ജമ്മു കശ്മീരിലെ കാർഷിക സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള 5000 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും
‘സമഗ്ര കാർഷിക വികസന പദ്ധതി’ ജമ്മു കശ്മീരിലെ 2.5 ലക്ഷത്തോളം കർഷകരെ പ്രത്യേക ദക്ഷ് കിസാൻ പോർട്ടൽ വഴി നൈപുണ്യവികസനത്തിനായി സജ്ജമാക്കും. പദ്ധതിക്കു കീഴിൽ ഏകദേശം 2000 കിസാൻ ഖിദ്മത് ഘർ സ്ഥാപിക്കും
സ്വദേശ് ദർശൻ-പ്രസാദ് പദ്ധതികൾക്കു കീഴിൽ, വിനോദസഞ്ചാരമേഖലയ്ക്കു വലിയ ഉത്തേജനം പകരുന്ന 1400 കോടിയിലധികം രൂപയുടെ 52 വിനോദസഞ്ചാരമേഖലാ പദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കുകയും സമാരംഭിക്കുകയും ചെയ്യും
ശ്രീനഗറി​ലെ ‘ഹസ്രത്ബാൽ ദേവാലയത്തിന്റെ സംയോജിത വികസന’പദ്ധതി പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും
പ്രധാന മതപരമായ സ്ഥലങ്ങൾ, അനുഭവകേന്ദ്രങ്ങൾ, ഇക്കോടൂറിസം മേഖലകൾ, രാജ്യത്തുടനീളമുള്ള വിനോദസഞ്ചാര സർക്യൂട്ടുകൾ എന്നിവ വികസിപ്പിക്കും
കഴിവുപരീക്ഷിക്കൽ അടിസ്ഥാനമാക്കി പ്രത്യേക ഇടങ്ങൾ വികസിപ്പിക്കുന്ന പദ്ധതിക്കു കീഴിൽ തിരഞ്ഞെടുത്ത വിനോദസഞ്ചാരകേന്ദ്രങ്ങൾ പ്രധാനമന്ത്രി പ്രഖ്യാപിക്കും
‘ദേഖോ അപ്നാ ദേശ് പീപ്പിൾസ് ചോയ്സ് 2024’, ‘ചലോ ഇന്ത്യ ഗ്ലോബൽ ഡയസ്പോറ ക്യാമ്പെയ്ൻ’ എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ജമ്മു കശ്മീരിലെ പുതിയ ഗവണ്മെന്റ് നിയമനങ്ങൾക്കുള്ള ഉത്തരവുകൾ പ്രധാനമന്ത്രി വിതരണം ചെയ്യും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 മാർച്ച് 7നു ജമ്മു കശ്മീരിലെ ശ്രീനഗർ സന്ദർശിക്കും. ഉച്ചയ്ക്കു പന്ത്രണ്ടോടെ ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിലെത്തുന്ന പ്രധാനമന്ത്രി, ‘വികസിത് ഭാരത് വികസിത് ജമ്മു കശ്മീർ’ പരിപാടിയിൽ പങ്കെടുക്കും.

പരിപാടിയിൽ, ജമ്മു കശ്മീരിലെ കാർഷിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി പ്രധാനമന്ത്രി ഏകദേശം 5000 കോടി രൂപയുടെ പദ്ധതിയായ ‘സമഗ്ര കാർഷിക വികസന പരിപാടി’ രാജ്യത്തിനു സമർപ്പിക്കും. ശ്രീനഗറിലെ ‘ഹസ്രത്ബാൽ ദേവാലയത്തിന്റെ സംയോജിത വികസന’ പദ്ധതി ഉൾപ്പെടെ, സ്വദേശ് ദർശൻ - പ്രസാദ് (തീർഥാടന പുനരുജ്ജീവന-ആത്മീയ-പൈതൃക പുരോഗതി യജ്ഞം) പദ്ധതികൾക്കു കീഴിൽ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട 1400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ അദ്ദേഹം രാജ്യത്തിനു സമർപ്പിക്കും. ‘ദേഖോ അപ്നാ ദേശ് പീപ്പിൾസ് ചോയ്‌സ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പോൾ’, ‘ചലോ ഇന്ത്യ ഗ്ലോബൽ ഡയസ്പോറ ക്യാമ്പെയ്ൻ’ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കഴിവുപരീക്ഷിക്കൽ അടിസ്ഥാനമാക്കി പ്രത്യേക ഇടങ്ങൾ വികസിപ്പിക്കുന്ന പദ്ധതി (Challenge Based Destination Development - CBDD)ക്കു കീഴിൽ തിരഞ്ഞെടുത്ത വിനോദസഞ്ചാരകേന്ദ്രങ്ങൾ പ്രധാനമന്ത്രി പ്രഖ്യാപിക്കും. കൂടാതെ, ജമ്മു കശ്മീരിലെ 1000ത്തോളം പുതിയ ഗവണ്മെന്റ് നിയമനങ്ങൾക്കുള്ള ഉത്തരവുകൾ പ്രധാനമന്ത്രി വിതരണം ചെയ്യും. കൂടാതെ, നേട്ടങ്ങൾ കൈവരിച്ച വനിതകൾ, ‘ലഖ്പതി ദീദി’കൾ, കർഷകർ, സംരംഭകർ തുടങ്ങി ഗവണ്മെന്റ് പദ്ധതികളുടെ വിവിധ ഗുണഭോക്താക്കളുമായി അദ്ദേഹം സംവദിക്കും.

ജമ്മു കശ്മീരിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ ഉത്തേജനം നൽകുന്ന നടപടിയായി ‘സമഗ്ര കാർഷിക വികസന പരിപാടി’ (Holistic Agriculture Development Programme -HADP) പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും. ഹോർട്ടികൾച്ചർ, അഗ്രികൾച്ചർ, കന്നുകാലി വളർത്തൽ എന്നിങ്ങനെ ജമ്മു കശ്മീരിലെ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ മൂന്നു പ്രധാന മേഖലകളിലെ പ്രവർത്തനങ്ങളുടെ മുഴുവൻ ശ്രേണിയും ഉൾക്കൊള്ളുന്ന സംയോജിത പ്രോഗ്രാമാണ് എച്ച്എഡിപി. പ്രത്യേക ദക്ഷ് കിസാൻ പോർട്ടൽ വഴി ഏകദേശം 2.5 ലക്ഷം കർഷകരെ നൈപുണ്യവികസനത്തിനു സജ്ജരാക്കാൻ ഈ പദ്ധതി സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു. പരിപാടിക്ക് കീഴിൽ, 2000 ഓളം കിസാൻ ഖിദ്മത് ഘർ സ്ഥാപിക്കുകയും കർഷക സമൂഹത്തിന്റെ ക്ഷേമത്തിനായി ശക്തമായ മൂല്യ ശൃംഖലകൾ സ്ഥാപിക്കുകയും ചെയ്യും. ജമ്മു കശ്മീരിലെ ലക്ഷക്കണക്കിനു പാർശ്വവൽക്കൃത കുടുംബങ്ങൾക്കു തൊഴിലവസരം സൃഷ്ടിക്കാൻ ഈ പരിപാടി സഹായകമാകും.

രാജ്യവ്യാപകമായി പ്രമുഖ തീർഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ലോകോത്തര അടിസ്ഥാനസൗകര്യങ്ങളും സുഖസൗകര്യങ്ങളും സജ്ജമാക്കി, ഈ കേന്ദ്രങ്ങള്‍  സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെയും തീർഥാടകരുടെയും മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തുക എന്നതാണു പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. ഇതിനനുസൃതമായി 1400 കോടിയിലധികം രൂപയുടെ സ്വദേശ് ദര്‍ശന്‍-പ്രസാദ് പദ്ധതികള്‍ക്കു കീഴിലുള്ള വിവിധ സംരംഭങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്യും. ജമ്മു കശ്മീര്‍ ശ്രീനഗറിലെ ‘ഹസ്രത്ബാല്‍ ദേവാലയത്തിന്റെ സംയോജിത വികസനം’, മേഘാലയയിലെ വടക്കുകിഴക്കന്‍ സര്‍ക്യൂട്ടില്‍ വികസിപ്പിച്ചെടുത്ത വിനോദസഞ്ചാര സൗകര്യങ്ങള്‍; ബിഹാറിലെയും രാജസ്ഥാനിലെയും ആത്മീയ സര്‍ക്യൂട്ട്; ബിഹാറിലെ ഗ്രാമീണ-തീർഥങ്കര്‍ സര്‍ക്യൂട്ട്; തെലങ്കാനയിലെ ജോഗുലാംബ ഗദ്വാല ജില്ലയിലെ ജോഗുലാംബ ദേവീക്ഷേത്രത്തിന്റെ വികസനം; മധ്യപ്രദേശിലെ അനൂപ്‌പുർ ജില്ലയിലെ അമര്‍കണ്ടക് ക്ഷേത്രത്തിന്റെ വികസനം എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കുന്ന പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

ഹസ്രത്ബാല്‍ ദേവാലയം സന്ദര്‍ശിക്കുന്ന തീർഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ലോകോത്തര അടിസ്ഥാനസൗകര്യങ്ങളും സുഖസൗകര്യങ്ങളും സൃഷ്ടിക്കുന്നതിനും അവരുടെ സമഗ്രമായ ആത്മീയ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി ‘ഹസ്രത്ബാല്‍ ദേവാലയത്തിന്റെ സംയോജിത വികസനം’ എന്ന പദ്ധതി നടപ്പിലാക്കി. ദേവാലയത്തിന്റെ അതിര്‍ത്തിമതില്‍ നിർമാണം ഉള്‍പ്പെടെ മുഴുവന്‍ പ്രദേശത്തിന്റെയും വികസനം, ഹസ്രത്ബാല്‍ ആരാധനാലയങ്ങളുടെ ചുറ്റുപ്രദേശങ്ങളിലെ പ്രകാശാലങ്കാരം; ദേവാലയത്തിനു ചുറ്റുമുള്ള ഘാട്ടുകളുടെയും ദേവ്രി പാതകളുടെയും മെച്ചപ്പെടുത്തല്‍; സൂഫി വ്യാഖ്യാന കേന്ദ്രത്തിന്റെ നിര്‍മാണം; വിനോദസഞ്ചാര സൗകര്യകേന്ദ്രത്തിന്റെ നിര്‍മാണം; അടയാളങ്ങള്‍ സ്ഥാപിക്കല്‍; ബഹുനില കാര്‍ പാര്‍ക്കിങ്; ആരാധനാലയത്തിന്റെ പൊതു സൗകര്യ ബ്ലോക്കിന്റെയും പ്രവേശന കവാടത്തിന്റെയും നിര്‍മാണം തുടങ്ങിയവയും പദ്ധതിയുടെ പ്രധാന ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.

രാജ്യത്തുടനീളമുള്ള തീർത്ഥാടന കേന്ദ്രങ്ങളുടെയും  വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും വികസനം ലക്ഷ്യമിട്ടുള്ള  43 പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിൽ ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ അന്നവാരം ക്ഷേത്രം; തമിഴ്‌നാട്ടിലെ തഞ്ചാവൂർ, മയിലാടുതുറൈ ജില്ലയിലും പുതുച്ചേരിയിലെ കാരക്കൽ ജില്ലയിലും ഉള്ള നവഗ്രഹ ക്ഷേത്രങ്ങൾ; ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രം, മൈസൂർ ജില്ല, കർണാടക; കർണി മാതാ മന്ദിർ, ബിക്കാനീർ ജില്ല രാജസ്ഥാൻ; മാ ചിന്ത്പൂർണി ക്ഷേത്രം, ഉന ജില്ല, ഹിമാചൽ പ്രദേശ്; ഗോവയിലെ ബോം ജീസസ് ചർച്ചിൻ്റെ ബസിലിക്ക എന്നിവയടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങൾ ഉൾപ്പെടുന്നു. അരുണാചൽ പ്രദേശിലെ മെചുക അഡ്വഞ്ചർ പാർക്ക്; ഉത്തരാഖണ്ഡ് പിത്തോരഗഢിലെ ഗുഞ്ചിൽ സ്ഥിതി ചെയ്യുന്ന  ഗ്രാമീണ ടൂറിസം ക്ലസ്റ്റർ ; തെലങ്കാനയിലെ അനന്തഗിരിയിലെ അനന്തഗിരി വനത്തിൽ സ്ഥിതി ചെയ്യുന്ന  ഇക്കോടൂറിസം മേഖല; മേഘാലയയിലെ സോഹ്‌റയിലെ മേഘാലയ ഗുഹയും  വെള്ളച്ചാട്ട പാതകളും; സിന്നമര ടീ എസ്റ്റേറ്റ്, ജോർഹട്ട്, അസം; പഞ്ചാബിലെ കപൂർത്തലയിലെ കഞ്ജലി തണ്ണീർത്തടത്തിലെ  ഇക്കോടൂറിസം,  ജുല്ലി ലേ ജൈവവൈവിധ്യ പാർക്ക്, ലേ, തുടങ്ങിയ വിവിധ സൈറ്റുകളുടെ വികസനവും ഇതിൽ ഉൾപ്പെടുന്നു.

പരിപാടിയിൽ, ചലഞ്ച് ബേസ്ഡ് ഡെസ്റ്റിനേഷൻ ഡെവലപ്‌മെൻ്റ് (സിബിഡിഡി) സ്കീമിന് കീഴിൽ തിരഞ്ഞെടുക്കപ്പെട്ട 42 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തും. 2023-24 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച നൂതന പദ്ധതി, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് ഉത്തേജനം നൽകിക്കൊണ്ട് വിനോദസഞ്ചാര മേഖലയിലെ സുസ്ഥിരതയും മത്സരക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മെച്ചപ്പെട്ട വിനോദസഞ്ചാര അനുഭവം നൽകാനാണ് ലക്ഷ്യമിടുന്നത്. 42 ലക്ഷ്യസ്ഥാനങ്ങളെ നാല് വിഭാഗങ്ങളിലായി (സാംസ്കാരികവും  പൈതൃകവുമായവ 16 എണ്ണം;  ആത്മീയ കേന്ദ്രങ്ങൾ 11; ഇക്കോടൂറിസം അമൃത് ധരോഹർ വിഭാഗത്തിൽ 10;  വൈബ്രൻ്റ് വില്ലേജ് 5) കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന പദ്ധതിയായ ‘ദേഖോ അപ്‌നാ ദേശ് പീപ്പിൾസ് ചോയ്‌സ് 2024’ എന്ന രൂപത്തിൽ വിനോദസഞ്ചാരത്തിൽ രാജ്യത്തിൻ്റെ സ്പന്ദനം തിരിച്ചറിയുന്നതിനുള്ള രാജ്യവ്യാപകമായ ആദ്യ സംരംഭം പ്രധാനമന്ത്രി ആരംഭിക്കും. ആത്മീയം, സാംസ്‌കാരികം, പൈതൃകം, പ്രകൃതിയും  വന്യജീവി വിഭാഗവും, സാഹസികത എന്നിങ്ങനെ അഞ്ച് ടൂറിസം വിഭാഗങ്ങളിലും മറ്റ് വിഭാഗങ്ങളിലും വിനോദസഞ്ചാരികൾ ഏറ്റവും താൽപര്യം പ്രകടിപ്പിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ തിരിച്ചറിയുന്നതിനും വിനോദസഞ്ചാരികളുടെ ധാരണകൾ മനസ്സിലാക്കുന്നതിനും വേണ്ടി പൗരന്മാരുമായി ഇടപഴകുക എന്നതാണ് രാജ്യവ്യാപകമായ ഈ വോട്ടെടുപ്പിൻ്റെ ലക്ഷ്യം. നാല് പ്രധാന വിഭാഗങ്ങൾക്ക് പുറമെ, 'മറ്റൊരു' വിഭാഗത്തിൽ വ്യക്തികൾക്ക് അവരുടെ വ്യക്തിപരമായ തൽപര്യമനുസരിച്ച് വോട്ട് ചെയ്യാനും വൈബ്രൻ്റ് ബോർഡർ വില്ലേജുകൾ, വെൽനസ് ടൂറിസം, വെഡ്ഡിംഗ് ടൂറിസം തുടങ്ങിയ അധികം പരീക്ഷിക്കപ്പെടാത്ത ടൂറിസം ആകർഷണങ്ങളുടെയും ലക്ഷ്യസ്ഥാനങ്ങളുടെയും രൂപത്തിൽ മറഞ്ഞിരിക്കുന്ന ടൂറിസം ആശയങ്ങളെ  കണ്ടെത്താനും ഇത് സഹായിക്കുന്നു. ഇന്ത്യാ ഗവൺമെൻ്റിൻ്റെ സിറ്റിസൺ എൻഗേജ്‌മെൻ്റ് പോർട്ടലായ MyGov പ്ലാറ്റ്‌ഫോമിലാണ് വോട്ടെടുപ്പിനുള്ള അവസരം ഒരുക്കുന്നത്.

ഇൻക്രെഡിബിൾ ഇന്ത്യയുടെ അംബാസഡർമാരാകാനും ഇന്ത്യയിലേക്കുള്ള ടൂറിസം പ്രോത്സാഹിപ്പിക്കാനും പ്രവാസികളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ‘ചലോ ഇന്ത്യ ഗ്ലോബൽ ഡയസ്‌പോറ കാമ്പെയ്ൻ’ ആരംഭിക്കും. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ അടിസ്ഥാനമാക്കിയാണ് പ്രചാരണ പരിപാടി ആരംഭിക്കുന്നത്, അതിൽ ഇന്ത്യക്കാരല്ലാത്ത അഞ്ച് സുഹൃത്തുക്കളെയെങ്കിലും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം  പ്രവാസി അംഗങ്ങളോട് അഭ്യർത്ഥിച്ചു. 3 കോടിയിലധികം വിദേശ ഇന്ത്യക്കാരടങ്ങുന്ന ഇന്ത്യൻ പ്രവാസ ലോകത്തിന് സാംസ്കാരിക അംബാസഡർമാരെന്ന നിലയിൽ  ഇന്ത്യൻ ടൂറിസത്തിൻ്റെ ശക്തമായ ഉത്തേജകമായി പ്രവർത്തിക്കാനാകും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi