പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 19 ന് ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കും.
സംഭാല്‍ ജില്ലയിലെ ശ്രീ കല്‍ക്കി ധാം ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ രാവിലെ ഉദ്ദേശം 10:30 ന്, പ്രധാനമന്ത്രി നിര്‍വഹിക്കും. ശ്രീ കല്‍ക്കിധാം ക്ഷേത്രത്തിന്റെ മാതൃക ഈ അവസരത്തില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ആചാര്യ പ്രമോദ് കൃഷ്ണന്‍ ചെയര്‍മാനായ ശ്രീ കല്‍ക്കി ധാം നിര്‍മ്മാണ ട്രസ്റ്റാണ് ശ്രീ കല്‍ക്കി ധാം നിര്‍മ്മിക്കുന്നത്. നിരവധി സന്യാസിമാരും മതമേലദ്ധ്യക്ഷന്മാരും മറ്റ് പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും.
2023 ഫെബ്രുവരിയില്‍ നടന്ന യു.പി ആഗോള നിക്ഷേപക ഉച്ചകോടി 2023-ല്‍ (യു.പി.ജി.ഐ.എസ് 2023) ലഭിച്ച നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ക്കായി ഉച്ചയ്ക്ക് ഉദ്ദേശം 1.30ന് നടക്കുന്ന നാലാമത്തെ നിലമൊരുക്കല്‍ ചടങ്ങില്‍, ഉത്തര്‍പ്രദേശില്‍ ഉടനീളം 10 ലക്ഷം കോടി രൂപയിലധികം ചെലവുവരുന്ന 14,000 പദ്ധതികള്‍ക്ക് പ്രധാനമന്ത്രി സമാരംഭം കുറിയ്ക്കും. മറ്റുള്ളവയോടൊപ്പം നിര്‍മ്മാണം, പുനരുപയോഗ ഊര്‍ജ്ജം, വിവരസാങ്കേതികവിദ്യ, ഐ.ടി.ഇ.എസ്, ഭക്ഷ്യസംസ്‌ക്കരണം, ഹൗസിംഗ് ആന്റ് റിയല്‍ എസ്‌റ്റേറ്റ്, ഹോസ്പിറ്റാലിറ്റി ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളാണ് ഇവ. പ്രമുഖ വ്യവസായികള്‍, പ്രമുഖ ആഗോള, ഇന്ത്യന്‍ കമ്പനികളുടെ പ്രതിനിധികള്‍, അംബാസഡര്‍മാര്‍, ഹൈക്കമ്മീഷണര്‍മാര്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവരുള്‍പ്പെടെ 5000-ത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കും.