ഉച്ചകോടിയിൽ നേരിട്ടു പങ്കെടുത്ത കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറാണ് പരാമർശങ്ങൾ നടത്തിയത്.
ആദരണീയരേ,
2017ൽ കസാഖ് അധ്യക്ഷതവഹിച്ച കാലത്താണ് എസ്‌സിഒയിൽ അംഗത്വം ലഭിച്ചതെന്ന് ഇന്ത്യ നന്ദിയോടെ ഓർക്കുന്നു. അതിനുശേഷം, എസ്‌സിഒയിൽ അധ്യക്ഷരുടെ സമ്പൂർണചക്രം നാം പൂർത്തിയാക്കി. 2020-ലെ കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് ഗവൺമെന്റ് യോഗത്തിനും 2023-ലെ കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് സ്‌റ്റേറ്റ് യോഗത്തിനും ഇന്ത്യ ആതിഥേയത്വം വഹിച്ചു. നമ്മുടെ വിദേശനയത്തിൽ എസ്‌സിഒയ്ക്ക് പ്രധാന സ്ഥാനമുണ്ട്.
സംഘടനയുടെ അംഗമെന്ന നിലയിൽ പങ്കെടുക്കുന്ന ഇറാനെ നാം അഭിനന്ദിക്കുമ്പോൾത്തന്നെ, ഹെലികോപ്റ്റർ അപകടത്തിൽ പ്രസിഡന്റ് റൈസിയുടെയും മറ്റുള്ളവരുടെയും ദാരുണമായ വിയോഗത്തിൽ ഞാൻ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.
ഞാൻ പ്രസിഡന്റ് ലുകാഷെങ്കോയെയും അഭിനന്ദിക്കുകകയാണ്; ഒപ്പം, സംഘടനയുടെ പുതിയ അംഗമായി ബലറൂസിനെ സ്വാഗതം ചെയ്യുന്നു.
ആദരണീയരേ,
മഹാമാരിയുടെ ആഘാതം, തുടരുന്ന സംഘർഷങ്ങൾ, വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ, പരസ്പരവിശ്വാസമില്ലായ്മ, ലോകമെമ്പാടുമുള്ള ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം വർധിക്കൽ എന്നിവയുടെ പശ്ചാത്തലത്തിലാണ് നാം ഇന്ന് ഒത്തുകൂടുന്നത്. ഈ സംഭവങ്ങൾ അന്താരാഷ്ട്ര ബന്ധങ്ങളിലും ആഗോള സാമ്പത്തിക വളർച്ചയിലും ഗണ്യമായ സമ്മർദം ചെലുത്തിയിട്ടുണ്ട്. ആഗോളവൽക്കരണത്തിൽ നിന്ന് ഉടലെടുത്ത ചില പ്രശ്നങ്ങൾ അവ കൂടുതൽ വഷളാക്കി. ഈ സംഭവവികാസങ്ങളുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള പൊതുവായ അടിസ്ഥാനം കണ്ടെത്തുക എന്നതാണ് നമ്മുടെ ഒത്തുചേരലിന്റെ ലക്ഷ്യം.
എസ്‌സിഒ തത്വാധിഷ്‌ഠിത സംഘടനയാണ്; അതിന്റെ സമവായമാണ് അംഗരാജ്യങ്ങളുടെ സമീപനത്തെ നയിക്കുന്നത്. നമ്മുടെ വിദേശനയത്തിന്റെ അടിസ്ഥാനമായി പരസ്പര ബഹുമാനം, പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക സമഗ്രത, സമത്വം, പരസ്പര പ്രയോജനം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ, ബലപ്രയോഗമോ അല്ലെങ്കിൽ ബലപ്രയോഗം നടത്തുമെന്ന ഭീഷണിയോ ഇല്ലാതിരിക്ക എന്നിവ ഞങ്ങൾ ആവർത്തിക്കുന്നു എന്നത് ഈ സമയത്തു പ്രത്യേകം ശ്രദ്ധേയമാണ്. രാജ്യത്തിന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും വിരുദ്ധമായ നടപടികളൊന്നും സ്വീകരിക്കരുതെന്നും നാം സമ്മതിച്ചിട്ടുണ്ട്.
അങ്ങനെ ചെയ്യുമ്പോൾ, ഭീകരവാദത്തെ ചെറുക്കുക എന്ന എസ്‌സിഒയുടെ യഥാർത്ഥ ലക്ഷ്യങ്ങളിലൊന്നിന് സ്വാഭാവികമായും മുൻഗണന നൽകണം. നമ്മിൽ പലർക്കും പലപ്പോഴും നമ്മുടെ അതിരുകൾക്കപ്പുറത്ത് പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത് പരിശോധിക്കാതെ വിട്ടാൽ, അത് പ്രാദേശികവും ആഗോളവുമായ തലത്തിൽ സമാധാനത്തിന് വലിയ ഭീഷണിയായി മാറുമെന്ന് നമുക്ക് മനസിലാക്കാം. ഏതെങ്കിലും തരത്തിലോ രൂപത്തിലോ ഉള്ള ഭീകരവാദത്തെ ഒരിക്കലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ല. ഭീകരർക്ക് അഭയം നൽകുകയും സുരക്ഷിത താവളമൊരുക്കുകയും ഭീകരതയെ അംഗീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ അന്താരാഷ്ട്ര സമൂഹം ഒറ്റപ്പെടുത്തുകയും തുറന്നുകാട്ടുകയും വേണം. അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് നിർണ്ണായകമായ പ്രതികരണം ആവശ്യമാണ്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായവും നിയമനവും ഉണ്ടാകുന്നത് നിശ്ചയദാർഢ്യത്തോടെ നേരിടണം. നമ്മുടെ യുവാക്കൾക്കിടയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിക്കുന്നത് തടയാൻ നാം സജീവമായ നടപടികൾ സ്വീകരിക്കണം. ഈ വിഷയത്തിൽ കഴിഞ്ഞ വർഷം ഇന്ത്യ അധ്യക്ഷത വഹിച്ച കാലത്ത് പുറത്തിറക്കിയ സംയുക്ത പ്രസ്താവന നാം പങ്കിടുന്ന പ്രതിബദ്ധതയ്ക്ക് തെളിവാണ്.
ഇന്ന് നമ്മുടെ മുന്നിലുള്ള മറ്റൊരു പ്രധാന ആശങ്ക കാലാവസ്ഥാവ്യതിയാനമാണ്. ബദൽ ഇന്ധനങ്ങളിലേക്കുള്ള മാറ്റം, വൈദ്യുത വാഹനങ്ങളുടെ ഉപയോഗം, കാലാവസ്‌ഥാ മാറ്റത്തെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കൽ തുടങ്ങി കാർബൺ ബഹിർഗമനത്തിൽ കുറവ് വരുത്തുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുന്നു. ഈ സാഹചര്യത്തിൽ, ഇന്ത്യ, എസ്‌സിഒ അധ്യക്ഷപദവി വഹിക്കവെ, പുതിയ ഇന്ധനങ്ങളെക്കുറിച്ചുള്ള സംയുക്ത പ്രസ്താവനയും ഗതാഗത മേഖലയിലെ ഡി-കാർബണൈസേഷനെക്കുറിച്ചുള്ള ആശയ പ്രബന്ധവും അംഗീകരിച്ചു.
ആദരണീയരെ,
സാമ്പത്തിക വികസനത്തിന് ശക്തമായ സമ്പർക്കസൗകര്യം ആവശ്യമാണ്. അത് നമ്മുടെ സമൂഹങ്ങൾ തമ്മിലുള്ള സഹകരണത്തിനും വിശ്വാസത്തിനും വഴിയൊരുക്കും. പരമാധികാരത്തോടും പ്രാദേശിക അതിർത്തികളോടുമുള്ള ബഹുമാനം സമ്പർക്കസൗകര്യത്തിനും അടിസ്ഥാന സൗകര്യ പദ്ധതികൾക്കും അത്യന്താപേക്ഷിതമാണ്. അതുപോലെ തന്നെ വിവേചനരഹിതമായ വ്യാപാര അവകാശങ്ങളും ഉൽപ്പന്ന കൈമാറ്റവും പരിഗണിക്കേണ്ടിയിരിക്കുന്നു. ഈ വശങ്ങളിൽ എസ്‌സിഒ ഗൗരവമായി ആലോചിക്കേണ്ടതുണ്ട്.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാങ്കേതികവിദ്യയുടെ നൂറ്റാണ്ടാണ്. നാം സാങ്കേതികവിദ്യയെ ക്രിയാത്മകമാക്കുകയും അത് നമ്മുടെ സമൂഹങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും പ്രയോജനപ്പെടുത്തുകയും വേണം. നിർമിത ബുദ്ധി സംബന്ധിച്ചു ദേശീയ നയം രൂപപ്പെടുത്തുന്നതിനും എഐ ദൗത്യം ആരംഭിക്കുന്നതിനുമുള്ള തയ്യാറെടുപ്പ് നടത്തുന്ന രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. എഐ സഹകരണത്തെക്കുറിച്ചുള്ള കർമ്മ രേഖയിൽ ഞങ്ങൾ പ്രവർത്തിക്കുന്നത് എസ്‌സിഒ ചട്ടക്കൂടിനുള്ളിൽ 'എല്ലാവർക്കും എ ഐ' എന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.
ഈ പ്രദേശത്തെ ജനങ്ങളുമായി ഇന്ത്യ ആഴത്തിലുള്ള സാംസ്‌കാരിക ബന്ധങ്ങൾ പങ്കിടുന്നു. എസ്‌സിഒയിൽ മധ്യേഷ്യയുടെ കേന്ദ്രസ്ഥാനം തിരിച്ചറിഞ്ഞ്, ഞങ്ങൾ അവരുടെ താൽപ്പര്യങ്ങൾക്കും അഭിലാഷങ്ങൾക്കും മുൻഗണന നൽകി. അവരുമായുള്ള മികച്ച കൈമാറ്റങ്ങളിലും പദ്ധതികളിലും പ്രവർത്തനങ്ങളിലും ഇത് പ്രതിഫലിക്കുന്നു.
എസ്‌സിഒയിലെ സഹകരണം, ഞങ്ങളെ സംബന്ധിച്ചിടത്തോളം ജനകേന്ദ്രീകൃതമാണ്. എസ്‌സിഒ ചെറു ധാന്യ ഭക്ഷ്യ മേള , എസ്‌സിഒ ചലച്ചിത്ര മേള , എസ്‌സിഒ സൂരജ്‌കുണ്ഡ് കരകൗശല മേള, എസ്‌സിഒ ചിന്തകരുടെ സമ്മേളനം, ബുദ്ധ പൈതൃകത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം എന്നിവ ഇന്ത്യ ആധ്യക്ഷം വഹിക്കവെ സംഘടിപ്പിച്ചു. മറ്റുള്ളവരുടെ സമാന ശ്രമങ്ങളെ ഞങ്ങൾ സ്വാഭാവികമായും പിന്തുണയ്ക്കും.
കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ എസ്‌സിഒ സെക്രട്ടേറിയറ്റിലെ ന്യൂഡൽഹി ഹാളിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. 2024-ലെ പത്താമത് അന്താരാഷ്ട്ര യോഗ ദിനവും ഇതിൽ ഉൾപ്പെടുന്നു.
ആദരണീയരെ,
'ലോകം ഒരു കുടുംബമാണ്' എന്നർത്ഥം വരുന്ന വസുധൈവ കുടുംബകമെന്ന സഹസ്രാബ്ദങ്ങൾ പഴക്കമുള്ള തത്ത്വം പിന്തുടർന്ന്, ജനങ്ങളെ ഒന്നിപ്പിക്കാനും സഹകരിക്കാനും വളരാനും ഒരുമിച്ച് അഭിവൃദ്ധി പ്രാപിക്കാനും എസ്‌സിഓ ഞങ്ങൾക്ക് അതുല്യമായ വേദി പ്രദാനം ചെയ്തതായി എടുത്തു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ചിന്തകളെ നാം പ്രായോഗിക സഹകരണത്തിലേക്ക് തുടർച്ചയായി പരിവർത്തനം ചെയ്യണം. ഇന്ന് നാം എടുക്കുന്ന സുപ്രധാന തീരുമാനങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു.
എസ്‌സിഒ ഉച്ചകോടിയ്ക്ക് വിജയകരമായി ആതിഥേയത്വം വഹിച്ചതിന് കസാഖിസ്ഥാനെ അഭിനന്ദിച്ചുകൊണ്ടും എസ്‌സിഒയുടെ അടുത്ത അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന ചൈനയെ ഞങ്ങളുടെ ആശംസകൾ അറിയിച്ചുകൊണ്ടും ഞാൻ ഉപസംഹരിക്കുന്നു.