എസ്എന്‍ ഗോയങ്കയുടെ ഒരു വര്‍ഷം നീണ്ടുനിന്ന നൂറാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.
ഒരു വര്‍ഷം മുമ്പ് വിപാസന ധ്യാന ഗുരുവായ ആചാര്യ ശ്രീ എസ്എന്‍ ഗോയങ്കയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ തുടക്കം ഓര്‍ത്തെടുത്ത പ്രധാനമന്ത്രി രാജ്യം 'അമൃത് മഹോത്സവം' ആഘോഷിച്ചുവെന്നും അതേസമയം കല്യാണ്‍ മിത്ര ഗോയങ്കയുടെ ആദര്‍ശങ്ങളെ അനുസ്മരിച്ചുവെന്നും പറഞ്ഞു. ഈ ആഘോഷങ്ങള്‍ ഇന്ന് സമാപനത്തിലെത്തുമ്പോള്‍, ഒരു വികസിത ഭാരതത്തിന്റെ ദൃഢനിശ്ചയങ്ങള്‍ നിറവേറ്റുന്നതിലേക്ക് രാജ്യം അതിവേഗം നീങ്ങുകയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഗുരുജി പലപ്പോഴും ഉപയോഗിച്ചിരുന്ന ബുദ്ധന്റെ മന്ത്രം ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി അര്‍ത്ഥം വിശദീകരിക്കുകയും ഒരുമിച്ച് ധ്യാനിക്കുന്നത് ഫലപ്രദമായ ഫലങ്ങള്‍ നല്‍കുമെന്നും ഈ ഐക്യദാര്‍ഢ്യവും ഐക്യത്തിന്റെ ശക്തിയുമാണ് 'വികസിത് ഭാരതി'ന്റെ പ്രധാന അടിത്തറയെന്നും വ്യക്തമാക്കി. വര്‍ഷം മുഴുവനും ഒരേ മന്ത്രം പ്രചരിപ്പിച്ചതിന് അദ്ദേഹം എല്ലാവര്‍ക്കും ഊഷ്മളമായ ആശംസകള്‍ നേര്‍ന്നു.
ശ്രീ ഗോയങ്കയുമായുള്ള ബന്ധം അനുസ്മരിച്ച പ്രധാനമന്ത്രി, ഐക്യരാഷ്ട്രസഭയിലെ ലോകമത സമ്മേളനത്തിലെ ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം ഗുജറാത്തില്‍ വച്ച് തങ്ങള്‍ നിരവധി തവണ കണ്ടുമുട്ടിയതായി പറഞ്ഞു. അദ്ദേഹത്തിന്റെ അവസാന ഘട്ടങ്ങളില്‍ അദ്ദേഹത്തെ കാണാനും ആചാര്യനെ അടുത്തറിയാനും മനസ്സിലാക്കാനുമുള്ള അനുഗ്രഹം ലഭിച്ചതില്‍ താന്‍ ഭാഗ്യവാനാണെന്ന് ശ്രീ മോദി പറഞ്ഞു. ശാന്തവും ഗൗരവമുള്ളതുമായ വ്യക്തിത്വത്തോടൊപ്പം താന്‍ ചെല്ലുന്നിടത്തെല്ലാം സദ്ഗുണങ്ങളുടെ അന്തരീക്ഷം സൃഷ്ടിച്ച ശ്രീ ഗോയങ്ക വിപാസനയെ ആഴത്തില്‍ ഉള്‍ക്കൊണ്ടതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.
'ഒരു ജീവിതം, ഒരു ദൗത്യം' എന്നതിന്റെ ഉത്തമ ഉദാഹരണമായ ശ്രീ ഗോയങ്കയ്ക്ക് വിപാസന എന്ന ഒരേയൊരു ദൗത്യമേ ഉണ്ടായിരുന്നുള്ളൂ'! അദ്ദേഹം എല്ലാവര്‍ക്കും വിപാസനയുടെ അറിവ് പകര്‍ന്നുകൊടുത്തു', മാനവികതയ്ക്കും ലോകത്തിനും അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകളെ പ്രകീര്‍ത്തിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
പ്രാചീന ഭാരതീയ ജീവിതരീതിയുടെ അത്ഭുതാവഹമായ സമ്മാനമായിരുന്നു വിപാസനയെങ്കിലും, വളരെക്കാലമായി ഈ പൈതൃകം രാജ്യത്ത് നഷ്ടപ്പെട്ടിരുന്നുവെന്നും വിപാസന അഭ്യസിപ്പിക്കാനും പഠിക്കാനുമുള്ള പ്രായോഗികചാതുര്യം അവസാനിച്ചതായി തോന്നിയിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍, മ്യാന്‍മറിലെ 14 വര്‍ഷത്തെ തപസ്സിനുശേഷം, ശ്രീ ഗോയങ്ക അറിവ് സമ്പാദിക്കുകയും ഭാരതത്തിന്റെ പ്രാചീനമായ വിപാസനയുമായി സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. ''ഇത് സ്വയം നിരീക്ഷണത്തിലൂടെയുള്ള സ്വയം പരിവര്‍ത്തനത്തിന്റെ പാതയാണ് ''വിപാസനയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഇതിന് വലിയ പ്രസക്തി ഉണ്ടായിരുന്നെങ്കിലും, ലോകത്തിന്റെ നിലവിലെ വെല്ലുവിളികള്‍ പരിഹരിക്കാന്‍ ഇതിന് ശക്തിയുള്ളതിനാല്‍ ഇന്നത്തെ ജീവിതത്തില്‍ ഇത് കൂടുതല്‍ പ്രസക്തമായിരിക്കുന്നു എന്ന വിശ്വാസം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഗുരുജിയുടെ പ്രയത്‌നത്താല്‍ ലോകത്തെ 80-ലധികം രാജ്യങ്ങള്‍ ധ്യാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അത് സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. '' ഒരിക്കല്‍ കൂടി വിപാസനയ്ക്ക് ആചാര്യ ശ്രീ ഗോയങ്ക ആഗോള സ്വത്വം നല്‍കി. ഇന്ന് ഇന്ത്യ ആ ദൃഢനിശ്ചയത്തിന് പൂര്‍ണ്ണ ശക്തിയോടെ പുതിയ വിപുലീകരണം നല്‍കുകയാണ്'', അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കാനുള്ള ഐക്യരാഷ്ടസഭയിലെ ഇന്ത്യയുടെ നിര്‍ദ്ദേശത്തിന് 190-ലധികം രാജ്യങ്ങളുടെ പിന്തുണ ലഭിച്ചതും അതുവഴി ആഗോളതലത്തില്‍ അത് ജീവിതത്തിന്റെ ഭാഗമാക്കിയതും അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
വിപാസന യോഗയുടെ പ്രക്രിയകളെക്കുറിച്ച് ഗവേഷണം നടത്തിയത് ഇന്ത്യയുടെ പൂര്‍വ്വികര്‍ ആയിരുന്നെങ്കിലും, അതിന്റെ പ്രാധാന്യം അടുത്ത തലമുറകള്‍ മറന്നതിന്റെ വിരോധാഭാസവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''വിപാസന, ധ്യാനം, ധാരണ എന്നിവ പലപ്പോഴും പരിത്യാഗത്തിന്റെയും കാര്യമായി മാത്രം പരിഗണിക്കുകയും എന്നാല്‍ ജനങ്ങളുടെ പങ്ക് മറന്നുപോകുകയും ചെയ്തു'', ആചാര്യ ശ്രീ എസ്.എന്‍ ഗോയങ്കയെപ്പോലുള്ള പ്രമുഖ വ്യക്തികളെ അവരുടെ നേതൃത്വത്തിന് പ്രശംസിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ആരോഗ്യകരമായ ഒരു ജീവിതം നമ്മോടുള്ള നമ്മുടെ എല്ലാവരുടെയും വലിയ ഉത്തരവാദിത്തമാണ്'' ഗുരുജിയെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിപാസനയുടെ പ്രയോജനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം തൊഴില്‍ജീവിതത്തിലെ സന്തുലിതാവസ്ഥയും നിലവിലുള്ള ജീവിതശൈലിയും മറ്റ് പ്രശ്‌നങ്ങളും കാരണം യുവജനങ്ങള്‍ സമ്മര്‍ദത്തിന് ഇരയാകുന്ന ഇന്നത്തെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തില്‍ വിപാസന പ്രാക്ടീസ് ചെയ്യുന്നത് കൂടുതല്‍ പ്രാധാന്യമേറിയതാണെന്ന് പറഞ്ഞു. ഇത് അവര്‍ക്ക് മാത്രമല്ല, പ്രായമായ മാതാപിതാക്കള്‍ വളരെയധികം സമ്മര്‍ദ്ദത്തില്‍ കഴിയുന്ന സൂക്ഷ്മ, അണുകുടുംബങ്ങളിലെ അംഗങ്ങള്‍ക്കും ഇത് ഒരു പരിഹാരമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രായമായവരെ ഇത്തരം മുന്‍കൈകളുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
തന്റെ സംഘടിതപ്രവര്‍ത്തനങ്ങളിലൂടെ എല്ലാവരുടെയും ജീവിതം സമാധാനപരവും സന്തോഷകരവും യോജിപ്പുള്ളതുമാക്കാനുള്ള ആചാര്യ ഗോയങ്കയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ സംഘടിതപ്രവര്‍ത്തനങ്ങളുടെ പ്രയോജനം ഭാവിതലമുറയ്ക്ക് ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു, അതുകൊണ്ടാണ് അദ്ദേഹം തന്റെ അറിവ് വിപുലീകരിച്ചത്. അദ്ദേഹം അവിടെ അവസാനിപ്പിക്കാതെ വിദഗ്ധരായ അദ്ധ്യാപകരെ സൃഷ്ടിച്ചു. വിപാസനയെക്കുറിച്ച് ഒരിക്കല്‍കൂടി വിശദീകരിച്ച പ്രധാനമന്ത്രി ഇത് ആത്മാവിലേക്കുള്ള ഒരു യാത്രയാണെന്നും നിങ്ങളുടെ ഉള്ളില്‍ ആഴ്ന്നിറങ്ങാനുള്ള വഴിയാണെന്നും പറഞ്ഞു. എന്നാല്‍, ഇത് ഒരു രൂപം മാത്രമല്ല, ഒരു ശാസ്ത്രമാണ്. ഈ ശാസ്ത്രത്തിന്റെ ഫലങ്ങള്‍ നമുക്ക് പരിചിതമായതിനാല്‍, ആധുനിക ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അതിന്റെ തെളിവുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ''ഈ ദിശയില്‍ ലോകമെമ്പാടും ഇതിനകം തന്നെ ധാരാളം കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, ലോകത്തിന് കൂടുതല്‍ ക്ഷേമം കൊണ്ടുവരുന്നതിനായി പുതിയ ഗവേഷണങ്ങളെ ഉപയോഗിച്ച് ഇത് കൂടുതല്‍ സ്വീകാര്യമാക്കുന്നതിന് ഭാരതം നേതൃത്വം നല്‍കേണ്ടതുണ്ട്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആചാര്യ എസ് എന്‍ ഗോയങ്കയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഈ വര്‍ഷം എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന കാലമാണെന്നും മനുഷ്യ സേവനത്തിനായി അദ്ദേഹത്തിന്റെ പ്രയത്‌നങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നുമുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടും പ്രധാനമന്ത്രി തന്റെ പ്രസംഗം ഉപസംഹരിച്ചു.