പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂണ്‍ 10 ന് ഗുജറാത്ത് സന്ദര്‍ശിക്കും.രാവിലെ 10:15 ന് നവസാരിയില്‍ 'ഗുജറാത്ത് ഗൗരവ് അഭിയാന്‍' ചടങ്ങില്‍ ഒന്നിലധികം വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.15ന് നവ്സാരിയില്‍ എ എം നായിക് ചികില്‍സാ സമുച്ചയവും നിരാലി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും ഉദ്ഘാടനം ചെയ്യും. അതിനുശേഷം, ഏകദേശം 3:45 ഓടെ അഹമ്മദാബാദിലെ ബോപാലില്‍ ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ കേന്ദ്രത്തിന്റെ (ഇന്‍-സ്‌പെയ്‌സ്) ആസ്ഥാനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രി നവസാരിയില്‍
'ഗുജറാത്ത് ഗൗരവ് അഭിയാന്‍'പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത് നവസാരിയിലെ ആദിവാസി മേഖലയായ ഖുദ്വേലില്‍ 3050 കോടി രൂപയുടെ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. 7 പദ്ധതികളുടെ ഉദ്ഘാടനവും 12 പദ്ധതികള്‍ക്ക് തറക്കല്ലിടലും 14 പദ്ധതികളുടെ ഭൂമിപൂജയും ഇതില്‍പ്പെടുന്നു. ഈ പദ്ധതികള്‍ മേഖലയിലെ ജലവിതരണം മെച്ചപ്പെടുത്തുന്നതിനും കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും ജീവിത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.
താപി, നവസാരി, സൂറത്ത് ജില്ലകളിലെ നിവാസികള്‍ക്കായി 961 കോടി രൂപയുടെ 13 ജലവിതരണ പദ്ധതികള്‍ക്കു പ്രധാനമന്ത്രി ഭൂമിപൂജ നിര്‍വഹിക്കും. നവസാരി ജില്ലയില്‍ ഏകദേശം 542 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മെഡിക്കല്‍ കോളേജിന്റെ ഭൂമി പൂജയും അദ്ദേഹം നിര്‍വഹിക്കും. ഇത് മേഖലയിലെ ജനങ്ങള്‍ക്ക് ചിലവു കുറഞ്ഞതും ഗുണനിലവാരമുള്ളതുമായ വൈദ്യസഹായം നല്‍കാന്‍ സഹായിക്കും.
586 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മധുബന്‍ അണക്കെട്ട് അടിസ്ഥാനമാക്കിയുള്ള ആസ്റ്റോള്‍ പ്രാദേശിക ജലവിതരണ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ജലവിതരണ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ അത്ഭുതമാണിത്. കൂടാതെ, 163 കോടി രൂപയുടെ 'നല്‍ സേ ജല്‍' പദ്ധതികളും ഉദ്ഘാടനം ചെയ്യും. സൂറത്ത്, നവസാരി, വല്‍സാദ്, താപി ജില്ലകളിലെ നിവാസികള്‍ക്ക് ഈ പദ്ധതികള്‍ ആവശ്യത്തിനു സുരക്ഷിത കുടിവെള്ളം ലഭ്യമാക്കും.
താപി ജില്ലാ നിവാസികള്‍ക്ക് വൈദ്യുതി ലഭ്യമാക്കുന്നതിന് 85 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച വീര്‍പൂര്‍ വ്യാര സബ്സ്റ്റേഷന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മലിനജല സംസ്‌കരണം സുഗമമാക്കുന്നതിന് വല്‍സാദ് ജില്ലയിലെ വാപി നഗരത്തിന് 20 കോടി രൂപ ചെലവില്‍ 14 എംഎല്‍ഡി ശേഷിയുള്ള മലിനജല സംസ്‌കരണ പ്ലാന്റും ഉദ്ഘാടനം ചെയ്യും. നവസാരിയില്‍ 21 കോടിയിലധികം രൂപ ചെലവില്‍ നിര്‍മിച്ച ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്‌സുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പിപ്ലൈദേവി-ജൂണര്‍-ചിച്വിഹിര്‍-പിപാല്‍ദഹാദ് എന്നിവിടങ്ങളില്‍ നിന്ന് 12 കോടി രൂപ വീതം ചെലവഴിച്ച് ഡാംഗില്‍ നിര്‍മിച്ച സ്‌കൂള്‍ കെട്ടിടങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
സൂറത്ത്, നവസാരി, വല്‍സാദ്, താപി ജില്ലകളിലെ നിവാസികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി 549 കോടി രൂപയുടെ 8 ജലവിതരണ പദ്ധതികളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. നവസാരി ജില്ലയില്‍ 33 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഖേര്‍ഗാമിനെയും പിപാല്‍ഖേഡിനെയും ബന്ധിപ്പിക്കുന്ന വിശാലമായ റോഡിന്റെ തറക്കല്ലിടലും നടക്കും. നവസാരിക്കും ബര്‍ദോളിക്കുമിടയില്‍ സൂപ വഴി 27 കോടി രൂപ ചെലവില്‍ മറ്റൊരു നാലുവരിപ്പാത നിര്‍മിക്കും. യഥാക്രമം 28 കോടി രൂപയും 10 കോടി രൂപയും ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് ഭവന്‍ നിര്‍മ്മിക്കുന്നതിനും ഡാംഗില്‍ റോളര്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കുന്നതിനുമുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
എ എം നായിക് ആരോഗ്യ പരിരക്ഷാ സമുച്ചയത്തില്‍ പ്രധാനമന്ത്രി
നവ്സാരിയില്‍ എ എം നായിക് ആശുപത്രി സമുച്ചയവും നിരാലി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. . സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന പൊതുചടങ്ങിലും അദ്ദേഹം പങ്കെടുക്കും, അവിടെ അദ്ദേഹം ഖരേല്‍ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കും.
ഇന്‍-സ്‌പെയ്‌സ് ആസ്ഥാനത്ത് പ്രധാനമന്ത്രി
അഹമ്മദാബാദിലെ ബോപാലില്‍ ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ കേന്ദ്രത്തിന്റെ (ഇന്‍-സപെയ്‌സ്) ആസ്ഥാനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ബഹിരാകാശ അധിഷ്ഠിത ആപ്ലിക്കേഷനുകളുടെയും സേവനങ്ങളുടെയും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍-സ്പെയ്‌സും സ്വകാര്യ മേഖലയിലെ കമ്പനികളും തമ്മിലുള്ള ധാരണാപത്രങ്ങളുടെ കൈമാറ്റത്തിനും പരിപാടി സാക്ഷ്യം വഹിക്കും. ബഹിരാകാശ മേഖലയില്‍ സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ബഹിരാകാശ മേഖലയ്ക്ക് ഒരു വലിയ കുതിപ്പ് നല്‍കുകയും രാജ്യത്തെ കഴിവുള്ള യുവാക്കള്‍ക്ക് അവസരങ്ങളുടെ പുതിയ സാധ്യതകള്‍ തുറക്കുകയും ചെയ്യുന്നതാണ് ഇത്.
2020 ജൂണിലാണ് ഇന്‍- സ്‌പെയ്‌സ് സ്ഥാപിച്ചത്. പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ബഹിരാകാശ വകുപ്പിലെ ഒരു സ്വയംഭരണാധികാരമുള്ള ഏകജാലക നോഡല്‍ ഏജന്‍സിയാണിത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഐഎസ്ആര്‍ഒയുടെ സൗകര്യങ്ങള്‍ ഉപയോഗിക്കാനും ഇത് സഹായിക്കുന്നു.