പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 ഡിസംബർ 16-ന്) രാവിലെ 10:30-ന് ദേശീയ യുദ്ധസ്മാരകത്തിൽ സ്വർണിം വിജയ് ജ്വാലകളുടെ അഭിവാദനത്തിലും സ്വീകരണ ചടങ്ങിലും പങ്കെടുക്കും.
1971ലെ യുദ്ധത്തിലെ ഇന്ത്യയുടെ വിജയത്തിന്റെയും ബംഗ്ലാദേശ് രൂപീകരണത്തിന്റെയും 50 വർഷത്തെ സ്മരണാർത്ഥം നടന്ന സ്വർണിം വിജയ് വർഷ് ആഘോഷങ്ങളുടെ ഭാഗമായി, കഴിഞ്ഞ വർഷം ഡിസംബർ 16 ന്, ദേശീയ യുദ്ധസ്മാരകത്തിലെ നിത്യജ്വാലയിൽ നിന്ന് പ്രധാനമന്ത്രി സ്വർണിം വിജയ് ദീപശിഖ കത്തിച്ചു. വിവിധ ദിശകളിലൂടെ സഞ്ചരിക്കേണ്ട നാല് അഗ്നിജ്വാലകളും അദ്ദേഹം കത്തിച്ചു. അതിനുശേഷം, സിയാച്ചിൻ, കന്യാകുമാരി, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ലോംഗേവാല, റാൻ ഓഫ് കച്ച്, അഗർത്തല തുടങ്ങി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഈ നാല് ജ്വാലകൾ സഞ്ചരിച്ചു. പ്രധാന യുദ്ധമേഖലകളിലേക്കും , ധീരത അവാർഡ് ജേതാക്കളുടെയും 1971 ലെ യുദ്ധത്തിലെ വിമുക്തഭടന്മാരുടെയും വീടുകളിലേക്കും ജ്വാലകൾ എത്തിച്ചു.
നാളെ നടക്കുന്ന അഭിവാദന ചടങ്ങിനിടെ, ഈ നാല് ജ്വാലകളും ദേശീയ യുദ്ധസ്മാരകത്തിലെ നിത്യജ്വാലയുമായി പ്രധാനമന്ത്രി ലയിപ്പിക്കും.