പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുഎന്‍ സെക്രട്ടറി ജനറല്‍ ശ്രീ. അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി. 2023 ഡിസംബര്‍ 1-ന് ദുബായില്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ (കോപ് 28) പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.
ഇന്ത്യയുടെ ജി20 അധ്യക്ഷതാ കാലത്ത് യുഎന്‍ സെക്രട്ടറി ജനറല്‍ നല്‍കിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ ഇന്ത്യയുടെ സംരംഭങ്ങളും പുരോഗതിയും അദ്ദേഹം എടുത്തുപറഞ്ഞു.
കാലാവസ്ഥാ പ്രവര്‍ത്തനം, കാലാവസ്ഥാ ധനകാര്യം, സാങ്കേതികവിദ്യ, യുഎന്‍ ഉള്‍പ്പെടെയുള്ള ബഹുമുഖ ഭരണനിര്‍ഹണ, ധനകാര്യ സ്ഥാപനങ്ങളുടെ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട ദക്ഷിണ ലോകത്തിന്റെ മുന്‍ഗണനകളെയും ആശങ്കകളെയും കുറിച്ച് ഇരു നേതാക്കളും വീക്ഷണങ്ങള്‍ കൈമാറി.
ജി 20 അധ്യക്ഷതയ്ക്കു കീഴിലുള്ള സുസ്ഥിര വികസനം, കാലാവസ്ഥാ പ്രവര്‍ത്തനം, ബഹുതല വികസന ബാങ്കുകളുടെ (എംഡിബി) പരിഷ്‌കാരങ്ങള്‍, ദുരന്തനിവാരണം എന്നീ മേഖലകളിലെ ഇന്ത്യയുടെ ശ്രമങ്ങളെ യുഎന്‍ സെക്രട്ടറി ജനറല്‍ അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ ഗ്രീന്‍ ക്രെഡിറ്റ് സംരംഭത്തെ അദ്ദേഹം സ്വാഗതം ചെയ്തു. 2024ലെ യുഎന്‍ ഉച്ചകോടിയില്‍ ഇന്ത്യയുടെ അധ്യക്ഷതാകാലത്തെ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും അവയെ മുന്നോട്ട് കൊണ്ടുപോകാനും ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.