പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഞായറാഴ്ച (2021 ഫെബ്രുവരി 7 ന് ) അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ സന്ദർശിക്കും. രാവിലെ 11: 45 ന് പ്രധാനമന്ത്രി രണ്ട് ആശുപത്രികളുടെ തറക്കല്ലിടൽ നടത്തുകയും സംസ്ഥാന പാതകളും, ജില്ലാ റോഡുകളും ഉൾപ്പെടുന്ന പ്രധാന പദ്ധതിയായ 'അസോം മാല' അസമിലെ സോണിത്പൂർ ജില്ലയിലെ ധെകിയജുലിയിൽ അദ്ദേഹം സമാരംഭിക്കുകയും ചെയ്യും. അതിനുശേഷം, വൈകുന്നേരം 4: 50 ന് അദ്ദേഹം പശ്ചിമ ബംഗാളിലെ ഹാൽദിയയിലെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് തറക്കല്ലിടുകയും രാഷ്ട്രത്തിനായി സമർപ്പിക്കുകയും ചെയ്യും.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഹാൽഡിയ റിഫൈനറിയുടെ രണ്ടാമത്തെ കാറ്റലിറ്റിക്-ഐസോഡെവാക്സിംഗ് യൂണിറ്റിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ഈ യൂണിറ്റിന് പ്രതിവർഷം 270 ആയിരം മെട്രിക് ടൺ ശേഷിയുണ്ടാകും, കമ്മീഷൻ ചെയ്ത് കഴിയുമ്പോൾ ഏകദേശം 185 മില്യൺ യുഎസ് ഡോളർ വിദേശനാണ്യം ലാഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
ദേശീയ പാത 41 ൽ ഹാൽദിയയിലെ റാണിചാക്കിൽ നടക്കുന്ന 4 വരി റെയിൽവേ മേൽപ്പാലം ഉൾപ്പെടുന്ന ഫ്ലൈഓവറും പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കും. 190 കോടി രൂപ ചെലവിൽ നിർമ്മിച്ചതാണ് ഇത്. ഈ ഫ്ലൈഓവർ കമ്മീഷൻ ചെയ്യുന്നത് കൊളഗട്ടിൽ നിന്ന് ഹാൽദിയ ഡോക്ക് കോംപ്ലക്സിലേക്കും മറ്റ് പരിസര പ്രദേശങ്ങളിലേക്കും തടസമില്ലാതെയുള്ള ഗതാഗതത്തിന് വഴിയൊരുക്കും. ഇതിന്റെ ഫലമായി യാത്രാ സമയം ഗണ്യമായി ലാഭിക്കുകയും തുറമുഖത്തിനകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്ന ഹെവി വാഹനങ്ങളുടെ പ്രവർത്തന ചെലവും ഗണ്യമായി ലാഭിക്കുകയും ചെയ്യും. കിഴക്കൻ ഇന്ത്യയുടെ വളർച്ചയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പൂർവോദയ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പദ്ധതികൾ. പശ്ചിമ ബംഗാൾ ഗവർണറും മുഖ്യമന്ത്രിയും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.
പ്രധാനമന്ത്രി അസമിൽ
സംസ്ഥാനത്തെ ദേശീയപാതകളും പ്രധാന ജില്ലാ റോഡ് ശൃംഖലയും മെച്ചപ്പെടുത്താൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള അസോം മാല പ്രധാനമന്ത്രി ‘സമരംഭിക്കും. തുടർച്ചയായ ഫീൽഡ് ഡാറ്റ ശേഖരണത്തിലൂടെയും റോഡ് അസറ്റ് മാനേജുമെന്റ് സിസ്റ്റവുമായുള്ള ബന്ധത്തിലൂടെയും ഫലപ്രദമായ പരിപാലനത്തിന് നൽകുന്ന ഊന്നൽ പദ്ധതിയുടെ സവിശേഷതയാണ്. ദേശീയ പാതകളും ഗ്രാമീണ റോഡുകളുടെ ശൃംഖലയും തമ്മിലുള്ള ഗുണനിലവാരമുള്ള ഇന്റർ-ലിങ്കേജ് റോഡുകൾ ‘അസോം മാല ’ പ്രദാനം ചെയ്യുന്നതിനൊപ്പം തടസ്സമില്ലാത്ത മൾട്ടി മോഡൽ ഗതാഗതം സുഗമമാക്കും. ഇത് സാമ്പത്തിക വളർച്ചാ കേന്ദ്രങ്ങളെ ഗതാഗത ഇടനാഴികളുമായി പരസ്പരം ബന്ധിപ്പിക്കുകയും അന്തർ സംസ്ഥാന കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും. അസം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കും.
മൊത്തം 1100 കോടി രൂപയുടെ പദ്ധതി ചെലവിൽ ബിശ്വനാഥിലും ചരൈഡിയോയിലും ആരംഭിക്കുന്ന രണ്ട് മെഡിക്കൽ കോളേജുകളുടെയും ആശുപത്രികളുടെയും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഓരോ ആശുപത്രിയിലും 500 കിടക്കകളും, 100 എംബിബിഎസ് സീറ്റുകളും ഉണ്ടായിരിക്കും. മെഡിക്കൽ കോളേജുകളുടെയും ആശുപത്രികളുടെയും എണ്ണം കൂടുന്നത് സംസ്ഥാനത്തെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുക മാത്രമല്ല, വടക്ക് കിഴക്കൻ മേഖലയിലെ മുഴുവൻ രോഗികളുടെയും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും കേന്ദ്രമായി അസമിനെ മാറ്റുകയും ചെയ്യും.