പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓഗസ്റ്റ് 25-ന് മഹാരാഷ്ട്രയിലെ ജല്‍ഗാവ്, രാജസ്ഥാനിലെ ജോധ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 11.15ന് ലഖ്പതി ദീദി സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. വൈകുന്നേരം 4:30 ന് ജോധ്പൂരില്‍ നടക്കുന്ന രാജസ്ഥാന്‍ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി മുഖ്യാതിഥിയാകും.
പ്രധാനമന്ത്രി മഹാരാഷ്ട്രയില്‍
ലഖ്പതി ദീദി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ജല്‍ഗാവ് സന്ദര്‍ശിക്കും. എന്‍ഡിഎ ഗവണ്‍മെന്റിന്റെ മൂന്നാം കാലയളവില്‍ അടുത്തിടെ ലഖ്പതിയായി മാറിയ 11 ലക്ഷം പുതിയ ലഖ്പതി ദീദികള്‍ക്ക് അദ്ദേഹം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ആദരിക്കുകയും ചെയ്യും. രാജ്യത്തുടനീളമുള്ള ലഖ്പതി ദീദികളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.
4.3 ലക്ഷം സ്വയം സഹായ സംഘങ്ങളിലെ (എസ്എച്ച്ജി) 48 ലക്ഷം അംഗങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന 2,500 കോടി രൂപയുടെ റിവോള്‍വിംഗ് ഫണ്ട് പ്രധാനമന്ത്രി പുറത്തിറക്കും. 2.35 ലക്ഷം സ്വയംസഹായ സംഘങ്ങളിലെ 25.8 ലക്ഷം അംഗങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന 5,000 കോടി രൂപയുടെ ബാങ്ക് വായ്പയും അദ്ദേഹം വിതരണം ചെയ്യും.
ലഖ്പതി ദീദി യോജനയുടെ ആരംഭം മുതല്‍ ഇതിനകം ഒരു കോടി സ്ത്രീകളെ ലഖ്പതി ദീദികളാക്കി. 3 കോടി ലഖ്പതി ദീദിമാരാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം.
പ്രധാനമന്ത്രി രാജസ്ഥാനില്‍
ജോധ്പൂരിലെ ഹൈക്കോടതി കാമ്പസില്‍ നടക്കുന്ന രാജസ്ഥാന്‍ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി മുഖ്യാതിഥിയാകും. രാജസ്ഥാന്‍ ഹൈക്കോടതി മ്യൂസിയവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.