ബീഹാറിലെ ഒന്‍പത് ഹൈവേ പദ്ധതികള്‍ക്ക് 2020 സെപ്റ്റംബര്‍ 21ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും. ഒപ്പം ബീഹാറിലെ മൊത്തം 45,945 ഗ്രാമങ്ങളേയും ഒപ്റ്റിക്കല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് സേവനത്തിലൂടെ ബന്ധിപ്പിക്കുന്ന ഘര്‍ തക് ഫൈബര്‍ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഹൈവേ പദ്ധതികള്‍
ഏകദേശം 350 കിലോമീറ്റര്‍ ദൈര്‍ഘ്യവും 14,258 കോടി രൂപ ചെലവും ഉള്‍പ്പെടുന്നതാണ് ഈ ഒന്‍പത് ഹൈവേ പദ്ധതികള്‍.
ബീഹാറിന്റെ വികസനത്തിന് വഴിയിടുന്ന ഈ റോഡുകള്‍ സംസ്ഥാനത്തിനുള്ളിലും ചുറ്റുപാടും മികച്ച ബന്ധിപ്പിക്കലും സൗകര്യവും സാമ്പത്തിക വികസനവും വര്‍ദ്ധിപ്പിക്കും. ആളുകളുടെയും ചരക്കുകളുടെയും നീക്കം, പ്രത്യേകിച്ച് അയല്‍സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലേക്കും ജാര്‍ഖണ്ഡിലേക്കുമുള്ള ചരക്കുനീക്കം വലിയതോതില്‍ മെച്ചപ്പെടും.
ബിഹാറിന്റെ പശ്ചാത്തല സൗകര്യ വികസനത്തിനായി സവിശേഷമായ ഒരു പാക്കേജ് 2015ല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 54,700 കോടി രൂപ ചെലവുവരുന്ന 75 പദ്ധതികള്‍ ഉള്‍പ്പെടുന്ന ഇതില്‍ 13 എണ്ണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 38എണ്ണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്, ബാക്കിയുള്ളവ ഡി.പി.ആര്‍/ബിഡ്ഡിംഗ്/ അല്ലെങ്കില്‍ അംഗീകാരം നല്‍കുന്ന ഘട്ടത്തിൽ ആണ്.
ഈ പദ്ധതികൾ പൂര്‍ത്തിയാകുമ്പോള്‍, ബീഹാറിലെ എല്ലാ നദികളിലും 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ പാലങ്ങള്‍ ഉണ്ടാകുകയും എല്ലാ ദേശീയപാതകളും വിതികൂട്ടുകയും ശക്തിപ്പെടുത്തുകയും ചെയ്യും.
പ്രധാനമന്ത്രിയുടെ പാക്കേജിന്റെ കീഴില്‍ ഗംഗാനദിയിലുള്ള പാലങ്ങളുടെ മൊത്തം എണ്ണം 17 ആകും. ഇതോടെ സംസ്ഥാനത്ത് നദികൾക്ക് കുറുകെ ശരാശരി ഓരോ 25 കിലോമീറ്ററിലും പാലങ്ങളുണ്ടാകും.
ഒപ്റ്റിക്കല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് സേവനം
ബീഹാറിലെ മൊത്തം 45,945 ഗ്രാമങ്ങളും ഉള്‍പ്പെടുന്ന അഭിമാനപദ്ധതിയാണ് ഇത്. സംസ്ഥാനത്തെ ഏറ്റവും അകലെയുള്ള മൂലകളില്‍ പോലും ഡിജിറ്റല്‍ വിപ്ലവം എത്തിക്കുന്നതിന് ഇത് സഹായിക്കും.
ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെയും കോമണ്‍ സര്‍വീസ് സെന്ററിൻ്റെയും (സി.എസ്.സി) ടെലകോം വകുപ്പിന്റേയും സംയുക്ത പരിശ്രമത്തിലൂടെയായിരിക്കും പദ്ധതി നടപ്പാക്കുക.
ബീഹാറില്‍ അങ്ങോളമിങ്ങോളം സി.എസ്.സി ക്ക് 34,821 കേന്ദ്രങ്ങളുണ്ട്. ഇത് ഉപയോഗപ്പെടുത്തിക്കൊണ്ട് ബീഹാറിലെ എല്ലാ ഗ്രാമത്തിലേയും സാധാരണ പൗരന്മാര്‍ക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന് വേണ്ട പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. പ്രൈമറി സ്‌കൂളുകള്‍, അംഗനവാടി കേന്ദ്രങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, ജീവികാ ദീദിമാര്‍ തുടങ്ങിയ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് ഒരു വൈ ഫൈയും 5 സൗജന്യ കണക്ഷനുകളും നടപ്പാക്കുന്നതും പദ്ധതിയിലൂടെ സാധ്യമാകും.
ഈ പദ്ധതി ഇ-എഡ്യൂക്കേഷന്‍, ഇ-അഗ്രികള്‍ച്ചര്‍, ടെലി-മെഡിസിന്‍, ടെലി-ലോ എന്നീ ഡിജിറ്റല്‍ സേവനങ്ങളും മറ്റ് സാമൂഹിക പദ്ധതികളും ബീഹാറിലെ എല്ലാ പൗരന്മാര്‍ക്കും സുഗമമായി ലഭിക്കുന്നതിലേക്ക് നയിക്കും.