പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂലൈ 12-ന് ദിയോഘറും പട്‌നയും സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഏകദേശം 1:15 ന് ദിയോഘറില്‍ 16,000 കോടി രൂപയിലധികം ചെലവുവരുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. അതിനുശേഷം ഉച്ചകഴിഞ്ഞ് ഏകദേശം 2:40ന് അദ്ദേഹം പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളിലൊന്നായ ബാബ ബൈദ്യനാഥ് ക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തും. വൈകുന്നേരം 6 മണിക്ക് പട്‌നയില്‍ ബീഹാര്‍ നിയമസഭാ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അ്രഭിസംബോധന ചെയ്യും.
പ്രധാനമന്ത്രി ദിയോഘറില്‍
അടിസ്ഥാന സൗകര്യ വികസനവും ബന്ധിപ്പിക്കലും വര്‍ദ്ധിപ്പിക്കുന്നതിനും മേഖലയിലെ ജീവിതം സുഗമമാക്കുന്നതിന് ഗതി നല്‍കുന്നതിനുമായുള്ള ഒരു ചുവടുവെപ്പിന്റെ ഭാഗമായി, ദിയോഘറില്‍ 16,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. മേഖലയിലെ സാമൂഹിക-സാമ്പത്തിക അഭിവൃദ്ധി ഗണ്യമായി മെച്ചപ്പെടുത്തുന്നതിന് ഈ പദ്ധതികള്‍ സഹായിക്കും.
രാജ്യമെമ്പാടുമുള്ള ഭക്തരുടെ പ്രധാന മതകേന്ദ്രമായ ബാബ ബൈദ്യനാഥ് ധാമിലേക്ക് നേരിട്ട് ബന്ധിപ്പിക്കല്‍ നല്‍കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായ ദിയോഘര്‍ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏകദേശം 400 കോടിയോളം രൂപ ചെലവിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പ്രതിവര്‍ഷം അഞ്ച് ലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയുന്നതരത്തിലാണ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ബില്‍ഡിംഗ് സജ്ജീകരിച്ചിരിക്കുന്നത്.
ഈ മേഖലയുടെ മുഴുവനുളള ആരോഗ്യമേഖലയുടെ വരദാനമാണ് ദിയോഘറിലെ എയിംസ്. ദിയോഘറിലെ എയിംസിലെ ഇന്‍-പേഷ്യന്റ് വകുപ്പും (ഐ.പി.ഡി) ഓപ്പറേഷന്‍ തിയറ്റര്‍ സേവനങ്ങളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്നതോടെ എയിംസ് ദിയോഘറിലെ സേവനങ്ങള്‍ക്ക് കൂടുതല്‍ വര്‍ദ്ധിച്ച രീതിയില്‍ ലഭിക്കും. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മികച്ച ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസരിച്ചാണിത്.
ടൂറിസം മന്ത്രാലയത്തിന്റെ പ്രസാദം പദ്ധതിക്ക് കീഴിലൂശട അംഗീകാരം ലഭിച്ച '' ഡിയോഘറിലെ വൈദ്യനാഥ് ധാം വികസനം''പദ്ധതിയുടെ വിവിധ ഘടങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതോടെ രാജ്യത്തുടനീളം മതപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും അത്തരം സ്ഥലങ്ങളിലെല്ലാം വിനോദസഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതക്ക് കൂടുതല്‍ ഉത്തേജനം ലഭിക്കും. മറ്റുളളവയ്‌ക്കൊപ്പം 2000 തീര്‍ഥാടകരെ വീതം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള രണ്ട് വലിയ തീര്‍ഥാടന സഭാ ഹാളുകളുടെ വികസനം; ജല്‍സര്‍ തടാകത്തിന്റെ മുന്‍ഭാഗം വികസനം; ശിവഗംഗ കുളം വികസനം. എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളില്‍ ഉള്‍പ്പെടുന്നു. പുതിയ സൗകര്യങ്ങള്‍ ബാബ ബൈദ്യനാഥ് ധാം സന്ദര്‍ശിക്കുന്ന ലക്ഷക്കണക്കിന് ഭക്തരുടെ വിനോദസഞ്ചാര അനുഭവങ്ങള്‍ കൂടുതല്‍ സമ്പന്നമാക്കും.
10,000 കോടിയിലധികം രൂപയുടെ വിവിധ റോഡ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. മറ്റുള്ളവയ്‌ക്കൊപ്പം ദേശീയപാത-2 ന്റെ ഗോര്‍ഹാര്‍ മുതല്‍ ബര്‍വാഡ വരെയുള്ള ഭാഗം ആറ് വരിപ്പാതയാക്കുന്നത്, എന്‍.എച്ച്-32 ന്റെ പശ്ചിമ ബംഗാള്‍ അതിര്‍ത്തി ഭാഗം വരെയുള്ള രാജ്ഗഞ്ച്-ചാസ് വീതി കൂട്ടല്‍ എന്നിവ ഉള്‍പ്പെടെയുള്ള പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ശിലാസ്ഥാപനം നടക്കുന്ന പ്രധാന പദ്ധതികളില്‍ മറ്റുളളവയ്‌ക്കൊപ്പം എന്‍എച്ച്-80-ലെ മിര്‍സാചൗക്കി-ഫറാക്ക ഭാഗത്തിന്റെ നാലുവരിപ്പാത; എന്‍.എച്ച് 98ന്റെ ഹരിഹര്‍ഗഞ്ച് മുതല്‍ പര്‍വ മോര്‍ വരെയുള്ള ഭാഗത്തെ നാലുവരിപ്പാത; എന്‍.എച്ച് 23 ന്റെ പല്‍മ മുതല്‍ ഗുംല വരെയുള്ള ഭാഗം നാലു വരിയാക്കല്‍; എന്‍.എച്ച്-75ലെ കുറ്റേരി ചൗക്ക് മുതല്‍ പിസ്‌ക മോര്‍ ഭാഗം വരെയുള്ള എലിവേറ്റഡ് ഇടനാഴി (മേല്‍പ്പാത ഇടനാഴി) എന്നിവയും ഉള്‍പ്പെടുന്നു. ഈ പദ്ധതികള്‍ മേഖലയിലെ ബന്ധിപ്പിക്കലിന് കൂടുതല്‍ ഉത്തേജനം നല്‍കുകയും സാധാരണക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുകയും ചെയ്യും.
ഈ മേഖലയ്ക്ക് വേണ്ടിയുള്ളഏകദേശം 3000 കോടി രൂപയുടെ വിവിധ ഊര്‍ജ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഗെയിലിന്റെ ജഗദീഷ്പൂര്‍-ഹാല്‍ദിയ-ബൊക്കാറോ-ധമ്ര പൈപ്പ്‌ലൈനിലെ ബൊക്കാറോ-അംഗല്‍ വിഭാഗം, ബര്‍ഹി, ഹസാരിബാഗ് എന്നിവിടങ്ങളില്‍ എച്ച്.പി.സി.എല്ലി (ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡ്)ന്റെ പുതിയ എല്‍.പി.ജി ബോട്ടിലിംഗ് പ്ലാന്റ് ബി.പി.സി.എല്ലി (ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്)ന്റെ ബൊക്കാറോ എല്‍.പി.ജി ബോട്ടിലിംഗ് പ്ലാന്റ്. ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. പ്രഭാത്പൂര്‍ ഗ്യാസ് ശേഖരണ സ്‌റ്റേഷന്‍, ഒ.എന്‍.ജി.സി. (ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍)യുടെ ആസ്തിയായ കല്‍ക്കരി ബെഡ് മീഥേന്‍ (സി.ബി.എം) ജാരിയ ബ്ലോക്കിനും തറക്കല്ലിടുകയും ചെയ്യും.
വൈദ്യുതീകരിച്ച ഗോഡ്ഡ-ഹന്‍സ്ദിഹ റെയില്‍വേലൈനിന്റെ ഭാഗവും ഗര്‍വാ-മഹൂറിയ പാത ഇരട്ടിപ്പിക്കല്‍ പദ്ധതിയും ഉള്‍പ്പെടുന്ന രണ്ട് റെയില്‍വേ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. വ്യവസായങ്ങള്‍ക്കും പവര്‍ ഹൗസുകള്‍ക്കുമായി തടസ്സങ്ങളില്ലാതെ ചരക്ക് നീക്കം സുഗമമാക്കുന്നതിന് ഈ പദ്ധതികള്‍ സഹായിക്കും. ദുംകയില്‍ നിന്ന് അസന്‍സോളിലേക്കുള്ള ട്രെയിന്‍ ഗതാഗതം ഇവ സുഗമമാക്കുകയും ചെയ്യും. റാഞ്ചി റെയില്‍വേ സ്‌റ്റേഷന്റെ പുനര്‍വികസനം; ജാസിദിഹ് ബൈപാസ് ലൈന്‍, ഗോഡ്ഡയിലെ എല്‍.എച്ച്.ബി കോച്ച് മെയിന്റനന്‍സ് ഡിപ്പോ എന്നിങ്ങനെ മൂന്ന് റെയില്‍വേ പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിടും. റാഞ്ചി സ്‌റ്റേഷന്റെ നിര്‍ദിഷ്ട പുനര്‍വികസനത്തില്‍ ഫുഡ് കോര്‍ട്ട്, എക്‌സിക്യൂട്ടീവ് ലോഞ്ച്, കഫറ്റീരിയ, എയര്‍കണ്ടീഷന്‍ ചെയ്ത വെയ്റ്റിംഗ് ഹാളുകള്‍ എന്നിവയുള്‍പ്പെടെ യാത്രക്കാരുടെ സൗകര്യങ്ങളും സുഗമമായ യാത്രയും ഉറപ്പാക്കുന്നതിന് ലോകോത്തര യാത്രാ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.
പ്രധാനമന്ത്രി പട്‌നയില്‍
ബിഹാര്‍ നിയമസഭ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ബീഹാര്‍ വിധാന്‍സഭയുടെ 100 വര്‍ഷത്തെ സ്മരണയ്ക്കായി നിര്‍മ്മിച്ച ശതാബ്ദി സ്മൃതി സ്തംഭം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
വിധാന്‍സഭാ മ്യൂസിയത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. മ്യൂസിയത്തിലെ വ്യത്യസ്ത ഗാലറികള്‍ ബീഹാറിലെ ജനാധിപത്യത്തിന്റെ ചരിത്രവും നിലവിലെ നാഗരിക ഘടനയുടെ പരിണാമവും പ്രദര്‍ശിപ്പിക്കും. 250-ലധികം പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും ഇതിലുണ്ടാകും. ചടങ്ങില്‍ വിധാന്‍സഭാ ഗസ്റ്റ് ഹൗസിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.