്തുന്നതിലും സ്വാമി ദയാനന്ദയുടെ ശിക്ഷണങ്ങളുടെ പ്രാധാന്യം പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
'നമ്മെ തരംതാഴ്ന്നവരായി ചിത്രീകരിക്കാനുള്ള മാര്‍ഗ്ഗമായി ബ്രിട്ടീഷ് ഗവണ്‍മെന്റ് നമ്മുടെ സാമൂഹിക തിന്മകളെ തന്നെ ഉപയോഗിച്ചു. സാമൂഹിക മാറ്റങ്ങളെ പരാമര്‍ശിച്ച് ചിലര്‍ ബ്രിട്ടീഷ് ഭരണത്തെ ന്യായീകരിച്ചു. സ്വാമി ദയാനന്ദയുടെ വരവ് ഈ ഗൂഢാലോചനകള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു'' പ്രധാനമന്ത്രി പറഞ്ഞു. ''ആര്യസമാജത്തിന്റെ സ്വാധീനത്തില്‍ ലാലാ ലജ്പത് റായ്, രാം പ്രസാദ് ബിസ്മില്‍, സ്വാമി ശ്രദ്ധാനന്ദ് തുടങ്ങി വിപ്ലവകാരികളുടെ ഒരു പരമ്പര തന്നെ ഉയര്‍ന്നുവന്നു. അതുകൊണ്ട്, ദയാനന്ദ ജി വെറുമൊരു വൈദിക യോഗി മാത്രമല്ല, ദേശീയ ഋഷി കൂടിയായിരുന്നു'' പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
അമൃത് കാലിന്റെ തുടക്ക വര്‍ഷങ്ങളിലാണ് 200-ാം വാര്‍ഷികം വന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ശോഭനമായ ഭാവിയെക്കുറിച്ചുള്ള സ്വാമി ദയാനന്ദയുടെ ദര്‍ശനം പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. ''ഇന്ത്യയെക്കുറിച്ച് സ്വാമിജിക്ക് ഉണ്ടായിരുന്ന വിശ്വാസത്തെ അമൃത് കാലില്‍ നമ്മുടെ ആത്മവിശ്വാസമാക്കി മാറ്റണം. ആധുനികതയുടെ വക്താവും വഴികാട്ടിയുമായിരുന്നു സ്വാമി ദയാനന്ദ്'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
''2,500-ലധികം സ്‌കൂളുകള്‍ കോളേജുകള്‍ സര്‍വ്വകലാശാലകള്‍ 400-ലധികം ഗുരുകുലങ്ങള്‍ എന്നിവയോടെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന ആര്യസമാജം ആധുനികതയുടെയും മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെയും ഉജ്ജ്വലമായ തെളിവാണ്'' ലോകമെമ്പാടുമുള്ള ആര്യസമാജ സ്ഥാപനങ്ങളുടെ വിപുലമായ ശൃംഖലയെ അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു. 21-ാം നൂറ്റാണ്ടില്‍ നവോന്മേഷത്തോടെ രാഷ്ട്രനിര്‍മ്മാണ സംരംഭങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അദ്ദേഹം ആ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ഡി.എ.വി സ്ഥാപനങ്ങളെ സ്വാമിജിയുടെ ജീവനുള്ള സ്മരണ എന്ന് സംബോധനചെയ്ത പ്രധാനമന്ത്രി, അവയുടെ തുടര്‍ച്ചയായ ശാക്തീകരണത്തിന് ഉറപ്പും നല്‍കി.
ദേശീയ വിദ്യാഭ്യാസ നയം സ്വാമിജിയുടെ ദര്‍ശനം മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചു. വോക്കല്‍ ഫോര്‍ ലോക്കല്‍, ആത്മനിര്‍ഭര്‍ ഭാരത്, മിഷന്‍ ലൈഫ്, ജലസംരക്ഷണം, സ്വച്ഛ് ഭാരത്, സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് എന്നിവയ്ക്ക് സംഭാവന നല്‍കാന്‍ അദ്ദേഹം ആര്യസമാജത്തിലെ സ്ഥാപനങ്ങളോടും വിദ്യാര്‍ത്ഥികളോടും ആവശ്യപ്പെട്ടു. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ മനസ്സിലാക്കണമെന്നതിനും അദ്ദേഹം ഊന്നല്‍ നല്‍കി.
ആര്യസമാജം സ്ഥാപിതമായതിന്റെ വരാനിരിക്കുന്ന 150-ാം വാര്‍ഷികത്തെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി മോദി, ചരിത്രപരമായ ഈ സന്ദര്‍ഭത്തെ കൂട്ടായ പുരോഗതിക്കും സ്മരണയ്ക്കുമുള്ള അവസരമായി പ്രയോജനപ്പെടുത്താനും എല്ലാവരേയും പ്രോത്സാഹിപ്പിച്ചു.
''സ്വാമി ദയാനന്ദ ജിയുടെ ജന്മസ്ഥലത്ത് നിന്ന് ജൈവകൃഷിയുടെ സന്ദേശം രാജ്യത്തെ എല്ലാ കര്‍ഷകരിലേക്കും എത്തട്ടെ'' എന്ന് പ്രകൃതി കൃഷിയുടെ പ്രാധാന്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആചാര്യ ദേവവ്രത് ജിയുടെ പ്രയത്‌നങ്ങളെ ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
''സത്യസന്ധമായ പരിശ്രമങ്ങളിലൂടെയും പുതിയ നയങ്ങളിലൂടെയും രാഷ്ട്രം അതിന്റെ പെണ്‍മക്കളെ മുന്നോട്ടുകൊണ്ടുവരികയാണ്'' സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള സ്വാമി ദയാനന്ദയുടെ വാദത്തെ സ്തുതിച്ചുകൊണ്ട് അടുത്തിടെ നടന്ന നാരീശക്തി വന്ദന്‍ അധീനിയത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം സാമൂഹിക മുന്‍കൈകളിലൂടെ ജനങ്ങളെ ബന്ധിപ്പിക്കുന്നതിന്റെ സവിശേഷതയ്ക്ക് ഊന്നല്‍ നല്‍കിയ അദ്ദേഹം ഇത് മഹര്‍ഷി ദയാനന്ദനോടുള്ള യഥാര്‍ത്ഥ ആദരവാണെന്നും പറഞ്ഞു .
''സ്വാമി ദയാനന്ദ സരസ്വതിയുടെ എല്ലാ അനുയായികളോടും ഡി.എ.വി വിദ്യാഭ്യാസ ശൃംഖലയിലെ വിദ്യാര്‍ത്ഥികളെ മൈ ഭാരതില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'' പുതുതായി രൂപീകരിച്ച യുവജന സംഘടനയായ മൈ-ഭാരതില്‍ ചേരാന്‍ ഡി.എ.വി ശൃംഖലയിലെ യുവജനങ്ങളോട് തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.