പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ഒക്ടോബര്‍ 2 ന് ഝാര്‍ഖണ്ഡ് സന്ദര്‍ശിക്കും. ഝാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ ഉച്ചകഴിഞ്ഞ് ഏകദേശം 2 മണിക്ക് 83,300 കോടിരൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും സമാരംഭം കുറിയ്ക്കലും ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.
രാജ്യത്തുടനീളമുള്ള ഗോത്രവര്‍ഗ്ഗ സമൂഹങ്ങളുടെ വ്യാപകവും സമഗ്രവുമായ വികസനം ഉറപ്പാക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, 79,150 കോടിയിലധികം രൂപ ചെലവുവരുന്ന ധര്‍ത്തി ആബ ജന്‍ജാതിയ ഗ്രാം ഉത്കര്‍ഷ് അഭിയാന് പ്രധാനമന്ത്രി സമാരംഭം കുറിയ്ക്കും. 30 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും 549 ജില്ലകളിലും 2,740 ബ്ലോക്കുകളിലുമായി കിടക്കുന്ന 63,000 ഗ്രാമങ്ങളിലെ 5 കോടിയിലധികം ഗോത്രവര്‍ഗ്ഗവിഭാഗക്കാര്‍ ഈ അഭിയാന്റെ പരിധിയില്‍ വരും. കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ 17 മന്ത്രാലയങ്ങളും വകുപ്പുകളും നടപ്പിലാക്കുന്ന 25 ഇടപെടലുകളിലൂടെ സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനം എന്നിവയിലെ നിര്‍ണായക വിടവുകളില്‍ പരിപൂര്‍ണ്ണത കൈവരിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്.
ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി 40 ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ (ഇ.എം.ആര്‍.എസ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും 2800 കോടിയിലധികം രൂപ ചെലവുവരുന്ന 25 ഇ.എം.ആര്‍.എസ്സുകള്‍ക്ക് തറക്കല്ലിടുകയും ചെയ്യും.
പ്രധാനമന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ (പി.എം-ജന്‍മന്‍) ന് കീഴില്‍ 1360 കോടിയിലധികം രൂപ ചെലവുവരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. 1380 കിലോമീറ്ററിലധികം റോഡ്, 120 അംഗന്‍വാടികള്‍, 250 വിവിധോദ്ദേശ കേന്ദ്രങ്ങള്‍, 10 സ്‌കൂള്‍ ഹോസ്റ്റലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അതിനുപുറമെ, 3,000 ഗ്രാമങ്ങളിലെ 75,800-ലധികം പ്രത്യേക ദുര്‍ബല ഗോത്രവിഭാഗങ്ങളുടെ (പി.വി.ടി.ജി) വീടുകളുടെ വൈദ്യുതീകരണം, 275 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം, 500 അംഗന്‍വാടികളുടെ പ്രവര്‍ത്തനം, 250 വന്‍ ധന്‍ വികാസ് കേന്ദ്രങ്ങളുടെ സ്ഥാപനം, 5,550-ലധികം പി.വി.ടി.ജി ഗ്രാമങ്ങളെ 'നല്‍ സേ ജല്‍' നോടൊപ്പം പൂരിതമാക്കല്‍ എന്നിവ ഉള്‍പ്പെടുന്ന പ്രധാനമന്ത്രി ജന്‍മനു കീഴിലെ പ്രധാന നേട്ടങ്ങളുടെ ഒരു പരമ്പരയും അദ്ദേഹം അനാവരണം ചെയ്യും.