റാണി കമലാപതി റെയില്‍വേ സ്‌റ്റേഷനില്‍ അഞ്ച് വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും
ഗോവ, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങള്‍ക്ക് ആദ്യമായി വന്ദേ ഭാരത് ട്രെയിന്‍ ബന്ധിപ്പിക്കല്‍ ലഭിക്കും
ദേശീയ അരിവാള്‍കോശ രോഗ നിര്‍മാര്‍ജ്ജന ദൗത്യത്തിന് പ്രധാനമന്ത്രി സമാരംഭം കുറിയ്ക്കും
ഷാഡോള്‍ ജില്ലയിലെ പക്കാരിയ ഗ്രാമം പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും ഗ്രാമത്തിലെ വിവിധ തല്‍പ്പരകക്ഷികളുമായി സംവദിക്കുകയും ചെയ്യും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂണ്‍ 27 ന് മദ്ധ്യപ്രദേശ് സന്ദര്‍ശിക്കും.
രാവിലെ 10:30 ഓടെ റാണി കമലാപതി റെയില്‍വേ സ്‌റ്റേഷനിലെത്തിച്ചേരുന്ന പ്രധാനമന്ത്രി അവിടെ അഞ്ച് വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഉച്ചകഴിഞ്ഞ് ഏകദേശം 3 മണിക്ക് ഷാഹ്‌ദോളില്‍ ഒരു പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും, അവിടെ അദ്ദേഹം റാണി ദുര്‍ഗ്ഗാവതിയെ ആദരിക്കുക്കുകയും അരിവാള്‍ കോശ രോഗ നിര്‍മ്മാര്‍ജ്ജന ദൗത്യത്തിന് സമാരംഭം കുറിയ്ക്കുകയും, ആയുഷ്മാന്‍ കാര്‍ഡുകളുടെ വിതരണത്തിന് തുടക്കം കുറിയ്ക്കുകയും ചെയ്യും. ഷാഹ്‌ദോള്‍ ജില്ലയിലെ പക്കാരിയ ഗ്രാമവും പ്രധാനമന്ത്രി സന്ദര്‍ശിക്കും.

പ്രധാനമന്ത്രി ഭോപ്പാലില്‍

ഭോപ്പാലിലെ റാണി കമലാപതി റെയില്‍വേ സ്‌റ്റേഷനില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി അഞ്ച് വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. റാണി കമലാപതി-ജബല്‍പൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്; ഖജുരാഹോ-ഭോപ്പാല്‍-ഇന്‍ഡോര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്; മഡ്ഗാവ് (ഗോവ)-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ്; ധാര്‍വാഡ്-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ്; ഹാട്ടിയ-പട്‌ന വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയാണ് ഈ അഞ്ച് വന്ദേഭാരത് എക്‌സ്പ്രസുകള്‍.
മഹാകൗശല്‍ മേഖലയെ (ജബല്‍പൂര്‍) മദ്ധ്യപ്രദേശിലെ മദ്ധ്യമേഖലയുമായി (ഭോപ്പാല്‍) ബന്ധിപ്പിക്കുന്നതാണ് റാണി കമലാപതി-ജബല്‍പൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്. കൂടാതെ, ഭേരഘട്ട്, പച്മരഹി, സത്പുര തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും മെച്ചപ്പെട്ട ബന്ധിപ്പിക്കല്‍ ഗുണകരമാകും. ഈ പാതിയിലൂടെ നിലവിലുള്ള ഏറ്റവും വേഗതയേറിയ ട്രെയിനിനെ അപേക്ഷിച്ച് ഈ ട്രെയിനിന് ഏകദേശം മുപ്പത് മിനിറ്റ് അധിക വേഗതയുണ്ടായിരിക്കും.
ഖജുരാഹോ-ഭോപ്പാല്‍-ഇന്‍ഡോര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് മാള്‍വ മേഖല (ഇന്‍ഡോര്‍), ബുന്ദേല്‍ഖണ്ഡ് മേഖല (ഖജുരാഹോ) എന്നിവിടങ്ങളില്‍ നിന്ന് മദ്ധ്യമേഖലയിലേക്കുള്ള(ഭോപ്പാല്‍) ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തും. മഹാകാലേശ്വര്‍, മണ്ഡു, മഹേശ്വര്‍, ഖജുരാഹോ, പന്ന തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും. ഈ പാതിയില്‍ നിലവിലുള്ള ഏറ്റവും വേഗതയേറിയ ട്രെയിനിനേക്കാള്‍ രണ്ട് മണിക്കൂറും മുപ്പത് മിനിറ്റും അധികവേഗതയുള്ളതായിരിക്കും ഈ ട്രെയിന്‍.
ഗോവയുടെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ആയിരിക്കും മഡ്ഗാവ് (ഗോവ)-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിനും ഗോവയിലെ മഡ്ഗാവ് സറ്റേഷനും ഇടയിലാണ് ഇത് ഓടുക. ഈ രണ്ട് സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഏകദേശം ഒരു മണിക്കൂര്‍ യാത്രാ സമയം ലാഭിക്കാന്‍ സഹായിക്കും.
ധാര്‍വാഡ്, ഹുബ്ബള്ളി, ദാവന്‍ഗെരെ - എന്നീ കര്‍ണ്ണാടകയിലെ പ്രധാന നഗരങ്ങളെ സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്നതായിരിക്കും ധാര്‍വാഡ്-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ്. ഈ മേഖലയിലെ വിനോദസഞ്ചാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യവസായികള്‍ക്കും ഇത് വളരെയധികം പ്രയോജനം ചെയ്യും. പാതയില്‍ നിലവിലുള്ള ഏറ്റവും വേഗതയേറിയ ട്രെയിനിനെ അപേക്ഷിച്ച് ഈ ട്രെയിനിന് ഏകദേശം മുപ്പത് മിനിറ്റ് അധികവേഗതയുണ്ടായിരിക്കും.

ജാര്‍ഖണ്ഡിനും ബിഹാറിനും വേണ്ടിയുള്ള ആദ്യത്തെ വന്ദേ ഭാരത് ഏക്‌സ്പ്രസ് ആയിരിക്കും ഹാട്ടിയ-പട്‌ന വന്ദേ ഭാരത് എക്‌സ്പ്രസ്. പട്‌നയ്ക്കും റാഞ്ചിയ്ക്കും ഇടയ്ക്കുള്ള ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്ന ഈ ട്രെയിന്‍ വിനോദസഞ്ചാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യവസായികള്‍ക്കും ഒരു വരമായിരിക്കും. രണ്ട് സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഒരു മണിക്കൂര്‍ ഇരുപത്തിയഞ്ച് മിനിറ്റ് യാത്രാ സമയം ലാഭിക്കാന്‍ സഹായിക്കും.

പ്രധാനമന്ത്രി ഷാഹ്‌ദോളില്‍
ഷാഹ്‌ദോലില്‍ നടക്കുന്ന പൊതുപരിപാടിയില്‍ ദേശീയ അരിവാള്‍ കോശ രോഗ നിര്‍മാര്‍ജ്ജന ദൗത്യത്തിന് പ്രധാനമന്ത്രി സമാരംഭം കുറിയ്ക്കും. ഗുണഭോക്താക്കള്‍ക്ക് അരിവാള്‍ കോശ ജനിതക സ്റ്റാറ്റസ് കാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്യും.
അരിവാള്‍ കോശ രോഗം പ്രത്യേകിച്ച് ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിനെ അഭിസംബോധന ചെയ്യുകയാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. 2047-ഓടെ അരിവാള്‍ കോശ രോഗത്തെ പൊതുജനാരോഗ്യ പ്രശ്‌നമെന്ന നിലയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ ശ്രമങ്ങളിലെ നിര്‍ണായക നാഴികക്കല്ലിനാണ് സമാരംഭം കുറിയ്ക്കുന്നത്. 2023 ലെ കേന്ദ്ര ബജറ്റിലാണ് ദേശീയ അരിവാള്‍കോശ രോഗ നിര്‍മ്മാര്‍ജ്ജന മിഷന്‍ പ്രഖ്യാപിച്ചിരുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, അസം, ഉത്തര്‍പ്രദേശ്, കേരളം, ബീഹാര്‍, ഉത്തരാഖണ്ഡ് എന്നിങ്ങനെ അതിവശ്രദ്ധകേന്ദ്രീകരിക്കുന്ന രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ 278 ജില്ലകളില്‍ ഇത് നടപ്പാക്കും.
മദ്ധ്യപ്രദേശിലെ ഏകദേശം 3.57 കോടി ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ) കാര്‍ഡുകളുടെ വിതരണത്തിനും പ്രധാനമന്ത്രി തുടക്കം കുറിയ്ക്കും. സംസ്ഥാനത്താകമാനമുള്ള നഗരപ്രാദേശിക സ്ഥാപനങ്ങളിലും ഗ്രാമപഞ്ചായത്തുകളിലും വികസന ബ്ലോക്കുകളിലും ആയുഷ്മാന്‍ കാര്‍ഡുകളുടെ വിതരണ ചടങ്ങ് സംഘടിപ്പിക്കും. ക്ഷേമപദ്ധതികളുടെ 100 ശതമാനം പരിപൂര്‍ണ്ണത ഉറപ്പാക്കുന്നതിനായി എല്ലാ ഗുണഭോക്താക്കളിലേക്കും എത്തിച്ചേരുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് ആയുഷ്മാന്‍ കാര്‍ഡ് വിതരണ സംഘടിതപ്രവര്‍ത്തനം.
പരിപാടിയില്‍ 'റാണി ദുര്‍ഗ്ഗാവതി ഗൗരവ് യാത്രയുടെ' സമാപനത്തോടനുബന്ധിച്ച് റാണി ദുര്‍ഗ്ഗാവതിയെ പ്രധാനമന്ത്രി ആദരിക്കും. റാണി ദുര്‍ഗ്ഗാവതിയുടെ
ധീരതയും ത്യാഗവും ജനകീയമാക്കാന്‍ മദ്ധ്യപ്രദേശ് ഗവണ്‍മെന്റാണ് യാത്ര സംഘടിപ്പിക്കുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഗോണ്ട്വാനയിലെ രാജ്ഞിയായിരുന്നു റാണി ദുര്‍ഗ്ഗാവതി. മുഗളര്‍ക്കെതിരെ സ്വാതന്ത്ര്യത്തിനായി പോരാടിയ സാഹസികയും നിര്‍ഭയയും ധീരയുമായ പോരാളിയായാണ് അവര്‍ ഓര്‍മ്മിക്കപ്പെടുന്നത്.

പ്രധാനമന്ത്രി പക്കാരിയ ഗ്രാമത്തില്‍
സവിശേഷമായ ഒരു മുന്‍കൈയുടെ ഭാഗമായി പ്രധാനമന്ത്രി ഷഹ്‌ദോല്‍ ജില്ലയിലെ പക്കാരിയ ഗ്രാമം സന്ദര്‍ശിക്കുകയും ഗോത്രവര്‍ഗ്ഗ സമൂഹത്തിന്റെ നേതാക്കള്‍, സ്വയം സഹായ സംഘങ്ങള്‍, പെസ (പഞ്ചായത്ത് (പട്ടികയിലുള്ള പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കല്‍) നിയമം, 1996) കമ്മിറ്റികളുടെ നേതാക്കള്‍, ഗ്രാമീണ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ക്യാപ്റ്റന്‍മാര്‍ എന്നിവരുമായി സംവദിക്കുകയും ചെയ്യും. ഗോത്ര-നാടോടി കലാകാരന്മാരുടെ സാംസ്‌കാരിക പരിപാടികള്‍ക്ക് പ്രധാനമന്ത്രി സാക്ഷ്യം വഹിക്കുകയും ഗ്രാമത്തില്‍ അത്താഴം കഴിക്കുകയും ചെയ്യും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Mutual fund industry on a high, asset surges Rs 17 trillion in 2024

Media Coverage

Mutual fund industry on a high, asset surges Rs 17 trillion in 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 25
December 25, 2024

PM Modi’s Governance Reimagined Towards Viksit Bharat: From Digital to Healthcare