പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജൂലൈ 13നു മഹാരാഷ്ട്രയിലെ മുംബൈ സന്ദർശിക്കും. വൈകിട്ട് 5.30ഓടെ മുംബൈയിലെ ഗൊരേഗാവിലെ നെസ്കോ പ്രദർശന കേന്ദ്രത്തിൽ എത്തുന്ന പ്രധാനമന്ത്രി, റോഡ്-റെയിൽവേ-തുറമുഖ മേഖലകളുമായി ബന്ധപ്പെട്ട 29,400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. തുടർന്ന്, രാത്രി ഏഴോടെ ഐഎൻഎസ് ടവറുകൾ ഉദ്ഘാടനം ചെയ്യാൻ സപ്രധാനമന്ത്രി മുംബൈയിലെ ബാന്ദ്ര കുർള സമുച്ചയത്തിലെ ജി-ബ്ലോക്കിലെ ഇന്ത്യൻ ദിനപ്പത്ര സംഘത്തിന്റെ (INS) സെക്രട്ടറിയറ്റും സന്ദർശിക്കും.
ഏകദേശം 16,000 കോടി രൂപയുടെ ഠാണെ ബോറീവലി തുരങ്കപദ്ധതിക്കു പ്രധാനമന്ത്രി തറക്കല്ലിടും. ഠാണെയ്ക്കും ബോറീവലിക്കും ഇടയിലുള്ള ഈ ഇരട്ട ട്യൂബ് തുരങ്കം സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിനു താഴെയായാണു കടന്നുപോകുന്നത്. ഇതു ബോറീവലി ഭാഗത്തെ പടിഞ്ഞാറൻ അതിവേഗപാതയെയും ഠാണെ ഭാഗത്തെ ഠാണെ ഘോഡ്ബന്ദർ റോഡിനെയും നേരിട്ടു ബന്ധിപ്പിക്കും. പദ്ധതിയുടെ ആകെ നീളം 11.8 കിലോമീറ്ററാണ്. ഇതു ഠാണെയിൽനിന്നു ബോറീവലിയിലേക്കുള്ള യാത്ര 12 കിലോമീറ്റർ കുറയ്ക്കും. യാത്രാസമയം ഒരുമണിക്കൂർ ലാഭിക്കുകയും ചെയ്യും.
ഏകദേശം 6300 കോടിരൂപയുടെ ഗൊരേഗാവ് മുലുണ്ഡ് ലിങ്ക് റോഡ് (GMLR) പദ്ധതിയിൽ തുരങ്കനിർമാണത്തിനു പ്രധാനമന്ത്രി തറക്കല്ലിടും. ഗൊരേഗാവിലെ പടിഞ്ഞാറൻ അതിവേഗപാതയിൽനിന്നു മുലുണ്ഡിലെ കിഴക്കൻ അതിവേഗപാതയിലേക്കുള്ള റോഡ് ഗതാഗതസൗകര്യമാണു GMLR വിഭാവനം ചെയ്യുന്നത്. GMLR-ന്റെ ആകെ നീളം ഏകദേശം 6.65 കിലോമീറ്ററാണ്. ഇതു നവി മുംബൈയിലെ പുതിയ നിർദിഷ്ട വിമാനത്താവളവുമായും പുണെ മുംബൈ അതിവേഗപാതയുമായും പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങൾക്കു നേരിട്ടു സമ്പർക്കസൗകര്യം നൽകും.
നവി മുംബൈയിലെ തുർഭെയിൽ കല്യാൺ യാർഡ് പുനർനിർമാണത്തിനും ഗതിശക്തി ബഹുതല ചരക്കുടെർമിനലിനും പ്രധാനമന്ത്രി തറക്കല്ലിടും. ദീർഘദൂര-നഗരപ്രാന്ത ഗതാഗതം വേർതിരിക്കുന്നതിനു കല്യാൺ യാർഡ് സഹായിക്കും. പുനർനിർമാണം കൂടുതൽ ട്രെയിനുകൾ കൈകാര്യം ചെയ്യാനുള്ള യാർഡിന്റെ ശേഷി വർധിപ്പിക്കുകയും തിരക്കു കുറയ്ക്കുകയും ട്രെയിനുകൾ പ്രവർത്തിപ്പിക്കുന്നതിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. നവി മുംബൈയിലെ ഗതിശക്തി ബഹുതല ചരക്കു ടെർമിനൽ 32,600 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ നിർമിക്കും. ഇതു പ്രദേശവാസികൾക്ക് അധിക തൊഴിലവസരങ്ങൾ നൽകുകയും സിമന്റും മറ്റു ചരക്കുകളും കൈകാര്യം ചെയ്യുന്നതിനുള്ള അധിക ടെർമിനലായി പ്രവർത്തിക്കുകയും ചെയ്യും.
ലോകമാന്യ തിലക് ടെർമിനസിലെ പുതിയ പ്ലാറ്റ്‌ഫോമുകളും ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് സ്റ്റേഷനിൽ വിപുലീകരിച്ച 10ഉം 11ഉം പ്ലാറ്റ്‌ഫോമുകളും പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും. ലോകമാന്യ തിലക് ടെർമിനസിലെ പുതിയ ദൈർഘ്യമേറിയ പ്ലാറ്റ്‌ഫോമുകൾക്കു ദൈർഘ്യമേറിയ ട്രെയിനുകളെ ഉൾക്കൊള്ളാൻ കഴിയും. ഇത് ഓരോ ട്രെയിനിനും കൂടുതൽ യാത്രക്കാരെ അനുവദിക്കാനും വർധിച്ച ഗതാഗതം കൈകാര്യം ചെയ്യുന്നതിനുള്ള സ്റ്റേഷന്റെ ശേഷി മെച്ചപ്പെടുത്താനും സഹായിക്കും. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് സ്റ്റേഷനിലെ 10ഉം 11ഉം പ്ലാറ്റ്‌ഫോമുകൾ കവർ ഷെഡും കഴുകാവുന്ന ഏപ്രണും ഉപയോഗിച്ച് 382 മീറ്റർ നീട്ടി. ട്രെയിനുകളിൽ 24 കോച്ചുകളായി വർധിപ്പിക്കാൻ ഇതു സഹായിക്കും. അതിലൂടെ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനാകും.
ഏകദേശം 5600 കോടിരൂപ ചെലവിൽ നടപ്പാക്കുന്ന മുഖ്യമന്ത്രി യുവ കാര്യ പ്രശിക്ഷൺ യോജനയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. 18-നും 30-നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കു നൈപുണ്യവർധനയ്ക്കും വ്യാവസായിക പരിചയത്തിനും അവസരങ്ങൾ നൽകി, യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പരിവർത്തനാത്മക പരിശീലനപരിപാടിയാണിത്.
ഐഎൻഎസ് ടവേഴ്സ് ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മുംബൈ ബാന്ദ്ര കുർള സമുച്ചയത്തിലെ ഇന്ത്യൻ ദിനപ്പത്ര സൊസൈറ്റി (INS) സെക്രട്ടറിയറ്റും സന്ദർശിക്കും. പത്രവ്യവസായത്തിന്റെ നാഡീകേന്ദ്രമായി വർത്തിക്കുന്ന മുംബൈയിൽ ആധുനികവും കാര്യക്ഷമവുമായ ഓഫീസിനായുള്ള INS അംഗങ്ങളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ പുതിയ കെട്ടിടം നിറവേറ്റും.