ന്യൂഡല്‍ഹിയിലെ വിജ്ഞാൻ ഭവനില്‍ നടക്കുന്ന 'ഉദ്യമി ഭാരത്' (സംരംഭകത്വ ഭാരതം) പരിപാടിയില്‍ 2022 ജൂണ്‍ 30-ന് രാവിലെ 10:30-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ചടങ്ങില്‍, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പ്രകടനത്തിലെ ഉയിര്‍ത്തെഴുല്‍പ്പും വേഗതയും പദ്ധതി (റൈസിംഗ് ആന്‍ഡ് ആക്‌സിലറേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോമന്‍സ് -റാംപ്) പദ്ധതി, എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭം) യിലെ ആദ്യത്തെ കയറ്റുമതിക്കാരുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍ (സി.ബി.എഫ്.ടി.ഇ) പദ്ധതിയും പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടിക്കല്‍ പരിപാടിയുടെ പുതിയ സവിശേഷതകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 2022-23 ലെ പി.എം.ഇ.ജി.പിയുടെ ഗുണഭോക്താക്കള്‍ക്കുള്ള സഹായം പ്രധാനമന്ത്രി ഡിജിറ്റലായി കൈമാറുകയും; എം.എസ്.എം.ഇ ഐഡിയ ഹാക്കത്തോണ്‍ 2022ന്റെ ഫലങ്ങള്‍ പ്രഖ്യാപിക്കുകയും, 2022ലെ ദേശീയ എം.എസ്.എം.ഇ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുകയും, സ്വാശ്രയ ഇന്ത്യ ഫണ്ടില്‍ 75 എം.എസ്.എം.ഇകള്‍ക്ക് ഡിജിറ്റല്‍ ഇക്വിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകകയും ചെയ്യും.
ആദ്യ ദിവസം മുതല്‍ തന്നെ എം.എസ്.എം.ഇകളുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ നിരന്തരമായ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് 'ഉദ്യമി ഭാരത്'. മുദ്ര യോജന, എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം (അതിവേഗ വായ്പാ ഉറപ്പ് പദ്ധതി), പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനുള്ള ഫണ്ട് പദ്ധതി (എസ്.എഫ്.യു.ആര്‍.ടി.ഐ) തുടങ്ങി, എം.എസ്.എം.ഇ മേഖലയ്ക്ക് ആവശ്യമായതും സമയബന്ധിതവുമായ പിന്തുണ നല്‍കുന്നതിന് സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിരവധി മുന്‍കൈകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. രാജ്യത്തുടനീളം കോടിക്കണക്കിന് ആളുകള്‍ക്ക് ഇത് പ്രയോജനം ചെയ്തിട്ടുണ്ട്.
ഏകദേശം 6000 കോടി രൂപ അടങ്കലുള്ള 'റൈസിംഗ് ആന്‍ഡ് ആക്‌സിലറേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോമന്‍സ് (എം.എസ്.എം.ഇ മേഖയുടെ പ്രകടനത്തിലെ പുനരുജ്ജീവന വേഗത-റാംപ്) പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നിലവിലുള്ള എം.എസ്.എം.ഇ പദ്ധതികളുടെ സ്വാധീനം വര്‍ദ്ധിപ്പിച്ചുകൊണ്ട്, സംസ്ഥാനങ്ങളിലെ എം.എസ്.എം.ഇ കളുടെ നിര്‍വഹണ ശേഷിയും പരിധിയും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് ഇത്. നൂതനാശയങ്ങള്‍, ആശയവല്‍ക്കരണം എന്നിവ പ്രോത്സാഹിപ്പിക്കുകയും, ഗുണനിലവാര നിലവാരവും വര്‍ദ്ധിപ്പിച്ചും സമ്പ്രദായങ്ങളും പ്രക്രിയകളും മെച്ചപ്പെടുത്തിയും, വിപണി പ്രവേശനം വര്‍ദ്ധിപ്പിച്ചും, സാങ്കേതിക ഉപകരണങ്ങള്‍, വ്യവസായം 4.0 എന്നിവ വിന്യസിപ്പിച്ചുകൊണ്ട് എം.എസ്.എം.ഇ കളെ മത്സരാധിഷ്ഠിതവും സ്വാശ്രയവുമാക്കല്‍ വേഗത്തിലാക്കുന്നതിലൂടെ ഇത് ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് പരിപൂര്‍ണ്ണത നല്‍കും.
ആഗോള വിപണിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉല്‍പന്നങ്ങളും സേവനങ്ങളും നല്‍കാന്‍ എം.എസ്.എം.ഇകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കപ്പാസിറ്റി ബില്‍ഡിംഗ് ഓഫ് ഫസ്റ്റ്-ടൈം എം.എസ.്എം.ഇ എക്‌സ്‌പോര്‍ട്ടേഴ്‌സ് -എം.എസ്.എം.ഇയിലെ ആദ്യതവണ കയറ്റുമതിക്കാരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍ സി.ബി.എഫ്.ടി.ഇ) പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത് ആഗോള മൂല്യ ശൃംഖലയില്‍ ഇന്ത്യന്‍ എം.എസ്.എം.ഇകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും അവര്‍ക്ക് കയറ്റുമതി സാദ്ധ്യതകള്‍ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യും.
പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടിക്കല്‍ പരിപാടിയുടെ (പി.എം.ഇ.ജി.പി) പുതിയ സവിശേഷതകള്‍ക്കും പ്രധാനമന്ത്രി സമാരംഭം കുറിയ്ക്കും. ഉല്‍പ്പാദന മേഖലയ്ക്ക് പരമാവധി പദ്ധതിച്ചെലവ് 50 ലക്ഷം രൂപയായും (25 ലക്ഷം രൂപയില്‍ നിന്ന്) സേവന മേഖലയില്‍ 20 ലക്ഷം രൂപയായും (10 ലക്ഷം രൂപയില്‍ നിന്ന്) വര്‍ദ്ധിപ്പിക്കുന്നതും ഉയര്‍ന്ന സബ്‌സിഡി ലഭിക്കുന്നതിനായി പ്രത്യേക വിഭാഗ അപേക്ഷകരില്‍ വികസനംകാംക്ഷിക്കുന്ന ജില്ലകളില്‍ നിന്നും ഭിന്നലിംഗക്കാരായ അപേക്ഷകരെ ഉള്‍പ്പെടുത്തതും ഇതില്‍ ഉള്‍പ്പെടും. കൂടാതെ, ബാങ്കിംഗ്, ടെക്‌നിക്കല്‍ /വിപണി വിദഗ്ധര്‍ എന്നിവരെ ഇടപെടുത്തി അപേക്ഷകര്‍ക്ക്/സംരംഭകര്‍ക്ക് കൈകൊടുക്കുന്ന പിന്തുണയും നല്‍കുന്നുണ്ട്.
ഈ ചടങ്ങില്‍ 2022-ലെ എം.എസ്.എം.ഇ ഐഡിയ ഹാക്കത്തോണിന്റെ ഫലങ്ങള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കും. 2022 മാര്‍ച്ച് 10-ന് ആരംഭിച്ച ഈ ഹാക്കത്തോണ്‍, വ്യക്തികളുടെ ഉപയോഗിക്കപ്പെടാത്ത സര്‍ഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും, എം.എസ്.എം.ഇകള്‍ ക്കിടയില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നതാണ്. തെരഞ്ഞെടുത്ത ആശയങ്ങളില്‍ ഒരു അംഗീകൃത ആശയത്തിന് 15 ലക്ഷം രൂപ വീതം ധനസഹായം നല്‍കും.
2022ലെ ദേശീയ എം.എസ്.എം.ഇ പുരസ്‌ക്കാരങ്ങളും പ്രധാനമന്ത്രി വിതരണം ചെയ്യും. ഇന്ത്യയുടെ ചലനാത്മകമായ എം.എസ്.എം.ഇ മേഖലയുടെ വളര്‍ച്ചയിലും വികസനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച എം.എസ്.എം.ഇകള്‍, സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങള്‍, വികസനംകാംക്ഷിക്കുന്ന ജില്ലകള്‍, ബാങ്കുകള്‍ എന്നിവയുടെ സംഭാവനകള്‍ക്കുള്ള അംഗീകാരവുമാണ് ഈ പുരസ്‌ക്കാരം.