Quoteഏകലോക ക്ഷയരോഗ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
Quoteക്ഷയരോഗമുക്ത പഞ്ചായത്ത് സംരംഭത്തിന് പ്രധാനമന്ത്രി തുടക്കം കുറിക്കും; ക്ഷയരോഗത്തിനായുള്ള ഹ്രസ്വ പ്രതിരോധ ചികിത്സയും കുടുംബ കേന്ദ്രീകൃത പരിചരണ മാതൃകയും ദേശീയതലത്തി‌ൽ ഔദ്യോഗികമായി പുറത്തിറക്കും
Quote1780 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും
Quoteഈ പദ്ധതികൾ വാരാണസിയുടെ അവസ്ഥ മാറ്റിമറിക്കുകയും നഗരത്തിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കുകയും ചെയ്യും
Quoteയാത്രക്കാർക്കായി വാരാണസി കന്റോൺമെന്റ് സ്റ്റേഷനിൽനിന്ന് ഗോദൗലിയയിലേക്കുള്ള റോപ്പ്‌വേയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും; പദ്ധതി വിനോദസഞ്ചാരികളുടെയും തീർഥാടകരുടെയും പ്രദേശവാസികളുടെയും സഞ്ചാരം സുഗമമാക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 24ന് വാരാണസി സന്ദർശിക്കും. രാവിലെ 10.30ന് രുദ്രാകാശ് കൺവെൻഷൻ സെന്ററിൽ ഏകലോക ക്ഷയരോഗ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് 12ന് സമ്പൂർണാനന്ദ സംസ്കൃത സർവകലാശാല ഗ്രൗണ്ടിൽ 1780 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

ഏകലോക ക്ഷയരോഗ ഉച്ചകോടി

ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ഏകലോക ക്ഷയരോഗ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സ്റ്റോപ്പ് ടിബി പാർട്ണർഷിപ്പും ചേർന്നാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. 2001-ൽ സ്ഥാപിച്ച സ്റ്റോപ്പ് ടിബി പാർട്ണർഷിപ്പ് ഐക്യരാഷ്ട്രസഭയുടെ ആതിഥേയത്വം വഹിക്കുന്ന സംഘടനയാണ്. അത് ക്ഷയരോഗബാധിതരുടെയും സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും ശബ്ദത്തിനു കരുത്തേകുന്നു.

പരിപാടിയിൽ, ക്ഷയരോഗമുക്ത പഞ്ചായത്ത് സംരംഭം ഉൾപ്പെടെ വിവിധ സംരംഭങ്ങൾക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും. ക്ഷയരോഗ പ്രതിരോധത്തിനുള്ള ഹ്രസ്വ ചികിത്സ(ടിപിടി)യുടെ ദേശീയതല ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ക്ഷയരോഗത്തിനുള്ള കുടുംബ കേന്ദ്രീകൃത പരിചരണ മാതൃകയും 2023ലെ ഇന്ത്യയുടെ വാർഷിക ക്ഷയരോഗ റിപ്പോർട്ടും അദ്ദേഹം പുറത്തിറക്കും. ക്ഷയരോഗ നിർമാർജനത്തിൽ പുരോഗതി കൈവരിച്ചതിന് തെരഞ്ഞെടുത്ത സംസ്ഥാനങ്ങൾ, കേന്ദ്രഭരണപ്രദേശങ്ങൾ, ജില്ലകൾ എന്നിവയ്ക്കും പ്രധാനമന്ത്രി പുരസ്കാരം നൽകും.

2018 മാർച്ചിൽ, ന്യൂഡൽഹിയിൽ നടന്ന 'ക്ഷയരോഗം അവസാനിപ്പിക്കൂ' ഉച്ചകോടിയിൽ, നിശ്ചിത സമയത്തിന് അഞ്ചുവർഷം മുമ്പ്, 2025ഓടെ ക്ഷയരോഗവുമായി ബന്ധപ്പെട്ട എസ്‌ഡിജി ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രധാനമന്ത്രി ഇന്ത്യയോട് ആഹ്വാനം ചെയ്തിരുന്നു. ക്ഷയരോഗ നിർമാർജന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി രാജ്യം മുന്നോട്ട് പോകുമ്പോൾ ലക്ഷ്യങ്ങളെക്കുറിച്ച് കൂടുതൽ ആലോചന നടത്താൻ ഏകലോക ക്ഷയരോഗ ഉച്ചകോടി അവസരം നൽകും. ദേശീയ ക്ഷയരോഗ നിർമാർജന പരിപാടികളിൽ നിന്നുള്ള പഠനങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണിത്. 30 രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും.

വാരാണസിയിലെ വികസന സംരംഭങ്ങൾ

കഴിഞ്ഞ ഒമ്പതുവർഷമായി, വാരാണസിയുടെ സാഹചര്യങ്ങൾ മാറ്റിമറിക്കുന്നതിലും നഗരത്തിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിലും പ്രധാനമന്ത്രി പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഈ ദിശയിൽ മറ്റൊരു ചുവടുവയ്പായി, സമ്പൂർണാനന്ദ സംസ്കൃത സർവകലാശാല മൈതാനത്തു നടക്കുന്ന പരിപാടിയിൽ 1780 കോടി രൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

യാത്രക്കാർക്കായി വാരാണസി കന്റോൺമെന്റ് സ്‌റ്റേഷനിൽനിന്ന് ഗോദൗലിയയിലേക്കുള്ള റോപ്‌വേയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. പദ്ധതിയുടെ ചെലവ് ഏകദേശം 645 കോടിരൂപയാണ്. അഞ്ചു സ്റ്റേഷനുകളുള്ള റോ‌പ്‌വേ സംവിധാനത്തിന് 3.75 കിലോമീറ്റർ നീളമുണ്ടാകും. വാരാണസിയിലെ വിനോദസഞ്ചാരികൾക്കും തീർഥാടകർക്കും താമസക്കാർക്കും ഇത് സുഗമമായ സഞ്ചാരം സാധ്യമാക്കും.

നമാമി ഗംഗ പദ്ധതിപ്രകാരം ഭഗവാൻപുരിൽ 300 കോടിയിലധികം രൂപ ചെലവിൽ നിർമിക്കുന്ന 55 എംഎൽഡി മലിനജല ശുദ്ധീകരണ പ്ലാന്റിന് പ്രധാനമന്ത്രി തറക്കല്ലിടും. ഖേലോ ഇന്ത്യ പദ്ധതിപ്രകാരം, സിഗ്ര സ്റ്റേഡിയത്തിന്റെ പുനർവികസന പ്രവർത്തനങ്ങളുടെ രണ്ടും മൂന്നും ഘട്ടങ്ങൾക്കു പ്രധാനമന്ത്രി തറക്കല്ലിടും.

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നിർമിക്കുന്ന സേവാപുരിയിലെ ഇസർവാർ ഗ്രാമത്തിൽ എൽപിജി ബോട്ടിലിങ് പ്ലാന്റിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഭർഥര ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം, വസ്ത്രം മാറുന്ന മുറികൾ ഉൾപ്പെടെയുള്ള ഫ്ലോട്ടിങ് ജെട്ടി തുടങ്ങിയ വിവിധ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

ജൽ ജീവൻ ദൗത്യത്തിനു കീഴിൽ, 63 ഗ്രാമപഞ്ചായത്തുകളിലെ 3 ലക്ഷത്തിലധികം പേർക്കു പ്രയോജനപ്പെടുന്ന 19 കുടിവെള്ള പദ്ധതികൾ പ്രധാനമന്ത്രി സമർപ്പിക്കും. ഗ്രാമീണ കുടിവെള്ള സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ദൗത്യത്തിന് കീഴിലുള്ള 59 കുടിവെള്ള പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടും.

വാരാണസിയിലെയും പരിസരങ്ങളിലെയും കർഷകർക്കും കയറ്റുമതിക്കാർക്കും വ്യാപാരികൾക്കും പഴങ്ങളുടെയും പച്ചക്കറികളുടെയും വർഗീകരണം, തരംതിരിക്കൽ, സംസ്കരണം എന്നിവ കർഖിയാവിൽ നിർമിച്ച സംയോജിത പാക്ക് ഹൗസിൽ സാധ്യമാകും. ചടങ്ങിൽ പ്രധാനമന്ത്രി ഈ പദ്ധതി രാജ്യത്തിന് സമർപ്പിക്കും. വാരാണസിയുടെയും പരിസര പ്രദേശങ്ങളുടെയും കാർഷിക കയറ്റുമതി വർധിപ്പിക്കാൻ ഇത് സഹായിക്കും.

രാജ്ഘട്ട്, മഹമൂർഗഞ്ജ് ഗവണ്മെന്റ് സ്കൂളുകളുടെ പുനർവികസന പ്രവർത്തനങ്ങൾ; നഗരത്തിലെ ആഭ്യന്തര റോഡുകളുടെ സൗന്ദര്യവൽക്കരണം; നഗരത്തിലെ 6 പാർക്കുകളുടെയും കുളങ്ങളുടെയും പുനർവികസനം എന്നിവയുൾപ്പെടെ വാരാണസി സ്‌മാർട്ട് സിറ്റി ദൗത്യത്തിനു കീഴിലുള്ള വിവിധ പദ്ധതികൾ പ്രധാനമന്ത്രി സമർപ്പിക്കും.

ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എടിസി ടവർ; ഭേലുപുരിലെ വാട്ടർ വർക്സ് പരിസരത്ത് 2 മെഗാവാട്ട് സൗരോർജനിലയം; കോണിയ പമ്പിങ് സ്റ്റേഷനിൽ 800 കിലോവാട്ട്  സൗരോർജനിലയം; സാരാനാഥിൽ പുതിയ സാമൂഹികാരോഗ്യ കേന്ദ്രം; ചാന്ദ്പുരിലെ വ്യാവസായിക എസ്റ്റേറ്റിന്റെ അടിസ്ഥാന സൗകര്യ വികസനം; കേദാരേശ്വർ, വിശ്വേശ്വർ, ഓംകാരേശ്വർ ഖണ്ഡ് പരിക്രമ ക്ഷേത്രങ്ങളുടെ പുനരുജ്ജീവനം  എന്നിവയുൾപ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസനപദ്ധതികളും പ്രധാനമന്ത്രി സമർപ്പിക്കും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Over 28 lakh companies registered in India: Govt data

Media Coverage

Over 28 lakh companies registered in India: Govt data
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഫെബ്രുവരി 19
February 19, 2025

Appreciation for PM Modi's Efforts in Strengthening Economic Ties with Qatar and Beyond