ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ 'കണ്‍ട്രി ഓഫ് ഓണര്‍' (ആദരിക്കപ്പെടുന്ന രാജ്യം) എന്ന നിലയിലെ ഇന്ത്യയുടെ പങ്കാളിത്തത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം, കാന്‍ ചലച്ചിത്രോത്സവത്തിന്റെ 75-ാം വാര്‍ഷികം, ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 75-ാം വാര്‍ഷികം എന്നിവയുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ചരിത്രപ്രധാനമായ വേളയിലാണ് ഇന്ത്യയുടെ പങ്കാളിത്തമെന്ന് ഒരു സന്ദേശത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നമ്മുടെ ചലച്ചിത്രമേഖലയുടെ ബഹുസ്വരത ശ്രദ്ധേയമാണെന്നും സമ്പന്നമായ പൈതൃകവും സാംസ്‌കാരിക വൈവിധ്യവുമാണ് നമ്മുടെ ശക്തിയെന്നും ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ രാജ്യമായി ഇന്ത്യയെ പ്രതിഷ്ഠിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്ക് നിരവധി കഥകള്‍ പറയാനുണ്ട്, ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമാകാനുള്ള അപാരമായ സാദ്ധ്യതകള്‍ രാജ്യത്തിനുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ചലച്ചിത്ര-സഹകരണ നിര്‍മ്മാണം സുഗമമാക്കുന്നത് മുതല്‍ രാജ്യത്തുടനീളം സിനമാ ചിത്രീകരണത്തിനുള്ള അനുമതികള്‍ക്കുള്ള ഏകജാലക അനുമതി സംവിധാനം ഉറപ്പാക്കുന്നത് വരെ, ലോകത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഇന്ത്യ തടസ്സമില്ലാത്ത സാദ്ധ്യതകള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് സിനിമാ മേഖലയില്‍ വ്യാപാരം സുഗമമാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവര്‍ത്തിച്ചുകൊണ്ട്, ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
കാന്‍ ചലച്ചിത്രോത്സവത്തിലെ ക്ലാസിക് വിഭാഗത്തില്‍ പൂര്‍വ്വസ്ഥിതിയിലാക്കിയ ഒരു സത്യജിത് റേ ചിത്രം ആചാര്യന്റെ ജന്മശതാബ്ദി ഇന്ത്യ ആഘോഷിക്കുന്ന വേളയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.
നിരവധി തുടക്കങ്ങളില്‍ ഒന്നാണ് ഇന്ത്യയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍, അവരുടെ ശക്തി സിനിമാ-ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പവലിയന്‍ ഇന്ത്യന്‍ സിനിമയുടെ ഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും അന്താരാഷ്ട്ര പങ്കാളിത്തവും പഠനങ്ങളും പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പശ്ചാത്തലം:
ഫ്രാന്‍സില്‍ നടക്കുന്ന കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ 75-ാമത് പതിപ്പിനോടൊപ്പം സംഘടിപ്പിക്കുന്ന 'മാര്‍ഷേ ഡു ഫിലിമില്‍ ഇന്ത്യയായിരിക്കും ഔദ്യോഗിക രാജ്യം. ഇന്ത്യ, അതിന്റെ സിനിമ, സംസ്‌കാരം, പൈതൃകം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മജസ്റ്റിക് ബീച്ചില്‍ സംഘടിപ്പിക്കുന്ന മാര്‍ഷേ ഡു ഫിലിമിന്റെ ആദ്യരാവില്‍, കണ്‍ട്രി ഓഫ് ഓണര്‍ പദവി (ആദരിക്കപ്പെടുന്ന രാജ്യം), ഫോക്കസ് കണ്‍ട്രി (ശ്രദ്ധകേന്ദ്രീകരിക്കുന്ന രാജ്യം) എന്ന നിലയില്‍ ഇന്ത്യയുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നു.
5 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓഡിയോ-വിഷ്വല്‍ വ്യവസായത്തിലേ സ്ഥാപനമാകാന്‍ അവസരം നല്‍കുന്ന കാന്‍സ് നെക്‌സ്റ്റില്‍ ഇന്ത്യ ആദരിക്കപ്പെടുന്ന രാജ്യം കൂടിയാണ്. അനിമേഷന്‍ ഡേ നെറ്റ്‌വര്‍ക്കിംഗില്‍ പത്ത് പ്രൊഫഷണലുകള്‍ പങ്കെടുക്കും. കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഈ പതിപ്പില്‍ ഇന്ത്യയുടെ പങ്കാളിത്തത്തം പ്രധാനമായി ഉയര്‍ത്തുകാട്ടുന്നത്, ശ്രീ ആര്‍. മാധവന്‍ നിര്‍മ്മിച്ച റോക്കട്രി എന്ന സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ 2022 മെയ് 19-ന് പ്രദര്‍ശിപ്പിക്കും.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. അനുരാഗ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ രാജ്യത്തുടനീളമുള്ള സിനിമാ പ്രമുഖര്‍ ഉള്‍പ്പെടുന്നുണ്ട്.