പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രിൽ 28-ന് അസം സന്ദർശിക്കും. രാവിലെ ഏകദേശം 11:00 മണിക്ക് അദ്ദേഹം കർബി ആംഗ്ലോംഗ് ജില്ലയിലെ ദിഫുവിൽ 'സമാധാനം, ഐക്യം, വികസന റാലി'യെ അഭിസംബോധന ചെയ്യും. പരിപാടിയിൽ വിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. അതിനുശേഷം, ഏകദേശം ഉച്ചയ്ക്ക് 01:45 ന്, പ്രധാനമന്ത്രി ദിബ്രുഗഢിലെത്തി അസം മെഡിക്കൽ കോളേജിലെ ദിബ്രുഗഢ് കാൻസർ ആശുപത്രി രാജ്യത്തിന് സമർപ്പിക്കും. പിന്നീട്, ഉച്ചകഴിഞ്ഞ് 3 മണിക്ക്, ദിബ്രുഗഡിലെ ഖനികർ ഗ്രൗണ്ടിൽ നടക്കുന്ന പൊതുപരിപാടിയിൽ അദ്ദേഹം പങ്കെടുക്കും, അവിടെ അദ്ദേഹം ആറ് കാൻസർ ആശുപത്രികൾ കൂടി രാജ്യത്തിന് സമർപ്പിക്കുകയും ഏഴ് പുതിയ കാൻസർ ആശുപത്രികൾക്ക് തറക്കല്ലിടുകയും ചെയ്യും.
പ്രധാനമന്ത്രി കർബി ആംഗ്ലോങ്ങിലെ ദിഫുവിൽ
ആറ് കർബി തീവ്രവാദ സംഘടനകളുമായി കേന്ദ്ര ഗവൺമെന്റും അസം സർക്കാരും അടുത്തിടെ ഒപ്പുവച്ച കരാർ പ്രദേശത്തിന്റെ സമാധാനത്തിനും വികസനത്തിനുമുള്ള പ്രധാനമന്ത്രിയുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ് . ഈ കരാർ മേഖലയിൽ സമാധാനത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു. ‘സമാധാനം, ഐക്യം, വികസന റാലി’യിലെ പ്രധാനമന്ത്രിയുടെ പ്രസംഗം, മുഴുവൻ മേഖലയിലെയും സമാധാന സംരംഭങ്ങൾക്ക് വലിയ ഉത്തേജനം നൽകും.
വെറ്ററിനറി കോളേജ് (ദിഫു), ഡിഗ്രി കോളേജ് (വെസ്റ്റ് കർബി ആംഗ്ലോംഗ്), അഗ്രികൾച്ചറൽ കോളേജ് (കൊലോംഗ, വെസ്റ്റ് കർബി ആംഗ്ലോംഗ്) എന്നിവയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 500 കോടിയിലധികം വരുന്ന ഈ പദ്ധതികൾ മേഖലയിൽ നൈപുണ്യത്തിനും തൊഴിലിനും പുതിയ അവസരങ്ങൾ കൊണ്ടുവരും.
പരിപാടിയിൽ 2950-ലധികം അമൃത് സരോവർ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ഏകദേശം 1150 കോടി രൂപ ചെലവിൽ സംസ്ഥാനം ഈ അമൃത് സരോവറുകൾ വികസിപ്പിക്കും.
പ്രധാനമന്ത്രി ദിബ്രുഗഡിൽ
അസം ഗവൺമെന്റിന്റെയും ടാറ്റ ട്രസ്റ്റിന്റെയും സംയുക്ത സംരംഭമായ അസം കാൻസർ കെയർ ഫൗണ്ടേഷൻ, സംസ്ഥാനത്തുടനീളം വ്യാപിച്ചുകിടക്കുന്ന 17 കാൻസർ കെയർ ഹോസ്പിറ്റലുകളുള്ള ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ചെലവ് കുറഞ്ഞ കാൻസർ കെയർ ശൃംഖല നിർമ്മിക്കുന്നതിനുള്ള ഒരു പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 10 ആശുപത്രികളിൽ ഏഴ് ആശുപത്രികളുടെ നിർമാണം പൂർത്തീകരിച്ചപ്പോൾ മൂന്ന് ആശുപത്രികൾ വിവിധ തലത്തിലുള്ള നിർമാണത്തിലാണ്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഏഴ് പുതിയ കാൻസർ ആശുപത്രികളുടെ നിർമ്മാണത്തിന് സാക്ഷ്യം വഹിക്കും.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയ ഏഴ് കാൻസർ ആശുപത്രികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ദിബ്രുഗഡ്, കൊക്രജാർ, ബാർപേട്ട, ദരാംഗ്, തേസ്പൂർ, ലഖിംപൂർ, ജോർഹട്ട് എന്നിവിടങ്ങളിലാണ് ഈ കാൻസർ ആശുപത്രികൾ നിർമ്മിച്ചിരിക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ നിർമിക്കുന്ന ധൂബ്രി, നാൽബാരി, ഗോൾപാറ, നാഗോൺ, ശിവസാഗർ, ടിൻസുകിയ, ഗോലാഘട്ട് എന്നിവിടങ്ങളിൽ ഏഴ് പുതിയ കാൻസർ ആശുപത്രികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.