പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 24ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി ഉഭയകക്ഷി ചർച്ച നടത്തി. ഓസ്ട്രേലിയയിലെ സിഡ്‌നിയിലുള്ള അഡ്മിറൽറ്റി ഹൗസിലായിരുന്നു കൂടിക്കാഴ്ച.
അഡ്മിറൽറ്റി ഹൗസിൽ എത്തിയ പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വാഗതവും ഗാർഡ് ഓഫ് ഓണറും നൽകി.
2023 മാർച്ചിൽ ന്യൂഡൽഹിയിൽ നടന്ന ഫലപ്രദമായ ആദ്യ വാർഷിക നേതൃതല ഉച്ചകോടി ഇരുനേതാക്കളും അനുസ്മരിച്ചു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബഹുമുഖവും സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ വിശാലമാക്കാനും ആഴത്തിലാക്കാനുമുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു.
പ്രതിരോധ - സുരക്ഷ സഹകരണം, വ്യാപാരവും നിക്ഷേപവും, നവ - പുനരുപയോഗ ഊർജം, ഹരിത ഹൈഡ്രജൻ, പ്രാധാന്യമേറിയ ധാതുക്കൾ, വിദ്യാഭ്യാസം, കുടിയേറ്റവും ചലനാത്മകതയും, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലാണു ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.
വിദ്യാർഥികൾ, പ്രൊഫഷണലുകൾ, ഗവേഷകർ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവരുടെ സഞ്ചാരം സുഗമമാക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ കുടിയേറ്റ - ചലനാത്മകത പങ്കാളിത്ത ക്രമീകരണം (എംഎംപിഎ) ഒപ്പുവച്ചതിനെ ഇരുനേതാക്കളും സ്വാഗതംചെയ്തു. ഇന്ത്യക്കായി പ്രത്യേകം സജ്ജമാക്കിയ മേറ്റ്സ് (MATES - കഴിവുറ്റ യുവപ്രതിഭകൾക്കുള്ള സഞ്ചാരസംവിധാനം) എന്ന നവീനമായ നൈപുണ്യപാത ഉൾപ്പെടെയുള്ള ക്രമീകരണമാണിത്.
ഇന്ത്യ-ഓസ്ട്രേലിയ ഹൈഡ്രജൻ ദൗത്യസേനയുടെ പരിശോധനാവിഷയങ്ങൾ അന്തിമമാക്കുന്നതിനെയും അവർ സ്വാഗതംചെയ്തു. സംശുദ്ധ ഹൈഡ്രജന്റെ നിർമാണവും വിന്യാസവും ത്വരിതപ്പെടുത്തുന്നതിനുള്ള അവസരങ്ങളെക്കുറിച്ച് ഇത് ഉപദേശമേകും. ഹൈഡ്രജൻ ഇലക്ട്രോലൈസറുകൾ, ഇന്ധന സെല്ലുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അടിസ്ഥാനസൗകര്യങ്ങൾ, മാനദണ്ഡങ്ങൾ, നിയന്ത്രണങ്ങൾ എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യും.
ബ്രിസ്‌ബെയ്നിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സ്ഥാപിക്കുന്നതിന് ഓസ്ട്രേലിയ നൽകിയ പിന്തുണയ്ക്കു പ്രധാനമന്ത്രി ശ്രീ മോദി നന്ദി പറഞ്ഞു.
നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്രക്രമത്തിന് അടിവരയിടുന്ന സമാധാനപരവും സമൃദ്ധവും ഏവരെയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കാനുള്ള ദൃഢനിശ്ചയം ഇരുനേതാക്കളും ആവർത്തിച്ചു. യുഎൻ സുരക്ഷാസമിതി പരിഷ്കരണത്തെക്കുറിച്ചും ഇരുവരും ചർച്ചചെയ്തു.
ഇന്ത്യയുടെ ജി20 അധ്യക്ഷതയ്ക്കും സംരംഭങ്ങൾക്കും ഓസ്ട്രേലിയയുടെ കരുത്തുറ്റ പിന്തുണ പ്രധാനമന്ത്രി ആൽബനീസ് അറിയിച്ചു. 2023 സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലേക്കു പ്രധാനമന്ത്രി ആൽബനീസ് എത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ പ്രധാനമന്ത്രി.
Glimpses from Admiralty House in Sydney, where PM @narendramodi was accorded a ceremonial welcome followed by talks with PM @AlboMP. pic.twitter.com/gAMKoW5ibd
— PMO India (@PMOIndia) May 24, 2023