ബഹുമാനപ്പെട്ട പ്രധാനമന്ത്രി സോനെക്‌സെ സിഫാൻഡോൺ,

മറ്റ് ബഹുമാന്യരെ 

നമസ്കാരം.

ആസിയാൻ കുടുംബത്തോടൊപ്പം പതിനൊന്നാം തവണയും ഈ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.
പത്ത് വർഷം മുമ്പ് ഞാൻ ഇന്ത്യയുടെ 'ആക്റ്റ് ഈസ്റ്റ്' നയം പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു ദശകത്തിൽ, നമ്മുടെ ഈ നയം ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് ദിശാബോധവും, നവോന്മേഷവും ചലനാത്മകതയും നൽകി പുനരുജ്ജീവിപ്പിച്ചു.

ആസിയാൻ കേന്ദ്രീകരണത്തിന് പ്രാധാന്യം നൽകിക്കൊണ്ട്, 2019-ൽ ഞങ്ങൾ ഇന്തോ-പസഫിക് സമുദ്ര മേഖലയിലെ  വിവിധ സംരംഭങ്ങൾക്ക് തുടക്കമിട്ടു. ഇത് "ഇന്തോ-പസഫിക്ക് മേഖലയുമായി ബന്ധപ്പെട്ട ആസിയാൻ വീക്ഷണ"ത്തിന് ശക്തി പകരുന്നതായിരുന്നു.

മേഖലയുടെ സുരക്ഷയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷം ഞങ്ങൾ സമുദ്ര അഭ്യാസത്തിന് തുടക്കമിട്ടിരുന്നു.
ആസിയാൻ മേഖലയുമായുള്ള ഞങ്ങളുടെ വ്യാപാരം കഴിഞ്ഞ 10 വർഷം കൊണ്ട് ഏകദേശം ഇരട്ടിയായി, 130 ബില്യൺ യുഎസ് ഡോളർ കവിഞ്ഞു.

ഇന്ന്, ഏഴ് ആസിയാൻ രാജ്യങ്ങളിലേക്ക് ഇന്ത്യക്ക് നേരിട്ട് വിമാന സർവീസുകൾ  ഉണ്ട്. കൂടാതെ ഉടൻ തന്നെ ബ്രൂണെയിലേക്കും  വിമാന സർവീസ് ആരംഭിക്കും.മറ്റൊരു കാര്യം എന്തെന്നാൽ, ഞങ്ങൾ തിമോർ-ലെസ്റ്റെയിൽ ഒരു പുതിയ എംബസിയും തുറന്നിട്ടുണ്ട്.

ആസിയാൻ മേഖലയിൽ, ഞങ്ങൾ സാമ്പത്തിക സാങ്കേതിക സഹകരണം (ഫിൻടെക് കണക്റ്റിവിറ്റി) സ്ഥാപിച്ച ആദ്യത്തെ രാജ്യമാണ് സിംഗപ്പൂർ. ഈ വിജയം ഇപ്പോൾ മറ്റ് രാജ്യങ്ങളിലും അനുകരിക്കപ്പെടുന്നു.

ജനകേന്ദ്രീകൃതമായ സമീപനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ വികസന കാഴ്ചപ്പാട് നിലനിൽക്കുന്നത്.  ആസിയാൻ മേഖലയിൽ നിന്നുള്ള  300-ലധികം വിദ്യാർത്ഥികൾക്ക്  നളന്ദ സർവകലാശാലയുടെ സ്കോളർഷിപ്പ് ലഭിച്ചു. സർവ്വകലാശാലകളുടെ ഒരു ശൃംഖലയും ആരംഭിച്ചു.

ലാവോസ്, കംബോഡിയ, വിയറ്റ്നാം, മ്യാൻമർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ഞങ്ങളുമായി പങ്കിടുന്ന പൈതൃകം സംരക്ഷിക്കാൻ ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്തും പ്രകൃതിദുരന്തങ്ങളിലും  ഞങ്ങൾ പരസ്പരം സഹായിക്കുകയും മാനുഷികമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയും ചെയ്തിട്ടുണ്ട്.

ശാസ്ത്ര സാങ്കേതിക വിദ്യ  ഫണ്ട്, ഡിജിറ്റൽ ഫണ്ട്, ഗ്രീൻ ഫണ്ട് തുടങ്ങി വിവിധ മേഖലകളിലെ സഹകരണത്തിനുള്ള ഫണ്ടുകൾ സ്ഥാപിച്ചു. ഈ സംരംഭങ്ങൾക്ക് ഇന്ത്യ 30 മില്യൺ ഡോളറിലധികം സംഭാവന നൽകിയിട്ടുണ്ട്. അങ്ങനെ ആസിയാൻ മേഖലയുമായുള്ള  ഞങ്ങളുടെ സഹകരണം  സമുദ്രത്തിനടിയിലുള്ള പദ്ധതികൾ മുതൽ ബഹിരാകാശ പര്യവേക്ഷണം വരെ വ്യാപിച്ചിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കഴിഞ്ഞ ദശകത്തിൽ ഞങ്ങളുടെ പങ്കാളിത്തം എല്ലാ മേഖലകളിലും ഗണ്യമായി വിർദ്ധിച്ചു.

കൂടാതെ, 2022-ൽ ഈ സഹകരണത്തെ ഒരു 'സമഗ്രവും തന്ത്രപരവുമായ സഹകരണം' എന്ന നിലയിലേക്ക് ഉയർത്താൻ സാധിച്ചു എന്നത് നമുക്ക് വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്.

സുഹൃത്തുക്കളെ,

നമ്മൾ അയൽക്കാരും, ഗ്ലോബൽ സൗത്തിലെ പങ്കാളികളും, ലോകത്തിലെ അതിവേഗം വളരുന്ന പ്രദേശവുമാണ്. നമ്മൾ  ഓരോ രാജ്യത്തിന്റെയും   അഖണ്ഡതയെയും പരമാധികാരത്തെയും പരസ്പരം ബഹുമാനിക്കുന്ന സമാധാനപ്രിയരായ രാഷ്ട്രങ്ങളാണ്. നമ്മുടെ യുവജനങ്ങൾക്ക് ശോഭനമായ ഭാവി ഉറപ്പാക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്.

21-ാം നൂറ്റാണ്ട് "ഏഷ്യൻ നൂറ്റാണ്ട്" ആണെന്ന് ഞാൻ വിശ്വസിക്കുന്നു, ഇന്ത്യയ്ക്കും ആസിയാൻ രാജ്യങ്ങൾക്കുമായുള്ള ഒരു നൂറ്റാണ്ട്.  ലോകത്തിൻ്റെ പല ഭാഗങ്ങളിലും സംഘർഷവും പിരിമുറുക്കവും ഉണ്ടായി കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, ഇന്ത്യയും ആസിയാനും തമ്മിലുള്ള സൗഹൃദവും, ഏകോപനവും, സംഭാഷണവും സഹകരണവും, വളരെ  പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

ASEAN-ൻ്റെ ആദ്ധ്യക്ഷം വിജയകരമായ നിർവഹിച്ച ലാവോസിന്റെ  പ്രധാനമന്ത്രി സോനെക്‌സെ സിഫാൻഡോണിന് എൻ്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഇന്നത്തെ യോഗം ഇന്ത്യ-ആസിയാൻ പങ്കാളിത്തത്തിന് പുതിയ മാനങ്ങൾ കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്.

 ഏവർക്കും നന്ദി.

 

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage