പ്രതിരോധമേഖലയിൽ സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിന്, വഡോദരയിൽ സി-295 വിമാനനിർമാണകേന്ദ്രത്തിനു പ്രധാനമന്ത്രി തറക്കല്ലിടും
ഇതു സ്വകാര്യമേഖലയിൽ രാജ്യത്തെ ആദ്യ വിമാനനിർമാണകേന്ദ്രമാകും
മേഖലയിലെ ജലവിതരണം വർധിപ്പിക്കാൻ ബനാസ്കാണ്ഠയിലെ ഥരാദിൽ 8000 കോടിയിലധികം രൂപയുടെ പദ്ധതികൾക്കു തുടക്കംകുറിക്കും
പഞ്ച്മഹാലിലെ ജംബുഘോഡയിൽ വികസനപദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും
അഹമ്മദാബാദിലെ അസാർവയിൽ 2900 കോടി രൂപയുടെ റെയിൽവേ പദ്ധതികൾ പ്രധാനമന്ത്രി സമർപ്പിക്കും
കേവഡിയയിൽ നടക്കുന്ന രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും
'ആരംഭ് 4.0'ന്റെ സമാപനത്തിൽ 97-ാമത് കോമൺ ഫൗണ്ടേഷൻ കോഴ്സിന്റെ ഓഫീസർ ട്രെയിനികളെ പ്രധാനമന്ത്രി അഭിസംബോധനചെയ്യും
കേവഡിയയിലെ രണ്ടു പുതിയ വിനോദസഞ്ചാരകേന്ദ്രങ്ങളായ മെയ്സ് ഉദ്യാനവും മിയാവാക്കി വനവും പ്രധാനമന്ത്രി സമർപ്പിക്കും
രാജസ്ഥാനിൽ, വാഴ്ത്തപ്പെടാത്ത ഗിരിവർഗധീരരുടെയും സ്വാതന്ത്ര്യസമരരക്തസാക്ഷികളുടെയും ത്യാഗങ്ങൾക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുന്ന പൊതുപരിപാടിയായ ‘മാൻഗഢ് ധാം കി ഗൗരവ് ഗാഥ’യിൽ പ്രധാനമന്ത്രി പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും.

ഒക്ടോബർ 30നു വഡോദരയിൽ സി-295 വിമാനന‌ിർമാണകേന്ദ്രത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും.

ഒക്ടോബർ 31നു പ്രധാനമന്ത്രി കേവഡിയ സന്ദർശിക്കും. ഏകതാപ്രതിമയിൽ സർദാർ പട്ടേലിന് അദ്ദേഹം ശ്രദ്ധാഞ്ജലിയർപ്പിക്കും. തുടർന്ന് രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും. 'ആരംഭ് 4.0'ന്റെ സമാപനത്തിൽ 97-ാമതു കോമൺ ഫൗണ്ടേഷൻ കോഴ്സിന്റെ ഓഫീസർ ട്രെയിനികളെ പ്രധാനമന്ത്രി അഭിസംബോധനചെയ്യും. അതിനുശേഷം ബനാസ്കാണ്ഠ ജില്ലയിലെത്തുന്ന പ്രധാനമന്ത്രി, അവിടെ ഥരാദിലെ വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടും. അഹമ്മദാബാദിലെ പ്രധാന റെയിൽവേ പദ്ധതികളും അദ്ദേഹം രാഷ്ട്രത്തിനു സമർപ്പിക്കും.

നവംബർ ഒന്നിനു പ്രധാനമന്ത്രി രാജസ്ഥാനിലെ ബാൻസ്‌വാഡ ജില്ലയിലെത്തും. അവിടെ അദ്ദേഹം പൊതുപരിപാടിയായ ‘മാൻഗഢ് ധാം കി ഗൗരവ് ഗാഥ’യിൽ പങ്കെടുക്കും. തുടർന്നു ഗുജറാത്തിലെ പഞ്ച്മഹാൽ ജില്ലയിലെ ജംബുഘോഡയിൽ വിവിധ വികസനപദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിർവഹിക്കും.

പ്രധാനമന്ത്രി വഡോദരയിൽ

സ്വകാര്യമേഖലയിൽ രാജ്യത്തെ ആദ്യ വിമാനനിർമാണകേന്ദ്രമായ സി-295 വിമാനിർമാണകേന്ദ്രത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പേസും സഹകരിച്ച് ഇന്ത്യൻ വ്യോമസേനയ്ക്കായി 40 സി-295 വിമാനങ്ങൾ നിർമിക്കുന്നതിന് ഈ സൗകര്യം ഉപയോഗപ്പെടുത്തും. പ്രതിരോധമേഖലയിൽ സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പായിരിക്കും ഈ സംവിധാനം. മാത്രമല്ല, ഈ മേഖലയിൽ സ്വകാര്യകമ്പനികൾക്കു സാധ്യതകൾ തുറന്നുകൊടുക്കുന്നതിനും ഇതു സഹായിക്കും. സ്വയംപര്യാപ്ത ഇന്ത്യക്കു കീഴിലുള്ള ബഹിരാകാശ വ്യവസായത്തിലെ സാങ്കേതിക-നിർമാണ നേട്ടങ്ങൾ വെളിപ്പെടുത്തുന്ന പ്രദർശനകേന്ദ്രവും പ്രധാനമന്ത്രി സന്ദർശിക്കും.

പ്രധാനമന്ത്രി കേവഡിയയിൽ

പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസരിച്ചാണ്, സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിവസമായി ആഘോഷിക്കാൻ 2014ൽ തീരുമാനിച്ചത്. രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള നമ്മുടെ സമർപ്പണത്തിനു കരുത്തുപകരാനാണ് ഈ ദിനം ആചരിക്കുന്നത്. കേവഡിയയിലെ ഏകതാപ്രതിമാപരിസരത്തു നടക്കുന്ന രാഷ്ട്രീയ ഏകതാ ദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ബിഎസ്എഫിന്റെയും അഞ്ചു സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെയും (വടക്കൻ മേഖല (ഹരിയാന), പടിഞ്ഞാറൻ മേഖല (മധ്യപ്രദേശ്), ദക്ഷിണ മേഖല (തെലങ്കാന), കിഴക്കൻ മേഖല (ഒഡിഷ), വടക്കുകിഴക്കൻ മേഖല (ത്രിപുര) എന്നിവിടങ്ങളിൽ നിന്നുള്ള ഓരോന്നുവീതം) സംഘങ്ങൾ ഉൾപ്പെടുന്ന രാഷ്ട്രീയ ഏകതാദിനപരേഡിന് ആഘോഷം സാക്ഷ്യംവഹിക്കും. ഈ സംഘങ്ങൾ കൂടാതെ 2022ലെ കോമൺവെൽത്ത് ഗെയിംസിലെ മെഡൽ ജേതാക്കളായ ആറു പൊലീസ് കായികതാരങ്ങളും പരേഡിൽ പങ്കെടുക്കും.

അംബാജിയിലെ ഗിരിവർഗവിഭാഗത്തിൽനിന്നുള്ള കുട്ടികളുടെസംഗീതസംഘത്തിന്റെ അവതരണമാണു പരിപാടിയുടെ പ്രത്യേക ആകർഷണം. സംഗീതസംഘത്തിലെ അംഗങ്ങൾ നേരത്തെ അംബാജി ക്ഷേത്രത്തിൽ ഭിക്ഷയാചിക്കുമായിരുന്നു. കഴിഞ്ഞമാസം അംബാജി സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി ഈ കുട്ടികൾ തന്റെ മുന്നിൽ നടത്തിയ അവതരണം പ്രോത്സാഹിപ്പിച്ചിരുന്നു. "ഹം ഏക് ഹേ, ഹം ശ്രേഷ്ഠ് ഹേ" എന്ന വിഷയത്തിൽ എൻസിസിയുടെ പ്രത്യേക പ്രദർശനവും 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന കാഴ്ചപ്പാടുയർത്തുന്ന സാംസ്കാരികപരിപാടിയും നടക്കും. പങ്കാളികളാകുന്ന സംസ്ഥാനങ്ങളിലൂടെ ഇതു നമ്മുടെ സംസ്കാരം പ്രദർശിപ്പിക്കും.

'ആരംഭ് 4.0'ന്റെ സമാപനത്തിൽ 97-ാമതു കോമൺ ഫൗണ്ടേഷൻ കോഴ്സിന്റെ ഓഫീസർ ട്രെയിനികളെ പ്രധാനമന്ത്രി അഭിസംബോധനചെയ്യും. പൊതുസേവനവിതരണം ശക്തിപ്പെടുത്തുന്നതിനും, ഏതറ്റംവരെയുള്ള വിതരണവും സുതാര്യവും ഫലപ്രദവും കാര്യക്ഷമവുമാക്കുന്നതിനുമുള്ള സാങ്കേതിക പ്രതിവിധികൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും മനസിലാക്കാൻ ഓഫീസർ ട്രെയിനികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ "ഡിജിറ്റൽ ഭരണനിർവഹണം: അടിസ്ഥാനവും അതിരുകളും" എന്ന വ‌ിഷയത്തിലാണ് 'ആരംഭി'ന്റെ നാലാം പതിപ്പു സംഘടിപ്പിച്ചിരിക്കുന്നത്. ഈ സംഘത്തിൽ 29 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമായി 13 സേവനമേഖലയിൽനിന്നുള്ള 455 ഓഫീസർ ട്രെയിനികൾ ഉൾപ്പെടുന്നു.

കേവഡിയയിൽ മെയ്സ് ഉദ്യാനം, മിയാവാക്കി വനം എന്നീ രണ്ടു പുതിയ വിനോദസഞ്ചാരകേന്ദ്രങ്ങളും പ്രധാനമന്ത്രി സമർപ്പിക്കും. മെയ്സ് ഉദ്യാനം 3 ഏക്കറിലാണു വ്യാപിച്ചുകിടക്കുന്നത്. ഇതു രാജ്യത്തെ ഏറ്റവും വലിയ മേസ് ഉദ്യാനമായി മാറും. ആകെ 2.1 കിലോമീറ്റർ പാത ഇതിൽ ഉൾപ്പെടുന്നു. ശുഭകരമായ അവസ്ഥ പ്രദാനംചെയ്യുമെന്നു കരുതപ്പെടുന്ന 'ശ്രീയന്ത്ര'ത്തിന്റെ ആകൃതിയിലാണ് ഇതു രൂപകൽപ്പനചെയ്തിരിക്കുന്നത്. ഏകദേശം 1.8 ലക്ഷം ചെടികൾ ഉദ്യാനത്തിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതു പ്രദേശത്തിന്റെ അഴകു വർധിപ്പിക്കുന്നു. ഏകദേശം 2 ഏക്കറിലാണു മിയാവാക്കി വനം വികസിപ്പിച്ചിരിക്കുന്നത്. നാടൻ പൂന്തോട്ടം, തടിത്തോട്ടം, പഴത്തോട്ടം, ഔഷധത്തോട്ടം, മിശ്ര ഇനം മിയാവാക്കി വിഭാഗം, ഔഷധത്തോട്ടങ്ങൾ, ഡിജിറ്റൽ നവീകരണകേന്ദ്രം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത സാങ്കേതികത ഉപയോഗിച്ചാണ് ഇതു സജ്ജമാക്കിയത്. ഇതു ചുരുങ്ങിയ സമയത്തിനുള്ളിൽ ഇടതൂർന്നതും തദ്ദേശീയവുമായ വനങ്ങൾ നിർമിക്കാൻ സഹായിക്കുന്നു.

പ്രധാനമന്ത്രി ബനാസ്കാണ്ഠയിൽ

പ്രധാനമന്ത്രി ബനാസ്കാണ്ഠയിലെ ഥരാദ് സന്ദർശിക്കും. പൊതുപരിപാടിയിൽ 8000 കോടിയിലധികം രൂപയുടെ ജലവിതരണപദ്ധതികളുടെ പ്രവൃത്തികൾക്കു തുടക്കംകുറിക്കും. 1560 കോടിരൂപ ചെലവുവരുന്ന, പ്രധാനപ്പെട്ട നർമദ കനാലിൽനിന്നു കസറമുതൽ ദാന്തിവാഡവരെയുള്ള പൈപ്പ്‌ലൈനുൾപ്പെടെ, നിരവധി പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. പദ്ധതി ജലവിതരണം വർധിപ്പിക്കും. മേഖലയിലെ കർഷകർക്കും പ്രയോജനപ്പെടും. സുജലാം സുഫലാം കനാൽ ബലപ്പെടുത്തൽ, മൊഢേര-മോടീ ദൗ പൈപ്പ്‌ലൈൻ മുക്തേശ്വർ അണക്കെട്ട്-കർമാവത് തടാകത്തിലേക്കു നീട്ടൽ, സാന്തൽപുർ താലൂക്കിലെ 11 ഗ്രാമങ്ങൾക്കുള്ള ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി തുടങ്ങി നിരവധി പദ്ധതികളുടെ പ്രഖ്യാപനവും പരിപാടിയിൽ നടക്കും.

പ്രധാനമന്ത്രി അഹമ്മദാബാദിൽ

അഹമ്മദാബാദിലെ അസാർവയിൽ 2900 കോടി രൂപയുടെ രണ്ടു റെയിൽവേ പദ്ധതികൾ പ്രധാനമന്ത്രി നാടിനു സമർപ്പിക്കും. ഈ പദ്ധതികളിൽ ഗേജ്മാറ്റം നടത്തിയ അഹമ്മദാബാദ് (അസാർവ) - ഹിമ്മത്‌നഗർ - ഉദയ്പുർ പാത, ഗേജ്മാറ്റം നടത്തിയ ലുണിധാർ-ജേതൽസർ പാത എന്നിവ ഉൾപ്പെടുന്നു. ഭാവ്‌നഗർ-ജേതൽസർ, അസാർവ-ഉദയ്പുർ എന്നിവയ്ക്കിടയിലുള്ള പുതിയ ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

രാജ്യത്തുടനീളം ഏകീകൃത റെയിൽ സംവിധാനം എന്ന ലക്ഷ്യത്തോടെ റെയിൽവേ നിലവിലുള്ള ബ്രോഡ്ഗേജിതര റെയിൽവേ ലൈനുകളെ ബ്രോഡ്ഗേജാക്കി മാറ്റുകയാണ്. പ്രധാനമന്ത്രി സമർപ്പിക്കുന്ന പദ്ധതികൾ ഈ ദിശയിലുള്ള മറ്റൊരു ചുവടുവയ്പാണ്. ഗേജ്മാറ്റം നടത്തിയ അഹമ്മദാബാദ് (അസാർവ) - ഹിമ്മത്‌നഗർ - ഉദയ്പുർ പാത ഏകദേശം 300 കി.മീറ്ററാണ്. ഇതു സമ്പർക്കസൗകര്യം മെച്ചപ്പെടുത്തും. മേഖലയിലെ വിനോദസഞ്ചാരികൾ, വ്യാപാരികൾ, നിർമാണയൂണിറ്റുകൾ, വ്യവസായങ്ങൾ എന്നിവയ്ക്കു പ്രയോജനപ്രദമാകും. തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും മേഖലയുടെ സാമൂഹ്യ-സാമ്പത്തിക വികസനത്തിനു സഹായിക്കുകയും ചെയ്യും. ഗേജ്മാറ്റം നടത്തിയ 58 കിലോമീറ്റർ ദൈർഘ്യമുള്ള ലുണിധാർ-ജേതൽസർ പാത വെരാവൽ, പോർബന്തർ എന്നിവിടങ്ങളിൽനിന്നു പീപാവാവ് തുറമുഖത്തേക്കും ഭാവ്‌നഗറിലേക്കും ദൂരംകുറഞ്ഞ പാത സജ്ജമാക്കും. പദ്ധതി ഈ ഭാഗത്തേക്കുള്ള ചരക്കുനീക്കശേഷി വർധിപ്പിക്കും. അതിലൂടെ തിരക്കേറിയ കാനാലുസ് - രാജ്കോട്ട് - വിരംഗാം പാതയിലെ തിരക്കു കുറയ്ക്കും. ഗിർ വന്യജീവി സങ്കേതം, സോമനാഥ് ക്ഷേത്രം, ദിയു, ഗിർനാർ കുന്നുകൾ എന്നിവയിലേക്കുള്ള തടസരഹിതസമ്പർക്കസൗകര്യം ഇതുറപ്പാക്കും. അതിലൂടെ ഈ മേഖലയിലെ വിനോദസഞ്ചാരം വർധിപ്പിക്കും.

പ്രധാനമന്ത്രി പഞ്ച്മഹാലിൽ

പഞ്ച്മഹാലിലെ ജംബുഘോഡയിൽ പ്രധാനമന്ത്രി 860 കോടി രൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിർവഹിക്കും. ഗോധ്രയിലെ ശ്രീ ഗോവിന്ദ് ഗുരു സർവകലാശാലയുടെ പുതിയ കാമ്പസും അദ്ദേഹം സമർപ്പിക്കും. സന്ത് ജോറിയ പരമേശ്വർ പ്രൈമറി സ്കൂൾ, വഡേക് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സ്മാരകം, ദണ്ഡിയപുര ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന രാജാ രൂപ് സിങ് നായക് പ്രൈമറി സ്കൂൾ, സ്മാരകം എന്നിവയും അദ്ദേഹം സമർപ്പിക്കും.

ഗോധ്രയിലെ കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടത്തിനു പ്രധാനമന്ത്രി തറക്കല്ലിടും. ഗോധ്ര മെഡിക്കൽ കോളേജിന്റെ വികസനത്തിനും 680 കോടിയിലധികം രൂപ ചെലവുവരുന്ന നൈപുണ്യസർവകലാശാല 'കൗശല്യ'യുടെ വിപുലീകരണത്തിനും അദ്ദേഹം തറക്കല്ലിടും.

പ്രധാനമന്ത്രി ബാൻസ്‌വാഡയിൽ

'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി, സ്വാതന്ത്ര്യസമരത്തിലെ വാഴ്ത്തപ്പെടാത്ത ഗോത്രവർഗ വീരന്മാരെ കൊണ്ടാടാൻ ഗവണ്മെന്റ് നിരവധി നടപടികൾക്കാണു തുടക്കംകുറിച്ചത്. നവംബർ 15 (ഗോത്രവർഗ സ്വാതന്ത്ര്യസമരസേനാനി ബിർസ മുണ്ഡയുടെ ജന്മവാർഷികദിനം) ‘ജൻജാതീയ ഗൗരവ് ദിവസ്’ ആയി പ്രഖ്യാപിക്കൽ, ഗോത്രവർഗക്കാർ സമൂഹത്തിനു നൽകിയ സംഭാവനകൾ തിരിച്ചറിയുന്നതിനും സ്വാതന്ത്ര്യസമരത്തിലെ അവരുടെ ത്യാഗങ്ങളെക്കുറിച്ച് അവബോധം വർധിപ്പിക്കുന്നതിനുമായി രാജ്യത്തുടനീളം ഗോത്രവർഗ മ്യൂസിയങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഈ ദിശയിലെ മറ്റൊരു ചുവടുവയ്പിൽ, സ്വാതന്ത്ര്യസമരത്തിലെ വാഴ്ത്തപ്പെടാത്ത ഗോത്രവീരന്മാരുടെയും രക്തസാക്ഷികളുടെയും ത്യാഗങ്ങൾക്കു ശ്രദ്ധാഞ്ജലി അർപ്പിക്കാൻ രാജസ്ഥാനിലെ ബാൻസ്‌വാഡയിലെ മാൻഗഢ് കുന്നിൽ നടക്കുന്ന ‘മാൻഗഢ് ധാം കി ഗൗരവ് ഗാഥ’ എന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. പരിപാടിയിൽ പ്രധാനമന്ത്രി ഭീൽ സ്വാതന്ത്ര്യസമരസേനാനി ശ്രീ ഗോവിന്ദ് ഗുരുവിനു ശ്രദ്ധാഞ്ജ‌ലിയർപ്പിക്കുകയും പ്രദേശത്തെ ഭീൽ ഗോത്രവർഗക്കാരുടെയും മറ്റു ഗോത്രവർഗക്കാരുടെയും സമ്മേളനത്തെ അഭിസംബോധനചെയ്യുകയും ചെയ്യും.

രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഭീൽ സമുദായത്തിനും മറ്റു ഗോത്രങ്ങൾക്കും മാൻഗഢ് ഹിൽ പ്രത്യേക പ്രാധാന്യം നൽകുന്നു. ഭീലുകളും മറ്റു ഗോത്രങ്ങളും ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യസമരത്തിൽ ദീർഘമായി പോരാടി. 1913 നവംബർ 17നു ശ്രീ ഗോവിന്ദ് ഗുരുവിന്റെ നേതൃത്വത്തിൽ 1.5 ലക്ഷത്തിലധികം ഭീലുകൾ മാൻഗഢ് കുന്നിൽ റാലി നടത്തി. ബ്രിട്ടീഷുകാർ ഈ സമ്മേളനത്തിനുനേർക്കു വെടിയുതിർത്തു. ഇതു മാൻഗഢ് കൂട്ടക്കൊലയ്ക്കു കാരണമായി. അവിടെ ഏകദേശം 1500 ഗിരിവർഗക്കാരാണു രക്തസാക്ഷികളായത്.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi visits the Indian Arrival Monument
November 21, 2024

Prime Minister visited the Indian Arrival monument at Monument Gardens in Georgetown today. He was accompanied by PM of Guyana Brig (Retd) Mark Phillips. An ensemble of Tassa Drums welcomed Prime Minister as he paid floral tribute at the Arrival Monument. Paying homage at the monument, Prime Minister recalled the struggle and sacrifices of Indian diaspora and their pivotal contribution to preserving and promoting Indian culture and tradition in Guyana. He planted a Bel Patra sapling at the monument.

The monument is a replica of the first ship which arrived in Guyana in 1838 bringing indentured migrants from India. It was gifted by India to the people of Guyana in 1991.