പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബർ 28 ന് കാൺപൂർ സന്ദർശിക്കുകയും ഉച്ചയ്ക്ക് 1:30 ന് കാൺപൂർ മെട്രോ റെയിൽ പദ്ധതിയുടെ പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. പരിപാടിയിൽ ബിനാ-പങ്കി മൾട്ടിപ്രൊഡക്ട് പൈപ്പ് ലൈൻ പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഇതിന് മുന്നോടിയായി രാവിലെ 11 മണിക്ക് കാൺപൂർ ഐഐടിയുടെ 54-ാമത് ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും.
നഗര സഞ്ചാരം മെച്ചപ്പെടുത്തുക എന്നത് പ്രധാനമന്ത്രിയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്. കാൺപൂർ മെട്രോ റെയിൽ പദ്ധതിയുടെ പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം ഈ ദിശയിലെ മറ്റൊരു ചുവടുവയ്പ്പാണ്. ഐഐടി കാൺപൂർ മുതൽ മോട്ടി ജീൽ വരെയുള്ള 9 കിലോമീറ്റർ നീളമുള്ള ഈ ഭാഗമാണ് പൂർത്തിയാക്കിയത്. പ്രധാനമന്ത്രി കാൺപൂർ മെട്രോ റെയിൽ പദ്ധതി പരിശോധിക്കുകയും ഐഐടി മെട്രോ സ്റ്റേഷനിൽ നിന്ന് ഗീതാ നഗറിലേക്ക് മെട്രോയിൽ യാത്ര നടത്തുകയും ചെയ്യും. കാൺപൂരിലെ മെട്രോ റെയിൽ പദ്ധതിയുടെ മുഴുവൻ നീളം 32 കിലോമീറ്ററാണ്. 11,000 കോടി രൂപ ചെലവിലാണ് ഇത് നിർമ്മിക്കുന്നത്.
ബിനാ-പങ്കി മൾട്ടിപ്രൊഡക്ട് പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 356 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് പ്രതിവർഷം 3.45 ദശലക്ഷം മെട്രിക് ടൺ ശേഷിയുണ്ട്. മധ്യപ്രദേശിലെ ബിനാ റിഫൈനറി മുതൽ കാൺപൂരിലെ പങ്കി വരെ നീളുന്ന പദ്ധതി 1500 കോടിയിലധികം രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ബിന റിഫൈനറിയിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങൾ ലഭ്യമാക്കാൻ ഇത് മേഖലയെ സഹായിക്കും.
കാൺപൂർ ഐഐടിയുടെ 54-ാമത് ബിരുദദാന സമ്മേളനത്തിൽ പ്രധാനമന്ത്രി മുഖ്യാതിഥിയാകും. ദേശീയ ബ്ലോക്ക്‌ചെയിൻ പ്രോജക്‌റ്റിന് കീഴിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ച ഇൻ-ഹൗസ് ബ്ലോക്ക്‌ചെയിൻ-ഡ്രൈവൺ ടെക്‌നോളജി വഴി ബിരുദദാന ചടങ്ങിൽ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ബിരുദങ്ങൾ നൽകും. ബ്ലോക്ക്‌ചെയിൻ അധിഷ്‌ഠിത ഡിജിറ്റൽ ബിരുദങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ ഡിജിറ്റൽ ബിരുദങ്ങൾ ആഗോളതലത്തിൽ പരിശോധിച്ചുറപ്പിക്കാൻ കഴിയും, അവ വ്യാജമായി നിർമ്മിക്കാൻ കഴിയാത്തവയുമാണ്.