പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസം തൊഴില്‍ മേളയെ വീഡിയോ സന്ദേശത്തിലൂടെ ഇന്ന് അഭിസംബോധന ചെയ്തു.
അസം ഗവണ്‍മെന്റില്‍ ജോലിക്ക് നിയമിക്കപ്പെടുന്ന യുവജനങ്ങളേയും അവരുടെ കുടുംബങ്ങളേയും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിനന്ദിച്ചു. കഴിഞ്ഞ മാസം ബിഹു ദിനത്തില്‍ സംസ്ഥാനം സന്ദര്‍ശിച്ചത് സ്മരിച്ച അദ്ദേഹം ആസാമീസ് സംസ്‌കാരത്തിനെ മഹിതപ്പെടുത്തുന്നതിന്റെ പ്രതീകമായ മഹത്തായ ആ സംഭവത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും തന്റെ മനസ്സില്‍ മായാതെകിടക്കുന്നുണ്ടെന്നും പറഞ്ഞു. അസമിലെ യുവാക്കളുടെ ഭാവിയോടുള്ള ഗൗരവകരമായ സമീപനത്തിന്റെ പ്രതിഫലനമാണ് ഇന്നത്തെ തൊഴില്‍ മേളയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് മുമ്പും തൊഴില്‍ മേളയിലൂടെ അസമിലെ 40,000 യുവാക്കള്‍ക്ക് ഗവണ്‍മെന്റ് ജോലി ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏകദേശം 45,000 യുവാക്കള്‍ക്ക് ഇന്ന് നിയമന കത്ത് കൈമാറിയതായും യുവജനങ്ങള്‍ക്ക് ശോഭനമായ ഭാവി ആശംസിക്കുന്നതായും അദ്ദേഹം അറിയിച്ചു.
''സമാധാനത്തിന്റെയും വികസനത്തിന്റെയും ഒരു പുതിയ യുഗത്തിനാണ് അസം സാക്ഷ്യം വഹിക്കുന്നത്, വികസനത്തിന്റെ ഈ വേഗത അസമില്‍ ശുഭാപ്തിവിശ്വാസവും പ്രചോദനവും വ്യാപിപ്പിച്ചു'' , പ്രധാനമന്ത്രി പറഞ്ഞു. ഗവണ്‍മെന്റിലെ നിയമനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് അസം ഗവണ്‍മെന്റ് ആരംഭിച്ച പ്രക്രിയകളെ പ്രതിഫലിപ്പിച്ച പ്രധാനമന്ത്രി വിവിധ വകുപ്പുകളിലെ നിയമനപ്രക്രിയകള്‍ നടപ്പിലാക്കുന്നതിനായി രൂപീകരിച്ച അസം ഡയറക്ട് റിക്രൂട്ട്‌മെന്റ് കമ്മീഷനെ സ്പര്‍ശിക്കുകയും ചെയ്തു. ഓരോ വകുപ്പിനും വ്യത്യസ്ത നിയമങ്ങളും വിവിധ വകുപ്പുകളിലെ നിയമങ്ങള്‍ക്കായി അപേക്ഷാര്‍ത്ഥികള്‍ക്ക് വിവിധ പരീക്ഷകളും എഴുതേണ്ടി വന്നിരുന്ന നേരത്തെയുള്ള നടപടിക്രമങ്ങള്‍ കാരണം പല നിയമനങ്ങളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പരാമര്‍ശിച്ചു. ഈ പ്രക്രിയകളെല്ലാം ഇപ്പോള്‍ വളരെ എളുപ്പമാക്കിയിട്ടുണ്ടെന്ന് പ്രസ്താവിച്ച അദ്ദേഹം, ഈ നേട്ടത്തിന് അസം സര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു.
''സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്തു് നമ്മുടെ രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കാന്‍ നാമെല്ലാവരും പ്രതിജ്ഞയെടുത്തിട്ടുണ്ട്'', അമൃത കാലത്തെ അടുത്ത 25 വര്‍ഷം സേവന കാലം പോലെ പ്രധാനമാണ് എന്നതിന് ഊന്നല്‍ നല്‍കികൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നിയമനം ലഭിച്ചവരുടെ പെരുമാറ്റം, ചിന്ത, ജോലിയോടുള്ള സമീപനം, പൊതുജനങ്ങളിലുള്ള സ്വാധീനം എന്നിവയുടെ പ്രാധാന്യത്തിന് അടിവരയിട്ട പ്രധാനമന്ത്രി, ഓരോ സാധാരണ പൗരനും വേണ്ടി അസം ഗവണ്‍മെന്റിന്റെ മുഖമാണ് പുതിയതായി നിയമിതരായവര്‍ എന്ന് ഊന്നിപ്പറഞ്ഞു. സമൂഹം വികസനം കാംക്ഷിക്കുന്നതായി മാറികൊണ്ടിരിക്കുകയാണെന്നും ഒരു പൗരനും വികസനത്തിനായി കാത്തിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പരാമര്‍ശിച്ചു. ''ട്വന്റി 20 ക്രിക്കറ്റിന്റെ ഈ കാലഘട്ടത്തില്‍, രാജ്യത്തെ ജനങ്ങള്‍ പെട്ടെന്നുള്ള ഫലങ്ങള്‍ ആഗ്രഹിക്കുന്നു'', അതിനനുസരിച്ച് ഗവണ്‍മെന്റ് സംവിധാനങ്ങള്‍ സ്വയം രൂപാന്തരപ്പെടേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ശ്രീ മോദി പറഞ്ഞു. രാജ്യത്തെ പൗരന്മാരുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ ഗവണ്‍മെന്റ് ജീവനക്കാരുടെ ഉത്തരവാദിത്തങ്ങളില്‍ അദ്ദേഹം അടിവരയിട്ടു. തങ്ങളെ ഇവിടെ എത്തിച്ച അതേ അര്‍പ്പണബോധത്തോടെ തന്നെ മുന്നോട്ടുപോകാന്‍ നിയമിതരായവരോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള തുറന്ന മനസിലൂടെ സമൂഹത്തേയും വ്യവസ്ഥിതിയേയും മെച്ചപ്പെടുത്തുന്നതിന് അവര്‍ക്ക് സംഭാവന നല്‍കാന്‍ കഴിയുമെന്നും ഊന്നിപ്പറഞ്ഞു.
ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം നവീകരിക്കുന്നതിനായി ലക്ഷക്കണക്കിന് കോടി രൂപ ചിലവഴിക്കുന്നുവെന്നതിന് അടിവരയിട്ട പ്രധാനമന്ത്രി, പുതിയ ഹൈവേകള്‍, അതിവേഗ പാതകള്‍, റെയില്‍വേ ലൈനുകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ജലപാതകള്‍, ഇത്തരം പദ്ധതികള്‍ എന്നിവയുടെ ഉദാഹരണങ്ങളും നല്‍കി. ഓരോ പുതിയ അടിസ്ഥാനസൗകര്യ പദ്ധതികളിലൂടെയും എല്ലാ മേഖലയിലും തൊഴിലിനും സ്വയം തൊഴിലിനുമുള്ള അവസരങ്ങള്‍ക്ക് ഉത്തേജനം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഒരു വിമാനത്താവളത്തിന്റെ വികസനത്തിന് എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, അക്കൗണ്ടന്റുമാര്‍, തൊഴിലാളികള്‍, വിവിധ തരം ഉപകരണങ്ങള്‍, ഉരുക്ക്, സിമന്റ് എന്നിവയുടെ ആവശ്യകത ഉദാഹരണമായി അദ്ദേഹം പറഞ്ഞു. റെയില്‍വേ ലൈനുകളുടെ വിപുലീകരണവും വൈദ്യുതീകരണവും വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ജീവിതം സുഗമമാക്കുന്നതിനെ സ്പര്‍ശിച്ച അദ്ദേഹം 2014 മുതല്‍ ശുചിമുറികള്‍, ഗ്യാസ് കണക്ഷനുകള്‍, ടാപ്പിലൂയെുള്ള ജലവിതരണം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളോടെ 4 കോടിയോളം പക്കാ വീടുകള്‍ ഗവണ്‍മെന്റ് നിര്‍മ്മിച്ച് പാവപ്പെട്ടവര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പറഞ്ഞു. ഈ വീടുകള്‍ നിര്‍മ്മിക്കുന്നതിനും ഈ സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിനും പരിശ്രമിച്ച നിര്‍മ്മാണ മേഖല, ലോജിസ്റ്റിക്‌സ്, വിദഗ്ധ തൊഴിലാളികള്‍, തൊഴിലാളികള്‍ എന്നിവരുടെ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ആയുഷ്മാന്‍ ഭാരത് യോജന വഹിച്ച പങ്ക് എടുത്തുപറഞ്ഞ പ്രധാനമന്ത്രി രാജ്യത്ത് നിരവധി പുതിയ ആശുപത്രികളും ക്ലിനിക്കുകളും സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും പരാമര്‍ശിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് എയിംസ് ഗുവാഹത്തിയും 3 മെഡിക്കല്‍ കോളേജുകളും സമര്‍പ്പിക്കാന്‍ ലഭിച്ച വിശേഷാവസരവും ശ്രീ മോദി അനുസ്മരിച്ചു. അസമില്‍ ദന്തല്‍ കോളേജുകളും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുമൂലം മെഡിക്കല്‍ പ്രൊഫഷനുമായി ബന്ധപ്പെട്ട യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായും പ്രധാനമന്ത്രി പറഞ്ഞു.
''പത്ത് വര്‍ഷം മുമ്പ് ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത നിരവധി മേഖലകളില്‍ ഇന്ന് യുവജനങ്ങള്‍ മുന്നേറുകയാണ്'', രാജ്യത്ത് ലക്ഷക്കണക്കിന് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിച്ച സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതി ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കൃഷി, സാമൂഹിക പരിപാടികള്‍, സര്‍വേ, പ്രതിരോധ മേഖല എന്നിവിടങ്ങളില്‍ ഡ്രോണുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത പരാമര്‍ശിച്ച അദ്ദേഹം ഇത് യുവജനങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇന്ത്യയില്‍ കോടിക്കണക്കിന് മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിക്കുന്നതിലൂടെ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്ന ആത്മനിര്‍ഭര്‍ ഭാരത് സംഘടിതപ്രവര്‍ത്തനത്തെയും പ്രധാനമന്ത്രി സ്പര്‍ശിച്ചു. ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി വിപുലീകരിച്ച് എല്ലാ ഗ്രാമങ്ങളിലും എത്തിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി ഇത് വലിയ തോതില്‍ തൊഴിലും സ്വയം തൊഴിലും പ്രോത്സാഹിപ്പിച്ചതായും പറഞ്ഞു. ഒരു പദ്ധതിയോ അല്ലെങ്കില്‍ ഒരു തീരുമാനമോ മാത്രം മതി അതിന് ജനങ്ങളുടെ ജീവിതത്തിന് നേട്ടമുണ്ടാക്കാനാകുമെന്നതിന് ശ്രീ മോദി അടിവരയിട്ടു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ധാരാളം യുവജനങ്ങള്‍ വികസനത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നുണ്ടെന്ന് നിലവിലെ ഗവണ്‍മെന്റിന്റെ നയങ്ങളെ ശ്ലാഘിച്ചുകൊണ്ട് പ്രധാനമന്ത്രി, അടിവരയിട്ടു. ''തൊഴിലിനും സ്വയം തൊഴിലിനും പുതിയ അവസരങ്ങള്‍ നല്‍കി യുവജനങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. ഒരു നവഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ഞങ്ങള്‍ ദ്രുതഗതിയിലുള്ള ചുവടുവയ്പ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്'', പ്രധാനമന്ത്രി ഉപസംഹരിച്ചു.