പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, 2022 ഡിസംബർ 13-ന് വൈകുന്നേരം 5 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാർഷിക അനുസ്മരണ പരിപാടിയിൽ പങ്കെടുക്കും. ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തിൽ പുതുച്ചേരിയിലെ കമ്പൻ കലൈ സംഗമത്തിൽ നടക്കുന്ന പരിപാടിയിൽ ശ്രീ അരബിന്ദോയുടെ സ്മരണാർത്ഥം ഒരു നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. രാജ്യത്തുടനീളമുള്ള ശ്രീ അരബിന്ദോയുടെ അനുയായികൾ ഉൾപ്പെടുന്ന ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.
1872 ഓഗസ്റ്റ് 15-ന് ജനിച്ച ശ്രീ അരബിന്ദോ, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ശാശ്വത സംഭാവനകൾ നൽകിയ ഒരു ദർശകനായിരുന്നു. ആസാദി കാ അമൃത് മഹോത്സവ് - സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ വേളയിൽ ഇന്ത്യയുടെ ജനതയുടെയും സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രം ആഘോഷിക്കാനുള്ള ഒരു ശ്രമം - രാജ്യത്തുടനീളം ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിച്ചുകൊണ്ട് ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാർഷികത്തെ അനുസ്മരിക്കുന്നു.