പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വാർസോയിലെ കോലാപുർ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധസമയത്ത് പോളിഷ് ജനതയോടു കോലാപുർ നാട്ടുരാജ്യം കാട്ടിയ ഔദാര്യത്തിനായാണ് ഈ സ്മാരകം സമർപ്പിച്ചിരിക്കുന്നത്. കോലാപുരിലെ വലിവഡെയിൽ സ്ഥാപിച്ച ക്യാമ്പ് യുദ്ധകാലത്തു പോളിഷ് ജനതയ്ക്ക് അഭയം നൽകി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 5000 പോളിഷ് അഭയാർഥികളെ ഈ അധിവാസമേഖലയിൽ പാർപ്പിച്ചിരുന്നു. കോലാപുർ ക്യാമ്പിൽ താമസിച്ചിരുന്ന പോളിഷ് ജനതയുമായും അവരുടെ പിൻഗാമികളുമായും സ്മാരകത്തിൽ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
സ്മാരകത്തിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം, ഇന്ത്യയും പോളണ്ടും തമ്മിലുള്ള സവിശേഷവും ചരിത്രപരവുമായതും ഇപ്പോഴും തുടർന്നുപോരുന്നതുമായ ബന്ധം ഉയർത്തിക്കാട്ടുന്നു.