പിണറായിയുടെ അഴിമതിക്ക് രാഹുലിന്റെ മൗനാനുവാദം; മാതൃഭൂമി പത്രാധിപര്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ മോദി - Mathrubhumi

മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ മൗനാനുവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസും ഇടതുപക്ഷവും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ്. കേരളത്തില്‍ അവര്‍ തമ്മില്‍ സൗഹൃദമത്സരത്തിലാണെന്നും ഡല്‍ഹിയില്‍ അവര്‍ പാര്‍ട്ണര്‍മാരാണെന്നും അദ്ദേഹം പറഞ്ഞു. '

മാതൃഭൂമി' പത്രാധിപര്‍ മനോജ് കെ. ദാസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ഹിന്ദിയിതര പത്രത്തിന് ആദ്യമായി നല്‍കിയ അഭിമുഖമായിരുന്നു ഇത്. തിരഞ്ഞെടുപ്പില്‍ വിജയം സുനിശ്ചിതമാണെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രധാനമന്ത്രി പറഞ്ഞു.

ഉടന്‍ ചെയ്യാന്‍ അഞ്ച് കാര്യങ്ങള്‍

ജയിച്ചുവന്നാല്‍ ഉടന്‍ ചെയ്യേണ്ട അഞ്ച് കാര്യങ്ങളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജ്ഞാനം അഥവാ 'ജി.വൈ.എ.എന്‍.എം.' എന്ന ചുരുക്കപ്പേരാണ് ഇതിനദ്ദേഹം പറഞ്ഞത്. 'ദാരിദ്ര്യം' (ഗരീബ്) എന്നു സൂചിപ്പിക്കുന്ന 'ജി', 'യുവതീയുവാക്കള്‍' (യൂത്ത്) -'വൈ', 'അന്നദാത'- 'എ'. 'സ്ത്രീ'(നാരി)- 'എന്‍', 'മധ്യവര്‍ഗം'(മിഡില്‍ ക്ലാസ്)- 'എം' എന്നീ അഞ്ചു മേഖലകളിലൂന്നിയാവും തന്റെ ആദ്യ 100 ദിനങ്ങളെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബി.ജെ.പി.ക്കെതിരേ അവിശുദ്ധ കൂട്ടുകെട്ട്

കേരളത്തിലെ ബി.ജെ.പി.യുടെ സാധ്യതയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്, 'ഇടതുപക്ഷവും കോണ്‍ഗ്രസും കൂടിയുള്ള ഒരു രാഷ്ട്രീയ കൂട്ടുകെട്ട് അവസാനനിമിഷം രംഗത്തെത്തി ജയസാധ്യതയുള്ള ബി.ജെ.പി. സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കും' എന്നാണ്. ഇത് ജനാധിപത്യത്തിനു ഭൂഷണമല്ല. ജയസാധ്യതയുള്ളവരെ ജയിക്കാന്‍ അനുവദിക്കുകയാണു വേണ്ടത്. അല്ലാതെ ബി.ജെ.പി.യുടെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍വേണ്ടി മാത്രം കോണ്‍ഗ്രസിനെ സഹായിക്കുന്ന പ്രവണത ഇടതുപക്ഷത്തിനു നല്ലതല്ല.

വലിയഭാവിക്കായി നയം മാറണം

കേരളത്തെ കാത്തിരിക്കുന്നത് വലിയൊരു ഭാവിയാണ്. അതിനായി സര്‍ക്കാര്‍രീതികളില്‍ മാറ്റംവരണം. ഇന്ത്യയിലേക്കുവരുന്ന എല്ലാ വിദേശ സംരംഭകര്‍ക്കും കേരളത്തിലും സാധ്യതകള്‍ കണ്ടെത്താനാവണം. അതിനുവേണ്ടത് സര്‍ക്കാര്‍തലത്തിലുള്ള നയങ്ങളാണ്. ഇന്ന് കേരളത്തെ ഭയക്കുന്നത്, ഒരു വ്യവസായത്തിനും വേരുറപ്പിക്കാനാവാത്തവിധം ട്രേഡ് യൂണിയനുകള്‍ ഭരിക്കുന്നു എന്നതുകൊണ്ടാണ്. ഇതിനുപകരം നയത്തിലധിഷ്ഠിതമായ സമീപനമാണു വേണ്ടത്. ബഹിരാകാശരംഗത്തടക്കം വലിയ മുതല്‍മുടക്കുള്ള സാധ്യതകളാണ് തെളിഞ്ഞുവരുന്നത്.

കേരളത്തില്‍നിന്ന് ജയിച്ചുവന്നാല്‍ അവര്‍ക്കൊക്കെ കേന്ദ്രമന്ത്രിസ്ഥാനം ഉണ്ടാവുമോ എന്ന ചോദ്യത്തിന് അല്ലാതെത്തന്നെ മന്ത്രിസ്ഥാനവും ഗവര്‍ണര്‍പദവിയും കേരളത്തിനു നല്‍കിയിട്ടുണ്ടല്ലോ എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

ഞാന്‍ ഇടതടവില്ലാതെ പിണറായി വിജയനെ തുറന്നുകാണിക്കുന്നു. പക്ഷേ, കോണ്‍ഗ്രസും അവരുടെ യുവരാജാവും മിണ്ടാതിരിക്കുകയാണ്

മുമ്പെങ്ങുമില്ലാത്ത വിധം കേരളത്തിലെ പോരാട്ടത്തിൽ താങ്കൾ മുന്നിൽനിന്ന് നയിക്കുകയാണ്. ആർ.എസ്.എസിന് ശക്തമായ അടിത്തറയുള്ള സംസ്ഥാനമാണല്ലോ കേരളം. പക്ഷേ, ബി.ജെ.പി.ക്ക് കാര്യമായ രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ഇവിടെ സാധിച്ചിട്ടില്ല. കോൺഗ്രസിന് വലിയ പ്രതീക്ഷയാണ് തെക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ളത്, പ്രത്യേകിച്ച് കേരളത്തിൽ. എന്താണ് താങ്കൾക്ക് തോന്നുന്നത്

ബി.ജെ.പി.യുടെയും പോഷക സംഘടനകളുടെയും പ്രവർത്തകർ അടിത്തട്ടിൽ വളരെക്കാലമായി പ്രവർത്തിച്ചുവരുകയാണ്. സാമൂഹിക പ്രശ്നമായാലും പ്രകൃതിദുരന്തമായാലും അവർ വളരെ പ്രകടമായിത്തന്നെ ജനങ്ങൾക്കൊപ്പമുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ വോട്ടുശതമാനം ഗണ്യമായി ഉയർന്നു. ഇതിന് സഹായകമായത് ഇവിടത്തെ യുവജനങ്ങളും സ്ത്രീകളും സാധാരണക്കാരും കർഷകരുമൊക്കെയാണ്. അവർക്ക് ബി.ജെ.പി. പ്രതീക്ഷാകിരണമാണ്. ബി.ജെ.പി.യും എൻ.ഡി.എ.യും ചേർന്ന് അവരുടെ ആഗ്രഹങ്ങൾ നിർവഹിക്കാൻ സാധിക്കുമെന്ന് അവർ കരുതുന്നു. യു.ഡി.എഫും എൽ.ഡി.എഫും ചേർന്ന് ഇത്രയുംനാൾ കേരളത്തെ പിന്നോട്ടു നയിക്കുകയാണു ചെയ്തത്. അതുകൊണ്ട് ഇത്തവണ സാഹചര്യങ്ങൾ മാറുകയാണ്.

ചിത്രം ഇനിയുമേറെ മാറാൻ പോവുകയാണ്. 2021-ലെ ഫലം ബി.ജെ.പി.യുടെ ഭാവി എന്താണെന്ന് കാട്ടിത്തന്നു. 2024-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.കൂടുതൽ ഉയരങ്ങൾ താണ്ടും. ബി.ജെ.പി.ക്ക് ഇത്തവണ കേരളത്തിൽനിന്ന് എം.പി.മാർ ഉണ്ടാവുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഭാവിയിൽ സംസ്ഥാനത്ത് ബി.ജെ.പി. സർക്കാരും നിലവിൽവരും.കോൺഗ്രസിനെക്കുറിച്ച് പറയുകയാണെങ്കിൽ 2019-ൽ യു.പി.യിൽ പരാജയം മണത്ത് ഓടി കേരളത്തിൽ എത്തിയയാളാണ് അവരുടെ യുവരാജാവ്. കോൺഗ്രസിന് വീക്ഷണമോ ഒരു ഭരണ അജൻഡയോ ഇല്ലെന്ന് കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ഇവിടത്തെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ മുഴുവൻ ഫലവും അറിയുന്നതിനു മുൻപ്‌ വയനാടിന്റെ ഫലം അറിയാനാവും. കേരളത്തിന്റെ പോളിങ് കഴിയാൻ കാത്തിരിക്കുകയാണ് യുവരാജാവ്; മറ്റൊരു മണ്ഡലത്തിൽ പത്രിക സമർപ്പിക്കാൻ. തോൽവിയെക്കുറിച്ച് അത്രയും ഉറപ്പാണ് അവർക്കുള്ളത്.

പുതിയ ഇന്ത്യക്കു വേണ്ടിയുള്ള റോഡ് മാപ്പ്(വികസന പദ്ധതി) തയ്യാറാക്കുന്ന തിരക്കിലാണല്ലോ താങ്കൾ. ‘അമൃത്കാൽ 2047’-നു രൂപംനൽകാൻ പത്തുവർഷത്തെ ഭരണപരിചയത്തിൽനിന്ന് എന്തെല്ലാം പാഠങ്ങളാണ് ഉൾക്കൊള്ളുന്നത്. അതിൽ ആദ്യത്തെ അഞ്ച് നിർദേശങ്ങൾ എന്തായിരിക്കും. പ്രത്യേകിച്ച് യുവത്വത്തിനു മുൻഗണന നൽകിയുള്ളവ

ഇവിടെ ഞാൻ താങ്കളെ തിരുത്താൻ ആഗ്രഹിക്കുന്നു. ഭരണത്തലവൻ എന്ന നിലയ്ക്കുള്ള എന്റെ പരിചയം 23 വർഷംവരെ നീളും. 13 വർഷം മുഖ്യമന്ത്രി എന്നനിലയ്ക്കും 10 വർഷം പ്രധാനമന്ത്രി എന്നനിലയ്ക്കും സേവനം ചെയ്യാനുള്ള അപൂർവാവസരം എനിക്കു ലഭിച്ചിട്ടുണ്ട്. ഈ 23 വർഷവും ഞാൻ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജനങ്ങൾ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. പഠിച്ച ഒരു കാര്യം, ഞാൻ ഗുജറാത്തിലും ഇന്ത്യയൊട്ടാകെയും ഫലപ്രദമായി പ്രയോഗിച്ചത് ജനങ്ങളെ വിശ്വാസത്തിലെടുക്കുകയും അവരെ പങ്കാളികളാക്കുകയും ചെയ്യുക എന്നതാണ്.

ഗുജറാത്തിൽ ബഹുജന പ്രസ്ഥാനത്തിലൂടെ സ്ത്രീസാക്ഷരത വർധിപ്പിക്കാനും സ്കൂൾ കൊഴിഞ്ഞുപോക്കു തടയാനും ശ്രമിച്ചു. ദേശീയതലത്തിൽ സ്വച്ഛ്ഭാരത് പ്രസ്ഥാനം, ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, ഡിജിറ്റൽ പണമിടപാട് എന്നിവയെല്ലാം ജനപങ്കാളിത്തത്തോടെയാണ് നടപ്പാക്കിയത്. യുവത്വത്തെ മുരടിപ്പിക്കുകയും പൂർണതോതിൽ വളരാൻ അനുവദിക്കാതെയുമുള്ള കാലമായിരുന്നു കോൺഗ്രസിനു കീഴിൽ രാജ്യത്തുണ്ടായിരുന്നത്. അഴിമതിയും പക്ഷപാതിത്വവും യുവാക്കളെയാണ് കൂടുതൽ ബാധിക്കുന്നത്. ‘വികസിത ഭാരതം’ എന്നത് കൈവരിക്കണമെങ്കിൽ യുവാക്കളുടെ ശക്തിയിലൂടെ മാത്രമേ സാധിക്കൂ എന്നാണ് എന്റെ ബലമായ വിശ്വാസം. യുവാക്കളെ കേന്ദ്രീകരിച്ച് ധാരാളം പദ്ധതികൾ ഞങ്ങൾ വിഭാവനം ചെയ്തിട്ടുണ്ട്. ഞങ്ങളുടെ പ്രകടനപത്രികയിൽ, എങ്ങനെയാണ് യുവ ഇന്ത്യയെ ശക്തിപ്പെടുത്തുക എന്നു വിശദീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിൽ ഗുണപരമായി ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. യുവാക്കൾക്ക് അവരുടെ കഴിവ് തെളിയിക്കാനും കരുത്താർജിക്കാനും തക്കതായ വിപ്ലവകരമായ മാറ്റങ്ങളാണ് പുതിയ വിദ്യാഭ്യാസനയം സൃഷ്ടിക്കുക. കഴിഞ്ഞ പത്തുവർഷംകൊണ്ട് ഒട്ടേറെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞങ്ങൾ സ്ഥാപിച്ചു. മൂന്നാം ഭരണത്തിലും അത് തുടരും. ഓരോ ദിവസവും ഈരണ്ടു കോളേജുകളും ഓരോ ആഴ്ചയും ഒരു സർവകലാശാലയും തുറക്കുന്നുണ്ട്. പത്തുവർഷം കൊണ്ട് ഏഴ് പുതിയ ഐ.ഐ.ടി.കളും ഏഴ് പുതിയ ഐ.ഐ.എമ്മുകളും 15 എയിംസുകളും ഞങ്ങൾ സ്ഥാപിച്ചു.

നിർമാണരംഗത്തും അടിസ്ഥാനസൗകര്യ മേഖലയിലും റെക്കോഡ്‌ നിക്ഷേപമാണ് ഇന്ത്യയിലുണ്ടാവുന്നത്. ഇതിലൂടെ യുവാക്കൾക്ക് ഒട്ടേറെ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ബഹുമുഖമായ പുതിയ സാഹചര്യങ്ങളിലൂടെ സ്റ്റാർട്ടപ്പുകൾ തഴച്ചുവളരുന്നുണ്ട്. ഫണ്ടുകൾ കിട്ടാനും ഇന്ന് തടസ്സങ്ങളില്ല. സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും സാംസ്കാരികവും പ്രകൃതിദത്തവുമായി കേന്ദ്രങ്ങൾ വികസിപ്പിച്ചും ടൂറിസത്തിന്റെ സാധ്യതകൾ മുതലെടുക്കും. ഇതിലൂടെയെല്ലാം യുവാക്കൾക്ക് പുതിയ അവസരങ്ങൾ ലഭ്യമാകും. യുവാക്കൾ നടത്തുന്ന ചെറുകിട-മധ്യ ബിസിനസ് സംരംഭങ്ങളെ പരിപോഷിപ്പിക്കാൻ ‘പി.എം. മുദ്ര യോജന’ പ്രകാരമുള്ള വായ്പയുടെ പരിധി 20 ലക്ഷം ആയി ഉയർത്തും. 21-ാം നൂറ്റാണ്ട് വെറും ഇന്ത്യയുടെ നൂറ്റാണ്ടല്ല. അത് ഇന്ത്യൻ യുവത്വത്തിന്റെകൂടി നൂറ്റാണ്ടാണ്. നമുക്ക് വലിയ, ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. വികസിത് ഭാരത് എന്ന നമ്മുടെ ലക്ഷ്യത്തിൽ നമ്മൾ അതീവ ശ്രദ്ധ ചെലുത്തുകയാണ്. 2047-നു വേണ്ടി 24X7 ശ്രമിച്ചുകൊണ്ടേയിരിക്കും.

കേരളത്തിലെ യുവതീയുവാക്കൾ വിദ്യാഭ്യാസത്തിനും ജോലിക്കുമായി സംസ്ഥാനം വിട്ടുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. ദക്ഷിണേന്ത്യയിലാകെ യുവാക്കൾക്ക് എന്തോ കുറവുള്ളതുപോലെ തോന്നുന്നു. ദക്ഷിണേന്ത്യക്കുവേണ്ടി നൈപുണി, സാങ്കേതികവിദ്യ എന്നിവയെ സംബന്ധിച്ച് താങ്കളുടെ കാഴ്ചപ്പാട് എന്താണ്

കൂടുതൽ അവസരങ്ങൾതേടി കേരളത്തിലെ യുവതീയുവാക്കൾക്ക് മാതൃസംസ്ഥാനം വിട്ടുപോകേണ്ടിവരുന്ന അവസ്ഥ നിർഭാഗ്യകരമാണ്. വ്യവസായങ്ങൾ വികസിപ്പിച്ച് സംസ്ഥാനത്ത് തൊഴിലവസരങ്ങൾ ഉയർത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകത എൽ.ഡി.എഫ്., യു.ഡി.എഫ്. സർക്കാരുകൾ തുടർച്ചയായി ബോധപൂർവം അവഗണിച്ചു.

മറുഭാഗത്ത്, കേന്ദ്രസർക്കാർ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കാൻ പുതുതലമുറ നൈപുണി സ്വായത്തമാക്കാൻ അവരെ സജ്ജമാക്കാനും അവർക്ക് സംസ്ഥാനത്ത് അവസരങ്ങൾ തുറന്നുകൊടുക്കാനും പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. യുവാക്കൾക്കിടയിൽ കണ്ടുപിടിത്തങ്ങൾ സാധ്യമാക്കാൻ ഞങ്ങൾ 370-ലധികം ‘അടൽ ടിങ്കറിങ് ലാബുകൾ’ സജ്ജമാക്കിക്കഴിഞ്ഞു. കേരളത്തിലെ യുവാക്കൾക്കായി മുദ്ര യോജനയ്ക്കുകീഴിൽ ഈടില്ലാതെ ഒരുലക്ഷംകോടി രൂപ വായ്പനൽകുന്ന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യ വിവിധ രാജ്യങ്ങളുടെ നാനൂറിലധികം ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതായി താങ്കൾക്ക് അറിയുമോ? അതിൽനിന്ന് നാലായിരംകോടി രൂപയിലേറെ നമ്മൾ വരുമാനം നേടി. ഐ.എസ്.ആർ.ഒ.യുടെ പല ഗവേഷണങ്ങളും വിക്ഷേപണങ്ങളും നടക്കുന്ന സ്ഥലമാണ് കേരളം. ഇതുകൂടി കണക്കിലെടുത്ത് സ്റ്റാർട്ടപ്പ് ഇന്ത്യയുമായി ചേർന്ന്, കേരളത്തിലെ ബഹിരാകാശ, പ്രതിരോധ മേഖലകളുമായി ബന്ധപ്പെട്ട തദ്ദേശീയ സ്റ്റാർട്ടപ്പുകളുടെയും വ്യവസായങ്ങളുടെയും ഒരു ശൃംഖല രൂപപ്പെടുത്തും. ഈ സാഹചര്യത്തിലാണ്, കേരളത്തെ വിവര സമ്പദ് വ്യവസ്ഥ (നോളജ് ഇക്കോണമി)യായി രൂപപ്പെടുത്താൻ രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് തിരുവനന്തപുരത്ത് ഞാൻ ഉദ്ഘാടനം ചെയ്തത്.

സംസ്ഥാനത്തെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താൻ ലക്ഷക്കണക്കിനു കോടി രൂപ ഞങ്ങൾ നിക്ഷേപിച്ചിട്ടുമുണ്ട്. കൊച്ചി തുറമുഖത്തിന്റെ നവീകരണം, ദേശീയപാത-66ന്റെ വീതികൂട്ടൽ, റെയിൽപ്പാത ഇരട്ടിപ്പിക്കൽ, കൊച്ചി മെട്രോ ദീർഘിപ്പിക്കൽ എന്നിവയുൾപ്പെടെ ഇതിൽപ്പെടും. ഇതെല്ലാം സംസ്ഥാനത്തെ തൊഴിലവസരങ്ങൾ വർധിക്കാൻ ഉപകരിക്കും.

മോദിസർക്കാർ ദക്ഷിണേന്ത്യയെ അവഗണിക്കുന്നുണ്ടോ

ദക്ഷിണേന്ത്യയും ഉത്തരേന്ത്യയുമായുള്ള വേർതിരിവിനെക്കുറിച്ച് പ്രതിപക്ഷം നടത്തുന്ന പ്രചാരണം രൂക്ഷമാണ്. മോദിസർക്കാർ ദക്ഷിണേന്ത്യയെ അവഗണിക്കുന്നെന്നാണ് അവർ പറയുന്നത്; പ്രത്യേകിച്ചും സാമ്പത്തിക കാര്യങ്ങളിൽ. വായ്പയെടുക്കാൻ അനുവാദംതേടി കേരളസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ദക്ഷിണേന്ത്യക്കാരുടെ മനസ്സിലിടംപിടിക്കാൻ എന്താണ് താങ്കളുടെ പദ്ധതികൾ

രാജ്യത്തെ ദക്ഷിണേന്ത്യ, ഉത്തരേന്ത്യ എന്നു വിഭജിക്കുന്ന പ്രതിപക്ഷനടപടി ലജ്ജാവഹമാണ്. അതിനെ ഞാൻ തള്ളിക്കളയുന്നു. ദക്ഷിണേന്ത്യക്കാരും ഈ വാദം തള്ളുകയാണ്. ജാതിയുടെയും മതത്തിന്റെയും സംസ്ഥാനത്തിന്റെയുമൊക്കെ പേരിൽ രാജ്യത്തെ വിഭജിക്കാനാണ് യു.ഡി.എഫും എൽ.ഡി.എഫും ശ്രമിക്കുന്നത്. ഇതിലൂടെ വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി അധികാരത്തിൽ തുടരാനാണ് അവരുടെ ശ്രമം. ഇതൊഴിച്ചുനിർത്തിയാൽ കേരളം അതിന്റെ വിഭവസമ്പത്തുകൊണ്ടും മനുഷ്യസമ്പത്തുകൊണ്ടും ഇന്ത്യയുടെ വികസനത്തിൽ തുല്യ പങ്കാളിത്തമുള്ളവരാണ്. വികസനത്തിലേക്കുള്ള പാതയിൽ കേരളത്തെ ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ദൗർഭാഗ്യകരമെന്നു പറയട്ടെ, യു.ഡി.എഫും എൽ.ഡി.എഫും സംസ്ഥാനത്ത് തുടർന്നുകൊണ്ടിരിക്കുന്നത് തെറ്റായ ഭരണനയങ്ങളാണ്. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനോ വൈവിധ്യവത്കരിക്കാനോ അർഥപൂർണമായ ചുവടുകൾ വെക്കുന്നതിൽ അവർ പരാജയപ്പെട്ടു.

ഈ പിടിപ്പുകേട് കടം അപകടകരമാംവിധം ഉയരുന്നതിലേക്കു നയിച്ചു. ജീവനക്കാർക്ക് ശമ്പളം നൽകാൻപോലും പണം കടമെടുക്കേണ്ട അവസ്ഥ സംസ്ഥാനസർക്കാരിനുണ്ടായി. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന അടിസ്ഥാനസൗകര്യ വികസനത്തിനായി ഫണ്ടുകൾ ഉപയോഗിക്കുന്നതിനുപകരം മന്ത്രിമാർക്ക് കൂടുതൽ പേഴ്‌സണൽ സ്റ്റാഫിനെ നിയമിക്കാനും അവർക്ക് ആജീവനാന്തം പെൻഷൻ നൽകാനുമായി പണം ചെലവഴിക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പി.എസ്.സി. റാങ്ക് പട്ടികയിലുള്ളവർക്ക് നിയമനം കിട്ടാൻ വർഷങ്ങൾ കാത്തിരിക്കേണ്ട അവസ്ഥ അവരുണ്ടാക്കുന്നു. കഴിവുള്ള ഇത്തരം യുവാക്കൾക്ക് ശമ്പളം നൽകാൻ അവർക്കു കഴിയാത്തതിനാലാണിത്.

പക്ഷേ, ഇതൊന്നും സംസ്ഥാനസർക്കാരിനെ കഴിയാവുന്ന രീതിയിലൊക്കെ പിന്തുണയ്ക്കുന്നതിൽനിന്ന് എന്റെ സർക്കാരിനെ പിന്തിരിപ്പിച്ചിട്ടില്ല. എന്റെ ഭരണത്തിൻകീഴിൽ കേരളത്തിനുള്ള നികുതി കൈമാറ്റം യു.പി.എ. സർക്കാരിന്റെകാലത്തെ 46,000 കോടി രൂപയിൽനിന്ന് 1.55 ലക്ഷം കോടിയായി ഉയർന്നു. ഇത് കേരളത്തോടുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയാണു കാണിക്കുന്നത്.

കോവിഡ് കാലത്ത് 18,000 കോടി രൂപ അധികമായി കടമെടുക്കാൻ ഞങ്ങൾ അനുമതി നൽകി. അടുത്തിടെ പ്രതിസന്ധി പരിഹരിക്കാൻ സഹായമായി അധികമായി 13,000 കോടിരൂപ നൽകി. സുപ്രീംകോടതിപോലും അവരുടെ തെറ്റായ ഭരണരീതികളെയും സാമ്പത്തിക അച്ചടക്കമില്ലായ്മയെയും ചൂണ്ടിക്കാട്ടി. ഭിന്നിപ്പിക്കാനും ശ്രദ്ധതിരിക്കാനുമൊന്നും നിൽക്കാതെ ഭരണത്തിൽ ശ്രദ്ധിക്കണമെന്ന് അധികാരത്തിലുള്ളവർ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു.ദക്ഷിണേന്ത്യയിലെ ജനങ്ങളുമായും ഞങ്ങളുടെ കാര്യകർത്താക്കളുമായും ദിനേനയെന്നോണം ഞാൻ നേരിട്ടു ബന്ധപ്പെടുന്നുണ്ട്. അവരെന്നെ അവരുടെ കുടുംബത്തിന്റെ ഭാഗമായി കാണുന്നെന്നതിൽ എനിക്ക് ചാരിതാർഥ്യമുണ്ട്. ബി.ജെ.പി.ക്ക് പിന്തുണയുമായി പൊതുയോഗങ്ങളിലും റോഡ് ഷോകളിലും മറ്റുംവരുന്ന ആയിരങ്ങളിൽനിന്ന് എനിക്കുകിട്ടുന്ന പ്രതികരണങ്ങൾ തെക്ക്-വടക്ക് വിഭജനം കൃത്രിമമായി കെട്ടിപ്പൊക്കിയതാണെന്നും അടിസ്ഥാനരഹിതമാണെന്നും ഉള്ളതിനുള്ള തെളിവാണ്.തെക്ക്-വടക്ക് വിഭജനമുണ്ടെന്നു വിശ്വസിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അത് ഇന്ത്യ ഒരു രാജ്യം, ആയിരക്കണക്കിനു വർഷങ്ങളായുള്ള ഒരു സംസ്കാരം എന്നീ നിലകളിലുള്ള യാഥാർഥ്യത്തിനു നിരക്കുന്നതല്ല. പ്രതിപക്ഷ നൈരാശ്യത്തിൽനിന്നാണ് തെക്ക്-വടക്ക് വിഭജന സിദ്ധാന്തം ഉടലെടുക്കുന്നത്. അല്ലാതെ യാഥാർഥ്യത്തിൽ നിന്നല്ല. നമ്മൾ വൈവിധ്യമുള്ളവരും സാംസ്കാരികമായി ചില കാര്യങ്ങളിൽ വ്യത്യസ്തരുമാണെന്നതു ശരിയാണ്. പക്ഷേ, അതിനർഥം നമ്മൾ വിഭിന്നരെന്നല്ല. നമ്മൾ വൈവിധ്യമുള്ളവരാണ്; പക്ഷേ, വിഭിന്നരല്ല.

വരുംകാല പ്രതീക്ഷകൾ

സാങ്കേതികവിദ്യ, നിർമിതബുദ്ധി, ടൂറിസം, ആരോഗ്യം എന്നിവയിലാണ് താങ്കൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഈ സ്വപ്നങ്ങളെ രാജ്യത്തിന്റെ യുവശക്തിയുമായി എങ്ങനെ ബന്ധിപ്പിക്കാനാണ് താങ്കൾ ഉദ്ദേശിക്കുന്നത്

ഇന്ന് ഇന്ത്യക്ക്‌ എന്തെങ്കിലും മേൽക്കൈ ഉണ്ടെങ്കിൽ അത് രാജ്യത്തിന്റെ യുവശക്തി ഒന്നുകൊണ്ടു മാത്രമാണ്. എവിടെ വേണമെങ്കിലും നിങ്ങൾ നോക്കൂ, യുവാക്കൾ മാറ്റത്തിനുവേണ്ടി കൊതിക്കുകയാണ്. നമ്മുടെ മിടുക്കരായ യുവമനസ്സുകൾ അന്വേഷണകുതുകികളും വിശാലമനസ്കരുമാണ്. ഇതിനെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങളുടെ സർക്കാർ നയവും പരിപാടികളും എ.ഐ. ഫോർ ഓൾ (എല്ലാവർക്കും നിർമിത ബുദ്ധി) എന്ന മുദ്രാവാക്യത്തെ അടിസ്ഥാനമാക്കിയാണ്. ഇന്ത്യയുടെ പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയും നിർമിതബുദ്ധിയും ഉപയോഗിച്ച് പരിഹാരം കാണാൻ യുവാക്കൾ മുന്നോട്ടുവരാൻ എല്ലാവിധ പിന്തുണയും നൽകും. ഒരു ഉദാഹരണം പറഞ്ഞാൽ, എല്ലാ മന്ത്രാലയങ്ങളോടും അവർക്ക് പരിഹാരങ്ങൾ കാണേണ്ട പ്രശ്നങ്ങളുടെ പട്ടിക തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ പ്രശ്നങ്ങളെല്ലാം സമാഹരിച്ച് യുവാക്കൾക്കു മുന്നിൽ ഹാക്കത്തൺ ആയി അവതരിപ്പിക്കും. ഞാനും നിർബന്ധമായും ഈ ഹാക്കത്തണുകളിൽ പങ്കെടുക്കും. നമ്മുടെ ചെറുപ്പക്കാർ അവർക്കുമുന്നിൽ അവതരിപ്പിക്കപ്പെട്ട പ്രശ്നങ്ങൾക്കെല്ലാം ഉറപ്പായും പരിഹാരം കണ്ടെത്തും.

ആരോഗ്യമേഖല എടുക്കുകയാണെങ്കിൽ മെഡിക്കൽ കോളേജുകളുടെ എണ്ണം കഴിഞ്ഞ പത്തുവർഷത്തിനിടെ 387-ൽനിന്ന് 706 ആയി. എം.ബി.ബി.എസ്. സീറ്റുകളുടെ എണ്ണം 2014-ലുണ്ടായിരുന്ന 51,348-ൽനിന്ന് 1,08,940 ആയി. മെഡിക്കൽ പി.ജി. സീറ്റുകളുടെ എണ്ണം 31,185-ൽനിന്ന് 70,645 ആയി. ഇതിന്റെയർഥം ഇന്ന് നമ്മുടെ യുവശക്തികളിൽ കൂടുതൽപ്പേർ ഡോക്ടർമാരും ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളുമായി മാറുന്നുണ്ട്. ഇതു കാണിക്കുന്നത് നമ്മുടെ ആരോഗ്യമേഖല കൂടുതൽ പ്രാപ്യവും ചെലവുകുറഞ്ഞതും ആകുന്നുണ്ടെന്നാണ്.

പത്തുവർഷംകൊണ്ട് രാജ്യത്തിന്റെ ടൂറിസം സവിശേഷമായ രീതിയിൽ വളർന്നിട്ടുണ്ട്. പ്രാദേശിക സമ്പദ്ഘടനയിൽ നേരിട്ട് പ്രതിഫലനം സൃഷ്ടിക്കാൻ സാധിക്കുന്ന മേഖലയാണ് ടൂറിസം. ധാരാളമാളുകൾ അതിലൂടെ വരുമാനം കണ്ടെത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ടൂറിസം കേന്ദ്രങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ ഞങ്ങൾ ശ്രദ്ധിക്കുന്നു. ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള എല്ലാ സാഹചര്യങ്ങളും കേരളത്തിനുണ്ട്. മലനിരകൾമുതൽ ജലാശയങ്ങൾവരെ. പൗരാണികതമുതൽ സുഖചികിത്സവരെ. കേരളത്തെ രാജ്യത്തിന്റെ പ്രധാന ടൂറിസം ഹബ്ബാക്കി മാറ്റാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. നമ്മുടെ സാംസ്കാരികവും ആത്മീയവുമായ കേന്ദ്രങ്ങൾ വികസിപ്പിക്കാൻ ഞങ്ങളുടെ പ്രകടനപത്രികയിൽ പ്രത്യേക പരിഗണന നൽകുന്നുണ്ട്. സ്വദേശി ദർശന പദ്ധതി കൂടുതൽ വിപുലപ്പെടുത്തും. നദീ ടൂറിസം ഉൾപ്പെടെ വിവിധ പ്രമേയാധിഷ്ഠിത ടൂറിസം സർക്യൂട്ടുകൾ വികസിപ്പിക്കും. ഈ പദ്ധതികൾ കേരളത്തിന് വലിയ നേട്ടം കൊണ്ടുവരുന്നതിനൊപ്പം സാധാരണക്കാരുടെ ജീവിതവും മെച്ചപ്പെടുത്തും.

തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ, 2024-ലെ തിരഞ്ഞെടുപ്പ് സനാതനധർമത്തെ അതിന്റെ തീവ്രവിമർശകരിൽനിന്നു സംരക്ഷിക്കാൻകൂടിയാണെന്ന വ്യാഖ്യാനങ്ങൾ ഉയർന്നുവരുന്നുണ്ട്. ഇത്തരം പ്രവണതകൾ കൂടുന്നത് രാജ്യത്തെ ജനാധിപത്യവ്യവസ്ഥയെ അപ്പാടെ പൊളിച്ചെഴുതില്ലേ

ഇന്ത്യയുടെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകം പുനരുജ്ജീവിക്കപ്പെടുന്ന കാലഘട്ടത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ കോൺഗ്രസും അതിന്റെ സഖ്യകക്ഷികളും അസ്വസ്ഥതയോടെ അതിനെതിരേ ശബ്ദമുയർത്തുകയാണ്. സനാതനധർമത്തെ ‘ഡെങ്കു’വായും ‘മലേറിയ’യുമായാണ് ഇന്ത്യമുന്നണിയിലെ ചിലർ കുറച്ചുമാസംമുമ്പ് ഉപമിച്ചത്. സനാതനധർമത്തോടുള്ള അവരുടെ വിദ്വേഷവും വെറുപ്പും അസ്വസ്ഥതയും എത്രത്തോളമുണ്ടെന്നു വ്യക്തമാക്കുന്നതാണ് ആ വാക്കുകൾ. ഒരുകാലത്ത് മഹാത്മാഗാന്ധിയുടെ മൂല്യങ്ങളും ആദർശവും ഉയർത്തിപ്പിടിച്ച പാർട്ടിയാണ് സനാതനധർമത്തെ ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്നവർക്കൊപ്പം ചേർന്നിരിക്കുന്നത്. എന്തൊരു അധഃപതനമാണത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള രാജ്യത്തിന്റെ പൈതൃകത്തെ എതിർക്കാനാണ് കോൺഗ്രസ് ഇന്നു ശ്രമിക്കുന്നത്. ഭഗവാൻ രാമന്റെ അസ്തിത്വത്തെ അവർ ചോദ്യംചെയ്യുന്നു. അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം നിരസിച്ച് അതിൽ പങ്കെടുക്കാതിരിക്കുന്നു, ദ്വാരകയെ പരിഹസിക്കുന്നു, ശക്തിയെ എതിർക്കുമെന്ന് പറയുന്നു. ഭാരതത്തിന്റെ പുത്രനെന്ന് അഭിമാനംകൊള്ളുന്ന ഞാൻ നമ്മുടെ പൈതൃകത്തിൽ ആഹ്ളാദിക്കുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിൽ ചരിത്രപ്രാധാന്യമുള്ള ചെങ്കോൽ പ്രതിഷ്ഠിച്ചത് ഞങ്ങളുടെ പാർട്ടിയാണ്. യോഗയ്ക്ക് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാൻ സഹായംചെയ്തത് ഞങ്ങളുടെ സർക്കാരാണ്. അതുപോലെ കേരളത്തിലെ വീടുകളിൽ നടപ്പാക്കിയ ശ്രീ അന്ന ചെറുധാന്യപദ്ധതിയും ആഗോളതലത്തിൽ പ്രശംസപിടിച്ചുപറ്റി. ഈ നേട്ടങ്ങളെല്ലാം രാജ്യത്തെ ജനങ്ങൾ കാണുന്നുണ്ട്, അനുഭവിക്കുന്നുണ്ട്. പ്രശംസിക്കുകയും അഭിമാനംകൊള്ളുകയും ചെയ്യുന്നുണ്ട്.

ഞങ്ങൾ ഇക്കാര്യങ്ങൾ ചെയ്തത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടല്ല. ഞങ്ങളാരാണോ അതാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഞാനീപ്പറഞ്ഞതൊക്കെയും തിരഞ്ഞെടുപ്പിന് എത്രയോമുമ്പേ നടപ്പാക്കിക്കഴിഞ്ഞതാണ്.

രാജ്യത്തിന്റെ സംസ്കാരത്തിലും പൈതൃകത്തിലും അഭിമാനംകൊള്ളുന്നവരാണ് ഭാരതജനത. അതിനെ അപമാനിക്കുന്നതൊന്നും അവർ അംഗീകരിക്കില്ല. ഈ നേതാക്കളുടെ ആദർശത്തെയും ഭരണത്തെയും നയങ്ങളെയും ജനങ്ങൾ ചോദ്യംചെയ്തുതുടങ്ങിയിരിക്കുന്നു. ഭരണപരമായ അവരുടെ വീഴ്ചകൾ മറച്ചുവെക്കാനാണ് ഈ നേതാക്കൾ ഇത്തരം വിദ്വേഷപ്രചാരണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ പത്തുവർഷത്തിനിടെ ഒരുദിവസംപോലും താങ്കൾ അവധിയെടുത്തിട്ടില്ല. എങ്ങനെയാണ് താങ്കളുടെ ഒരുദിവസം കടന്നുപോകുന്നതെന്ന് വ്യക്തമാക്കാമോ മോദിജി. താങ്കളുടെ ഇഷ്ടഭക്ഷണം, പ്രത്യേകിച്ച് തെന്നിന്ത്യൻ വിഭവങ്ങളിൽ

പത്തുവർഷത്തിനിടെ ഞങ്ങൾ ചെയ്ത കാര്യങ്ങൾ വരാനിരിക്കുന്നതിന്റെ ഒരു ട്രെയ്‌ലർ മാത്രമാണ്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടെന്നുതന്നെയാണ് ഞാൻ കരുതുന്നത്. രാഷ്ട്രത്തെ സേവിക്കാതെ എന്റെ ഒരുദിനംപോലും കടന്നുപോകരുതെന്നു കരുതുന്നയാളാണ് ഞാൻ. 140 കോടി ആളുകളുള്ള എന്റെ കുടുംബത്തിനായാണ് ഞാൻ പ്രവർത്തിക്കുന്നത്. അവരോടുള്ള എന്റെ ഈ വികാരമാണ് ഓരോദിനത്തിലും എന്നെ മുന്നോട്ടുനയിക്കുന്നത്.യൗവനകാലത്ത് ആത്മീയപാതയിലൂടെയായിരുന്നു എന്റെ സഞ്ചാരം. അന്നുമുതൽ ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേൽക്കുന്ന പതിവുണ്ടായിരുന്നു. പുലർച്ചെ യോഗ, വ്യായാമം എന്നിവയോടെയാണ് എന്റെ ഒരുദിനം തുടങ്ങുന്നത്. ശേഷം അന്നത്തെ പ്രധാനവാർത്തകളും സംഭവങ്ങളുമൊക്കെ മനസ്സിലാക്കും. സുഹൃത്തുക്കളുമായും കാര്യകർത്താക്കളുമായുമൊക്കെ ഇതിനിടെ സംസാരിക്കുകയും പരിചയം പുതുക്കുകയും ചെയ്യും. രാവിലെ ഒമ്പതിനു തുടങ്ങുന്ന ഔദ്യോഗിക കാര്യക്രമങ്ങൾ രാത്രി വൈകുംവരെ നീളും. യോഗങ്ങളും അവതരണങ്ങളും ചടങ്ങുകളുമൊക്കെ നിറഞ്ഞതാണ് എന്റെ ഒരുദിനം.ഭക്ഷണകാര്യത്തിൽ എനിക്ക് അങ്ങനെ ഇഷ്ടമോ അനിഷ്ടമോ ഒന്നുമില്ല. സാധാരണഭക്ഷണത്തോടാണ് താത്പര്യം.

രാഹുലും പിണറായിയും

കേരളത്തിൽ കോൺഗ്രസും ഇടതുപക്ഷവും തമ്മിലുള്ള ശത്രുതയെ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു? പിണറായി വിജയനെ ജയിലിലടയ്ക്കണമെന്ന രാഹുൽഗാന്ധിയുടെ പ്രസ്താവനയോട് താങ്കൾ എങ്ങനെ പ്രതികരിക്കുന്നു

കോൺഗ്രസും ഇടതുപക്ഷവും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ്. കേരളത്തിൽ അവർ സൗഹൃദമത്സരത്തിലാണ്. ഡൽഹിയിൽ അവർ പാർട്ണർമാരാണ്. കേരളത്തിൽ കോൺഗ്രസിന്റെ യുവരാജാവ് ആവശ്യപ്പെടുന്നത് പിണറായി വിജയനെ ജയിലിലടയ്ക്കണം എന്നാണ്. ഡൽഹിയിൽ അഴിമതിക്കെതിരായ നടപടിയിൽ പ്രതിഷേധിക്കാൻ അവർ ഒരുമിക്കുന്നു. അഴിമതിയോടുള്ള കോൺഗ്രസ് സമീപനം സെലക്ടീവാണ്. അഴിമതി അവർക്കൊരു പ്രശ്നമല്ല. ഇഷ്ടമല്ലാത്തവരെ ആക്രമിക്കാൻവേണ്ടി മാത്രമാണ് അവരത് ഉപയോഗിക്കുന്നത്. ഞാൻ ഇടതടവില്ലാതെ പിണറായി വിജയനെ തുറന്നുകാണിക്കുന്നു. പക്ഷേ, കോൺഗ്രസും അവരുടെ യുവരാജാവും മിണ്ടാതിരിക്കുകയാണ്.

മുഖ്യമന്ത്രിയും മകളും സി.എം.ആർ.എലുമായി നടത്തിയ ഇടപാടിനെക്കുറിച്ച് ഞാൻ പറഞ്ഞു. പക്ഷേ, യുവരാജാവ് മിണ്ടിയില്ല. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസും കള്ളക്കടത്തു സംഘവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിഷയം ഞാൻ ഉയർത്തിക്കൊണ്ടുവന്നു. യുവരാജാവ് അതിനെക്കുറിച്ചും മിണ്ടിയില്ല. സി.പി.എമ്മിനു കീഴിലുള്ള സഹകരണ ബാങ്കുകളുടെ കൊള്ളയെ ഞാൻ തുറന്നുകാണിച്ചു. തട്ടിപ്പിൽ ഉൾപ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടിയാണെങ്കിലും സാധാരണക്കാർക്ക് ഈ പണം തിരിച്ചുനൽകുമെന്ന് ഞാൻ ഉറപ്പുനൽകി. ഒരിക്കൽക്കൂടി യുവരാജാവ് മിണ്ടിയില്ല.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്, മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന അഴിമതി എന്നിവയുമായി ബന്ധപ്പെട്ട് താങ്കൾ സി.പി.എമ്മിനെതിരേയും അതിന്റെ നേതാക്കൾക്കെതിരേയും രംഗത്തുവരുകയുണ്ടായി. പക്ഷേ, സി.പി.എം. ആരോപിക്കുന്നത്, ഇതിലൂടെ കേരളത്തിലെ സഹകരണ ബാങ്കുകളെ ‘ഇല്ലായ്മ’ചെയ്യാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നാണ്. എന്താണ് ഇക്കാര്യത്തിൽ താങ്കളുടെ അഭിപ്രായം

ഒന്നാമതായി, ‘ഇല്ലായ്മ ചെയ്യുക’ എന്ന വാക്ക് ഉപയോഗിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാർട്ടി ക്രമാതീതമായ രാഷ്ട്രീയഹിംസയിൽ മുഴുകുകയും എതിരാളികളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിൽ അതു സി.പി.എമ്മാണ്. അതുകൊണ്ട് ഞാൻ ആ വാക്കിന്റെ ഉപയോഗത്തെ മഹത്ത്വവത്കരിക്കുന്നില്ല.

താങ്കളുടെ ചോദ്യത്തിലേക്കു വന്നാൽ, വസ്തുതയെന്താണെന്നു വെച്ചാൽ, കേരളത്തിലെ എൽ.ഡി.എഫ്. കുടുംബവാഴ്ചാ രാഷ്ട്രീയം, അഴിമതി തുടങ്ങിയ കാര്യങ്ങളിൽ കോൺഗ്രസ് പാർട്ടിയുടേതുപോലെ മാറിക്കഴിഞ്ഞു. സഹകരണ തട്ടിപ്പുസംബന്ധിച്ച്, ഇതിനെക്കുറിച്ച് ഞാൻ പലതവണ പറഞ്ഞുകഴിഞ്ഞു. ആ തട്ടിപ്പിലെ കുറ്റവാളികളെ വെറുതേവിടില്ലെന്ന് ഉറപ്പുപറഞ്ഞുകഴിഞ്ഞു. ആയിരക്കണക്കിനു പാവങ്ങൾ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം അപഹരിക്കുകയും അവരെ ദുരിതപൂർണമായ അവസ്ഥയിലേക്കു തള്ളിവിടുകയും ചെയ്തതു കാണുമ്പോൾ ദുഃഖം തോന്നുന്നു. സഹകരണമേഖല ഏറെ പ്രധാനപ്പെട്ടതാണ്. ഗ്രാമീണ ജനതയെയും സ്ത്രീകളെയും ശാക്തീകരിക്കുന്നതിൽ നേരിട്ടു ബന്ധമുള്ള ഒന്ന്. കുറച്ചുനേതാക്കളെ സമ്പന്നരാക്കാൻ സി.പി.എം. സഹകരണമേഖലയെ ഉപയോഗിച്ചെന്നത് പരിതാപകരമാണ്.

താങ്കളും താങ്കളുടെ പാർട്ടിയും 400 സീറ്റിലധികം ലക്ഷ്യംവെക്കുന്നു. 2019-ൽ വിജയിച്ച 303 സീറ്റിൽ കൂടുതലും ഉത്തരേന്ത്യയിൽനിന്നായിരുന്നു. പക്ഷേ, ദക്ഷിണേന്ത്യ ബി.ജെ.പി.യെ സംബന്ധിച്ച് ബാലികേറാമലയാണ്. ഇത്തവണ ഈ പ്രവണതയ്ക്ക് മാറ്റമുണ്ടാക്കാനാവുമെന്ന് താങ്കൾ കരുതുന്നുണ്ടോ

താങ്കളുടെ ചോദ്യം വസ്തുതാപരമല്ല. 2019-ൽ ദക്ഷിണേന്ത്യയിൽ ഏറ്റവുംവലിയ പാർട്ടി ബി.ജെ.പി.യായിരുന്നു. അടുത്തിടെവരെ കർണാടകത്തിൽ ഞങ്ങളുടെ സർക്കാരായിരുന്നു. പുതുച്ചേരിസർക്കാരിൽ ഞങ്ങൾക്ക് പങ്കാളിത്തമുണ്ട്. തെലങ്കാനയിൽ ഞങ്ങൾക്ക് സുപ്രധാന ശക്തിയുണ്ട്. അതുകൊണ്ട് ദക്ഷിണേന്ത്യയിൽ സാന്നിധ്യമില്ലെന്ന കാഴ്ചപ്പാടിനോട് ഞാൻ യോജിക്കുന്നില്ല. ഇത് ചില രാഷ്ട്രീയവിശാരദന്മാരുടെ കാഴ്ചപ്പാട് മാത്രമാണ്. പക്ഷേ, വസ്തുതകൾ പറയുന്നത് വ്യത്യസ്ത കഥയാണ്.

ഞങ്ങളുടെ പാർട്ടിപ്രസിഡന്റുമാരിൽ മൂന്നുപേർ ദക്ഷിണേന്ത്യയിൽനിന്നായിരുന്നെന്ന കാര്യം താങ്കൾക്ക് അറിയാമായിരിക്കുമല്ലോ? 1984-ൽ ഞങ്ങൾക്ക് രണ്ടുസീറ്റ് മാത്രമുള്ളപ്പോൾ അതിലൊന്ന് ദക്ഷിണേന്ത്യയിൽനിന്നായിരുന്നു. അതിനാൽത്തന്നെ ബി.ജെ.പി.ക്ക് ദക്ഷിണേന്ത്യയുമായി അടുത്ത ബന്ധമുണ്ട്.
നിലവിൽ, ദക്ഷിണേന്ത്യയിലാകെ ഞാൻ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ പോകുന്നിടത്തെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണ ദക്ഷിണേന്ത്യ റെക്കോഡ് സീറ്റുകൾനൽകി ബി.ജെ.പി.യെ അനുഗ്രഹിക്കുമെന്ന് എനിക്കു വിശ്വാസമുണ്ട്.

ക്രിസ്ത്യൻ സമുദായവുമായി അടുത്തബന്ധം

ബിഷപ്പുമാരും സഭാധ്യക്ഷന്മാരും പലതവണ അങ്ങയുമായി കൂടിക്കാഴ്ച നടത്തി. എന്നിട്ടും സഭാനേതാക്കൾ ഇടയ്ക്കിടെ തങ്ങളുടെ ആശങ്കകൾ ഉന്നയിക്കുന്നത് തുടരുകയാണ്. എങ്ങനെ ബി.ജെ.പി.ക്ക് സഭയുടെ പൂർണവിശ്വാസം നേടിയെടുക്കാനാകും

ക്രിസ്ത്യൻ സമുദായവുമായി ബി.ജെ.പി.ക്ക് അടുത്ത ബന്ധമുണ്ട്. 2012 മുതൽ ഞങ്ങളുടെ സർക്കാരാണ് ഗോവ ഭരിക്കുന്നത്. ഒട്ടേറെ ക്രിസ്ത്യാനികളുള്ള മേഘാലയയിലും നാഗാലാൻഡിലും ഭരണസഖ്യത്തിന്റെ ഭാഗമാണ് ബി.ജെ.പി. ആ നിലയ്ക്ക് ബി.ജെ.പി. സർക്കാരുകൾ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കാഴ്ചവെക്കുന്ന മികച്ച പ്രവർത്തനങ്ങളെക്കുറിച്ച് ക്രിസ്ത്യൻസമൂഹത്തിന് ബോധ്യമുണ്ട്.

ഞാൻ പ്രധാനമന്ത്രിയാകുന്നതിനുമുമ്പുതന്നെ ക്രിസ്ത്യൻ നേതാക്കളുമായി ഇടപഴകിവരുന്നു. ആ ആശയവിനിമയങ്ങൾ എല്ലായ്‌പ്പോഴും വളരെ ഫലപ്രദവുമായിരുന്നു. ഇനി ആശങ്കകളെക്കുറിച്ചു പറയാം.‌ പ്രത്യേക ശ്രദ്ധ വേണമെന്നുതോന്നുന്ന സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. സർക്കാർ എന്നനിലയിൽ അത്തരം ആശങ്കകളെയും പരാതികളെയും അഭിസംബോധന ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. എന്നാൽ, കേരളത്തിലെ ക്രിസ്ത്യൻസമൂഹം എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും കാര്യത്തിൽ പൂർണമായും മടുത്തെന്നതാണ് യാഥാർഥ്യം. ഇരുമുന്നണികളും ക്രിസ്ത്യൻസമുദായത്തെ വഞ്ചിച്ചു. കാരണം, അവരുടെ വോട്ട്ബാങ്ക്‌ രാഷ്ട്രീയം ക്രിസ്ത്യൻസമൂഹത്തിന്റെ ശാക്തീകരണത്തെ പിന്തുണയ്ക്കുന്നതല്ല. ഇക്കാര്യം ക്രിസ്ത്യാനികൾ മനസ്സിലാക്കിത്തുടങ്ങി, അതിന്റെ ഫലമാണ് അവരിപ്പോൾ വലിയതോതിൽ ബി.ജെ.പി.ക്ക് വോട്ടുചെയ്യുന്നത്.

ഗൾഫുമായുള്ള നമ്മുടെ ബന്ധം അങ്ങ് ശക്തിപ്പെടുത്തി. അതിന്റെ ഫലമായി നമുക്ക് യു.എ.ഇ.യിലിപ്പോഴൊരു ഹിന്ദുക്ഷേത്രമുണ്ട്. ഇസ്‍ലാം രാജ്യങ്ങളിൽപ്പോലും അങ്ങൊരു ലോകനേതാവായി വാഴ്ത്തപ്പെടുന്നു. ഇത് ഇന്ത്യയിലെ മുസ്‍ലിങ്ങൾക്ക് എന്തു സന്ദേശമാണ് നൽകുന്നത്

പ്രവാസികൾക്ക് മുൻഗണന നൽകാതെയാണ് പതിറ്റാണ്ടുകളായി നാം വിദേശനയം കൈകാര്യം ചെയ്തത്. എന്നാൽ, ബി.ജെ.പി. അധികാരത്തിൽ വന്നപ്പോൾ അക്കാര്യത്തിൽ സുപ്രധാന മാറ്റം കൊണ്ടുവന്നു. നമ്മുടെ വിദേശനയത്തിന്റെ അവിഭാജ്യഘടകമാണ് പ്രവാസിസമൂഹത്തിന്റെ ക്ഷേമം എന്ന കാര്യം നാം തിരിച്ചറിഞ്ഞു. നമ്മുടെ ലക്ഷക്കണക്കിന് പൗരർ താമസിക്കുന്ന ഗൾഫ് രാഷ്ട്രങ്ങൾ ഉദാഹരണമായെടുക്കൂ. പതിറ്റാണ്ടുകളായി നമ്മുടെ മുൻസർക്കാരുകൾ അവരുമായി വേണ്ടരീതിയിലുള്ള ഇടപെടലുകൾ നടത്തിയിട്ടില്ല. ഒരു അയൽക്കാരനെന്ന വീക്ഷണകോണിൽനിന്നു മാത്രമാണ് അവരുമായി ഇടപഴകിയിട്ടുള്ളത്. ഗൾഫ് രാജ്യങ്ങളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിച്ചെടുക്കാതെ, അവിടം മാനവവിഭവശേഷി കയറ്റുമതിക്കും ഇന്ധനം ഇറക്കുമതിക്കുമുള്ള ഒരു വേദിയായി മാത്രം കണ്ടു.

ഒരുപക്ഷേ, നിങ്ങൾക്ക് ആശ്ചര്യം തോന്നും; മൂന്നു ദശാബ്ദത്തിനിടെ യു.എ.ഇ. സന്ദർശിച്ച ആദ്യ പ്രധാനമന്ത്രി ഞാനാണെന്ന കാര്യമറിഞ്ഞാൽ. ഞാൻ സന്ദർശിക്കുന്നതിനുമുമ്പ് രണ്ട് ഇന്ത്യൻ പ്രധാനമന്ത്രിമാർ മാത്രമാണ് സൗദി അറേബ്യയിലുമെത്തിയിട്ടുള്ളത്. ഇന്ന് ഗൾഫ് രാജ്യങ്ങളിൽക്കഴിയുന്ന നമ്മുടെ പൗരർക്ക്, വിശ്വസിക്കാൻ കഴിയുന്ന ആരോ നാട്ടിലുണ്ടെന്ന ഒരു തോന്നലുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് ഗൾഫ് രാഷ്ട്രങ്ങളുടെ നേതാക്കളുമായി ഞാൻ നിരന്തരം സംസാരിച്ചു. ഇന്ത്യക്കാരെ തങ്ങളുടെ സ്വന്തമായിക്കണ്ട് സംരക്ഷിക്കുമെന്ന് അവരെനിക്ക് ഉറപ്പുനൽകി. ഇന്ത്യക്കാരുടെ ഹജ്ജ് ക്വാട്ട വർധിപ്പിക്കാൻ സൗദി കിരീടാവകാശിയോട് ഞാൻ അഭ്യർഥിച്ചു. വർഷങ്ങൾകൊണ്ട് നാം വളർത്തിയെടുത്ത ദൃഢമായ ബന്ധം അത്തരം പ്രതിസന്ധിഘട്ടങ്ങളിൽ നിർണായകമായി. 2015-ലെ യെമെനിലെ ബോംബാക്രമണ സമയത്ത്, ആയിരക്കണക്കിന് ഇന്ത്യക്കാർ അവിടെ കുടുങ്ങിയപ്പോൾ ഞാൻ സൗദി രാജാവുമായി നേരിട്ട് സംസാരിച്ചു. നമ്മുടെ ആളുകളെ ഒഴിപ്പിക്കാനുള്ള സുരക്ഷിതപാതയൊരുക്കാൻ ദിവസവും ഏതാനും മണിക്കൂറുകൾ ആക്രമണം നിർത്തിവെച്ചു.2023-ലെ സുഡാൻ പ്രതിസന്ധിക്കാലത്ത്, അവിടെ യുദ്ധസമാന സാഹചര്യത്തിലകപ്പെട്ട നമ്മുടെ പൗരർക്ക് സുരക്ഷിതയാത്ര ഒരുക്കാനും സൗദിയുമായി ചേർന്നുപ്രവർത്തിച്ചു. ഈയിടെ ഖത്തറിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട എട്ട് നാവികസേനാംഗങ്ങളെ മടക്കിക്കൊണ്ടുവരാൻ നമുക്കായി. രാജ്യംമുഴുവൻ അന്ന് സന്തോഷിച്ചു. നമ്മുടെ മെച്ചപ്പെട്ട നയതന്ത്രബന്ധങ്ങളുടെ ഫലം പൗരർക്കുമുന്നിൽ അനാവൃതമാകുമ്പോൾ അവർക്ക് അഭിമാനവും കൂടുതൽ സുരക്ഷിതത്വവും തോന്നുന്നത് സ്വാഭാവികമാണ്. ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്‍ലിമോ ആകട്ടെ, മോദിസർക്കാർ തങ്ങളുടെ ജനങ്ങളോട് കരുതലുള്ളവരാണെന്ന് ഇതൊക്കെ തെളിയിക്കുന്നു.

കശ്മീർ ഇന്ന് ഏതാണ്ട് സാധാരണനിലയിലാണ്. എന്നാൽ, അങ്ങിങ്ങായി ആക്രമണസംഭവങ്ങൾ ഉണ്ടാകുന്നു. പാകിസ്താൻ കേന്ദ്രീകരിച്ചുള്ള സംഘടനകൾ ഇപ്പോഴും നമുക്ക് തലവേദനയാകുന്നു. മോദി-3.0 യുഗത്തിൽ ഇത്തരം വിപത്തുകളെല്ലാം അവസാനിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാമോ

കശ്മീർ സാധാരണനിലയിലേക്ക് കാര്യമായ മുന്നേറ്റം നടത്തിയെന്ന കാര്യം അനിഷേധ്യമാണ്. 370-ാം അനുച്ഛേദം റദ്ദാക്കിയശേഷം ഭീകരാക്രമണങ്ങളുടെ കാര്യത്തിലും ആളപായത്തിന്റെ കാര്യത്തിലും പ്രകടമായ കുറവുണ്ടായി. ഭീകരപ്രവർത്തനങ്ങളെ ഉന്മൂലനംചെയ്യാനുള്ള ബി.ജെ.പി. സർക്കാരിന്റെ ദൃഢമായ പ്രതിബദ്ധത വെളിവാക്കുന്ന കാര്യങ്ങളാണത്. കശ്മീരിലെ ചരിത്രപരമായ പാരമ്പര്യങ്ങൾ പുനരുജ്ജീവിക്കപ്പെടുന്നു. ശ്രീനഗറിലെ മുഹറം ഘോഷയാത്രകൾ 34 വർഷത്തിനിപ്പുറം ആദ്യമായി പരമ്പരാഗതവഴിയിലൂടെ സഞ്ചരിച്ചു. 1947-ലെ ഇന്ത്യ-പാക് വിഭജനശേഷം ആദ്യമായി ശാരദാ ക്ഷേത്രത്തിൽ ദീപാവലി കൊണ്ടാടി. 2004 മുതൽ 2014 വരെയുള്ള കാലയളവിലുണ്ടായ ഏഴായിരത്തിലധികം ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞത് മൂവായിരത്തോളം സുരക്ഷാസേനാ ഉദ്യോഗസ്ഥർക്കും സാധാരണക്കാർക്കുമാണ്. എന്നാൽ, ഇതിനു വിപരീതമായി ബി.ജെ.പി. അധികാരത്തിലെത്തിയ കഴിഞ്ഞദശകത്തിൽ ഭീകരാക്രമണങ്ങളിൽ എഴുപതുശതമാനത്തിന്റെ കുറവുണ്ടായി. 2010-ൽ യു.പി.എ. സർക്കാരിന്റെകാലത്ത് കശ്മീരിൽ 2600-ലധികം ആസൂത്രിത കല്ലേറുകളുണ്ടായി. അനുച്ഛേദം-370 റദ്ദാക്കിയശേഷം 2023 വരെയുള്ള നാലുവർഷത്തിൽ അത്തരം ഒരുസംഭവം പോലുമുണ്ടായില്ല.

കശ്മീരിന്റെ വിനോദസഞ്ചാരമേഖലയും അഭൂതപൂർവമായ കുതിപ്പിലാണ്. 1947-ൽ സ്വാതന്ത്ര്യം നേടിയശേഷമുള്ള റെക്കോഡ് വർധനയാണ് കശ്മീരിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ഇത് പ്രാദേശിക സമ്പദ്‍വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതോടൊപ്പം സാംസ്കാരികവിനിമയം പ്രോത്സാഹിപ്പിക്കുകയും ഐക്യവും സാഹോദര്യവും വർധിപ്പിക്കുകയും ചെയ്യും. കശ്മീരിലെ യുവതയും മുമ്പെങ്ങുമില്ലാത്തവിധം ശാക്തീകരിക്കപ്പെടുകയാണ്. കായിക, സംരംഭകത്വ, അക്കാദമിക രംഗങ്ങളിൽ അവർക്കിന്ന് ധാരാളം അവസരങ്ങളുണ്ട്.

യുവകശ്മീരികൾ അവരുടെ കഴിവുകളും ശേഷികളും മികച്ചഭാവിക്കായി ഉപയോഗപ്പെടുത്തുന്നു. അടുത്തിടെ ജമ്മു-കശ്മീരിൽനിന്നുള്ള ഒട്ടേറെ ഉദ്യോഗാർഥികൾ സിവിൽസർവീസസ് പരീക്ഷയിൽ മികച്ചവിജയം കൈവരിച്ചത് മേഖലയുടെ വർധിച്ചുവരുന്ന സാധ്യതകളുടെയും കശ്മീരികളുടെ പ്രതിഭയെ പരിപോഷിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെയും തെളിവാണ്. അടുത്ത ഭരണത്തുടർച്ചയിലും ഈ പുരോഗതി കൂടുതൽ ഊർജസ്വലതയോടെ ഞങ്ങൾ മുന്നോട്ടുകൊണ്ടുപോകും. അതിലൂടെ ഇന്ത്യയുടെ മറ്റുഭാഗങ്ങളിലെ പുരോഗതിയുടെയും അവസരങ്ങളുടെയും ഫലം കശ്മീരിലെയും ലഡാക്കിലെയും നമ്മുടെ പൗരരിലേക്കും എത്തും.

Source: Mathrubhumi

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Bad loans decline: Banks’ gross NPA ratio declines to 13-year low of 2.5% at September end, says RBI report

Media Coverage

Bad loans decline: Banks’ gross NPA ratio declines to 13-year low of 2.5% at September end, says RBI report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 27
December 27, 2024

Citizens appreciate PM Modi's Vision: Crafting a Global Powerhouse Through Strategic Governance