പ്രിസൈഡിങ് ഓഫീസര്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.
75-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''നമ്മുടെ ഭരണഘടനയുടെ 75-ാം വര്‍ഷം അടയാളപ്പെടുത്തുന്ന 75-ാം റിപ്പബ്ലിക് ദിനത്തിന് തൊട്ടുപിന്നാലെ നടക്കുന്നതിനാല്‍ ഈ സമ്മേളനത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്'' എന്ന് പറഞ്ഞ അദ്ദേഹം ഭരണഘടനാ നിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.
''നമ്മുടെ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. വിവിധ ചിന്തകള്‍, വിഷയങ്ങള്‍, അഭിപ്രായങ്ങള്‍ എന്നിവയില്‍ സമവായമുണ്ടാക്കാനുള്ള ഉത്തരവാദിത്വം ഭരണഘടനാ നിര്‍മ്മാണ സഭ അംഗങ്ങള്‍ക്കുണ്ടായിരുന്നു. അവര്‍ അവര്‍ അതിനനുസൃതമായി ജീവിച്ചു" - പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നിന്ന് പാഠം ഉൾക്കൊള്ളേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തില്‍ പങ്കെടുത്ത പ്രിസൈഡിങ് ഓഫീസര്‍മാരുടെ ചുമതല എടുത്തുകാട്ടിയ പ്രധാനമന്ത്രി, ഭരണഘടനാ നിര്‍മ്മാണ സഭയുടെ ആദര്‍ശങ്ങളില്‍ നിന്ന് ഒരിക്കല്‍ക്കൂടി പ്രചോദനം ഉള്‍ക്കൊള്ളാന്‍ അവരോട് അഭ്യര്‍ത്ഥിച്ചു. "നിങ്ങളുടെ അധികാരകാലത്ത്, ഭാവി തലമുറയ്ക്ക് പൈതൃകമായി വര്‍ത്തിക്കാന്‍ കഴിയുന്ന പാരമ്പര്യം അവശേഷിപ്പിക്കാന്‍ ശ്രമിക്കുക"- അദ്ദേഹം പറഞ്ഞു.
"ജാഗ്രതയുള്ള പൗരന്മാർ ഓരോ പ്രതിനിധിയെയും സൂക്ഷ്മമായി പരിശോധിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ നിയമസഭകളുടെയും സമിതികളുടെയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നത് നിര്‍ണായകമാണ്" എന്ന് നിയമനിര്‍മ്മാണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.
നിയമനിര്‍മ്മാണ സഭകള്‍ക്കുള്ളില്‍ മാന്യത നിലനിര്‍ത്തുന്ന കാര്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, ''സഭയിലെ അംഗങ്ങളുടെ പെരുമാറ്റവും അതിലെ അനുകൂലമായ അന്തരീക്ഷവും നിയമസഭയുടെ ഉൽപ്പാദനക്ഷമതയെ നേരിട്ട് ബാധിക്കുന്നു" എന്നും കൂട്ടിച്ചേര്‍ത്തു. ഈ സമ്മേളനത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന വ്യക്തമായ നിർദേശങ്ങള്‍ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാകും. ജനപ്രതിനിധികളുടെ സഭയിലെ പെരുമാറ്റമാണ് സഭയുടെ പ്രതിച്ഛായ നിർണയിക്കുന്നത്. കക്ഷികള്‍ അവരുടെ അംഗങ്ങളുടെ ആക്ഷേപകരമായ പെരുമാറ്റം നിയന്ത്രിക്കുന്നതിനു പകരം അവരെ പിന്തുണയ്ക്കുന്നുവെന്ന വസ്തുതയില്‍ നിരാശ രേഖപ്പെടുത്തിയ അദ്ദേഹം പാര്‍ലമെന്റിനോ നിയമസഭകള്‍ക്കോ ഇത് നല്ല സാഹചര്യമല്ലെന്നും പറഞ്ഞു.
പൊതുജീവിതത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന മാനദണ്ഡങ്ങളെ പ്രതിഫലിപ്പിച്ച പ്രധാനമന്ത്രി മോദി ഉത്തരവാദിത്തത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ''മുന്‍കാലങ്ങളില്‍, സഭയിലെ ഒരു അംഗത്തിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ അവരെ പൊതുജീവിതത്തില്‍ നിന്ന് ഭ്രഷ്ട് കല്‍പ്പിക്കുന്നതിലേക്ക് നയിക്കുമായിരുന്നു. എന്നാല്‍, കുറ്റവാളികളായ അഴിമതിക്കാരെ പരസ്യമായി മഹത്വവല്‍ക്കരിക്കുന്നതിനാണ് നാം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്, ഇത് എക്‌സിക്യൂട്ടീവിന്റെയും ജുഡീഷ്യറിയുടെയും ഭരണഘടനയുടെയും സമഗ്രതയ്ക്ക് ഹാനികരമാണ്,'' അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും മൂര്‍ത്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു.
''ഇന്ത്യയുടെ പുരോഗതി നമ്മുടെ സംസ്ഥാനങ്ങളുടെ പുരോഗതിയെ ആശ്രയിച്ചിരിക്കുന്നു. സംസ്ഥാനങ്ങളുടെ പുരോഗതി കൂട്ടായി വികസലക്ഷ്യങ്ങള്‍ നിശ്ചയിക്കാനുള്ള അവരുടെ നിയമനിര്‍മ്മാണ, എക്‌സിക്യൂട്ടീവ് ബോഡികളുടെ ദൃഢനിശ്ചയത്തെ ആശ്രയിച്ചാണിരിക്കുന്നതും'' ഇന്ത്യയുടെ പുരോഗതി രൂപപ്പെടുത്തുന്നതില്‍ സംസ്ഥാന ഗവണ്‍മെന്റുകളുടെയും അവരുടെ നിയമനിര്‍മ്മാണ സഭകളുടെയും നിര്‍ണായക പങ്കിനെയും അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ''നിങ്ങളുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്ക് സമിതികളുടെ ശാക്തീകരണം നിര്‍ണ്ണായകമാണ്. ഈ സമിതികള്‍ എത്രത്തോളം സജീവമായി നിശ്ചിത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രവര്‍ത്തിക്കുന്നുവോ അത്രത്തോളം സംസ്ഥാനം മുന്നേറും'' സാമ്പത്തിക പുരോഗതിക്കായി സമിതികളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
നിയമങ്ങള്‍ കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകതയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, അനാവശ്യ നിയമങ്ങള്‍ റദ്ദാക്കുന്നതിലെ കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ എടുത്തുപറഞ്ഞു. ''കഴിഞ്ഞ ദശകത്തില്‍, നമ്മുടെ സംവിധാനത്തിന് ഹാനികരമായ രണ്ടായിരത്തിലധികം നിയമങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് റദ്ദാക്കി. നീതിന്യായ വ്യവസ്ഥയുടെ ഈ ലഘൂകരണം സാധാരണക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍ ലഘൂകരിക്കുകയും ജീവിത സൗകര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്തു'', അദ്ദേഹം പറഞ്ഞു. അനാവശ്യ നിയമങ്ങളേയും പൗരന്മാരുടെ ജീവിതത്തില്‍ അവ ചെലുത്തുന്ന സ്വാധീനത്തെയും ശ്രദ്ധിക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരോട് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു, അവ നീക്കം ചെയ്യുന്നത് സാരവും ഗുണപരവുമായ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
നാരി ശക്തി വന്ദന്‍ അധീനിയത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി മോദി, സ്ത്രീകളുടെ പങ്കാളിത്തവും പ്രാതിനിധ്യവും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള നിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ''സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് കമ്മിറ്റികളില്‍ അവ വര്‍ദ്ധിപ്പിക്കണം'', അദ്ദേഹം പറഞ്ഞു. അതുപോലെ, കമ്മിറ്റികളില്‍ യുവാക്കളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ''നമ്മുടെ യുവ പ്രതിനിധികള്‍ക്ക് അവരുടെ കാഴ്ചപ്പാടുകളും നയരൂപീകരണത്തില്‍ പങ്കാളികളുമാകാന്‍ പരമാവധി അവസരം ലഭിക്കണം'', പ്രധാനമന്ത്രി മോദി പറഞ്ഞു.
2021ല്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരോടുള്ള തന്റെ പ്രസംഗത്തില്‍ മുന്നോട്ടുവച്ച ഒരു രാജ്യം-ഒരു നിയമനിര്‍മ്മാണ വേദി എന്ന ആശയത്തെ ഉപസംഹാരമായി അനുസ്മരിച്ച പ്രധാനമന്ത്രി മോദി ഇ-വിധാന്‍, ഡിജിറ്റല്‍ സന്‍സദ് പ്ലാറ്റ്‌ഫോമുകളിലൂടെ പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.