മഹാമന പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ 162-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2023 ഡിസംബര്‍ 25ന് വൈകിട്ട് 4.30ന് വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമാഹരിച്ച കൃതികളുടെ’ 11 വാല്യങ്ങളുള്ള ആദ്യ ശ്രേണി പ്രകാശനം ചെയ്യും. ചടങ്ങില്‍ പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യും.
രാഷ്ട്രസേവനത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് ഉചിതമായ അംഗീകാരം നല്‍കുക എന്നതാണ് അമൃതകാലത്തില്‍ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമാഹരിച്ച കൃതികള്‍ ഈ ദിശയിലുള്ള ഒരു ഉദ്യമമാണ്.
രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ച പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ എഴുത്തുകളുടെയും പ്രസംഗങ്ങളുടെയും സമാഹാരമാണ് 11 വാല്യങ്ങളിലും 4,000 പേജുകളിലുമായി വ്യാപിച്ചുകിടക്കുന്ന ഈ ദ്വിഭാഷാ (ഇംഗ്ലീഷ്, ഹിന്ദി) കൃതി. ഈ വാല്യങ്ങളില്‍ അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കാത്ത കത്തുകള്‍, ലേഖനങ്ങള്‍, കുറിപ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രസംഗങ്ങള്‍ എന്നിവ അടങ്ങുന്നു. 1907 ല്‍ അദ്ദേഹം ആരംഭിച്ച ഹിന്ദി വാരികയായ ‘അഭ്യുദയ’യുടെ എഡിറ്റോറിയല്‍ ഉള്ളടക്കം, കാലാകാലങ്ങളില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങള്‍, ലഘുലേഖകള്‍, ചെറുപുസ്തകങ്ങൾ, 1903നും 1910നും ഇടയില്‍ ആഗ്രയിലെയും അവധിലെയും ഏകീകൃത പ്രവിശ്യകളിലെ നിയമ നിര്‍മ്മാണസഭയില്‍ നടത്തിയ എല്ലാ പ്രസംഗങ്ങളും, റോയല്‍ കമ്മീഷന് മുമ്പാകെ നല്‍കിയ നിർദേശങ്ങൾ, 1910നും 1920നും ഇടയില്‍ ഇംപീരിയല്‍ നിയമ നിര്‍മ്മാണസഭയില്‍ ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ നടത്തിയ പ്രസംഗങ്ങൾ, ബനാറസ് ഹിന്ദു സര്‍വകലാശാല സ്ഥാപിക്കുന്നതിന് മുമ്പും ശേഷവും എഴുതിയ കത്തുകള്‍, ലേഖനങ്ങള്‍, പ്രസംഗങ്ങൾ, 1923നും 1925നും ഇടയില്‍ അദ്ദേഹം എഴുതിയ ഡയറി എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ ആദര്‍ശങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിനായി സ്വയം സമര്‍പ്പിച്ചിരിക്കുന്ന മഹാമന മാളവ്യ മിഷന്‍ എന്ന സ്ഥാപനമാണ് പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ എഴുതിയതും സംസാരിച്ചതുമായ രേഖകള്‍ ഗവേഷണം ചെയ്ത് സമാഹരിക്കുന്ന ജോലി ഏറ്റെടുത്തത്. പ്രമുഖ പത്രപ്രവര്‍ത്തകന്‍ ശ്രീ റാം ബഹദൂര്‍ റായിയുടെ നേതൃത്വത്തിലുള്ള മിഷന്റെ സമര്‍പ്പിത സംഘം പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ മൗലിക സാഹിത്യത്തില്‍ ഭാഷയിലും പാഠത്തിലും മാറ്റം വരുത്താതെ പ്രവര്‍ത്തിച്ചു. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസിദ്ധീകരണവിഭാഗമാണ് ഈ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്.
ബനാറസ് ഹിന്ദു സർവകലാശാലയുടെ സ്ഥാപകനായ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ ആധുനിക ഇന്ത്യയുടെ സ്രഷ്ടാക്കളില്‍ പ്രധാന സ്ഥാനം വഹിക്കുന്നു. ജനങ്ങളുടെ ഇടയില്‍ ദേശീയ അവബോധം വളര്‍ത്തുന്നതിന് വളരെയധികം പ്രയത്നിച്ച മികച്ച പണ്ഡിതനും സ്വാതന്ത്ര്യസമരസേനാനിയുമായി അദ്ദേഹം ഓർമിക്കപ്പെടുന്നു.