പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 27നും 28നും കേരളവും തമിഴ്‌നാടും മഹാരാഷ്ട്രയും സന്ദർശിക്കും.
ഫെബ്രുവരി 27 ന്, രാവിലെ 10.45ന് പ്രധാനമന്ത്രി തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (VSSC) സന്ദർശിക്കും. വൈകിട്ട് 5.15ന്, തമിഴ്‌നാട്ടിലെ മധുരയിൽ ‘ഭാവി സൃഷ്ടിക്കൽ – ഓട്ടോമോട്ടീവ് എംഎസ്എംഇ സംരംഭകർക്കുള്ള ഡിജിറ്റൽ മൊബിലിറ്റി’ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.
ഫെബ്രുവരി 28ന് രാവിലെ 9.45ന് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ഏകദേശം 17,300 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. വൈകിട്ട് 4.30ന് മഹാരാഷ്ട്രയിലെ യവത്മാലിൽ പൊതു പരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി യവത്മാലിൽ 4900 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും. പരിപാടിയിൽ പിഎം കിസാനും മറ്റ് പദ്ധതികൾക്കും കീഴിലുള്ള ആനുകൂല്യങ്ങളും അദ്ദേഹം വിതരണം ചെയ്യും.
പ്രധാനമന്ത്രി കേരളത്തിൽ
തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സന്ദർശിക്കുന്ന വേളയിൽ മൂന്ന് സുപ്രധാന ബഹിരാകാശ അടിസ്ഥാനസൗകര്യ പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ, രാജ്യത്തിന്റെ ബഹിരാകാശ മേഖലയുടെ മുഴുവൻ സാധ്യതകളും സാക്ഷാത്കരിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനും, ഈ മേഖലയിലെ സാങ്കേതിക, ഗവേഷണ-വികസന കഴിവുകൾ വർധിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്കും ഊർജം പകരും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ പിഎസ്എൽവി ഇന്റഗ്രേഷൻ ഫെസിലിറ്റി (പിഐഎഫ്); മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ പുതിയ ‘സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എൻജിനും സ്റ്റേജ് ടെസ്റ്റ് സൗകര്യവും’; തിരുവനന്തപുരം വി.എസ്.എസ്.സി.യിൽ ‘ട്രൈസോണിക് വിൻഡ് ടണൽ’ എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നു. ബഹിരാകാശ മേഖലയ്ക്ക് ലോകോത്തര സാങ്കേതികസൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന ഈ മൂന്ന് പദ്ധതികളും ഏകദേശം 1800 കോടി രൂപ ചെലവിലാണ് വികസിപ്പിച്ചിരിക്കുന്നത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ പിഎസ്എൽവി ഇന്റഗ്രേഷൻ ഫെസിലിറ്റി (പിഐഎഫ്) പിഎസ്എൽവി വിക്ഷേപണങ്ങളുടെ ആവൃത്തി പ്രതിവർഷം ആറിൽനിന്ന് 15 ആയി ഉയർത്താൻ സഹായിക്കും. ഈ അത്യാധുനിക കേന്ദ്രത്തിന് സ്വകാര്യ ബഹിരാകാശ കമ്പനികൾ രൂപകൽപ്പന ചെയ്ത എസ്എസ്എൽവിയുടെയും മറ്റ് ചെറിയ വിക്ഷേപണ പേടകങ്ങളുടെയും വിക്ഷേപണങ്ങളും നിറവേറ്റാനാകും.
ഐപിആർസി മഹേന്ദ്രഗിരിയിലെ പുതിയ ‘സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എൻജിനും സ്റ്റേജ് ടെസ്റ്റ് സൗകര്യവും’ സെമി ക്രയോജനിക് എൻജിനുകളുടെയും ഘട്ടങ്ങളുടെയും വികസനം സാധ്യമാക്കും, ഇത് നിലവിലെ വിക്ഷേപണപേടകങ്ങളുടെ പേലോഡ് ശേഷി വർധിപ്പിക്കും. 200 ടൺ വരെ ത്രസ്റ്റ് എഞ്ചിനുകൾ പരീക്ഷിക്കുന്നതിന് ദ്രവീകൃത ഓക്‌സിജൻ, മണ്ണെണ്ണ വിതരണ സംവിധാനങ്ങൾ എന്നിവ ഈ കേന്ദ്രത്തിൽ സജ്ജീകരിച്ചിരിക്കുന്നു.
അന്തരീക്ഷ മേഖലയിൽ പറക്കുന്ന സമയത്ത് റോക്കറ്റുകളുടെയും വിമാനങ്ങളുടെയും പ്രത്യേകതകൾ നിർണയിക്കുന്നതിനുള്ള എയറോഡൈനാമിക് പരിശോധനയ്ക്ക് പവനതുരങ്കങ്ങൾ അത്യന്താപേക്ഷിതമാണ്. വിഎസ്എസ്‌സിയിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന “ട്രൈസോണിക് വിൻഡ് ടണൽ” നമ്മുടെ ഭാവി സാങ്കേതിക വികസന ആവശ്യങ്ങൾ നിറവേറ്റുന്ന സങ്കീർണമായ സാങ്കേതിക സംവിധാനമാണ്.
സന്ദർശന വേളയിൽ പ്രധാനമന്ത്രി ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതി അവലോകനം ചെയ്യുകയും നിയുക്ത ബഹിരാകാശ സഞ്ചാരികൾക്ക് ‘ബഹിരാകാശയാത്രികരുടെ ചിറകുകൾ’ സമ്മാനിക്കുകയും ചെയ്യും. ഗഗൻയാൻ ദൗത്യം ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയാണ്. അതിനായി വിവിധ ഐഎസ്ആർഒ കേന്ദ്രങ്ങളിൽ വിപുലമായ ഒരുക്കങ്ങളാണു നടക്കുന്നത്.
പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ
മധുരയിൽ, ‘ഭാവി സൃഷ്ടിക്കൽ - ഓട്ടോമോട്ടീവ് എംഎസ്എംഇ സംരംഭകർക്കുള്ള ഡിജിറ്റൽ മൊബിലിറ്റി’ പരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, ഓട്ടോമോട്ടീവ് മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ (എംഎസ്എംഇ) അഭിസംബോധന ചെയ്യും. ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിൽ എംഎസ്എംഇകളെ പിന്തുണയ്ക്കുന്നതിനും ഉന്നമിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത രണ്ട് പ്രധാന സംരംഭങ്ങളും പ്രധാനമന്ത്രി സമാരംഭിക്കും. ടിവിഎസ് ഓപ്പൺ മൊബിലിറ്റി പ്ലാറ്റ്‌ഫോമും ടിവിഎസ് മൊബിലിറ്റി-സിഐഐ മികവിന്റെ കേന്ദ്രവും ഈ സംരംഭങ്ങളിൽ ഉൾപ്പെടുന്നു. രാജ്യത്തെ എംഎസ്എംഇകളുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും പ്രവർത്തനങ്ങൾ ഔപചാരികമാക്കുന്നതിനും ആഗോള മൂല്യശൃംഖലകളുമായി സംയോജിപ്പിക്കുന്നതിനും സ്വയംപര്യാപ്തമാക്കുന്നതിനും അവരെ സഹായിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ചുവടുവയ്പ്പായിരിക്കും ഈ സംരംഭങ്ങൾ.
തൂത്തുക്കുടിയിലെ പൊതുപരിപാടിയിൽ വി.ഒ.ചിദംബരനാർ തുറമുഖത്ത് ഔട്ടർ ഹാർബർ കണ്ടെയ്നർ ടെർമിനലിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ഈ കണ്ടെയ്‌നർ ടെർമിനൽ വി.ഒ. ചിദംബരനാർ തുറമുഖത്തെ കിഴക്കൻ തീരത്തെ ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ്ബാക്കി മാറ്റുന്നതിനുള്ള ചുവടുവയ്പ്പാണ്. ഇന്ത്യയുടെ നീണ്ട തീരപ്രദേശവും അനുകൂലമായ ഭൂമിശാസ്ത്രപരമായ സ്ഥാനവും പ്രയോജനപ്പെടുത്താനും ആഗോള വ്യാപാരരംഗത്ത് ഇന്ത്യയുടെ മത്സരശേഷി ശക്തിപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു. പ്രധാന അടിസ്ഥാനസൗകര്യപദ്ധതി മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വളർച്ചയ്ക്കും വഴിയൊരുക്കും.
വി.ഒ.ചിദംബരനാർ തുറമുഖത്തെ രാജ്യത്തെ ആദ്യത്തെ ഹരിത ഹൈഡ്രജൻ ഹബ് തുറമുഖമാക്കാൻ ലക്ഷ്യമിട്ടുള്ള മറ്റു വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഈ പദ്ധതികളിൽ ഉപ്പുവെള്ള ശുദ്ധീകരണ നിലയം, ഹൈഡ്രജൻ ഉൽപ്പാദനം, ബങ്കറിങ് സൗകര്യം തുടങ്ങിയവ ഉൾപ്പെടുന്നു.
ഹരിത് നൗക പദ്ധതിയുടെ കീഴിൽ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഹരിത ഹൈഡ്രജൻ ഇന്ധന സെൽ ഉൾനാടൻ ജലപാതാക്കപ്പലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമിക്കുന്ന കപ്പൽ, സംശുദ്ധ ഊർജപ്രതിവിധികൾ സ്വീകരിക്കുന്നതിനും രാജ്യത്തിന്റെ നെറ്റ്-സീറോ പ്രതിബദ്ധതകളുമായി യോജിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പിന് അടിവരയിടുന്നു. കൂടാതെ, പത്ത് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും 75 വിളക്കുമാടങ്ങളിലെ വിനോദസഞ്ചാര സൗകര്യങ്ങളും പരിപാടിയിൽ പ്രധാനമന്ത്രി സമർപ്പിക്കും.
വാഞ്ചി മണിയച്ചി-തിരുനെൽവേലി സെക്ഷനും മേലപ്പാളയം-ആറൽവായ്‌മൊളി സെക്ഷനും ഉൾപ്പെടെ വാഞ്ചി മണിയച്ചി-നാഗർകോവിൽ റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഏകദേശം 1,477 കോടി രൂപ ചെലവിൽ വികസിപ്പിച്ച ഈ ഇരട്ടിപ്പിക്കൽ പദ്ധതി കന്യാകുമാരി, നാഗർകോവിൽ, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനുകളുടെ യാത്രാസമയം കുറയ്ക്കാൻ സഹായിക്കും.
ഏകദേശം 4,586 കോടി രൂപ ചെലവിൽ വികസിപ്പിച്ച നാല് റോഡ് പദ്ധതികളും പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ സമർപ്പിക്കും. ഈ പദ്ധതികളിൽ എൻഎച്ച്-844-ലെ ജിത്തണ്ടഹള്ളി-ധർമപുരി സെക്ഷന്റ നാലുവരിപ്പാത, എൻഎച്ച്-81-ലെ മീൻസുരുട്ടി-ചിദംബരം ഭാഗത്തിന്റെ രണ്ടുവരിപ്പാത, എൻഎച്ച്-83-ലെ ഒഡൻഛത്രം-മടത്തുകുളം ഭാഗത്തിന്റെ നാലുവരിപ്പാത, NH-83ന്റെ നാഗപട്ടണം-തഞ്ചാവൂർ സെക്ഷന്റെ നടപ്പാതയോടുകൂടിയ രണ്ടുവരിപ്പാത എന്നിവ ഉൾപ്പെടുന്നു. സമ്പർക്കസൗകര്യം മെച്ചപ്പെടുത്തൽ, യാത്രാസമയം കുറയ്ക്കൽ, സാമൂഹിക-സാമ്പത്തിക വളർച്ച വർധിപ്പിക്കൽ, മേഖലയിലെ തീർഥാടന സന്ദർശനങ്ങൾ സുഗമമാക്കൽ എന്നിവയാണ് ഈ പദ്ധതികൾ ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ
കര്‍ഷകരുടെ ക്ഷേമത്തിൽ പ്രധാനമന്ത്രിക്കുള്ള പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണം വ്യക്തമാക്കികൊണ്ട് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ (പി.എം.-കിസാന്‍) 16-ാം ഗഡുവായ 21,000 കോടി രൂപ യവത്മാലിലെ പൊതുപരിപാടിയില്‍ വച്ച് ഗുണഭോക്താക്കള്‍ക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ അനുവദിക്കും. ഇതോടെ ഇതുവരെ, 11 കോടിയിലധികം കര്‍ഷക കുടുംബങ്ങളിലേക്ക് 3 ലക്ഷം കോടിയിലധികം തുക കൈമാറി.
മഹാരാഷ്ട്രയിലുടനീളമുള്ള 88 ലക്ഷം കര്‍ഷക ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന 3800 കോടി രൂപ മൂല്യമുള്ള നമോ ഷേത്കാരി മഹാസമ്മാന്‍ നിധിയുടെ 2, 3 ഗഡുക്കളും പ്രധാനമന്ത്രി വിതരണം ചെയ്യും. മഹാരാഷ്ട്രയിലെ പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ഗുണഭോക്താക്കള്‍ക്ക് ഈ പദ്ധതി പ്രകാരം പ്രതിവര്‍ഷം 6000 രൂപ അധികമായി നല്‍കും.
മഹാരാഷ്ട്രയിലുടനീളമുള്ള 5.5 ലക്ഷം വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് (എസ്.എച്ച്.ജി) 825 കോടി രൂപയുടെ റിവോള്‍വിംഗ് ഫണ്ടും പ്രധാനമന്ത്രി വിതരണം ചെയ്യും. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് (എന്‍.ആര്‍.എല്‍.എം) കീഴില്‍ കേന്ദ്രഗവണ്‍മെന്റ് നല്‍കുന്ന റിവോള്‍വിംഗ് ഫണ്ടിന് പുറമെയാണ് ഈ തുക. ഗ്രാമതലത്തില്‍ സ്ത്രീകള്‍ നയിക്കുന്ന സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് യുക്തിസഹമായി റൊട്ടേഷന്‍ (ഊഴത്തിന്റെ) അടിസ്ഥാനത്തില്‍ എസ്.എച്ച്.ജികള്‍ക്കുള്ളില്‍ വായ്പയായി പണം നല്‍കുന്നത് വര്‍ദ്ധിപ്പിച്ചുകൊണ്ട് പാവപ്പെട്ട കുടുംബങ്ങളുടെ വാര്‍ഷിക വരുമാനം ഉയര്‍ത്തുന്നതിനായാണ് എസ്.എച്ച്.ജികള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് (ആര്‍എഫ്) ലഭ്യമാക്കുന്നത്.
മഹാരാഷ്ട്രയിലുടനീളം ഒരു കോടി ആയുഷ്മാന്‍ കാര്‍ഡുകളുടെ വിതരണത്തിന്റെ ആരംഭവും പ്രധാനമന്ത്രി കുറിയ്ക്കും. ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളിലേക്ക് എത്തുന്നതിനുള്ള മറ്റൊരു മറ്റൊരു ചുവടുവയ്പ്പാണിത്. ഇതിലൂടെ ഗവണ്‍മെന്റ് പദ്ധതികളെല്ലാം 100 ശതമാനം പൂർണതയിലെത്തിക്കണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനാകും.
മഹാരാഷ്ട്രയിലെ ഒ.ബി.സി വിഭാഗത്തിലുള്ള ഗുണഭോക്താക്കള്‍ക്കായി പ്രധാനമന്ത്രി മോദി ആവാസ് ഘര്‍കുല്‍ യോജന ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 സാമ്പത്തിക വര്‍ഷം വരെ മൊത്തം 10 ലക്ഷം വീടുകളുടെ നിര്‍മ്മാണമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ 2.5 ലക്ഷം ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഢുവായ 375 കോടി രൂപ പ്രധാനമന്ത്രി കൈമാറും.
മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ വിദര്‍ഭ മേഖലകള്‍ക്ക് ഗുണകരമാകുന്ന വിവിധ ജലസേചന പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ.എസ്.വൈ), ബാലിരാജ ജല്‍ സഞ്ജീവനി യോജന (ബി.ജെ.എസ്.വൈ) എന്നിവയ്ക്ക് കീഴില്‍ മൊത്തം 2750 കോടിയിലധികം രൂപ ചെലവിലാണ് ഈ പദ്ധതികള്‍ വികസിപ്പിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിൽ 1300 കോടിയിലധികം രൂപയുടെ വിവിധ റെയില്‍ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. വാര്‍ധ-കലാംബ് ബ്രോഡ് ഗേജ് ലൈന്‍ (പുതിയ വാര്‍ധ-യവത്മല്‍-നന്ദേഡ് ബ്രോഡ് ഗേജ് ലൈന്‍ പദ്ധതിയുടെ ഭാഗം), ന്യൂ അഷ്തി-അമല്‍നര്‍ ബ്രോഡ് ഗേജ് ലൈന്‍ (പുതിയ അഹമ്മദ്‌നഗര്‍-ബീഡ്-പര്‍ളി ബ്രോഡ് ഗേജ് ലൈന്‍ പദ്ധതിയുടെ ഭാഗം) എന്നിവ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. പുതിയ ബ്രോഡ് ഗേജ് ലൈനുകള്‍ വിദര്‍ഭ, മറാത്ത്‌വാഡ മേഖലകളുടെ ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുകയും സാമൂഹിക-സാമ്പത്തിക വികസനം മെച്ചപ്പെടുത്തുകയും ചെയ്യും. പരിപാടിയില്‍ രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫും ചെയ്യും. കലാമ്പിനെയും വാര്‍ധയെയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസുകളും അമല്‍നെര്‍, ന്യൂ അഷ്ടി എന്നിവയെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസും ഇതില്‍ ഉള്‍പ്പെടുന്നു. ഈ പുതിയ ട്രെയിന്‍ സര്‍വീസ് റെയില്‍ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുന്നതിനും മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും വ്യാപാരികള്‍ക്കും ദൈനംദിന യാത്രക്കാര്‍ക്കും ഗുണകരമാകുന്നതിനും സഹായിക്കും.
മഹാരാഷ്ട്രയിലെ റോഡ് മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. എന്‍.എച്ച്-930 ലെ വറോറ-വാനി ഭാഗത്തിന്റെ നാലു വരിപ്പാത; സകോലി-ഭണ്ഡാര, സലൈഖുര്‍ദ്-തിറോറ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളുടെ നവീകരണ പദ്ധതികള്‍ എന്നിവ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതികള്‍ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും യാത്രാ സമയം കുറയ്ക്കുകയും മേഖലയിലെ സാമൂഹിക-സാമ്പത്തിക വികസനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. യവത്മാല്‍ നഗരത്തില്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായുടെ പ്രതിമയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.