പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാന് (പി.എം.-ജന്‍മന്‍) കീഴില്‍ പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമിണിന്റെ (പി.എം.എ.വൈ-ജി) ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡു 2024 ജനുവരി 15 ന് ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്യും. ഈ അവസരത്തില്‍ പിഎം-ജന്‍മന്നിന്റെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കുകയും ചെയ്യും.
ഏറ്റവും അവസാനത്തെ വ്യക്തിയേയും ശാക്തീകരിക്കുകയെന്ന അന്ത്യോദയയുടെ ദര്‍ശനത്തോടെയുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് അനുസൃതമായി, പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ (പി.വി.ടി.ജി) സാമൂഹിക-സാമ്പത്തിക ക്ഷേമത്തിനായി 2023 നവംബര്‍ 15-ന് ജന്‍ജാതിയ ഗൗരവ് ദിവസിലാണ് പിഎം ജന്‍മന്നിന് സമാരംഭം കുറിച്ചത്.
ഏകദേശം 24,000 കോടി രൂപ ബജറ്റ് വിഹിതമുള്ള പിഎം-ജന്‍മന്‍, 9 മന്ത്രാലയങ്ങളിലൂടെ 11 നിര്‍ണായക ഇടപെടലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സുരക്ഷിതമായ പാര്‍പ്പിടം, ശുദ്ധമായ കുടിവെള്ളം, പൊതുശുചിത്വനടപടികള്‍, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, വൈദ്യുതി, റോഡ്, ടെലകോം ബന്ധിപ്പിക്കല്‍ എന്നിവയുടെ മെച്ചപ്പെട്ട പ്രാപ്യത,സുസ്ഥിര ഉപജീവന അവസരങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടെ പി.വി.ടി.ജി കുടുംബങ്ങളേയും ആവാസ വ്യവസ്ഥകളെയും പൂരിതമാക്കി പി.വി.ടി.ജികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്.