പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 9നു രാജസ്ഥാനും ഹരിയാനയും സന്ദർശിക്കും. ജയ്പുരിലേക്കു പോകുന്ന അദ്ദേഹം രാവിലെ 10.30നു ജയ്പുർ പ്രദർശന-സമ്മേളന കേന്ദ്രത്തിൽ (JECC) ‘റൈസിങ് രാജസ്ഥാൻ ആഗോള നിക്ഷേപ ഉച്ചകോടി 2024’ ഉദ്ഘാടനം ചെയ്യും. അതിനുശേഷം, പാനീപ്പത്തിലേക്കു പോകുന്ന പ്രധാനമന്ത്രി, ഉച്ചയ്ക്കു രണ്ടിന് എൽഐസിയുടെ ‘ബീമ സഖി യോജന’യ്ക്കു തുടക്കം കുറിക്കുകയും മഹാറാണ പ്രതാപ് ഹോർട്ടികൾച്ചറൽ സർവകലാശാലയുടെ പ്രധാന ക്യാമ്പസിനു തറക്കല്ലിടുകയും ചെയ്യും.
പ്രധാനമന്ത്രി രാജസ്ഥാനിൽ
റൈസിങ് രാജസ്ഥാൻ ആഗോള നിക്ഷേപ ഉച്ചകോടി 2024, രാജസ്ഥാൻ ആഗോള വ്യവസായ എക്സ്‌പോ എന്നിവ ജയ്പുർ പ്രദർശന-സമ്മേളന കേന്ദ്രത്തിൽ (JECC) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തദവസരത്തിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ഈ വർഷം ഡിസംബർ 9 മുതൽ 11 വരെ നടക്കുന്ന നിക്ഷേപ ഉച്ചകോടിയുടെ പ്രമേയം ‘സമ്പൂർണം, ഉത്തരവാദിത്വം, സജ്ജം’ എന്നതാണ്. ജലസുരക്ഷ, സുസ്ഥിര ഖനനം, സുസ്ഥിര ധനകാര്യം, സമഗ്ര വിനോദസഞ്ചാരം, കാർഷിക-വ്യാവസായിക നവീകരണങ്ങൾ, സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകൾ തുടങ്ങിയ വിഷയങ്ങളിൽ 12 മേഖലകളുമായി ബന്ധപ്പെട്ട സെഷനുകൾ ഉച്ചകോടിയിൽ നടക്കും. ‘വാസയോഗ്യമായ നഗരങ്ങൾക്കുള്ള ജലപരിപാലനം’, ‘വ്യവസായങ്ങളുടെ വൈവിധ്യം-ഉൽപ്പാദനവും അതിനപ്പുറവും’, ‘വ്യാപാരവും വിനോദസഞ്ചാരവും’ തുടങ്ങിയ വിഷയങ്ങളിൽ ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ഭാഗമാകുന്ന എട്ടു പ്രത്യേക സെഷനുകളുമുണ്ടാകും.
പ്രവാസി രാജസ്ഥാനി സമ്മേളനം, എംഎസ്എംഇ സമ്മേളനം എന്നിവയും മൂന്നു ദിവസങ്ങളിലായി നടക്കും. രാജസ്ഥാൻ ആഗോള വ്യാവസായിക എക്സ്‌പോയിൽ രാജസ്ഥാൻ പവലിയൻ, വിവിധ രാജ്യങ്ങളുടെ പവലിയനുകൾ, സ്റ്റാർട്ടപ്പ് പവലിയൻ തുടങ്ങിയ പ്രമേയാധിഷ്ഠിത പവലിയനുകൾ പ്രദർശിപ്പിക്കും. 16 രാജ്യങ്ങളും 20 അന്താരാഷ്ട്ര സംഘടനകളും ഉൾപ്പെടെ 32 പങ്കാളികൾ ഉച്ചകോടിയുടെ ഭാഗമാകും.
പ്രധാനമന്ത്രി ഹരിയാനയിൽ
സ്ത്രീശാക്തീകരണത്തിനും സാമ്പത്തിക ഉൾച്ചേർക്കലിനുമുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി പാനീപ്പത്തിൽ ‘ബീമാ സഖി യോജന’യ്ക്കു പ്രധാനമന്ത്രി തുടക്കംകുറിക്കും. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) ഈ സംരംഭം പത്താം ക്ലാസ് പാസായ 18നും 70നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ശാക്തീകരിക്കുന്നതിനാണ്. സാമ്പത്തിക സാക്ഷരതയും ഇൻഷുറൻസ് ബോധവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നതിന് അവർക്ക് ആദ്യ മൂന്നുവർഷത്തേക്കു പ്രത്യേക പരിശീലനവും സ്റ്റൈപ്പൻഡും നൽകും. പരിശീലനത്തിനുശേഷം, അവർക്ക് എൽഐസി ഏജന്റുമാരായി സേവനമനുഷ്ഠിക്കാനാകും. ബിരുദധാരികളായ ബീമാ സഖികൾക്ക് എൽഐസിയിലെ ഡെവലപ്‌മെന്റ് ഓഫീസർ തസ്തികയിലേക്കു പരിഗണിക്കപ്പെടാൻ യോഗ്യത നേടാനുള്ള അവസരമുണ്ട്. ഭാവികാല ബീമാസഖികൾക്കുള്ള നിയമനപത്രങ്ങളും പ്രധാനമന്ത്രി വിതരണം ചെയ്യും.
പരിപാടിയിൽ കർനാലിലെ മഹാറാണ പ്രതാപ് ഹോർട്ടികൾച്ചറൽ സർവകലാശാലയുടെ പ്രധാന ക്യാമ്പസിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 495 ഏക്കറിൽ വ്യാപിച്ചിട്ടുള്ള പ്രധാന ക്യാമ്പസും ആറു പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളും 700 കോടിയിലധികം രൂപ ചെലവിൽ സ്ഥാപിക്കും. ബിരുദ-ബിരുദാനന്തര പഠനത്തിനായി ഹോർട്ടികൾച്ചർ കോളേജും 10 ഹോർട്ടികൾച്ചർ വിഷയങ്ങൾ ഉൾക്കൊള്ളുന്ന അഞ്ചു സ്കൂളും സർവകലാശാലയിലുണ്ടാകും. ഇതു വിള വൈവിധ്യവൽക്കരണത്തിനും ഹോർട്ടികൾച്ചർ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള ലോകോത്തര ഗവേഷണത്തിനുമായി പ്രവർത്തിക്കും.