പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബര്‍ 13-14 തീയതികളില്‍ വാരാണസി സന്ദര്‍ശിക്കും. 13 ന് ഉച്ചയ്ക്ക് ഒരു മണിക്ക് പ്രധാനമന്ത്രി ശ്രീ കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കും. അതിനുശേഷം, ഏകദേശം 339 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ശ്രീ കാശി വിശ്വനാഥ് ധാമിന്റെ ഒന്നാം ഘട്ടം അദ്ദേഹം ഉദ്ഘാടനം ചെയ്യും.
പുണ്യനദിയില്‍ മുങ്ങിക്കുളിക്കുക എന്ന പുരാതന ആചാരം അനുഷ്ഠിക്കുമ്പോള്‍, ഗംഗാജലം ശേഖരിക്കുകയും ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നതിന് തിരക്കേറിയ തെരുവുകളിലും പരിസരങ്ങളിലും മോശം പരിപാലനമില്ലാത്തതിനെ എതിര്‍ത്ത ബാബ വിശ്വനാഥന്റെ തീര്‍ഥാടകര്‍ക്കും ഭക്തര്‍ക്കും സൗകര്യമൊരുക്കുക എന്നത് പ്രധാനമന്ത്രിയുടെ ദീര്‍ഘകാല ദര്‍ശനമായിരുന്നു. ഈ ദര്‍ശനം സാക്ഷാത്കരിക്കുന്നതിന്, ശ്രീ കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാ നദിയുടെ തീരവുമായി ബന്ധിപ്പിക്കുന്നതിന് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഒരു പാത സൃഷ്ടിക്കുന്നതിനുള്ള ഒരു പദ്ധതിയായി ശ്രീ കാശി വിശ്വനാഥ് ധാം വിഭാവനം ചെയ്തു. ഈ പുണ്യകരമായ ഉദ്യമത്തിന് തുടക്കം കുറിക്കുന്നതിനായി, പദ്ധതിയുടെ തറക്കല്ലിടല്‍ 2019 മാര്‍ച്ച് 8-ന് പ്രധാനമന്ത്രി നിര്‍വഹിച്ചു.
പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും പ്രധാനമന്ത്രി തീക്ഷ്ണവും സജീവവുമായ താല്‍പ്പര്യം പ്രകടിപ്പിച്ചു. പതിവ് വിശദീകരണങ്ങളും അവലോകനങ്ങളും നിരീക്ഷണങ്ങളും പ്രധാനമന്ത്രി തന്നെ നടത്തി. പദ്ധതി മെച്ചപ്പെടുത്തുന്നതിനും ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ള തീര്‍ഥാടകര്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുന്നതിനും അദ്ദേഹം നിരന്തരം നിര്‍ദേശങ്ങളും ഉള്‍ക്കാഴ്ചകളും നല്‍കി. റാമ്പുകളും എസ്‌കലേറ്ററുകളും മറ്റ് ആധുനിക സൗകര്യങ്ങളും സജ്ജീകരിച്ച് വികലാംഗര്‍ക്കും പ്രായമായവര്‍ക്കും എളുപ്പത്തില്‍ പ്രാപ്യത നല്‍കുന്ന വിധമാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 23 കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശ്രീ കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് യാത്രാ സുവിധ കേന്ദ്രങ്ങള്‍, വിനോദ സഞ്ചാരികളെ വരവേല്‍ക്കല്‍ കേന്ദ്രം, വേദ കേന്ദ്രം, മുമുക്ഷു ഭവന്‍, ഭോഗശാല, നഗര മ്യൂസിയം, വ്യൂവിംഗ് ഗാലറി, ഫുഡ് കോര്‍ട്ട് എന്നിവയുള്‍പ്പെടെ വിവിധ സൗകര്യങ്ങള്‍ ഇതില്‍ നല്‍കും.
ശ്രീ കാശി വിശ്വനാഥ ക്ഷേത്രത്തിന് ചുറ്റുമുള്ള 300-ലധികം വസ്തുവകകള്‍ വാങ്ങലും ഏറ്റെടുക്കലും പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. എല്ലാവരേയും ഒപ്പം കൊണ്ടുപോകാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് ഈ ഏറ്റെടുക്കലുകള്‍ക്കായി പരസ്പര ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനതത്വം. ഈ ഉദ്യമത്തില്‍ ഏകദേശം 1400 കടയുടമകളുടെയും വാടകക്കാരുടെയും വീട്ടുടമസ്ഥരുടെയും പുനരധിവാസം സൗഹാര്‍ദ്ദപരമായി ചെയ്തു. പദ്ധതിയുടെ വികസനവുമായി ബന്ധപ്പെട്ട ഏറ്റെടുക്കലുകളോ പുനരധിവാസമോ സംബന്ധിച്ച് രാജ്യത്തെ ഒരു കോടതിയിലും വ്യവഹാരം നിലവിലില്ലെന്നതാണ് വിജയത്തിന്റെ സാക്ഷ്യം.
പദ്ധതിയുടെ വികസന വേളയില്‍ എല്ലാ പൈതൃക ഘടനകളും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതായിരുന്നു പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. പഴയ സ്വത്തുക്കള്‍ നശിപ്പിക്കുന്ന പ്രക്രിയയില്‍ 40-ലധികം പുരാതന ക്ഷേത്രങ്ങള്‍ വീണ്ടും കണ്ടെത്തിയപ്പോള്‍ ഈ ദീര്‍ഘവീക്ഷണം ഉപയോഗപ്രദമായി. ഈ ക്ഷേത്രങ്ങള്‍ പുനഃസ്ഥാപിക്കുകയും മനോഹരമാക്കുകയും ചെയ്തു, അതേസമയം യഥാര്‍ത്ഥ ഘടനയില്‍ മാറ്റമില്ലെന്ന് ഉറപ്പാക്കി.
ഏകദേശം 5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന തരത്തിലായിരുന്നു പദ്ധതിയുടെ വ്യാപ്തി. നേരത്തെ പരിസരം ഏകദേശം 3000 ചതുരശ്ര അടി മാത്രമായിരുന്നു. കൊവിഡ് മഹാമാരിക്കിടയിലും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത സമയക്രമമനുസരിച്ചു പൂര്‍ത്തിയാക്കി.
വാരാണസി സന്ദര്‍ശന വേളയില്‍, പ്രധാനമന്ത്രി ഉച്ചയ്ക്ക് 12ന് കാലഭൈരവ ക്ഷേത്രം സന്ദര്‍ശിക്കുകയും ഡിസംബര്‍ 13 ന് വൈകുന്നേരം 6 ന് റോ-റോ കപ്പലില്‍ ഗംഗാ ആരതി കാണുകയും ചെയ്യും. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് 3:30-ന് വാരാണസിയിലെ സ്വവര്‍വേദ് മഹാമന്ദിറില്‍ നടക്കുന്ന സദ്ഗുരു സദഫല്‍ദിയോ വിഹാംഗം യോഗ് സന്‍സ്ഥാന്റെ 98-ാം വാര്‍ഷിക ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ അസം, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മണിപ്പൂര്‍, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലും പ്രധാനമന്ത്രി ബീഹാര്‍, നാഗാലാന്‍ഡ് ഉപമുഖ്യമന്ത്രിമാര്‍ക്കൊപ്പം പങ്കെടുക്കും. ഭരണവുമായി ബന്ധപ്പെട്ട മികച്ച കീഴ്‌വഴക്കങ്ങള്‍ പങ്കുവയ്ക്കാന്‍ സമ്മേളനം അവസരമൊരുക്കും, കൂടാതെ ടീം ഇന്ത്യയുടെ സ്പിരിറ്റ് വര്‍ദ്ധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതവുമാണ് സമ്മേളനം.