ആദരണീയനായ പ്രസിഡന്റ് ബൈഡൻ; ഇരു രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളേ; മാധ്യമസുഹൃത്തുക്കളേ!

നമസ്കാരം!

ആദ്യമായി, ഇന്ത്യ-യുഎസ് ബന്ധത്തെക്കുറിച്ചുള്ള സൗഹാർദപരമായ വാക്കുകൾക്കും ക്രിയാത്മക ചിന്തകൾക്കും പ്രസിഡന്റ് ബൈഡനോടുള്ള നന്ദി ഞാൻ അറിയിക്കട്ടെ.

സുഹൃത്തുക്കളേ,

ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ചരിത്രത്തിൽ ഈ ദിനത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. ഇന്നത്തെ നമ്മുടെ ചർച്ചകളും കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളും, പുതിയ അധ്യായം തുറന്നു. ആഗോളതലത്തിലുള്ള നമ്മുടെ സമഗ്രമായ തന്ത്രപര പങ്കാളിത്തത്തിനു പുതിയ ദിശയും പുതിയ ഉത്സാഹവുമേകുകയും ചെയ്തു.

സുഹൃത്തുക്കളേ,

ഇന്ത്യ-യുഎസ് വ്യാപാര നിക്ഷേപ പങ്കാളിത്തം ഇരുരാജ്യങ്ങൾക്കും മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും പ്രധാനമാണ്. ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് അമേരിക്ക. വ്യാപാരവുമായി ബന്ധപ്പെട്ട് തീർപ്പാക്കാത്ത പ്രശ്നങ്ങൾ അവസാനിപ്പിച്ച്, പുതിയ തുടക്കം കുറിക്കാനാണു ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ICET അഥവാ ഇനിഷ്യേറ്റീവ് ഫോർ ക്രിട്ടിക്കൽ ആൻഡ് എമർജിങ് ടെക്നോളജീസ് (നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾക്കായുള്ള മുൻകൈയെടുക്കൽ), ഞങ്ങളുടെ സാങ്കേതിക സഹകരണത്തിനുള്ള പ്രധാന ചട്ടക്കൂടായി ഉയർന്നുവന്നിട്ടുണ്ട്. നിർമിതബുദ്ധി, സെമികണ്ടക്ടറുകൾ, ബഹിരാകാശം, ക്വാണ്ടം, ടെലികോം തുടങ്ങിയ മേഖലകളിൽ ഞങ്ങളുടെ സഹകരണം വിപുലീകരിക്കുന്നതിലൂടെ, ഞങ്ങൾ കരുത്തുറ്റതും ദീർഘവീക്ഷണപരവുമായ പങ്കാളിത്തം കെട്ടിപ്പടുക്കുകയാണ്. മൈക്രോൺ, ഗൂഗിൾ, അപ്ലൈഡ് മെറ്റീരിയൽസ് തുടങ്ങിയ അമേരിക്കൻ കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്താൻ തീരുമാനിച്ചത് ഈ ഭാവി പങ്കാളിത്തത്തിന്റെ പ്രതീകമാണ്.

ഈ സന്ദർശനവേളയിൽ യുഎസിൽ നിന്നുള്ള മറ്റു ചില സിഇഒമാരുമായി കൂടിക്കാഴ്ച നടത്താനും എനിക്ക് അവസരം ലഭിച്ചു.  അവരുമായുള്ള ആശയവിനിമയത്തിനിടയിൽ ഇന്ത്യയോടുള്ള ഉത്സാഹവും ക്രിയാത്മക മനോഭാവവും എനിക്ക് അനുഭവവേദ്യമായി. ഞങ്ങളുടെ തന്ത്രപരമായ സാങ്കേതിക പങ്കാളിത്തം അർഥവത്താക്കുന്നതിന് ഗവണ്മെന്റുകൾ, വ്യവസായങ്ങൾ, വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങൾ എന്നിവ ഒത്തുചേരേണ്ടത് വളരെ നിർണായകമാണെന്ന് ഞങ്ങൾ രണ്ടുപേരും സമ്മതിക്കുന്നു. സംശുദ്ധ ഊർജ പരിവർത്തനത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്ത കാഴ്ചപ്പാട് നടപ്പിലാക്കാൻ ഞങ്ങൾ നിരവധി സുപ്രധാന സംരംഭങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ഹരിത ഹൈഡ്രജൻ, പവനോർജം, ബാറ്ററി സംഭരണം, കാർബൺ ആഗിരണം തുടങ്ങിയ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.

ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും വിശ്വസ്ത പങ്കാളികൾ എന്ന നിലയിൽ ഇന്ത്യയും യുഎസും, വിശ്വസനീയവും സുരക്ഷിതവും അതിജീവനശേഷിയുള്ളതുമായ ആഗോള വിതരണശൃംഖലകളും മൂല്യ ശൃംഖലകളും സൃഷ്ടിക്കുന്നതിനും തീരുമാനിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം നമ്മുടെ പരസ്പരവിശ്വാസത്തിന്റെയും ഇരുരാജ്യങ്ങളും പങ്കിടുന്ന തന്ത്രപരമായ മുൻഗണനകളുടെയും പ്രതീകമാണ്. വാങ്ങുന്നയാൾ-വിൽപ്പനക്കാരൻ എന്ന ന‌ിലയിലുള്ള പഴയ ബന്ധം ഉപേക്ഷിച്ച്, ഇന്ന് ഞങ്ങൾ സാങ്കേതികവിദ്യയുടെ കൈമാറ്റം, സഹ-വികസനം, സഹ-ഉൽപ്പാദനം എന്നിവയിലേക്ക് നീങ്ങി. ഇന്ത്യയിൽ സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ യന്ത്രങ്ങൾ നിർമ്മിക്കാനുള്ള ജനറൽ ഇലക്ട്രിക്കിന്റെ തീരുമാനം സുപ്രധാന കരാറാണ്. ഇത് ഇരുരാജ്യങ്ങളിലും പുതിയ തൊഴിലവസരങ്ങൾ തുറക്കുകയും ചെയ്യും. ഇത് വരുംകാലങ്ങളിൽ പ്രതിരോധ സഹകരണത്തിനു പുതിയ രൂപം നൽകും. ഇരുരാജ്യങ്ങളിലെയും പ്രതിരോധ വ്യവസായങ്ങളും സ്റ്റാർട്ടപ്പുകളും ഈ സഹകരണത്തിൽ പ്രധാന പങ്കാളികളാണ്. അവയെ പരസ്പരം ബന്ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ പ്രതിരോധ വ്യവസായ മാർഗരേഖയുടെ പ്രധാന ലക്ഷ്യം. ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ആഴത്തിലുള്ളതും വർഷങ്ങൾ പഴക്കമുള്ളതുമായ സഹകരണമാണ് ഞങ്ങൾക്കുള്ളത്. "ആർട്ടെമിസ് ഉടമ്പടിയിൽ" ഉൾപ്പെടാൻ തീരുമാനിച്ചതിലൂടെ നമ്മുടെ ബഹിരാകാശ സഹകരണത്തിൽ ഇന്നു നാം വലിയ കുതിച്ചുചാട്ടം നടത്തി. ചുരുക്കത്തിൽ, ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്, ആകാശം പോലും പരിധിയാകുന്നില്ല.

സുഹൃത്തുക്കളേ,

നമ്മുടെ ബന്ധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭം ജനങ്ങൾ തമ്മിലുള്ള ബന്ധമാണ്. ഇന്ത്യൻ വംശജരായ 40 ലക്ഷത്തിലധികം പേർ ഇന്ന് അമേരിക്കയുടെ പുരോഗതിയിൽ ഗണ്യമായ സംഭാവനയേകുന്നു. ഇന്ന് രാവിലെ വൈറ്റ് ഹൗസിൽ ഇത്രയധികം ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ടായത്, ഇന്ത്യൻ അമേരിക്കക്കാരാണ് ഞങ്ങളുടെ ബന്ധത്തിന്റെ ചാലകശക്തി എന്നതിന്റെ തെളിവാണ്. ഈ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് ബെംഗളൂരുവിലും അഹമ്മദാബാദിലും സ്ഥാനപതി കാര്യാലയങ്ങൾ തുറക്കാനുള്ള യുഎസിന്റെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അതുപോലെ സിയാറ്റലിൽ ഇന്ത്യയുടെ പുതിയ സ്ഥാനപതികാര്യാലയവും തുറക്കും.

സുഹൃത്തുക്കളേ,

ഇന്നത്തെ യോഗത്തിൽ പ്രാദേശികവും ആഗോളവുമായ നിരവധി വിഷയങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. ഇന്തോ-പസഫിക്കിലെ സമാധാനത്തിനും സുരക്ഷിതത്വത്തിനും ഞങ്ങൾ മുൻഗണനയേകുന്നു. ഈ പ്രദേശത്തിന്റെ വികസനവും മുന്നേറ്റവും ലോകമെമ്പാടും പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന് ഞങ്ങളിരുവരും സമ്മതിക്കുന്നു. ക്വാഡ് പങ്കാളികളുമായി ചേർന്ന്, മേഖലയിലെ എല്ലാ രാജ്യങ്ങളുമായും ഏകോപനം വർധിപ്പിക്കുന്നതിനുള്ള ആശയങ്ങളും ഞങ്ങൾ പങ്കിട്ടു. ഭീകരവാദത്തിനും മൗലികവാദത്തിനും എതിരായ പോരാട്ടത്തിൽ തോളോടുതോൾചേർന്നു മുന്നേറുകയാണ് ഇന്ത്യയും അമേരിക്കയും. അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കാൻ യോജിച്ച നടപടികൾ ആവശ്യമാണെന്ന് ഞങ്ങൾ സമ്മതിക്കുന്നു. കോവിഡ് മഹാമാരിയും യുക്രൈനിലെ യുദ്ധവും, വിശേഷിച്ചും ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളെ ബാധിച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ രാജ്യങ്ങളും ഒന്നിച്ചുനിൽക്കേണ്ടത് അനിവാര്യമാണെന്നാണു ഞങ്ങളുടെ അഭിപ്രായം. യുക്രൈനിലെ സംഭവവികാസങ്ങളുടെ തുടക്കം മുതൽ, ഈ തർക്കം ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിന് സാധ്യമായ എല്ലാ സംഭാവനകളുമേകാൻ ഞങ്ങൾ പൂർണമായും തയ്യാറാണ്. ജി-20യിൽ ഇന്ത്യയുടെ അധ്യക്ഷതയ്ക്കു കീഴിൽ, 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നതിനാണ് ഞങ്ങൾ ഊന്നൽ നൽകുന്നത്. ഒപ്പം, ഗ്ലോബൽ സൗത്തിന്റെ  മുൻഗണനകളുടെ ശബ്ദമാകുകയും ചെയ്യുന്നു. ആഫ്രിക്കൻ യൂണിയനെ ജി-20യിലെ പൂർണ അംഗമാക്കാനുള്ള എന്റെ നിർദേശത്തെ പിന്തുണച്ചതിന് പ്രസിഡന്റ് ബൈഡനോടു ഞാൻ നന്ദി പറയുന്നു.

സുഹൃത്തുക്കളേ,

ജനാധിപത്യത്തിനും ജനാധിപത്യമൂല്യങ്ങൾക്കും സംവിധാനങ്ങൾക്കും കരുത്തുപകരുക എന്നതാണ് നമ്മുടെ കൂട്ടായ ശ്രമങ്ങളുടെ അടിസ്ഥാനതത്വം. ലോകത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യക്കും അമേരിക്കയ്ക്കും കൂട്ടായി ലോക സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും ഗണ്യമായ സംഭാവന നൽകാനാകും. ഈ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ, ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ മാത്രമല്ല, ലോകത്തിന്റെയാകെ പ്രതീക്ഷകളും വികസനസ്വപ്നങ്ങളും നിറവേറ്റാൻ ഞങ്ങൾക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

പ്രസിഡന്റ് ബൈഡൻ,

ഫലപ്രദമായ ഇന്നത്തെ ചർച്ചകൾക്ക് ഞാൻ പൂർണമനസോടെ നന്ദി അറിയിക്കുന്നു. ഈ വർഷത്തെ ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നിങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ഇന്ത്യയാകെ കാത്തിരിക്കുകയാണ്. വ്യക്തിപരമായി ഞാനും. പ്രസിഡന്റ് പറഞ്ഞതുപോലെ, എനിക്കിനി കോൺഗ്രസിനെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. അതിനാൽ, സമയം ദീർഘിപ്പിക്കാതെ ഞാൻ എന്റെ പ്രസംഗം ഉപസംഹരിക്കുന്നു. പ്രസിഡന്റിന് ഒരിക്കൽ കൂടി ഞാൻ നന്ദി പറയുന്നു. 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait

Media Coverage

Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Under Rozgar Mela, PM to distribute more than 71,000 appointment letters to newly appointed recruits
December 22, 2024

Prime Minister Shri Narendra Modi will distribute more than 71,000 appointment letters to newly appointed recruits on 23rd December at around 10:30 AM through video conferencing. He will also address the gathering on the occasion.

Rozgar Mela is a step towards fulfilment of the commitment of the Prime Minister to accord highest priority to employment generation. It will provide meaningful opportunities to the youth for their participation in nation building and self empowerment.

Rozgar Mela will be held at 45 locations across the country. The recruitments are taking place for various Ministries and Departments of the Central Government. The new recruits, selected from across the country will be joining various Ministries/Departments including Ministry of Home Affairs, Department of Posts, Department of Higher Education, Ministry of Health and Family Welfare, Department of Financial Services, among others.