പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂണ്‍ 20, 21 തീയതികളില്‍ കര്‍ണാടക സന്ദര്‍ശിക്കും. ജൂണ്‍ 20 ഉച്ചയ്ക്ക് 12:30 ന് പ്രധാനമന്ത്രി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി) ബെംഗളൂരു സന്ദര്‍ശിക്കും, അവിടെ അദ്ദേഹം സെന്റര്‍ ഫോര്‍ ബ്രെയിന്‍ റിസര്‍ച്ച് (സി.ബി.ആര്‍) ഉദ്ഘാടനം ചെയ്യുകയും. ബാഗ്്ചി-പാര്‍ത്ഥസാരഥി മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ തറക്കല്ലിടുകയും ചെയ്യും. ഏകദേശം ഉച്ചയ്ക്ക് 1:45 ഓടെ അദ്ദേഹം ബെംഗളൂരുവിലെ ഡോ. ബി ആര്‍ അംബേദ്കര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് (ബേസ്) സന്ദര്‍ശിക്കും, അവിടെ അദ്ദേഹം ബേസ് സര്‍വകലാശാലയുടെ പുതിയ കാമ്പസിന്റെ ഉദ്ഘാടനവും ഡോ. ബി ആര്‍ അംബേദ്കറുടെ പ്രതിമയുടെ അനാച്ഛാദനവും നിര്‍വഹിക്കും. കര്‍ണാടകയിലെ വ്യാവസായിക പരിശീലന സ്ഥാപനങ്ങളെ (ഐ.ടി.ഐ) രൂപാന്തരപ്പെടുത്തി വികസിപ്പിച്ച 150 സാങ്കേതിക ഹബ്ബുകള്‍ അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിക്കും.
അതിനുശേഷം, ഏകദേശം ഉച്ചകഴിഞ്ഞ് 2:45 ന്, പ്രധാനമന്ത്രി ബെംഗളൂരുവിലെ കൊമ്മഘട്ടയില്‍ എത്തിച്ചേരും, അവിടെ അദ്ദേഹം 27000 കോടി രൂപചെലവുവരുന്ന വിവിധ റെയില്‍, റോഡ് പശ്ചാത്തലസൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. തുടര്‍ന്ന് വൈകുന്നേരം ഏകദേശം 5:30 ന് മൈസൂരുവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതു പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അവിടെ നാഗനഹള്ളി റെയില്‍വേ സ്‌റ്റേഷനില്‍ കോച്ചിംഗ് ടെര്‍മിനലിന്റെ തറക്കല്ലിടുകയും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (എ.ഐ.ഐ.എസ്.എച്ച്) ആശയവിനിമയ വൈകല്യമുള്ളവര്‍ക്കുള്ള (കമ്മ്യൂണിക്കേഷന്‍ ഡിസോര്‍ഡേഴ്‌സ്) മികവിന്റെ കേന്ദ്രം രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും. അതിനുശേഷം, രാത്രി 7 മണിയോടെ പ്രധാനമന്ത്രി മൈസൂരുവിലെ ശ്രീ സുത്തൂര്‍ മഠവും ഏകദേശം 7:45 ന് മൈസൂരുവിലെ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രവും പ്രധാനമന്ത്രി സന്ദര്‍ശിക്കും.
ജൂണ്‍ 21-ന് രാവിലെ 06:30-ന്, എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് മൈസൂരു പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന കൂട്ടയോഗാ പ്രകടനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
പ്രധാനമന്ത്രി ബെംഗളൂരുവില്‍
ബെംഗളൂരുവിലെ ചലനാത്മകത വര്‍ദ്ധിപ്പിക്കുന്നതിനും ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു ചുവടുവയ്പ്പായി, ബെംഗളൂരു നഗരത്തെ അതിന്റെ പ്രാന്തപ്രദേശങ്ങളുമായും ഉപഗ്രഹ ടൗണ്‍ഷിപ്പുകളുമായും ബന്ധിപ്പിക്കുന്ന ബെംഗളൂരു സബര്‍ബന്‍ റെയില്‍ പദ്ധതിയുടെ (ബി.എസ്.ആര്‍.പി) തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. 15,700 കോടി രൂപയുടെ ചെലവില്‍ നിര്‍മ്മിക്കുന്ന 148 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള പദ്ധതിയില്‍ 4 ഇടനാഴികള്‍ വിഭാവനം ചെയ്യുന്നു. ബെംഗളൂരു കന്റോണ്‍മെന്റിന്റേയും യശ്വന്ത്പൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്റേയും പുനര്‍വികസനത്തിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും യഥാക്രമം 500 കോടി രൂപയും 375 കോടി രൂപയും ചെലവിലാണ് ഇവ വികസിപ്പിക്കുന്നത്.
പരിപാടിയില്‍, ഇന്ത്യയിലെ ആദ്യത്തെ എയര്‍ കണ്ടീഷന്‍ഡ് റെയില്‍വേ സ്‌റ്റേഷനായ ഏകദേശം 315 കോടി രൂപ ചെലവില്‍ ആധുനിക വിമാനത്താവളത്തിന്റെ മാതൃകയില്‍ വികസിപ്പിച്ച ബൈയപ്പനഹള്ളിയിലെ സര്‍ എം.വിശ്വേശ്വരയ്യ റെയില്‍വേ സ്‌റ്റേഷന്‍ - പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഉഡുപ്പി, മഡ്ഗാവ്, രത്‌നഗിരി എന്നിവിടങ്ങളില്‍ നിന്നുള്ള ഇലക്ര്ടിക് ട്രെയിനുകള്‍ക്ക് കൊടി കാട്ടി 100 ശതമാനം വൈദ്യുതീകരണÿം പൂര്‍ത്തിയാക്കിയ രോഹ (മഹാരാഷ്ട്ര) മുതല്‍ തോക്കൂര്‍ (കര്‍ണാടക) വരെയുള്ള കൊങ്കണ്‍ റെയില്‍വേ പാതയും (ഏകദേശം 740 കിലോമീറ്റര്‍) പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. 1280 കോടിയിലധികം രൂപ ചെലവിട്ടാണ് കൊങ്കണ്‍ റെയില്‍വേ ലൈനിന്റെ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയത്. യാത്രാ ട്രെയിനുകളും മെമു സര്‍വീസുകളും ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് അര്‍സികെരെ മുതല്‍ തുംകുരു (ഏകദേശം 96 കിലോമീറ്റര്‍)വരെയും, യെലഹങ്ക മുതല്‍ പെനുകൊണ്ട (ഏകദേശം 120 കിലോമീറ്റര്‍) വരെയുമുള്ള രണ്ട് റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ പദ്ധതികളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. യഥാക്രമം 750 കോടി രൂപയും 1100 കോടി രൂപയും ചെലവഴിച്ചാണ് രണ്ട് റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ വികസിപ്പിച്ചിരിക്കുന്നത്.
പരിപാടിയില്‍ ബെംഗളൂരു റിംഗ് റോഡ് പദ്ധതിയുടെ രണ്ട് വിഭാഗങ്ങളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. 2280 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന പദ്ധതി നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായിക്കും. മറ്റ് വിവിധ റോഡ് പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും: എന്‍.എച്ച് 48ന്റെ നെലമംഗല-തുംകൂര്‍ ഭാഗത്തിലെ ആറ് വരിപ്പാത; എന്‍.എച്ച്-73 ലെ പുഞ്ചല്‍കട്ടെ-ചാര്‍മാടി ഭാഗത്തിന്റെ വീതി കൂട്ടല്‍; എന്‍.എച്ച്-69 ന്റെ ഒരു ഭാഗത്തിലെ പുനരധിവാസവും നവീകരണവും. ഏകദേശം 3150 കോടി രൂപയാണ് ഈ പദ്ധതികളുടെ മൊത്തം ചെലവ്. ബെംഗളൂരുവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ മുദ്ദലിംഗനഹള്ളിയില്‍ 1800 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന ബഹുമാതൃകാ ലോജിസ്റ്റിക് പാര്‍ക്കിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഗതാഗതം, കൈകാര്യം ചെയ്യല്‍, ദ്വിതീയ ചരക്ക് ചെലവ് എന്നിവ കുറയ്ക്കാന്‍ ഇത് സഹായിക്കും.
ബെംഗളൂരുവിലെ ഡോ. ബി.ആര്‍ അംബേദ്കര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് (ബേസ്) സര്‍വകലാശാലയുടെ പുതിയ കാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സ്വതന്ത്ര ഇന്ത്യയുടെ വികസനത്തില്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ നല്‍കിയ മാതൃകാപരമായ സംഭാവനകളെ മാനിച്ചും അദ്ദേഹത്തിന്റെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മരണയ്ക്കുള്ള ആദരാഞ്ജലിയായും 2017-ലാണ് ഈ റസിഡന്‍ഷ്യല്‍ സര്‍വകലാശാല സ്ഥാപിതമായത്.
ബേസ് സര്‍വകലാശാലയിലെ പരിപാടിയില്‍, കര്‍ണാടകയിലുടനീളമുള്ള വ്യാവസായിക പരിശീലന സ്ഥാപനങ്ങളെ (ഐ.ടി.ഐ) രൂപാന്തരപ്പെടുത്തി വികസിപ്പിച്ച 150 സാങ്കേതിക ഹബ്ബുകളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. 4600 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിച്ചെടുത്ത ഈ അതുല്യ സംരംഭത്തെ നിരവധി വ്യവസായ പങ്കാളികള്‍ പിന്തുണച്ചിട്ടുണ്ട്. വ്യാവസായിക 4.0 മനുഷ്യശക്തി ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ഒരു വിദഗ്ധ തൊഴിലാളി ശക്തിയെ സൃഷ്ടിക്കാന്‍ ഇത് ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. ഈ സാങ്കേതിക ഹബുകള്‍ അതിന്റെ വിവിധ നൂതന കോഴ്‌സുകളിലൂടെ അത്യാധുനിക സാങ്കേതികവിദ്യയില്‍ ഉയര്‍ന്ന വൈദഗ്ധ്യ പരിശീലനം നല്‍കുകയും ഐ.ടി.ഐ ബിരുദധാരികള്‍ക്ക് തൊഴിലിലും സംരംഭകത്വത്തിലുമുള്ള അവസരങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും.
ബെംഗളൂരുവിലെഐ.ഐ.എസ്.സി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്)ല്‍ പ്രധാനമന്ത്രി തന്നെ തറക്കല്ലിട്ട മസ്തിഷ്‌ക ഗവേഷണ കേന്ദ്രം (സി.ബി.ആര്‍) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത്തരത്തിലെ സൗകര്യങ്ങളുള്ള ഏക ഗവേഷണ കേന്ദ്രമായാണ് ഇത് വികസിപ്പിച്ചിരിക്കുന്നത് മാത്രമല്ല, പ്രായവുമായി ബന്ധപ്പെട്ട മസ്തിഷ്‌ക വൈകല്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള പൊതുജനാരോഗ്യ ഇടപെടലുകള്‍ നല്‍കുന്നതിന് സുപ്രധാന ഗവേഷണം നടത്തുന്നതില്‍ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. പരിപാടിയില്‍ 832 കിടക്കകളുള്ള ബാഗ്ചി പാര്‍ത്ഥസാരഥി മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ബെംഗളൂരുവിലെ ഐ.ഐ.എസ.്‌സി കാമ്പസിലാണ് ആശുപത്രി വികസിപ്പിച്ചെടുക്കുന്നത്, മാത്രമല്ല, സയന്‍സ്, എഞ്ചിനീയറിംഗ്, മെഡിസിന്‍ എന്നിവയുടെ സംയോജനത്തിനും പ്രശസ്തമായ സ്ഥാപനത്തിനെ സഹായിക്കും. ഇത് രാജ്യത്തെ €ിനിക്കല്‍ ഗവേഷണങ്ങള്‍ക്ക് വലിയ വേഗത നല്‍കുകയും രാജ്യത്തെ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന നൂതനമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് പ്രവര്‍ത്തിക്കുകയും ചെയ്യും.
പ്രധാനമന്ത്രി മൈസൂരുവില്‍
മൈസൂരുവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുചടങ്ങില്‍ നാഗനഹള്ളി റെയില്‍വേ സ്‌റ്റേഷനില്‍ 480 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന കോച്ചിംഗ് ടെര്‍മിനലിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിക്കും. കോച്ചിംഗ് ടെര്‍മിനലിന് ഒരു മെമു ഷെഡ് ഉണ്ടായിരിക്കും, ഇത് നിലവില്‍ മൈസൂരു യാര്‍ഡിലുള്ള തിരക്ക് കുറയ്ക്കുകയും മൈസൂരുവില്‍ നിന്ന് കൂടുതല്‍ മെമു ട്രെയിന്‍ സര്‍വീസുകളും ദീര്‍ഘദൂര ട്രെയിനുകളും ഓടാന്‍ സൗകര്യമൊരുക്കുകയും ചെയ്യുകയും ഈ മേഖലയുടെ ബന്ധിപ്പിക്കലും വിനോദസഞ്ചാര സാദ്ധ്യതകളും മെച്ചപ്പെടുത്തുകയും ചെയ്യും. ദൈനംദിന യാത്രക്കാര്‍ക്കും അതോടൊപ്പം ദീര്‍ഘദൂര സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും ഇത് പ്രയോജനപ്പെടും.
പരിപാടിയില്‍, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിലെ (എ.ഐ.എസ്.എച്ച്) ആശയവിനിമയ വൈകല്യമുള്ളവര്‍ക്കുള്ള (കമ്മ്യൂണിക്കേഷന്‍ ഡിസോര്‍ഡേഴ്‌സ്) വ്യക്തികള്‍ക്കായുള്ള മികവിന്റെ കേന്ദ്രംവും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. അത്യാധുനിക ലബോറട്ടറികളും ആശയവിനിമയ വൈകല്യമുള്ള വ്യക്തികളുടെ രോഗനിര്‍ണയം, വിലയിരുത്തല്‍, പുനരധിവാസം എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
ജൂണ്‍ 21ലെ പ്രധാനമന്ത്രിയുടെ പരിപാടി
എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനമായ (ഐ.ഡി.വൈ)2022 ജൂണ്‍ 21-ന് മൈസൂരുവിലെ മൈസൂരു പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന കൂട്ടയോഗാ പ്രകടനത്തില്‍ ആയിരക്കണക്കിന് പങ്കാളികള്‍ക്കൊപ്പം പ്രധാനമന്ത്രിയും പങ്കെടുക്കും. ആസാദി കാ അമൃത് മഹോത്സവത്തെ 8-ാം ഐ.ഡി.വൈ ആഘോഷങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് മൈസൂരുവിലെ പ്രധാനമന്ത്രിയുടെ യോഗ പ്രകടനത്തോടൊപ്പം 75 കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ രാജ്യത്തെ 75 പ്രതികാത്മക (ഐകോണിക്)സ്ഥലങ്ങളില്‍ കൂട്ടായോഗാ പ്രകടനങ്ങളും സംഘടിപ്പിപ്പിച്ചിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, മത, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും, മറ്റ് പൗരസമൂഹ സംഘടനകളും കോടിക്കണക്കിന് ജനങ്ങള്‍ പങ്കെടുക്കുന്ന യോഗ പ്രദര്‍ശനങ്ങള്‍ രാജ്യത്തുടനീളം സംഘടിപ്പിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്ര സംഘടനയും 79 രാജ്യങ്ങളും വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകളും ചേര്‍ന്ന് ദേശീയ അതിര്‍ത്തികളെ മറികടക്കുന്ന യോഗയുടെ ഏകീകൃത ശക്തി വ്യക്തമാക്കുന്ന 'ഗാര്‍ഡിയന്‍ യോഗ റിംഗ്' എന്ന പുതുമയേറിയ പരിപാടിയുടെ ഭാഗമാണ് മൈസൂരുവിലെ പ്രധാനമന്ത്രിയുടെ യോഗ പരിപാടി. സൂര്യന്‍ പ്രത്യക്ഷത്തില്‍ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ലോകമെമ്പാടും നീങ്ങുമ്പോള്‍, പങ്കെടുക്കുന്ന രാജ്യങ്ങളിലെ കൂട്ടയോഗാ പ്രകടനങ്ങള്‍, ഭൂമിയിലെ ഏതെങ്കിലും ഒരു ബിന്ദുവില്‍ നിന്ന് നോക്കിയാല്‍, ഏകദേശം ഒന്നിന് പിറകെ ഒന്നായി സംഭവിക്കുന്നതായി തോന്നും, അങ്ങനെ 'ഒരു സൂര്യന്‍, ഒരു ഭൂമി'എന്ന ആശയത്തിന് അടിവരയിടുന്നു. ഈ നൂതനമായ പ്രോഗ്രാം 2022 ജൂണ്‍ 21-ന് ദൂരദര്‍ശന്‍ ഇന്ത്യയില്‍ (ഡി.ഡി ഇന്ത്യ) ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം രാവിലെ 3മുതല്‍ (ഫിജിയില്‍ നിന്ന് സംപ്രേഷണം ചെയ്യുന്നു) രാത്രി 10 ന് വരെ ( യു.എസ്.എയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് സംപ്രേഷണം ചെയ്യുന്നു) തത്സമയം സംപ്രേഷണം ചെയ്യും. പരിപാടിയുടെ ഭാഗമായി മൈസൂരുവിലെ പ്രധാനമന്ത്രിയുടെ പരിപാടി രാവിലെ 06:30 മുതല്‍ ഡി.ഡി. ഇന്ത്യയില്‍ തത്സമയം സംപ്രേഷണം ചെയ്യും.
2015 മുതല്‍, എല്ലാ വര്‍ഷവും ജൂണ്‍ 21 ന് ലോകമാകെ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു. ഈ വര്‍ഷത്തെ യോഗ ദിനത്തിന്റെ പ്രമേയം 'യോഗ മാനവികതയ്ക്ക് വേണ്ടി' എന്നതാണ്. കോവിഡ് മഹാമാരി സമയത്ത് കഷ്ടപ്പാടുകള്‍ ലഘൂകരിക്കുന്നതിന് യോഗ മനുഷ്യരാശിയെ എങ്ങനെ സേവിച്ചുവെന്നത് വി വരിക്കുന്നതാണ് പ്രമേയം.