പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 13നു ബിഹാർ സന്ദർശിക്കും. ദർഭംഗയിലേക്കു പോകുന്ന അദ്ദേഹം രാവിലെ 10.45ഓടെ ബിഹാറിൽ 12,100 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും.
ഈ മേഖലയിലെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾക്ക് ഉത്തേജനം നൽകുന്നതിന്റെ ഭാഗമായി, 1260 കോടി രൂപ ചെലവിൽ ഒരുക്കുന്ന ദർഭംഗ എയിംസിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി/ആയുഷ് ബ്ലോക്ക്, മെഡിക്കൽ കോളേജ്, നഴ്സിങ് കോളേജ്, രാത്രിതാമസകേന്ദ്രം, പാർപ്പിട സൗകര്യങ്ങൾ എന്നിവ ഇതിൽ ഉണ്ടാകും. ഇത് ബിഹാറിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് തൃതീയ ആരോഗ്യപരിരക്ഷാസൗകര്യങ്ങൾ നൽകും.
റോഡ്-റെയിൽ മേഖലകളിലെ പുതിയ പദ്ധതികളിലൂടെ മേഖലയിലെ ഗതാഗതസൗകര്യം വർധിപ്പിക്കുന്നതിൽ പദ്ധതികൾ പ്രത്യേക ശ്രദ്ധ ചെലുത്തും. ബിഹാറിൽ 5070 കോടി രൂപയുടെ വിവിധ ദേശീയ പാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
NH-327E യുടെ ഗാൽഗലിയ-അരരിയ നാലുവരിപ്പാത അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഈ ഇടനാഴി കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയിലെ (NH-27) അരരിയയിൽനിന്ന് അയൽ സംസ്ഥാനമായ പശ്ചിമ ബംഗാളിലേക്ക് ഗൽഗലിയയിൽ ബദൽ പാതയൊരുക്കും. NH-322, NH-31 എന്നിവിടങ്ങളിലെ രണ്ട് റെയിൽ മേൽപ്പാതകളുടെ (RoB) ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ജഹാനാബാദിനെ ബിഹാർഷരീഫുമായി ബന്ധിപ്പിക്കുന്ന ബന്ധുഗഞ്ചിൽ NH-110ലെ പ്രധാന പാലവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
രാംനഗർ മുതൽ റോസര വരെയും ബിഹാർ-പശ്ചിമ ബംഗാൾ അതിർത്തി മുതൽ എൻഎച്ച്-131 എയിലെ മനിഹാരി സെക്ഷൻവരെയും, ഹാജീപുർ മുതൽ മഹ്‌നാർ-മൊഹിയുദ്ദീൻ നഗർവഴി ബഛ്വാര വരെയും സർവാൻ-ചകായ് ഭാഗത്തും രണ്ട് വരി പാത നിർമിക്കുന്നത് ഉൾപ്പെടെ എട്ടു ദേശീയ പാത പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടും. NH-327E യിലെ റാനീഗഞ്ജ് ബൈപ്പാസ്; NH-333A-യിലെ കടോരിയ, ലഖ്പുര, ബാങ്ക, പഞ്ജ്വാര ബൈപ്പാസുകൾ; NH-82 മുതൽ NH-33 വരെയുള്ള നാലുവരി ലിങ്ക് റോഡ് എന്നിവയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
1740 കോടിയിലധികം രൂപയുടെ റെയിൽവേ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ബിഹാറിലെ ഔറംഗബാദ് ജില്ലയിലെ ചിരേല പോഥൂ മുതൽ ബഗ്ഹാ ബിഷൻപുർ വരെയുള്ള 220 കോടിയിലധികം രൂപയുടെ സോൻ നഗർ ബൈപാസ് റെയിൽവേപ്പാതയ്ക്കും അദ്ദേഹം തറക്കല്ലിടും.
1520 കോടി രൂപയുടെ റെയിൽവേ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ഝംഝാർപുർ-ലൗകഹാ ബസാർ റെയിൽ സെക്ഷന്റെ ഗേജ് പരിവർത്തനം, ദർഭംഗ ജങ്ഷനിലെ റെയിൽവേ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്ന ദർഭംഗ ബൈപാസ് റെയിൽ പാത, മികച്ച പ്രാദേശിക ഗതാഗതസൗകര്യം സുഗമമാക്കുന്ന റെയിൽപ്പാത ഇരട്ടിപ്പിക്കൽ പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഝംഝാർപുർ-ലൗകഹാ ബസാർ സെക്ഷനിലെ ട്രെയിൻ സർവീസുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഈ ഭാഗത്തു മെമു ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നത് അടുത്തുള്ള പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ജോലി-വിദ്യാഭ്യാസം-ആരോഗ്യസംരക്ഷണ സൗകര്യങ്ങളിലേക്കു എളുപ്പത്തിൽ എത്തപ്പെടാൻ സഹായകമാകും.
ഇന്ത്യയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിലായി 18 പ്രധാൻമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. ഇത് യാത്രക്കാർക്ക് മിതമായ നിരക്കിൽ മരുന്നുകളുടെ ലഭ്യത റെയിൽവേ സ്റ്റേഷനുകളിൽ ഉറപ്പാക്കും. ഇത് ബദൽ ബ്രാൻഡിലുള്ള മരുന്നുകളെക്കുറിച്ചുള്ള അവബോധവും സ്വീകാര്യതയും പ്രോത്സാഹിപ്പിക്കുകയും അതുവഴി ആരോഗ്യസംരക്ഷണത്തിനുള്ള മൊത്തത്തിലുള്ള ചെലവ് കുറയ്ക്കുകയും ചെയ്യും.
പെട്രോളിയം-പ്രകൃതിവാതക മേഖലകളിൽ 4020 കോടിയിലധികം രൂപയുടെ വിവിധ സംരംഭങ്ങൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. പൈപ്പിലൂടെ പ്രകൃതിവാതകം (പിഎൻജി) വീടുകളിൽ എത്തിക്കൽ, വാണിജ്യ-വ്യാവസായിക മേഖലകൾക്ക് സംശുദ്ധ ഊർജ മാർഗങ്ങൾ നൽകൽ എന്നീ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ നഗര പാചകവാതക വിതരണ (സിജിഡി) ശൃംഖലയുടെ വികസനത്തിന് ദർഭംഗ, മധുബനി, സുപോൽ, സീതാമഢി, ശിവഹർ എന്നിങ്ങനെ ബിഹാറിലെ അഞ്ച് പ്രധാന ജില്ലകളിൽ പ്രധാനമന്ത്രി തറക്കല്ലിടും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ ബറൗനി എണ്ണശുദ്ധീകരണശാലയുടെ ബിറ്റുമെൻ നിർമാണ യൂണിറ്റിനും അദ്ദേഹം തറക്കല്ലിടും. ആഭ്യന്തരതലത്തിൽ ബിറ്റുമെൻ നിർമിക്കുന്നതിലൂടെ ഇറക്കുമതി ചെയ്യുന്ന ബിറ്റുമെൻ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇതു സഹായിക്കും.