പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മാർച്ച് 25-ന് കർണാടക സന്ദർശിക്കും. രാവിലെ ഏകദേശം 10:45ന് , പ്രധാനമന്ത്രി ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1 മണിക്ക് പ്രധാനമന്ത്രി ബാംഗ്ലൂർ മെട്രോയുടെ വൈറ്റ്ഫീൽഡ് (കടുഗോഡി) മുതൽ കൃഷ്ണരാജപുര മെട്രോ ലൈൻ ഉദ്ഘാടനം ചെയ്യും, കൂടാതെ മെട്രോയിൽ സവാരി നടത്തുകയും ചെയ്യും.
പ്രധാനമന്ത്രി ചിക്കബല്ലാപ്പൂരിൽ
ഈ മേഖലയിൽ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ലഭ്യമായതും താങ്ങാനാവുന്നതുമായ ആരോഗ്യ പരിരക്ഷ നൽകുന്നതിനും വിദ്യാർത്ഥികളെ സഹായിക്കുന്ന ഒരു സംരംഭത്തിൽ, പ്രധാനമന്ത്രി ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ഉദ്ഘാടനം ചെയ്യും. ചിക്കബല്ലാപ്പൂരിലെ മുദ്ദേനഹള്ളിയിലെ സത്യസായി ഗ്രാമത്തിൽ ശ്രീ സത്യസായി യൂണിവേഴ്സിറ്റി ഫോർ ഹ്യൂമൻ എക്സലൻസാണ് ഇത് സ്ഥാപിച്ചത്. വാണിജ്യ താല്പര്യമില്ലാതെ ഒരു ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്നതും മെഡിക്കൽ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും എന്ന കാഴ്ചപ്പാടോടെ സ്ഥാപിതമായ എസ്എംഎസ്ഐഎംഎസ്ആർ മെഡിക്കൽ വിദ്യാഭ്യാസവും ഗുണനിലവാരമുള്ള വൈദ്യ പരിചരണവും - തികച്ചും സൗജന്യമായി - എല്ലാവർക്കും നൽകും. 2023 അധ്യയന വർഷം മുതൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിക്കും.
പ്രധാനമന്ത്രി ബെംഗളൂരുവിൽ
രാജ്യത്തുടനീളമുള്ള ലോകോത്തര നഗര സഞ്ചാര അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ പ്രധാനമന്ത്രി പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ബംഗളൂരു മെട്രോ രണ്ടാം ഘട്ടത്തിൽ വൈറ്റ്ഫീൽഡ് (കടുഗോഡി) മെട്രോ മുതൽ കൃഷ്ണരാജപുര മെട്രോ ലൈൻ ഓഫ് റീച്ച്-1 എക്സ്റ്റൻഷൻ പദ്ധതിയുടെ 13.71 കിലോമീറ്റർ ദൂരം വൈറ്റ്ഫീൽഡ് (കടുഗോഡി) മെട്രോ സ്റ്റേഷനിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏകദേശം 4250 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ മെട്രോ ലൈനിന്റെ ഉദ്ഘാടനം ബെംഗളൂരുവിലെ യാത്രക്കാർക്ക് വൃത്തിയുള്ളതും സുരക്ഷിതവും വേഗമേറിയതും സുഖപ്രദവുമായ യാത്രാ സൗകര്യം പ്രദാനം ചെയ്യുന്നതോടൊപ്പം , ഗതാഗതം സുഗമമാക്കുകയും നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ചെയ്യും.