ഒക്ടോബർ 11ന് പ്രധാനമന്ത്രി ഉജ്ജയിൻ സന്ദർശിക്കും; ശ്രീ മഹാകാൽ ലോക് സമർപ്പിക്കും
ഗുജറാത്തിൽ 14,500 കോടിരൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും
മൊധേരയെ ഇന്ത്യയിലെ ആദ്യ 24x7 സൗരോർജഗ്രാമമായി പ്രധാനമന്ത്രി പ്രഖ്യാപിക്കും; മെഹ്‌സാനയിൽ 3900 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിർവഹിക്കും
മോധേശ്വരി മാതാ ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തുന്ന പ്രധാനമന്ത്രി മെഹ്‌സാനയിലെ സൂര്യക്ഷേത്രവും സന്ദർശിക്കും
രാസ-ഔഷധവ്യവസായ മേഖലകളിൽ ഊന്നൽ നൽകി ഭറൂച്ചിൽ 8000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും
അഹമ്മദാബാദിൽ 1300 കോടിരൂപയുടെ ആരോഗ്യസംരക്ഷണസൗകര്യങ്ങളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും; മോദി വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഒന്നാംഘട്ടവും ഉദ്ഘാടനംചെയ്യും
ജാംനഗറിൽ ജലസേചനം, വൈദ്യുതി, ജലവിതരണം, നഗര അടിസ്ഥാനസൗകര്യവികസനം എന്നിവയുമായി ബന്ധപ്പെട്ട 1460 കോടിരൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിർവഹിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 9 മുതൽ 11 വരെ ഗുജറാത്ത് സന്ദർശിക്കും. തുടർന്ന് ഒക്ടോബർ 11ന് അദ്ദേഹം മധ്യപ്രദേശും സന്ദർശിക്കും.

ഒക്ടോബർ 9നു വൈകിട്ട് 5.30നു മെഹ്‌സാനയിലെ മൊധേരയിൽ പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. തുടർന്ന് 6.45നു മോധേശ്വരി മാതാക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തും. 7.30നു സൂര്യക്ഷേത്രവും സന്ദർശിക്കും.

ഒക്ടോബർ 10നു രാവിലെ 11നു പ്രധാനമന്ത്രി ബറൂച്ചിലെ അമോദിൽ വിവിധ പദ്ധതികൾ രാജ്യത്തിനു സമർപ്പിക്കുകയും ഉദ്ഘാടനംചെയ്യുകയും ചെയ്യും. ഉച്ചകഴിഞ്ഞ് 3.15ന് അഹമ്മദാബാദിൽ മോദി വിദ്യാഭ്യാസ സമുച്ചയം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും. വൈകിട്ട് 5.30നു ജാംനഗറിൽ വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

ഒക്‌ടോബർ 11ന് ഉച്ചയ്ക്ക് 2.15ന് അഹമ്മദാബാദിലെ അസർവ സിവിൽ ആശുപത്രിയിൽ വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. തുടർന്നദ്ദേഹം ഉജ്ജയിനിലെ ശ്രീ മഹാകാലേശ്വര ക്ഷേത്രത്തിലേക്കു പോകും. വൈകിട്ട് 5.45ന് അവിടെ ദർശനവും പൂജയും നടത്തും. വൈകിട്ട് 6.30നു ശ്രീ മഹാകാൽ ലോക് സമർപ്പണം നടത്തുന്ന അദ്ദേഹം 7.15ന് ഉജ്ജയിനിൽ പൊതുചടങ്ങിലും പങ്കെടുക്കും.

പ്രധാനമന്ത്രി മെഹ്‌സാനയിൽ

മെഹ്‌സാനയിലെ മൊധേരയിൽ 3900 കോടിരൂപയുടെ പദ്ധതികളുടെ ശിലാസ്ഥാപനവും സമർപ്പണവും നടത്തുന്ന പ്രധാനമന്ത്രി പൊതുചടങ്ങിൽ അധ്യക്ഷനാകുകയും ചെയ്യും.

മൊധേരയെ ഇന്ത്യയിലെ ആദ്യത്തെ 24x7 സൗരോർജഗ്രാമമായി  പ്രധാനമന്ത്രി പ്രഖ്യാപിക്കും. ഇത്തരത്തിലുള്ള ആദ്യ സംരംഭമായ ഈ പദ്ധതി, സൂര്യക്ഷേത്രനഗരമായ മൊധേരയുടെ സൗരവൽക്കരണത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്നതാണ്. ഭൂതല സൗരോർജ പ്ലാന്റും, വീടുകളിലും ഗവൺമെന്റ് കെട്ടിടങ്ങളിലും 1300ലധികം പുരപ്പുറ സൗരോർജസംവിധാനങ്ങളും വികസിപ്പിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ഇവയെല്ലാം ബാറ്ററി ഊർജസംഭരണ സംവിധാനവുമായി (ബിഇഎസ്എസ്) സംയോജിപ്പിച്ചിരിക്കുന്നു. ഇന്ത്യയുടെ പുനരുൽപ്പാദക ഊർജമികവു താഴെത്തട്ടിൽ ജനങ്ങളെ ഏതുരീതിയിൽ ശാക്തീകരിക്കുമെന്ന് ഈ പദ്ധതി തെളിയിക്കും.

പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കുന്ന പദ്ധതികളിൽ അഹമ്മദാബാദ്-മെഹ്‌സാന ഗേജ് പരിവർത്തനപദ്ധതിയുടെ സബർമതി-ജഗുദാൻ ഭാഗത്തിന്റെ ഗേജ് മാറ്റവും ഉൾപ്പെടുന്നു. ഒഎൻജിസിയുടെ നന്ദാസൻ ജിയോളജിക്കൽ എണ്ണ ഉൽപ്പാദന പദ്ധതി; ഖേരവമുതൽ ഷിംഗോഡ തടാകംവരെയുള്ള സുജലാം സുഫലാം കനാൽ; ധരോയ് അണക്കെട്ട് അടിസ്ഥാനമാക്കിയുള്ള വഡ്‌നഗർ ഖേരാലു-ധരോയ് ഗ്രൂപ്പ് പരിഷ്കരണപദ്ധതി; ബെച്‌രാജി മൊധേര-ചനസ്മ സംസ്ഥാന പാതയുടെ ഒരുഭാഗം നാലുവരിയാക്കാനുള്ള പദ്ധതി; ഉൻജ-ദസജ് ഉപേര ലഡോളിന്റെ (ഭാൻഖർ അപ്രോച്ച് റോഡ്) ഒരുഭാഗം വികസിപ്പിക്കാനുള്ള പദ്ധതി; മെഹ്സാനയിലെ സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ (എസ്‌പിഐപിഎ) പ്രാദേശി‌ക പരിശീലനകേന്ദ്രത്തിന്റെ പുതിയ കെട്ടിടം; മൊധേര സൂര്യക്ഷേത്രത്തിലെ പ്രൊജക്ഷൻ മാപ്പിങ് തുടങ്ങിയവയും അദ്ദേഹം സമർപ്പിക്കും.

ദേശീയപാത-68ന്റെ പാട്ടൺമുതൽ ഗോസാരിയവരെയുള്ള ഭാഗത്തിന്റെ നാലുവരിപ്പാത ഉൾപ്പെടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. മെഹ്‌സാന ജില്ലയിലെ ജോതാന താലൂക്കിലെ ചലസൻ ഗ്രാമത്തിലെ ജലശുദ്ധീകരണ പ്ലാന്റ്; ദൂധ്സാഗർ ഡയറിയിൽ പുതിയ യാന്ത്രിക പാൽപ്പൊടി പ്ലാന്റും യുഎച്ച്‌ടി പാൽ കാർട്ടൺ പ്ലാന്റും; മെഹ്‌സാന ജനറൽ ആശുപത്രിയുടെ പുനർവികസനവും പുനർനിർമാണവും; മെഹ്‌സാനയ്ക്കും വടക്കൻ ഗുജറാത്തിലെ മറ്റു ജില്ലകൾക്കുമായി നവീകരിച്ച വിതരണ മേഖല പദ്ധതി (ആർഡിഎസ്എസ്) എന്നിവയ്ക്കും അദ്ദേഹം തറക്കല്ലിടും.

പൊതുപരിപാടിക്കു പിന്നാലെ പ്രധാനമന്ത്രി മോധേശ്വരി മാതാക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തും. അദ്ദേഹം സൂര്യക്ഷേത്രം സന്ദർശിക്കുകയും അവിടെ മനോഹരമായ പ്രൊജക്ഷൻ മാപ്പിങ് ഷോയ്ക്കു സാക്ഷ്യംവഹിക്കുകയുംചെയ്യും.

പ്രധാനമന്ത്രി ഭറൂച്ചിൽ

ബറൂച്ചിലെ അമോദിൽ 8000 കോടി രൂപയുടെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയുംചെയ്യും.

ഔഷധവ്യവസായമേഖലയിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പായി, ജംബുസറിൽ ബൾക്ക് ഡ്രഗ് പാർക്കിനു പ്രധാനമന്ത്രി തറക്കല്ലിടും. 2021-22ൽ മൊത്തം ഔഷധ ഇറക്കുമതിയുടെ 60 ശതമാനവും ബൾക്ക് മരുന്നുകളായിരുന്നു. ഇറക്കുമതി ബദൽ ഉറപ്പാക്കുന്നതിലും ബൾക്ക് മരുന്നുകളുടെ കാര്യത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിലും പദ്ധതി പ്രധാനപങ്കു വഹിക്കും. വ്യവസായ എസ്റ്റേറ്റുകളിലുപയോഗിച്ച മലിനജലം സംസ്കരിക്കാൻ സഹായിക്കുന്ന ദഹേജിലെ ആഴക്കടൽ പൈപ്പ് ലൈൻ പദ്ധതിക്കു പ്രധാനമന്ത്രി തറക്കല്ലിടും. പ്രധാനമന്ത്രി തറക്കല്ലിടുന്ന മറ്റു പദ്ധതികളിൽ അങ്കലേശ്വർ വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടവും അങ്കലേശ്വറിലും പനോലിയിലും ബഹുതല വ്യവസായികശാലകളുടെ വികസനവും ഉൾപ്പെടുന്നു. ഇത് എംഎസ്എംഇ മേഖലയ്ക്കും ഉത്തേജനം പകരും.

വ‌ിവിധ വ്യവസായ പാർക്കുകളുടെ വികസന സമാരംഭവും പ്രധാനമന്ത്രി കുറിക്കും. ഇവയിൽ നാലു ഗിരിവർഗ വ്യാവസായിക പാർക്കുകൾ ഉൾപ്പെടുന്നു. വാലിയ (ബറൂച്ച്), അമീർഗഢ് (ബനാസ്കാണ്ഠ), ചാകലിയ (ദാഹോദ്), വാനാർ (ഛോട്ടാ ഉദയ്പുർ) എന്നിവിടങ്ങളിലാണിത്. മുഡേഥയിലെ കാർഷിക-ഭക്ഷ്യ പാർക്ക് (ബനാസ്കാണ്ഠ); കാക്വാഡി ദന്തിയിലെ കടൽ വിഭവ പാർക്ക് (വൽസാഡ്); ഖാണ്ഡീവാവിലെ (മഹിസാഗർ) എംഎസ്എംഇ പാർക്ക് എന്നിവയ്ക്കും സമാരംഭം കുറിക്കും.

പരിപാടിയിൽ രാസവ്യവസായമേഖലയ്ക്ക് ഉത്തേജനം നൽകുന്ന നിരവധി പദ്ധതികൾ പ്രധാനമന്ത്രി സമർപ്പിക്കും. ദഹേജിൽ 130 മെഗാവാട്ട് കോജനറേഷൻ പവർ പ്ലാന്റുമായി സംയോജിപ്പിച്ച 800 ടിപിഡി കാസ്റ്റിക് സോഡ പ്ലാന്റ് അദ്ദേഹം സമർപ്പിക്കും. ഇതോടൊപ്പം, ദഹേജിലെ നിലവിലുള്ള കാസ്റ്റിക് സോഡ പ്ലാന്റിന്റെ വിപുലീകരണവും അദ്ദേഹം നിർവഹിക്കും. പ്ലാന്റിന്റെ ശേഷി പ്രതിദിനം 785 മെട്രിക് ടണ്ണിൽനിന്ന് 1310 മെട്രിക് ടണ്ണായി ഉയർത്തും. ദഹേജിൽ പ്രതിവർഷം ഒരു ലക്ഷം മെട്രിക് ടൺ ക്ലോറോമീഥേനുകൾ നിർമിക്കുന്നതിനുള്ള പദ്ധതിയും പ്രധാനമന്ത്രി സമർപ്പിക്കും. ഉൽപ്പന്നത്തിനു പകരമായി ഇറക്കുമതി ചെയ്യാൻ സഹായിക്കുന്ന ദഹേജിലെ ഹൈഡ്രസീൻ ഹൈഡ്രേറ്റ് പ്ലാന്റ്, ഐഒസിഎൽ ദഹേജ്-കോയാലി പൈപ്പ് ലൈൻ പദ്ധതി, ഭറൂച്ച് ഭൂഗർഭ ഡ്രെയിനേജും എസ്‌ടിപി പ്രവൃത്തികളും, ഉംല്ല ആസാ പനേത റോഡിന്റെ വീതികൂട്ടലും ബലപ്പെടുത്തലും എന്നിവയാണു പ്രധാനമന്ത്രി സമർപ്പിക്കുന്ന മറ്റു പദ്ധതികൾ.

പ്രധാനമന്ത്രി അഹമ്മദാബാദിൽ

നിർധനവിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസസമുച്ചയമായ മോദി വിദ്യാഭ്യാസസമുച്ചയത്തിന്റെ ഒന്നാംഘട്ടം ഒക്ടോബർ 10 നു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വിദ്യാർഥികൾക്ക് സമഗ്രവികസനത്തിനുള്ള സൗകര്യമൊരുക്കാൻ പദ്ധതി സഹായിക്കും.

ഒക്ടോബർ 11ന് അഹമ്മദാബാദിലെ അസർവയിലെ സിവിൽ ആശുപത്രിയിൽ 1300 കോടിരൂപയുടെ വിവിധ ആരോഗ്യ സംരക്ഷണകേന്ദ്രങ്ങളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഹൃദ്രോഗപരിചരണത്തിനുള്ള പുതിയതും മെച്ചപ്പെട്ടതുമായ സൗകര്യങ്ങളുടെ സമർപ്പണവും യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിൽ പുതിയ ഹോസ്റ്റൽ കെട്ടിടവും ഇതിൽ ഉൾപ്പെടുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്നി ഡിസീസസ് ആൻഡ് റിസർച്ച് സെന്ററിന്റെ പുതിയ ആശുപത്രി കെട്ടിടം; ഗുജറാത്ത് കാൻസർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ കെട്ടിടം എന്നിവയും ഇതിലുൾപ്പെടും. പാവപ്പെട്ട രോഗികളുടെ കുടുംബങ്ങളെ പാർപ്പിക്കുന്നതിനുള്ള ആശ്രയകേന്ദ്രത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

പ്രധാനമന്ത്രി ജാംനഗറിൽ

പ്രധാനമന്ത്രി 1460 കോടി രൂപയുടെ വിവിധ പദ്ധതികൾ രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. ജലസേചനം, വൈദ്യുതി, ജലവിതരണം, നഗര അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ പദ്ധതികൾ.

സൗരാഷ്ട്ര അവതരൺ ഇറിഗേഷൻ (സൗനി) യോജന ലിങ്ക് 3 (ഉണ്ട് അണക്കെട്ടുമുതൽ സോന്മതി അണക്കെട്ടുവരെ) പാക്കേജ് 7, സൗനി യോജന ലിങ്ക് 1ന്റെ പാക്കേജ് 5 (ഉണ്ട്-1 അണക്കെട്ടുമുതൽ സാനി അണക്കെട്ടുവരെ), ഹരിപാർ 40 മെഗാവാട്ട് സൗര പ‌ിവി പദ്ധതി എന്നിവ പ്രധാനമന്ത്രി സമർപ്പിക്കും.

കളവാഡ്/ജാംനഗർ താലൂക്കിന്റെ കളവാഡ് ഗ്രൂപ്പ് ഓഗ്‌മെന്റേഷൻ ജലവിതരണ പദ്ധതിയായ മോർബി-മാലിയ-ജോഡിയ ഗ്രൂപ്പ് ഓഗ്‌മെന്റേഷൻ ജലവിതരണ പദ്ധതി, ലാൽപൂർ ബൈപാസ് ജങ്ഷൻ മേൽപ്പാലം, ഹാപ്പ മാർക്കറ്റ് യാർഡ് റെയിൽവേ ക്രോസിങ്,  മലിനജലശേഖരണ പൈപ്പ് ലൈനിന്റെയും പമ്പിങ് സ്റ്റേഷന്റെയും നവീകരണം എന്നിവ പ്രധാനമന്ത്രി തറക്കല്ലിടുന്ന പദ്ധതികളിൽ ഉൾപ്പെടുന്നു.

പ്രധാനമന്ത്രി ഉജ്ജയിനിൽ

പ്രധാനമന്ത്രി ശ്രീ മഹാകാൽ ലോക് നാടിനു സമർപ്പിക്കും. മഹാകാൽ ലോക് പദ്ധതിയുടെ ഒന്നാംഘട്ടം, ലോകോത്തര നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങൾ ഒരുക്കി ക്ഷേത്രം സന്ദർശിക്കുന്ന തീർഥാടകരുടെ അനുഭവം സമ്പന്നമാക്കാൻ സഹായിക്കും. മുഴുവൻ പ്രദേശത്തെയും തിരക്കു കുറയ്ക്കാനും പൈതൃകഘടനകളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും പ്രത്യേക ഊന്നൽ നൽകാനും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിപ്രകാരം ക്ഷേത്രപരിസരം ഏകദേശം ഏഴുതവണ വികസിപ്പിക്കും. മൊത്തം പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 850 കോടി രൂപയാണ്. ഇപ്പോൾ പ്രതിവർഷം 1.5 കോടിയോളം വരുന്ന ക്ഷേത്രത്തിന്റെ നിലവിലുള്ള നടവരവ് ഇരട്ടിയാക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. രണ്ടുഘട്ടങ്ങളിലായാണു പദ്ധതിയുടെ വികസനം ആസൂത്രണം ചെയ്തിരിക്കുന്നത്.

ശിവന്റെ ആനന്ദതാണ്ഡവരൂപത്തെ (നൃത്തരൂപം) ചിത്രീകരിക്കുന്ന 108 സ്തംഭങ്ങൾ (തൂണുകൾ) മഹാകാൽ പാതയിൽ അടങ്ങിയിരിക്കുന്നു. ശിവന്റെ ജീവിതം ചിത്രീകരിക്കുന്ന നിരവധി മതപരമായ ശിൽപ്പങ്ങൾ മഹാകാൽ പാതയിൽ സ്ഥാപിച്ചിട്ടുണ്ട്. സൃഷ്ടി, ഗണപതിയുടെ ജനനം, സതിയുടെയും ദക്ഷന്റെയും കഥ തുടങ്ങിയ ശിവപുരാണ കഥകളെ അടിസ്ഥാനമാക്കിയുള്ളതാണ് പാതയിലെ മ്യൂറൽചുവർ. 2.5 ഹെക്ടറിൽ പരന്നുകിടക്കുന്ന പ്രദേശം താമരക്കുളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. കൂടാതെ ശിവപ്രതിമയും ജലധാരകളുമുണ്ട്. നിർമിതബുദ്ധിയുടെയും നിരീക്ഷണ ക്യാമറകളുടെയും സഹായത്തോടെ സംയോജിത കമാൻഡ്-കൺട്രോൾ കേന്ദ്രം പരിസരം മുഴുവൻ 24x7 നിരീക്ഷണം നടത്തും.

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi