എന്റെ പ്രിയപ്പെട്ട നാട്ടുകാരേ!
നമസ്‌കാരം.
കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ നാമും എല്ലാ ഇന്ത്യക്കാരും ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്, ജനത കർഫ്യൂ മുതൽ ഇന്നുവരെ. കാലക്രമേണ, സാമ്പത്തിക പ്രവർത്തനങ്ങളും ക്രമേണ വർദ്ധിച്ചതായി തോന്നുന്നു. സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനും ജീവിതഗതിക്കു വീണ്ടും ആക്കം കൂട്ടുന്നതിനുമായി നമ്മളിൽ മിക്കവരും ഓരോ ദിവസവും വീടുകളിൽ നിന്ന് പുറത്തു കടക്കുകയാണ്. ഈ ഉത്സവ സീസണിൽ, വിപണികളുടെ തിരക്ക് ക്രമേണ തിരിച്ചുവരികയാണ്. ലോക്ക് ഡൗൺ നീക്കം ചെയ്തിട്ടുണ്ടെങ്കിലും വൈറസ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് നാം മറക്കരുത്. കഴിഞ്ഞ 7-8 മാസങ്ങളിൽ ഇന്ത്യക്ക് നേടാൻ കഴിഞ്ഞ സ്ഥിരമായ സാഹചര്യം ഓരോ ഇന്ത്യക്കാരന്റെയും ശ്രമത്താൽ വഷളാകാൻ നാം അനുവദിക്കരുത്. നമ്മൾ നില കൂടുതൽ മെച്ചപ്പെടുത്തണം.
ഇന്ന് രാജ്യത്ത് രോഗമുക്തി നിരക്ക് വളരെയധികം മെച്ചപ്പെടുകയും മരണനിരക്ക് കുറയുകയും ചെയ്തിതിരിക്കുന്നു. ഇന്ത്യയിൽ, 10 ലക്ഷം ജനസംഖ്യയിൽ 5500 പേർക്ക് കൊറോണ വൈറസ് പിടിപെട്ടിട്ടുണ്ട്, അമേരിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ഇത് 25,000 ത്തോളം വരും. ഇന്ത്യയിൽ, മരണ നിരക്ക് 10 ലക്ഷത്തിന് 83 ആണ്, അമേരിക്ക, ബ്രസീൽ, സ്പെയിൻ, ബ്രിട്ടൻ തുടങ്ങിയ പല രാജ്യങ്ങളിലും ഈ കണക്ക് 600 ൽ കൂടുതലാണ്. ലോകത്തിലെ വിഭവ സമൃദ്ധമായ രാജ്യങ്ങളുമായി
താരതമ്യപ്പെടുത്തുമ്പോൾ, കൂടുതൽ പൗരന്മാരുടെ ജീവൻ രക്ഷിക്കുന്നതിൽ ഇന്ത്യ വിജയിക്കുന്നു. ഇന്ന്, നമ്മുടെ രാജ്യത്ത് കൊറോണ രോഗികൾക്ക് 90 ലക്ഷത്തിലധികം കിടക്കകൾ ലഭ്യമാണ്. 12,000 ക്വാറൻ്റയിൻ കേന്ദ്രങ്ങളുണ്ട്. കൊറോണ പരിശോധനയ്ക്കായി ഏകദേശം 2000 ലാബുകൾ ഉണ്ട്. രാജ്യത്ത് നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം ഉടൻ തന്നെ 10 കോടി കടക്കും. കോവിഡ് മഹാമാരിക്കെതിരായ നമ്മുടെ പോരാട്ടത്തിൽ വർദ്ധിച്ചുവരുന്ന പരീക്ഷണങ്ങളുടെ എണ്ണം ഒരു പ്രധാന ശക്തിയാണ്.
നമ്മുടെ ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യപരിരക്ഷാ പ്രവർത്തകർ, സുരക്ഷാ ഉദ്യോഗസ്ഥർ, മറ്റ് ആളുകൾ എന്നിവർ 'സേവ പാർമോ ധർമ്മ'ത്തിന്റെ മന്ത്രം പിന്തുടർന്ന് നിസ്വാർത്ഥമായി ഇത്രയും വലിയ ജനവിഭാഗത്തെ സേവിക്കുന്നു. ഈ ശ്രമങ്ങൾക്കിടയിലും, അശ്രദ്ധമായിരിക്കേണ്ട സമയമല്ല ഇത്. കൊറോണ ഇപ്പോൾ ഇല്ലെന്നോ കൊറോണയിൽ നിന്ന് ഇപ്പോൾ അപകടമൊന്നുമില്ലെന്നോ കരുതേണ്ട സമയമല്ല ഇത്. സമീപകാലത്ത്, നാമെല്ലാവരും വിവിധ ചിത്രങ്ങളും വീഡിയോകളും കണ്ടു. അതിൽ പലരും ഇപ്പോൾ മുൻകരുതലുകൾ എടുക്കുന്നത് നിർത്തിവച്ചിട്ടുണ്ട്, അല്ലെങ്കിൽ വളരെ അശ്രദ്ധരായിരിക്കുന്നു. ഇത് ഒട്ടും നല്ലതല്ല. നിങ്ങൾ അശ്രദ്ധരായി, മാസ്കില്ലാതെ പുറത്തു നടക്കുകയാണെങ്കിൽ, നിങ്ങൾ നിങ്ങളെയും കുടുംബത്തെയും കുട്ടികളെയും പ്രായമായവരെയും വളരെയധികം കുഴപ്പത്തിലാക്കുന്നു. ഓർമിക്കുക, അമേരിക്കയായാലും യൂറോപ്പിലെ രാജ്യങ്ങളായാലും കൊറോണ കേസുകൾ ഈ രാജ്യങ്ങളിൽ കുറഞ്ഞുവരികയായിരുന്നു, പക്ഷേ പെട്ടെന്ന് കേസുകൾ വീണ്ടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അതും ഭയാനകമായ വിധം.
സുഹൃത്തുക്കളേ,
സന്ത് കബീർദാസ് ജി പറഞ്ഞു- വിള പാകമാകുന്നതു വരെ മാത്രം ജോലി ചെയ്താൽ മതി എന്ന് പലപ്പോഴും നമുക്ക് ആത്മവിശ്വാസമുണ്ട്. എന്നാൽ വിളവെടുത്തു വീട്ടിൽ വരുന്നതുവരെ, ജോലി പൂർത്തിയായതായി കണക്കാക്കരുത്. അതായത്, വിജയം കൈവരിക്കുന്നതുവരെ അശ്രദ്ധമായിരിക്കരുത്.
സുഹൃത്തുക്കളേ,
ഈ വൈറസിനെതിരായ വാക്സിൻ ലഭ്യമാകുന്നതുവരെ, കൊറോണയുമായുള്ള പോരാട്ടം ഒരുതവണ പോലും ദുർബലപ്പെടുത്താൻ നാം അനുവദിക്കരുത്. മാനവികതയെ രക്ഷിക്കുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിൽ ലോകമെമ്പാടും ജോലികൾ നടക്കുന്നുണ്ടെന്ന് നിരവധി വർഷങ്ങൾക്ക് ശേഷം നാം കാണുന്നു. പല രാജ്യങ്ങളും ഇതിനായി പ്രവർത്തിക്കുന്നു. നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞരും വാക്‌സിനായി കഠിനമായി പരിശ്രമിക്കുന്നു. നിലവിൽ ഇന്ത്യയിൽ നിരവധി കൊറോണ വാക്സിൻ പ്രവർത്തനങ്ങൾ നടക്കുന്നു. ഇവയിൽ ചിലത് വിജയത്തിൻ്റെ ഘട്ടത്തിലാണ്. സ്ഥിതി ആശ്വാസകരമാണെന്ന് തോന്നുന്നു.
സുഹൃത്തുക്കളേ,
കൊറോണയ്‌ക്കെതിരായ വാക്‌സിൻ എത്തുമ്പോഴേയ്ക്കും എത്രയും വേഗം ഓരോ ഇന്ത്യക്കാരനും വാക്സിൻ എത്തിക്കുന്നതിനുള്ള മാർഗങ്ങൾ തേടാനും സർക്കാർ തയ്യാറെടുക്കുന്നു. ഓരോ പൗരനും വാക്സിൻ വിതരണം ചെയ്യുന്നത് ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് നടക്കുന്നത്.
സുഹൃത്തുക്കളേ,
രാംചരിത് മാനസിൽ നിന്നു ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്. എന്നാൽ അതേ സമയം വിവിധതരം മുന്നറിയിപ്പുകളുമുണ്ട്. ഉദാഹരണത്തിന്, വളരെ നിർണായകമായ ഒരു കാര്യം രാംചരിത് മാനസിൽ പരാമർശിച്ചിരിക്കുന്നു. തീ, ശത്രു, പാപം; അതായത്, തെറ്റുകളും രോഗങ്ങളും ഒരിക്കലും ചെറുതായി കണക്കാക്കരുത്. പൂർണ്ണമായി അമർച്ച ചെയ്യുന്നതുവരെ ഇവയെ നിസ്സാരമായി കാണരുത്. അതിനാൽ ഓർക്കുക, ഒരു മരുന്ന് ഇല്ലെങ്കിൽ ഒരു അലസതയും ഉണ്ടാകരുത്. ഉത്സവങ്ങളുടെ സമയം നമ്മുടെ ജീവിതത്തിൽ സന്തോഷത്തിനുള്ള സമയമാണ്.
നാം ദുഷ്‌കരമായ സമയത്തിലൂടെ കടന്നുപോകുന്നു; അല്പം അശ്രദ്ധ നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തുകയും സന്തോഷം നശിപ്പിക്കുകയും ചെയ്യും. ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനും ജാഗ്രത പാലിക്കുന്നതിനും കൈകോർത്തുപോകണം; അപ്പോൾ മാത്രമേ ജീവിതത്തിൽ സന്തോഷമുണ്ടാകൂ. സാമൂഹിക അകലം പാലിക്കുക, പതിവായി സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക, മാസ്ക് ധരിക്കുക. ഇത് എല്ലാവരോടും എന്റെ എളിയ അഭ്യർത്ഥനയാണ്; നിങ്ങളെ സുരക്ഷിതമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു; നിങ്ങളുടെ കുടുംബത്തെ സന്തോഷത്തോടെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ഉത്സവങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉത്സാഹത്തിന്റെയും തീക്ഷ്ണതയുടെയും അന്തരീക്ഷം സൃഷ്ടിക്കട്ടെ, അതിനാലാണ് ഞാൻ ഓരോ പൗരനോടും ആവർത്തിച്ച് അഭ്യർത്ഥിക്കുന്നത്.
ഇന്ന് എന്റെ മാധ്യമ സുഹൃത്തുക്കളോടും സമൂഹ മാധ്യമങ്ങളിൽ സജീവമായവരോടും അഭ്യർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഈ നിയമങ്ങൾ പാലിക്കുന്നതിനായി നിങ്ങൾ സൃഷ്ടിക്കുന്ന കൂടുതൽ പൊതു അവബോധ പ്രചാരണങ്ങൾ നിങ്ങൾ എല്ലാവരും രാജ്യത്തിന് ചെയ്യുന്ന മികച്ച സേവനമാണ് എന്ന് തിരിച്ചറിയണം.
നിങ്ങൾ ഞങ്ങളെ പിന്തുണയ്ക്കുകയും രാജ്യത്തെ കോടിക്കണക്കിന് ആളുകളെ പിന്തുണയ്ക്കുകയും വേണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ആരോഗ്യത്തോടെയിരിക്കുക, വേഗത്തിൽ മുന്നോട്ട് പോകുക, നാമെല്ലാവരും ചേർന്ന് രാജ്യം മുന്നോട്ട് കൊണ്ടുപോകണം. നവരാത്രി, ദസറ, ഈദ്, ദീപാവലി, ഛാത് പൂജ, ഗുരുനാനക് ജയന്തി എന്നിവയുൾപ്പെടെ എല്ലാ ഉത്സവങ്ങളിലും ഞാൻ എല്ലാ നാട്ടുകാരെയും വീണ്ടും അഭിവാദ്യം ചെയ്യുന്നു.