



പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഒക്ടോബർ 5ന് രാജസ്ഥാനും മധ്യപ്രദേശും സന്ദർശിക്കും.
രാവിലെ 11.15ന് രാജസ്ഥാനിലെ ജോധ്പുരിൽ റോഡ്, റെയിൽ, വ്യോമയാനം, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലായി ഏകദേശം 5000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ഉച്ചകഴിഞ്ഞ് 3.30 മധ്യപ്രദേശിലെ ജബൽപുരിൽ എത്തുന്ന പ്രധാനമന്ത്രി, റോഡ് - റെയിൽ - വാതക പൈപ്പ്‌ലൈൻ - പാർപ്പിട – കുടിവെള്ള മേഖലകളിൽ 12,600 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും.
പ്രധാനമന്ത്രി രാജസ്ഥാനിൽ
രാജസ്ഥാനിലെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾക്കു കരുത്തേകുന്നതിനുള്ള സുപ്രധാന പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടും. ജോധ്പുരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ 350 കിടക്കകളുള്ള ‘ട്രോമ സെന്റർ, ക്രിട്ടിക്കൽ കെയർ ഹോസ്പിറ്റൽ ബ്ലോക്ക്’, രാജസ്ഥാനിലുടനീളം വികസിപ്പിക്കുന്ന ‘പ്രധാനമന്ത്രി - ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യ’ (പിഎം-എബിഎച്ച്ഐഎം)ത്തിന്റെ കീഴിലുള്ള ഏഴ് സങ്കീര്‍ണ രോഗപരിചരണ ബ്ലോക്കുകൾ എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു. ജോധ്പുർ എയിംസിൽ 350 കോടിയിലധികം രൂപ ചെലവിട്ട് ‘ട്രോമ, എമർജൻസി, ക്രിട്ടിക്കൽ കെയർ’ സംയോജിത കേന്ദ്രം വികസിപ്പിക്കും. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികിത്സ, രോഗനിർണയം, ദിനപരിചരണം, വാർഡുകൾ, സ്വകാര്യ മുറികൾ, മോഡുലാർ ഓപ്പറേറ്റിങ് തിയേറ്ററുകൾ, ഐസിയു, ഡയാലിസിസ്മേഖല തുടങ്ങി വിവിധ സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടും. രോഗികൾക്ക് വിവിധ തരത്തിലുള്ള സമഗ്ര പരിചരണം നൽകി ട്രോമ-അടിയന്തര അവസ്ഥ കൈകാര്യം ചെയ്യുന്നതിൽ ഇതു സമഗ്രമായ സമീപനം കൊണ്ടുവരും. രാജസ്ഥാനിലുടനീളമുള്ള ഏഴ് സങ്കീർണ രോഗപരിചരണ ബ്ലോക്കുകൾ സംസ്ഥാനത്തെ ജനങ്ങൾക്ക് പ്രയോജനപ്പെടും വിധത്തിൽ ജില്ലാതല സങ്കീർണ രോഗപരിചരണ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തും.
ജോധ്പുർ വിമാനത്താവളത്തിലെ അത്യാധുനികമായ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ വികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. ആകെ 480 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ ടെർമിനൽ കെട്ടിടം ഏകദേശം 24,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വികസിപ്പിക്കുകയും തിരക്കേറിയ സമയങ്ങളിൽ 2500 യാത്രക്കാർക്ക് സേവനം നൽകുന്നതിന് സജ്ജീകരിക്കുകയും ചെയ്യും. ഇത് പ്രതിവർഷം 35 ലക്ഷം യാത്രക്കാർക്ക് സേവനം നൽകുകയും മേഖലയിലെ സമ്പർക്കസൗകര്യം വർധിപ്പിക്കുകയും വിനോദസഞ്ചാരം മെച്ചപ്പെടുത്തുകയും ചെയ്യും.
ഐഐടി ജോധ്പുർ ക്യാമ്പസും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കും. 1135 കോടിയിലധികം രൂപ ചെലവഴിച്ചാണ് അത്യാധുനിക ക്യാമ്പസ് നിർമിച്ചത്. അത്യാധുനിക ഗവേഷണ-നൂതനാശയ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി ഉയർന്ന നിലവാരമുള്ള സമഗ്ര വിദ്യാഭ്യാസം നൽകുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിനുമുള്ള ചുവടുവയ്പാണിത്.
രാജസ്ഥാൻ കേന്ദ്ര സർവകലാശാലയിലെ അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കുന്നതിനായി ‘സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ലബോറട്ടറി’, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ‘യോഗ & കായികശാസ്ത്ര മന്ദിരം’ എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കും. രാജസ്ഥാൻ കേന്ദ്ര സർവകലാശാലയിൽ സെൻട്രൽ ലൈബ്രറി, 600 പേരെ ഉൾക്കൊള്ളുന്ന ഹോസ്റ്റൽ, വിദ്യാർഥികൾക്കുള്ള ഭക്ഷണകേന്ദ്രം എന്നിവയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
രാജസ്ഥാനിലെ റോഡ് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടിയായി, ദേശീയപാത -125എ-യിൽ ജോധ്പുർ റിങ് റോഡിലെ കാർവാർ മുതൽ ഡാംഗിയാവാസ് വരെയുള്ള നാലുവരി പാത; ജാലോർ (ദേശീയ പാത-325) വഴി ബാലോത്ര മുതൽ സാണ്ഡേറാവു വരെയുള്ള പ്രധാന നഗര ഭാഗങ്ങളുടെ ഏഴ് ബൈപാസുകളുടെ നിർമ്മാണം/പുനർവിന്യാസം; ദേശീയപാത-25-ന്റെ പച്പദ്ര- ബാഗൂണ്ഡി ഭാഗത്തിന്റെ നാലുവരിപ്പാത പദ്ധതി എന്നിവ ഉൾപ്പെടെ വിവിധ റോഡ് വികസന പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടും. ഏകദേശം 1475 കോടി രൂപ ചെലവിലാണ് ഈ റോഡ് പദ്ധതികൾ നിർമിക്കുന്നത്. ജോധ്പുർ റിങ് റോഡ് ഗതാഗതക്കുരുക്കു കുറയ്ക്കാനും നഗരത്തിലെ വാഹന മലിനീകരണം കുറയ്ക്കാനും സഹായിക്കും. ഈ മേഖലയിലെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുന്നതിനും വ്യാപാരം വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വളർച്ചയ്ക്കും പദ്ധതികൾ സഹായിക്കും.
രാജസ്ഥാനിൽ രണ്ട് പുതിയ ട്രെയിൻ സർവീസുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ജയ്സൽമെറിനെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന റുണിച്ച എക്സ്‌പ്രസ് എന്ന പുതിയ ട്രെയിനും മാർവാർ ജങ്ഷനെയും ഖാംലി ഘാട്ടിനെയും ബന്ധിപ്പിക്കുന്ന പുതിയ പൈതൃക ട്രെയിനും ഇതിൽ ഉൾപ്പെടുന്നു. ജോധ്പുർ, ഡെഗാന, കുചാമൻ സിറ്റി, ഫുലേര, റീംഗസ്, ശ്രീ മാധോപുർ, നീം കാ ഥാന, നാർനൗൾ, അടേലി, രെവാരി എന്നിവിടങ്ങളിലൂടെ റുണിച്ച എക്സ്‌പ്രസ് കടന്നുപോകും. മാർവാർ ജങ്ഷനെയും ഖാംലി ഘാട്ടിനെയും ബന്ധിപ്പിക്കുന്ന പുതിയ പൈതൃക ട്രെയിൻ വിനോദസഞ്ചാരത്തിന് ഉത്തേജനം പകരുകയും മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇവ കൂടാതെ, മറ്റ് രണ്ട് റെയിൽ പദ്ധതികളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. 145 കിലോമീറ്റർ നീളമുള്ള ‘ഡെഗാന-റായ് കാ ബാഗ്’ റെയിൽ പാതയും 58 കിലോമീറ്റർ നീളമുള്ള ‘ഡെഗാന-കുചാമൻ സിറ്റി’ റെയിൽ പാതയും ഇരട്ടിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.
പ്രധാനമന്ത്രി മധ്യപ്രദേശിൽ
മധ്യപ്രദേശിലെ ഇൻഡോറിൽ ലൈറ്റ് ഹൗസ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ ‘എല്ലാവർക്കും വീട്’ നൽകാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനു കരുത്താർജിക്കും. പ്രധാനമന്ത്രി ആവാസ് യോജന - നഗരം പദ്ധതിക്ക് കീഴിൽ ഏകദേശം 128 കോടി രൂപ ചെലവിൽ നിർമിച്ച ഈ പദ്ധതി ആയിരത്തിലധികം ഗുണഭോക്തൃ കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യും. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയതും എന്നാൽ നിർമ്മാണ സമയം ഗണ്യമായി കുറയ്ക്കുന്നതുമായ ഗുണനിലവാരമുള്ള വീടുകൾ നിർമ്മിക്കുന്നതിന് നൂതന സാങ്കേതികവിദ്യയായ ‘പ്രീഫാബ്രിക്കേറ്റഡ് സാൻഡ്‌വിച്ച് പാനൽ സിസ്റ്റം വിത്ത് പ്രീ-എൻജിനിയേഡ് സ്റ്റീൽ സ്ട്രക്ചറൽ സിസ്റ്റം’ ഉപയോഗിക്കുന്നു.
വ്യക്തിഗത ഗാർഹിക കുടിവെള്ള പൈപ്പ് കണക്ഷനുകളിലൂടെ ആവശ്യത്തിനനുസരിച്ച് സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി മണ്ഡ്ല, ജബൽപുർ, ഡിണ്ഡോരി ജില്ലകളിലായി 2350 കോടിയിലധികം രൂപയുടെ ജൽ ജീവൻ ദൗത്യ പദ്ധതികൾക്ക് തറക്കല്ലിടും. സിവ്നി ജില്ലയിൽ 100 കോടിയിലധികം രൂപയുടെ ജൽ ജീവൻ ദൗത്യ പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. സംസ്ഥാനത്തെ നാല് ജില്ലകളിലെ ഈ പദ്ധതികൾ മധ്യപ്രദേശിലെ 1575 ഗ്രാമങ്ങൾക്ക് ഗുണം ചെയ്യും.
മധ്യപ്രദേശിലെ റോഡ് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 4800 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും. ദേശീയപാത 346-ലെ ഝർഖേഡ, ബേർസിയ, ദോൽഖേഡി എന്നിവയെ ബന്ധിപ്പിക്കുന്ന റോഡ് നവീകരണം; ദേശീയപാത 543-ലെ ബാലാഘാട്ട് - ഗോന്ദിയ ഭാഗത്തെ നാലുവരിപ്പാത; റൂധിയെയും ദേശ്‌ഗാവിനെയും ബന്ധിപ്പിക്കുന്ന ഖണ്ഡ്വ ബൈപ്പാസിന്റെ നാലുവരി പാത; ദേശീയപാത 47ന്റെ ടെമാഗാവ് മുതൽ ചിചോലി വരെയുള്ള ഭാഗം നാലുവരിയാക്കൽ; ബോർഗാവിനെ ഷാഹ്പുരുമായി ബന്ധിപ്പിക്കുന്ന നാലുവരി പാത; ഷാഹ്പൂരിനെ മുക്തായിനഗറുമായി ബന്ധിപ്പിക്കുന്ന നാല് വരി പാത എന്നിവ ഉൾപ്പെടെയുള്ള പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ദേശീയ പാത 347സി-യുടെ ഖൽഘാട്ടിനെ സർവാർദേവ്ലയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ നവീകരണവും രാഷ്ട്രത്തിന് സമർപ്പിക്കും.
1850 കോടിയിലധികം രൂപയുടെ റെയിൽ പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. കട്‌നി - വിജയ്‌സോത (102 കിലോമീറ്റർ), മർവാസ്‌ഗ്രാം – സിങ്ഗ്രോലി (78.50 കിലോമീറ്റർ) എന്നിവയെ ബന്ധിപ്പിക്കുന്ന റെയിൽ പാത ഇരട്ടിപ്പിക്കലും ഇതിൽ ഉൾപ്പെടുന്നു. ഈ രണ്ട് പദ്ധതികളും കട്‌നി - സിങ്ഗ്രോലി ഭാഗത്തെ ബന്ധിപ്പിക്കുന്ന റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതിയുടെ ഭാഗമാണ്. ഈ പദ്ധതികൾ മധ്യപ്രദേശിലെ റെയിൽ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തും. സംസ്ഥാനത്തെ വ്യാപാരത്തിനും വിനോദസഞ്ചാരത്തിനും ഗുണം ചെയ്യും.
വിജയ്പൂർ - ഔറയ്യ - ഫൂൽപുർ പൈപ്പ്‌ലൈൻ പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. 1750 കോടിയിലധികം രൂപ ചെലവഴിച്ചാണ് 352 കിലോമീറ്റർ നീളമുള്ള പൈപ്പ്‌ലൈൻ നിർമ്മിച്ചിരിക്കുന്നത്. മുംബൈ - നാഗ്പുർ ഝാർസുഗുഡ പൈപ്പ്‌ലൈൻ പദ്ധതിയുടെ നാഗ്പുർ - ജബൽപുർ ഭാഗത്തിന്റെ (317 കിലോമീറ്റർ) തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 1100 കോടിയിലധികം രൂപ ചെലവിലാണ് പദ്ധതി. വാതക പൈപ്പ്‌ലൈൻ പദ്ധതികൾ വ്യവസായങ്ങൾക്കും വീടുകൾക്കും സംശുദ്ധവും മിതമായ നിരക്കിലുള്ളതുമായ പ്രകൃതിവാതകം പ്രദാനം ചെയ്യും. പരിസ്ഥിതിയിലെ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ചുവടുവയ്പുകൂടിയാകും ഇത്. ജബൽപുരിൽ 147 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ ബോട്ടിലിങ് പ്ലാന്റും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.