



പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രില്‍ 18 മുതല്‍ 20 വരെ ഗുജറാത്ത് സന്ദര്‍ശിക്കും. ഏപ്രില്‍ 18-ന് വൈകുന്നേരം ഏകദേശം 6 മണിക്ക് പ്രധാനമന്ത്രി ഗാന്ധിനഗറിലെ സ്‌കൂളുകള്‍ക്കായുള്ള കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ (ആദേശ നിയന്ത്രണ കേന്ദ്രം) സന്ദര്‍ശിക്കും. ഏപ്രില്‍ 19-ന് രാവിലെ 9.40-ന് ബനസ്‌കന്തയിലെ ദിയോദറിലുള്ള ബനാസ് ഡയറി സങ്കുലില്‍ ഒന്നിലധികം വികസന പദ്ധതികള്‍ അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. തുടര്‍ന്ന്, ഉച്ചകഴിഞ്ഞ് 3:30 ന് അദ്ദേഹം ലോകാരോഗ്യ സംഘടനയുടെ പാരമ്പര്യ വൈദ്യശാസ്ത്ര കേന്ദ്രത്തിന് ജാംനഗറില്‍ തറക്കല്ലിടും. ഏപ്രില്‍ 20-ന് രാവിലെ ഏകദേശം 10.30-ന് ഗ്ലോബല്‍ ആയുഷ് ഇന്‍വെസ്റ്റ്‌മെന്റ് ഇന്നൊവേഷന്‍ ഉച്ചകോടി ഗാന്ധിനഗറില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അതിനുശേഷം, ഉച്ചകഴിഞ്ഞ് ഏകദേശം 3:30 ന് അദ്ദേഹം ദാഹോദിലെ ആദിജാതി മഹാ സമ്മേളനത്തില്‍ പങ്കെടുക്കുകയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തുകയും ചെയ്യും.
പ്രധാനമന്ത്രി സ്‌കൂളുകള്‍ക്കായുള്ള കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍
ഏപ്രില്‍ 18-ന് വൈകുന്നേരം ഏകദേശം 6 മണിക്ക് ഗാന്ധിനഗറിലെ സ്‌കൂളുകള്‍ക്കായുള്ള കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. വിദ്യാര്‍ത്ഥികളുടെ മൊത്തത്തിലുള്ള പഠന ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രം പ്രതിവര്‍ഷം 500 കോടിയിലധികം ഡാറ്റാകള്‍ ശേഖരിക്കുകയും ബിഗ് ഡാറ്റ അവലോകണം, നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ് (യന്ത്രപഠനം) എന്നിവ ഉപയോഗിച്ച് അവയെ അര്‍ത്ഥപൂര്‍ണ്ണമായി വിശകലനം ചെയ്യുകയും ചെയ്യുന്നു. അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതിദിന ഓണ്‍ലൈന്‍ ഹാജര്‍ ട്രാക്ക് ചെയ്യുന്നതിനും വിദ്യാര്‍ത്ഥികളുടെ പഠന ഫലങ്ങളുടെ കേന്ദ്രീകൃത സംഗ്രഹാത്മകവും കാലാനുസാരിയായ മൂല്യനിര്‍ണ്ണയങ്ങള്‍ നടത്തുന്നതിനും ഈ കേന്ദ്രം സഹായിക്കുന്നു. സ്‌കൂളുകള്‍ക്കായുള്ള കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനെ ലോകബാങ്ക് ആഗോളമായി ഒരു മികച്ച പ്രവര്‍ത്തനമായി കണക്കാക്കുകയും, ഇതേക്കുറിച്ച് പഠിക്കാനും സന്ദര്‍ശിക്കാനും ഇത് മറ്റ് രാജ്യങ്ങളെയും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി ബനസ്‌കന്തയിലെ ദിയോദറിലെ ബനാസ് ഡയറി സങ്കുലില്‍
ബനസ്‌കാന്ത ജില്ലയിലെ ദിയോദറില്‍ 600കോടിയിലേറെ രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ ഡയറി സമുച്ചയവും ഉരുളക്കിഴങ്ങ് സംസ്‌കരണ പ്ലാന്റും ഏപ്രില്‍ 19 രാവിലെ ഏകദേശം 9:40ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. പുതിയ ഡയറി കോംപ്ലക്‌സ് ഒരു ഗ്രീന്‍ഫീല്‍ഡ് പദ്ധതിയാണ്. പ്രതിദിനം 30 ലക്ഷം ലിറ്റര്‍ പാല്‍ സംസ്‌കരിക്കാനും 80 ടണ്‍ വെണ്ണ, ഒരു ലക്ഷം ലിറ്റര്‍ ഐസ്‌ക്രീം, 20 ടണ്‍ കണ്ടന്‍സ്ഡ് മില്‍ക്ക് (ഖോയ), 6 ടണ്‍ ചോ€േറ്റ് എന്നിവ ഉല്‍പ്പാദിപ്പിക്കാനും ഇതിന് സാധിക്കും. ഉരുളക്കിഴങ്ങ് സംസ്‌കരണ പ്ലാന്റ് ഫ്രഞ്ച് ഫ്രൈകള്‍, പൊട്ടറ്റോ ചിപ്‌സ് (വറ്റല്‍), ആലു ടിക്കി പാറ്റീസ് തുടങ്ങിയ വിവിധ തരം സംസ്‌കരിച്ച ഉരുളക്കിഴങ്ങ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കും, അവയില്‍ പലതും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും. ഈ പ്ലാന്റുകള്‍ പ്രാദേശിക കര്‍ഷകരെ ശാക്തീകരിക്കുകയും മേഖലയിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുകയും ചെയ്യും.
ബനാസ് കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷനും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. കൃഷി, മൃഗസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന ശാസ്ത്രീയ വിവരങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനാണ് ഈ കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷന്‍ സ്ഥാപിച്ചത്. ഏകദേശം 1700 ഗ്രാമങ്ങളിലെ 5 ലക്ഷം കര്‍ഷകരുമായി റേഡിയോ സ്‌റ്റേഷന്‍ ബന്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പാലന്‍പൂരിലെ ബനാസ് ഡയറി പ്ലാന്റില്‍ ചീസ് ഉല്‍പന്നങ്ങളും മോരു പൊടിയും ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. കൂടാതെ ഗുജറാത്തിലെ ദാമയില്‍ സ്ഥാപിച്ച ജൈവവള ബയോഗ്യാസ് പ്ലാന്റും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും.
ഖിമാന, രത്തന്‍പുര - ഭില്‍ഡി, രാധന്‍പൂര്‍, തവാര്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന 100 ടണ്‍ ശേഷിയുള്ള നാല് ഗോബര്‍ ഗ്യാസ് (ചാണകത്തില്‍ നിന്ന് വാതകം ഉണ്ടാക്കുക) പ്ലാന്റുകളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
ഡബ്ല്യൂ.എച്ച്.ഒ ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ട്രഡീഷണല്‍ മെഡിസിന്‍ (പാരമ്പര്യ വൈദ്യത്തിനുള്ള ആഗോള കേന്ദ്രം)
ഏപ്രില്‍ 19ന് ഉച്ചകഴിഞ്ഞ് ഏകദേശം 3.30ന് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്‌നൗത്തിന്റെയും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗെബ്രിയേസസിന്റെയും സാന്നിദ്ധ്യത്തില്‍ ജാംനഗറില്‍ ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ട്രഡീഷണല്‍ മെഡിസിന്റെ (ജി.സി.ടി.എം) യുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. പാരമ്പര്യ വൈദ്യശാസ്ത്രത്തിനായുള്ള ലോകമെമ്പാടുമുള്ള ആദ്യത്തെയും ഏകവുമായ ആഗോള ഔട്ട്‌പോസ്റ്റ് കേന്ദ്രമായിരിക്കും ജി.സി.ടി.എം. ആഗോള സൗഖ്യത്തിന്റെ ഒരു അന്താരാഷ്ട്ര കേന്ദ്രമായി ഇത് ഉയര്‍ന്നുവരും.
ഗ്ലോബല്‍ ആയുഷ് ഇന്‍വെസ്റ്റ്‌മെന്റ് ഇന്നൊവേഷന്‍ സമ്മിറ്റ് (ആഗോള ആയുഷ് നിക്ഷേപ നൂതനാശയ ഉച്ചകോടി)
ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ നടക്കുന്ന ോബല്‍ ആയുഷ് ഇന്‍വെസ്റ്റ്‌മെന്റ് ഇന്നൊവേഷന്‍ ഉച്ചകോടി ഏപ്രില്‍ 20-ന് രാവിലെ ഏകദേശം 10:30-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മൗറീഷ്യസ് പ്രധാനമന്ത്രിയും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലും ചടങ്ങില്‍ പങ്കെടുക്കും. മൂന്ന് ദിവസത്തെ ഉച്ചകോടി 90 ഓളം പ്രമുഖ പ്രഭാഷകരുടെയും 100 പ്രദര്‍ശകരുടെയും പങ്കാളിത്തത്തോടെ 5 പ്ലീനറി സെഷനുകള്‍ (പൂര്‍ണ്ണസമ്മേളനങ്ങള്‍), 8 റൗണ്ട് ടേബിളുകള്‍ (വട്ടമേശ സമ്മേളനം), 6 ശില്‍പ്പശാലകള്‍, 2 സിമ്പോസിയങ്ങള്‍ (പൊതുചര്‍ച്ച) എന്നിവയ്ക്ക് സാക്ഷ്യം വഹിക്കും. നിക്ഷേപ സാദ്ധ്യതകള്‍ കണ്ടെത്തുന്നതിനും നൂതനാശയം, ഗവേഷണം വികസനം, സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതി, സൗഖ്യവ്യവസായം (വെല്‍നെസ് ഇന്‍ഡസ്ട്രി) എന്നിവയ്ക്ക് ഉണര്‍വ് നല്‍കാനും ഉച്ചകോടി സഹായിക്കും. വ്യവസായ പ്രമുഖരേയും അക്കാദമിക് വിദഗ്ധരേയും പണ്ഡിതന്മാരെയും ഒരുമിച്ച് കൊണ്ടുവരാനും ഭാവിയിലെ സഹകരണത്തിനുള്ള വേദിയായി പ്രവര്‍ത്തിക്കാനും ഇത് സഹായകരമാകും.
ദാഹോദിലെ ആദിജാതി മഹാ സമ്മേളനത്തില്‍ പ്രധാനമന്ത്രി
ഏപ്രില്‍ 20 ന് ഉച്ചകഴിഞ്ഞ് ഏകദേശം 3:30 ന് ദാഹോദില്‍ നടക്കുന്ന ആദിജാതി മഹാ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുകയും, അവിടെ അദ്ദേഹം 22,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കുകയും ചെയ്യും. സമ്മേളനത്തില്‍ 2 ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1400 കോടി രൂപയിലധികം വരുന്ന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏകദേശം 840 കോടി രൂപ ചെലവില്‍ നര്‍മ്മദാ നദീതടത്തില്‍ നിര്‍മ്മിച്ച ദഹോദ് ജില്ലാ ദക്ഷിണ മേഖല റീജിയണല്‍ വാട്ടര്‍ സപ്ലൈ സ്‌കീം (പ്രാദേശിക ജലവിതരണ പദ്ധതി) അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇത് ദാഹോദ് ജില്ലയിലെ 280 ഗ്രാമങ്ങളുടെയും ദേവഗഡ് ബാരിയ നഗരത്തിലെയും ജലവിതരണ ആവശ്യങ്ങള്‍ നിറവേറ്റും. ഏകദേശം 335 കോടി രൂപയുടെ ദഹോദ് സ്മാര്‍ട്ട് സിറ്റിയുടെ അഞ്ച് പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ (ഐ.സി.സി.സി-സംയോജിത ആദേശ നിയന്ത്രണ കേന്ദ്രം) ബില്‍ഡിംഗ്, സ്‌റ്റോം വാട്ടര്‍ ഡ്രെയിനേജ് സിസ്റ്റം(കനത്തമഴയിലോ മഞ്ഞുവീഴ്ചയിലോ ഉണ്ടാകുന്ന വെള്ളം), മലിനജല പ്രവര്‍ത്തികള്‍, ഖരമാലിന്യ സംസ്‌കരണ സംവിധാനം, മഴവെള്ള സംഭരണ സംവിധാനം എന്നിവ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ ദഹോദ് ജില്ലയിലെ പഞ്ച്മഹലിലെ 10,000 ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് 120 കോടിരൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കും. 66 കെവി ഘോഡിയ സബ്‌സ്‌റ്റേഷന്‍, പഞ്ചായത്ത് ഹൗസുകള്‍, അങ്കണവാടികള്‍ തുടങ്ങിയവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
ദാഹോദിലെ ഉല്‍പ്പാദന യൂണിറ്റില്‍ 9000 എച്ച്.പി ഇലക്ട്രിക് ലോക്കോമോട്ടീവുകളുടെ (തീവണ്ടി എന്‍ജിന്‍) നിര്‍മ്മാണത്തിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഏകദേശം 20,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ആവി എന്‍ജിനുകളുടെ കാലാനുസൃതമായ പരിശോധിച്ച് അറ്റകുറ്റപണികള്‍ തീര്‍ക്കാനായി 1926-ല്‍ സ്ഥാപിതമായ ദഹോദ് വര്‍ക്ക്‌ഷോപ്പ്, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് ഇലക്ട്രിക് ലോക്കോമോട്ടീവ് (വൈദ്യുതി തീവണ്ടി എന്‍ജിനുകള്‍) നിര്‍മ്മാണ യൂണിറ്റായി നവീകരിക്കും. പതിനായിരത്തിലധികം പേര്‍ക്ക് ഇതിലൂടെ പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭ്യമാകും. സംസ്ഥാന ഗവണ്‍മെന്റിന്റെ 550 കോടി രൂപ ചെലവുവരുന്ന വിവിധ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. മറ്റുള്ളവയ്‌ക്കൊപ്പം ഏകദേശം 300 കോടിയോളം രൂപയുടെ ജലവിതരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍, ഏകദേശം 175 കോടി ചെലവുവരുന്ന ദഹോദ് സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍, ദുധിമതി നദി പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ഘോഡിയയിലെ ഗെറ്റ്‌കോ സബ്‌സ്‌റ്റേഷന്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.