നവംബർ 24 ന് വൈകുന്നേരം 5:30 ന് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ‘ഒഡീഷ പർബ 2024’ പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. തദവസരത്തിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ന്യൂഡൽഹിയിലെ ഒഡിയ സമാജിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു സാംസ്‌കാരിക പരിപാടിയാണ് ഒഡീഷ പർബ. ഒഡിയ പൈതൃകത്തിൻ്റെ സംരക്ഷണത്തിനും പ്രചാരണത്തിനും വിലപ്പെട്ട പിന്തുണ നൽകുന്ന പരിപാടിയാണ് ഇത്. ഈ വർഷം നവംബർ 22 മുതൽ 24 വരെയാണ് ഒഡീഷ പർബ സംഘടിപ്പിച്ചിരിക്കുന്നത്. ഒഡീഷയുടെ സമ്പന്നമായ പൈതൃകത്തിന്റെ ഭാഗമായ വർണ്ണാഭമായ കലാരൂപങ്ങളും, സംസ്ഥാനത്തിൻ്റെ ഊർജ്ജസ്വലമായ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പാരമ്പര്യം സൂചിപ്പിക്കുന്ന പ്രദർശനങ്ങളും ‘ഒഡീഷ പർബ 2024’ ന്റെ ഭാഗമായി ഉണ്ടാകും. സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരും, വിദഗ്ധരും, വിശിഷ്ട പ്രൊഫഷണലുകളും മറ്റും നയിക്കുന്ന ദേശീയ സെമിനാറും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.