പ്രധാനമന്ത്രി മെലോണി  

പവിത്ര, മഹനീയ, ഉന്നത, വിശിഷ്ട വ്യക്തിത്വങ്ങളേ 

നമസ്‌കാരം! 

ഈ ഉച്ചകോടിയിലേക്കുള്ള ക്ഷണത്തിനും ഞങ്ങള്‍ക്ക് നല്‍കിയ ഊഷ്മളമായ ആതിഥേയത്വത്തിനും പ്രധാനമന്ത്രി മെലോണിയോട് എന്റെ ഹൃദയംഗമമായ നന്ദി ആദ്യമേ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന് ജന്മദിനാശംസകള്‍ നേരുന്നു. ജി-7 ഉച്ചകോടിയിലെ വിശിഷ്ടവും ചരിത്രപരവുമായ നിമിഷമാണിത്. ഈ ഗ്രൂപ്പിന്റെ 50-ാം വാര്‍ഷികത്തില്‍ G-7-ലെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

സുഹൃത്തുക്കളേ,

കഴിഞ്ഞയാഴ്ച നിങ്ങളില്‍ പലരും യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നു. വരും നാളുകളില്‍ ചില സുഹൃത്തുക്കള്‍ തിരഞ്ഞെടുപ്പിന്റെ ഉദ്വേഗത്തിലൂടെ കടന്നുപോകും. ഇന്ത്യയിലും ഏതാനും മാസങ്ങള്‍ക്കുമുമ്പ് തിരഞ്ഞെടുപ്പ് കാലമായിരുന്നു. ചില കണക്കുകളില്‍ നിന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ പ്രത്യേകതയും വ്യാപ്തിയും നിങ്ങള്‍ക്ക് മനസ്സിലാക്കാം. 2600-ലധികം രാഷ്ട്രീയ പാര്‍ട്ടികള്‍, ഒരു ദശലക്ഷത്തിലധികം പോളിംഗ് ബൂത്തുകള്‍, 5 ദശലക്ഷത്തിലധികം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍, 15 ദശലക്ഷത്തിലധികം പോളിംഗ് സ്റ്റാഫ്, ഏകദേശം 970 ദശലക്ഷം വോട്ടര്‍മാരില്‍ 640 ദശലക്ഷം ആളുകള്‍ അവരുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു. സാങ്കേതിക വിദ്യയുടെ വ്യാപകമായ ഉപയോഗത്തിലൂടെ മുഴുവന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയും നീതിപൂര്‍വകവും സുതാര്യവുമാക്കാന്‍ സാധിച്ചു. ഇത്രയും വലിയൊരു തിരഞ്ഞെടുപ്പിന്റെ ഫലം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രഖ്യാപിക്കപ്പെട്ടു! ഇത് മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിപ്പമേറിയ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ഉത്സവമായിരുന്നു. ജനാധിപത്യത്തിന്റെ മാതാവെന്ന നിലയില്‍ നമ്മുടെ പുരാതന മൂല്യങ്ങളുടെ ജീവിക്കുന്ന ഉദാഹരണം കൂടിയാണിത്. ഇന്ത്യയിലെ ജനങ്ങള്‍ തുടര്‍ച്ചയായി മൂന്നാം തവണയും അവരെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കിയതില്‍ ഞാന്‍ ഭാഗ്യവാനാണ്. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ ഇതാദ്യമാണ് സംഭവിക്കുന്നത്. ഈ ചരിത്രവിജയത്തിന്റെ രൂപത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയ അനുഗ്രഹം ജനാധിപത്യത്തിന്റെ വിജയമാണ്. ഇത് മുഴുവന്‍ ജനാധിപത്യ ലോകത്തിന്റെ വിജയമാണ്. അധികാരമേറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സുഹൃത്തുക്കളായ നിങ്ങള്‍ക്കിടയില്‍ സന്നിഹിതനാകുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

 

ശ്രേഷ്ഠ വ്യക്തിത്വങ്ങളേ,

ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാങ്കേതികവിദ്യയുടെ നൂറ്റാണ്ടാണ്. സാങ്കേതികവിദ്യയുടെ സ്വാധീനമില്ലാത്ത ഒരു മേഖലയും മനുഷ്യജീവിതത്തില്‍ ഇല്ല. ഒരു വശത്ത് സാങ്കേതികവിദ്യ മനുഷ്യനെ ചന്ദ്രനിലേക്ക് കൊണ്ടുപോകാനുള്ള ധൈര്യം നല്‍കുമ്പോള്‍, മറുവശത്ത് അത് സൈബര്‍ സുരക്ഷ പോലുള്ള വെല്ലുവിളികളും സൃഷ്ടിക്കുന്നു. സാങ്കേതികവിദ്യയുടെ പ്രയോജനങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തുന്നുവെന്ന് നാം കൂട്ടായി ഉറപ്പാക്കണം, സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കഴിവുകള്‍ തിരിച്ചറിയുക, സാമൂഹിക അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുക, അവയെ പരിമിതപ്പെടുത്തുന്നതിന് പകരം മനുഷ്യശക്തികള്‍ വികസിപ്പിക്കുക. ഇത് നമ്മുടെ ആഗ്രഹം മാത്രമല്ല, നമ്മുടെ ഉത്തരവാദിത്തവും ആയിരിക്കണം. സാങ്കേതികവിദ്യയിലെ കുത്തകയെ വ്യാപക ജനകീയ ഉപയോഗമാക്കി മാറ്റണം. സാങ്കേതികവിദ്യയെ വിനാശകരമല്ലാത്ത രീതിയില്‍ നാം ക്രിയാത്മകമാക്കണം. എങ്കിലേ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തിന്റെ അടിത്തറ പാകാന്‍ നമുക്ക് കഴിയൂ. മനുഷ്യ കേന്ദ്രീകൃതമായ സമീപനത്തിലൂടെ ഇന്ത്യ മെച്ചപ്പെട്ട ഭാവിക്കായി പരിശ്രമിക്കുകയാണ്. നിര്‍മ്മിത ബുദ്ധിക്കായി ദേശീയ സമീപനം രൂപീകരിക്കുന്ന ആദ്യ ഏതാനും രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഈ സമീപനത്തിന്റെ അടിസ്ഥാനത്തില്‍, ഈ വര്‍ഷം ഞങ്ങള്‍ നിര്‍മ്മിത ബുദ്ധി ദൗത്യത്തിന് രൂപം നല്‍കി. 'എല്ലാവര്‍ക്കും വേണ്ടിയുള്ള നിര്‍മ്മിത ബുദ്ധി എന്ന മന്ത്രത്തില്‍ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്. നിര്‍മ്മിത ബുദ്ധിക്കായുള്ള ആഗോള പങ്കാളിത്തത്തിന്റെ സ്ഥാപക അംഗവും ലീഡ് ചെയര്‍ എന്ന നിലയിലും ഞങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണം പ്രോത്സാഹിപ്പിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിച്ച G-20 ഉച്ചകോടിയില്‍ നിര്‍മ്മിത ബുദ്ധി രംഗത്ത് അന്താരാഷ്ട്ര ഭരണനിര്‍വഹണത്തിന്റെ പ്രാധാന്യം ഞങ്ങള്‍  ഊന്നിപ്പറഞ്ഞിരുന്നു. ഭാവിയില്‍ നിര്‍മ്മിത ബുദ്ധി രംഗം സുതാര്യവും ന്യായവും സുരക്ഷിതവും പ്രാപ്യവും ഉത്തരവാദിത്തമുള്ളതുമാക്കാന്‍
ഞങ്ങള്‍ എല്ലാ രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും. 


ശ്രേഷ്ഠ വ്യക്തിത്വങ്ങളേ,

ഊര്‍ജമേഖലയിലെ ഇന്ത്യയുടെ സമീപനവും ലഭ്യത, പ്രാപ്യത, താങ്ങാനാവുന്നത്, സ്വീകാര്യത എന്നീ നാല് തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. COP യുടെ കീഴിലുള്ള എല്ലാ പ്രതിബദ്ധതകളും സമയത്തിന് മുമ്പ് നിറവേറ്റുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ. 2070-ഓടെ നെറ്റ് സീറോ എന്ന ലക്ഷ്യം കൈവരിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത നിറവേറ്റാന്‍ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുന്നു. വരാനിരിക്കുന്ന കാലത്തെ ഒരു ഹരിതയുഗമാക്കാന്‍ നാം ഒരുമിച്ച് ശ്രമിക്കണം. ഇതിനായി ഇന്ത്യ മിഷന്‍ ലൈഫ്, അതായത് പ്രകൃതിക്കായുളള ജീവിതശൈലി ആരംഭിച്ചിട്ടുണ്ട്. ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകാനായി, ജൂണ്‍ 5, പരിസ്ഥിതി ദിനത്തില്‍, ഞാന്‍ ഒരു കാമ്പയിന്‍ ആരംഭിച്ചു - 'ഏക് പേട് മാ കേ നാം' (അമ്മയുടെ പേരില്‍ ഒരു മരം). എല്ലാവര്‍ക്കും അമ്മയെ ഇഷ്ടമാണ്. ഈ വികാരത്തോടെ, വൃക്ഷത്തൈ നടല്‍ വ്യക്തിഗത അനുഭവത്തോടെ ആഗോള ഉത്തരവാദിത്തവുമുള്ള ഒരു ബഹുജന പ്രസ്ഥാനമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതില്‍ അണി ചേരാന്‍ ഞാന്‍ നിങ്ങളെ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. എന്റെ ടീം അതിന്റെ വിശദാംശങ്ങള്‍ എല്ലാവരുമായും പങ്കിടും.

 

ശ്രേഷ്ഠ വ്യക്തിത്വങ്ങളേ,

2047-ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുക എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം. രാജ്യത്തിന്റെ വികസന യാത്രയില്‍ സമൂഹത്തിലെ ഒരു വിഭാഗവും പിന്നിലാകരുത് എന്നതാണ് ഞങ്ങളുടെ പ്രതിബദ്ധത. അന്താരാഷ്ട്ര സഹകരണത്തിന്റെ പശ്ചാത്തലത്തിലും ഇത് പ്രധാനമാണ്. ആഗോള അനിശ്ചിതത്വങ്ങളുടെയും പിരിമുറുക്കങ്ങളുടെയും ആഘാതം പേറുകയാണ് ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങള്‍. ആഗോള സൗത്തിലെ രാജ്യങ്ങളുടെ മുന്‍ഗണനകളും ആശങ്കകളും ലോക വേദിയില്‍ അവതരിപ്പിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമായി ഇന്ത്യ കണക്കാക്കുന്നു. ഈ ശ്രമങ്ങളില്‍ ഞങ്ങള്‍ ആഫ്രിക്കയ്ക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഇന്ത്യ അധ്യക്ഷത വഹിച്ച ജി-20യില്‍ ആഫ്രിക്കന്‍ യൂണിയനെ സ്ഥിരാംഗമാക്കിയതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളുടെയും സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനും സ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഇന്ത്യ സംഭാവന ചെയ്യുന്നുണ്ട്, ഇനിയും അത് തുടരും.

ശ്രേഷ്ഠ വ്യക്തിത്വങ്ങളേ...

ഇന്നത്തെ യോഗം എല്ലാ രാജ്യങ്ങളുടെയും മുന്‍ഗണനകളില്‍ ഊന്നിയുളള ആഴത്തിലുള്ള ഒത്തുചേരലിനെ പ്രതിഫലിപ്പിക്കുന്നു. ഈ വിഷയങ്ങളിലെല്ലാം ഞങ്ങള്‍ ജി-7-മായി സംഭാഷണവും സഹകരണവും തുടരും.

വളരെ നന്ദി.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Indian economy ends 2024 with strong growth as PMI hits 60.7 in December

Media Coverage

Indian economy ends 2024 with strong growth as PMI hits 60.7 in December
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 17
December 17, 2024

Unstoppable Progress: India Continues to Grow Across Diverse Sectors with the Modi Government