പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ പാലി സാന്‍സദ് ഖേല്‍ മഹാകുംഭിനെ അഭിസംബോധന ചെയ്തു. തങ്ങളുടെ ശ്രദ്ധേയമായ കായിക കഴിവുകള്‍ പ്രകടിപ്പിച്ചതിന് പങ്കെടുത്ത എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. “കായികരംഗത്ത് ഒരിക്കലും തോല്‍വിയില്ല; ഒന്നുകില്‍ ജയിക്കും, അല്ലെങ്കില്‍ പഠിക്കും. അതിനാല്‍, എല്ലാ കളിക്കാര്‍ക്കും മാത്രമല്ല, അവിടെയുള്ള പരിശീലകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു”- അദ്ദേഹം പറഞ്ഞു”.
യുവാക്കളുടെയും രാജ്യത്തിന്റെയും വികസനത്തില്‍ കായികരംഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു. “സാന്‍സദ് ഖേല്‍ മഹാകുംഭില്‍ കണ്ട ആവേശവും ആത്മവിശ്വാസവും ഇന്നത്തെ ഓരോ കളിക്കാരന്റെയും ഓരോ യുവാവിന്റെയും സ്വത്വമായി മാറിയിരിക്കുന്നു. കായികരംഗത്തോടുള്ള ഗവണ്മെന്റിന്റെ മനോഭാവം മൈതാനത്തെ കളിക്കാരുടെ മനോഭാവവുമായി പ്രതിധ്വനിക്കുന്നു. ഇത്തരം കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നിലവിലെ ഗവണ്‍മെന്റിന്റെ നിരന്തര പ്രയത്നങ്ങളെ എടുത്തുകാട്ടിയ പ്രധാനമന്ത്രി, ജില്ലകളിലും സംസ്ഥാനങ്ങളിലുമായി ദശലക്ഷക്കണക്കിന് പ്രതിഭാധനരായ കായികതാരങ്ങള്‍ക്ക് സാന്‍സദ് ഖേല്‍ മഹാകുംഭ് വേദിയൊരുക്കുകയാണെന്ന് കൂട്ടിച്ചേര്‍ത്തു. പുതിയതും വരാനിരിക്കുന്നതുമായ പ്രതിഭകളെ കണ്ടെത്താനും ഉപയോഗപ്പെടുത്താനുമുള്ള മാധ്യമമായി ഇത് മാറിയെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കായി മാത്രം മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.
പാലിയില്‍ നിന്നുള്ള 1100ലധികം സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 2 ലക്ഷത്തിലധികം കായികതാരങ്ങള്‍ സാന്‍സദ് ഖേല്‍ മഹാ കുംഭമേളയില്‍ പങ്കെടുത്തതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പരിപാടിയിലൂടെ ഈ കായികതാരങ്ങള്‍ക്ക് ലഭിച്ച അസാധാരണമായ അനുഭവവും അവസരവും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ശ്രീ പി പി ചൗധരിയുടെ മികച്ച പരിശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
രാജസ്ഥാനിലെയും രാജ്യത്തെയും യുവാക്കളെ രൂപപ്പെടുത്തുന്നതില്‍ കായികരംഗത്തിനു നിര്‍ണായക പങ്കുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. “രാജസ്ഥാനിലെ ധീരരായ യുവാക്കള്‍ സായുധസേനയിലെ അവരുടെ സേവനംമുതല്‍ കായികരംഗത്തെ നേട്ടങ്ങള്‍വരെ നിരന്തരം രാജ്യത്തിന് യശസ്സ് കൊണ്ടുവന്നു. കായികതാരങ്ങളായ നിങ്ങള്‍ ഈ പാരമ്പര്യം തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകുമെന്ന് എനിക്കുറപ്പുണ്ട്.” – ശ്രീ മോദി പറഞ്ഞു.
“വിജയിക്കാനുള്ള ശീലം വളര്‍ത്തിയെടുക്കുന്നതില്‍ മാത്രമല്ല, സ്വയം മെച്ചപ്പെടുത്താനുള്ള നിരന്തരമായ പരിശ്രമം പകരുന്നതിലുമാണ് കായികരംഗത്തിന്റെ സൗന്ദര്യം. മികവിന് അതിരുകളില്ലെന്നും നമ്മുടെ എല്ലാ ശക്തിയോടെയും നാം പരിശ്രമിക്കണമെന്നും കായികരംഗം നമ്മെ പഠിപ്പിക്കുന്നു” - കായികരംഗത്തിന്റെ പരിവര്‍ത്തനശക്തിയെക്കുറിച്ചു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.
“വിവിധ ദുശ്ശീലങ്ങളില്‍നിന്ന് യുവാക്കളെ അകറ്റിനിർത്താനുള്ള കഴിവാണ് കായികരംഗത്തിന്റെ ഏറ്റവും വലിയ ശക്തി. കായികരംഗം അതിജീവനശേഷിയും ഏകാഗ്രതയും വളര്‍ത്തുകയും ഒപ്പം ഒന്നിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വ്യക്തിത്വവികസനത്തില്‍ കായികമേഖല പ്രധാന പങ്ക് വഹിക്കുന്നു.” - പ്രധാനമന്ത്രി പറഞ്ഞു.
''കേന്ദ്ര തലത്തിലായാലും സംസ്ഥാന തലത്തിലായാലും ഇപ്പോഴത്തെ ഗവണ്‍മെന്റ് യുവജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു. കായികതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിലൂടെയും തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിലൂടെയും വിഭവങ്ങള്‍ അനുവദിക്കുന്നതിലൂടെയും ഗവണ്‍മെന്റ് ഇന്ത്യന്‍ കായികതാരങ്ങളെ വളരെയധികം പിന്തുണച്ചു'' യുവജനക്ഷേമത്തിലുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടിക്കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
കഴിഞ്ഞ ദശകത്തില്‍ കായിക ബജറ്റിലുണ്ടായ മൂന്നിരട്ടി വര്‍ദ്ധന, ടോപ്‌സ് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്ക് കീഴില്‍ നൂറുകണക്കിന് കായികതാരങ്ങള്‍ക്ക് ധനസഹായം നകിയത്, രാജ്യത്തുടനീളം അനവധി കായിക കേന്ദ്രങ്ങള്‍ സ്ഥാപിച്ചത് എന്നിവ പ്രധാനമന്ത്രി മോദി ഉയര്‍ത്തിക്കാട്ടി. ഖേലോ ഇന്ത്യ ഗെയിംസിന് കീഴില്‍, 3,000-ത്തിലധികം കായികതാരങ്ങള്‍ക്ക് പ്രതിമാസം 50,000 രൂപ സഹായം നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഏകദേശം 1,000 ഖേലോ ഇന്ത്യ കേന്ദ്രങ്ങളില്‍ ഏറ്റവും താഴെതലത്തിലുള്ള ലക്ഷക്കണക്കിന് കായികതാരങ്ങള്‍ പരിശീലനം നേടുന്നു. അടുത്തിടെ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 100-ലധികം മെഡലുകളുമായി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച ഇന്ത്യന്‍ കായികതാരങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച യൂണിയന്‍ ബജറ്റില്‍ യുവജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ശ്രദ്ധയ്ക്ക് അദ്ദേഹം അടിവരയിട്ടു. ''റോഡുകളും റെയില്‍വേയും പോലുള്ള ആധുനിക അടിസ്ഥാന സൗകര്യങ്ങളിലെ 11 ലക്ഷം കോടി രൂപയുടെ നിക്ഷേപം യുവജനങ്ങള്‍ക്കായിരിക്കും ഏറെ പ്രയോജനം ചെയ്യുക. 40,000 വന്ദേ ഭാരത് തരം ബോഗികളുടെ പ്രഖ്യാപനം, ആധുനിക അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മുന്‍കൈകളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ നമ്മുടെ യുവജനങ്ങളാണ്'', പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സംരംഭകത്വം വളര്‍ത്തുക, കായികം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള മുന്‍കൈകളിലൂടെയുള്ള യുവ ശാക്തീകരണത്തിലാണ് ഗവണ്‍മെന്റിന്റെ ശ്രദ്ധ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നികുതിയിളവിനുള്ള ഒരു ലക്ഷം കോടി രൂപയുടെ ഫണ്ടിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
കൂടാതെ, ഏകദേശം 13,000 കോടി രൂപയുടെ റോഡുകളുടെ നിര്‍മ്മാണം, റെയില്‍വേ സ്‌റ്റേഷനുകള്‍, പാലങ്ങള്‍ എന്നിവയുടെ വികസനം, 2 കേന്ദ്രീയ വിദ്യാലയം, പാസ്‌പോര്‍ട്ട് സെന്റര്‍, മെഡിക്കല്‍ കോളജുകള്‍ എന്നിവയുള്‍പ്പെടെ വിദ്യാഭ്യാസ, ഐ.ടി കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പാലിയില്‍ ഏറ്റെടുത്ത സുപ്രധാന വികസന പദ്ധതികള്‍ക്കും പ്രധാനമന്ത്രി മോദി അടിവരയിട്ടു. ''ഈ മുന്‍കൈകള്‍ പാലിയിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും അവരുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് സംഭാവന നല്‍കാനും ലക്ഷ്യമിടുന്നു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമഗ്ര വികസന സംരംഭങ്ങളിലൂടെ രാജസ്ഥാനിലെയും ഇന്ത്യയിലെയും ഓരോ പൗരനെയും, പ്രത്യേകിച്ച് യുവജനങ്ങളെ ശാക്തീകരിക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചു. യുവജനങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതിരോധശേഷിയുടെയും മനോഭാവം വളര്‍ത്തിയെടുക്കുന്നതിലും ആത്യന്തികമായി രാജ്യത്തിന്റെ പുരോഗതിക്കും സമൃദ്ധിക്കും സംഭാവന നല്‍കുന്നതിലും കായികമേഖലയുടെ പങ്ക് അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു.