പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂലൈ 16-ന് ഉത്തർപ്രദേശ് സന്ദർശിക്കും. രാവിലെ 11:30-ന് ജലൗൺ ജില്ലയിലെ ഒറായി തഹസിൽ കൈതേരി ഗ്രാമത്തിൽ ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേ ഉദ്ഘാടനം ചെയ്യും.
രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന് ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനമാണ് ഇതിന്റെ പ്രധാന സവിശേഷത. 2020 ഫെബ്രുവരി 29-ന് പ്രധാനമന്ത്രി ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ്‌വേയുടെ നിർമ്മാണത്തിന് തറക്കല്ലിട്ടതാണ് ഇതിലേക്കുള്ള ഒരു സുപ്രധാന ശ്രമം. എക്‌സ്‌പ്രസ് വേയുടെ പണി 28 മാസത്തിനുള്ളിൽ പൂർത്തിയാക്കി, ഇപ്പോൾ അത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഉത്തർപ്രദേശ് എക്‌സ്‌പ്രസ്‌വേസ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (യുപിഇഐഡിഎ) കീഴിൽ ഏകദേശം 14,850 കോടി രൂപ ചെലവിൽ 296 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി എക്‌സ്‌പ്രസ്‌വേ നിർമ്മിച്ചു, പിന്നീട് ഇത് ആറ് വരികളായി വികസിപ്പിക്കാനും കഴിയും. ഇത് ചിത്രകൂട് ജില്ലയിലെ ഭരത്കൂപ്പിനടുത്തുള്ള ഗോണ്ട ഗ്രാമത്തിൽ ദേശീയ പാത -35 മുതൽ ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ് വേയുമായി ലയിക്കുന്ന ഇറ്റാവ ജില്ലയിലെ കുദ്രൈൽ ഗ്രാമത്തിന് സമീപം വരെ വ്യാപിക്കുന്നു. ഇത് ചിത്രകൂട്, ബന്ദ, മഹോബ, ഹമീർപൂർ, ജലൗൻ, ഔറയ്യ, ഇറ്റാവ എന്നീ ഏഴ് ജില്ലകളിലൂടെ കടന്നുപോകുന്നു.
മേഖലയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം, ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേ സാമ്പത്തിക വികസനത്തിന് വലിയ ഉത്തേജനം നൽകും, അതിന്റെ ഫലമായി പ്രാദേശിക ജനങ്ങൾക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. എക്‌സ്‌പ്രസ് വേയ്‌ക്ക് സമീപമുള്ള ബന്ദ, ജലൗൺ ജില്ലകളിൽ വ്യാവസായിക ഇടനാഴി സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.