ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാം പ്രകാശ് പുരബിനോടനുബന്ധിച് ഏപ്രിൽ 21 ന് ചുവപ്പു കോട്ടയിൽ നടക്കുന്ന ആഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കും. അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യുകയും സ്മരണിക നാണയത്തിന്റെയും തപാൽ സ്റ്റാമ്പിന്റെയും പ്രകാശനം നിർവ്വഹിക്കുകയും ചെയ്യും.
ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ സഹകരണത്തോടെ കേന്ദ്ര ഗവൺമെന്റാണ് പരിപാടി സംഘടിപ്പിക്കുന്നത്. രണ്ട് ദിവസത്തെ പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റാഗികളും കുട്ടികളും 'ശബദ് കീർത്തന'ത്തിൽ പങ്കെടുക്കും. ഗുരു തേജ് ബഹാദൂർ ജിയുടെ മഹത്തായ ജീവിതം ചിത്രീകരിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ഉണ്ടായിരിക്കും. ഇതിന് പുറമെ സിഖുകാരുടെ പരമ്പരാഗത ആയോധന കലയായ 'ഗട്ക'യും സംഘടിപ്പിക്കും.
ലോക ചരിത്രത്തിലെ മതവും മാനുഷിക മൂല്യങ്ങളും ആദർശങ്ങളും തത്വങ്ങളും സംരക്ഷിക്കുന്നതിനായി തന്റെ ജീവൻ ബലിയർപ്പിച്ച ഒമ്പതാമത്തെ സിഖ് ഗുരു ഗുരു തേജ് ബഹാദൂർ ജിയുടെ അനുശാസനങ്ങൾ ഉയർത്തിക്കാട്ടുകയാണ് പരിപാടിയുടെ മുഖ്യ ലക്‌ഷ്യം . മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ആജ്ഞപ്രകാരം കാശ്മീരി പണ്ഡിറ്റുകളുടെ മതസ്വാതന്ത്ര്യത്തെ പിന്തുണച്ചതിന് അദ്ദേഹത്തെ വധിച്ചു. അദ്ദേഹത്തിന്റെ ചരമവാർഷികം എല്ലാ വർഷവും നവംബർ 24-ന് ഷഹീദി ദിവസ് ആയി ആചരിക്കുന്നു. ഡൽഹിയിലെ ഗുരുദ്വാര സിസ് ഗഞ്ച് സാഹിബും ഗുരുദ്വാര റകാബ് ഗഞ്ചും അദ്ദേഹത്തിന്റെ വിശുദ്ധ ത്യാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യം രാഷ്ട്രത്തെ ഒരുമിപ്പിക്കുന്ന ഒരു വലിയ ശക്തിയായി വർത്തിക്കുന്നു.