രാജ്യത്തെ അടിസ്ഥാനസൗകര്യവികസന ഭൂപടത്തിലെ ചരിത്രപരമായ ഇടപെടലാകുന്ന പരസ്പര സമ്പര്‍ക്കത്തിനായുള്ള പിഎം ഗതിശക്തി-ദേശീയ മാസ്റ്റര്‍ പ്ലാനിനു പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 ഒക്ടോബര്‍ 13ന് തുടക്കം കുറിക്കും. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്തില്‍ രാവിലെ 11നാണ് ഉദ്ഘാടനം.
ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനം വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി പിന്നിലായിരുന്നു. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിന്റെ അഭാവമായിരുന്നു ഇതിന് പ്രധാന കാരണമായത്. ഉദാഹരണത്തിന് ഒരു റോഡ് നിര്‍മിച്ചാല്‍, മറ്റ് ചില വകുപ്പുകള്‍ ഭൂമിക്കടിയിലൂടെയുള്ള കേബിളുകള്‍ കുഴിച്ചിടാനും ഗ്യാസ് പൈപ്പ് ലൈനിനായും മറ്റും റോഡ് കുഴിക്കാറുണ്ട്. ഇത് വലിയ തോതില്‍ അസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം അനാവശ്യ ചെലവുകള്‍ക്കും വഴിയൊരുക്കുന്നു. ഈ പ്രശ്നം പരിഹരിക്കാനായുള്ള നടപടികള്‍ സ്വീകരിച്ചതിന്റെ ഫലമായി കേബിളുകള്‍, പൈപ്പ് ലൈനുകള്‍ തുടങ്ങിയവയുടെ പ്രവൃത്തി റോഡ് നിര്‍മാണത്തിനൊപ്പം തന്നെ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. നടപടിക്രമങ്ങളിലെ കാലതമാസം, വിവിധ ഘട്ടങ്ങളായുള്ള റെഗുലേറ്ററി ക്ലിയറന്‍സുകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സമഗ്രമായ കാഴ്ചപ്പാടിലൂടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ആവശ്യമായ നടപടികള്‍ മുന്‍കൂട്ടി കണ്ട് സ്വീകരിച്ചിട്ടുണ്ട്.
പിഎം ഗതിശക്തി പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്ക് നിക്ഷേപം നടത്തുന്നവര്‍ക്കായി സമഗ്രമായ കാഴ്ചപ്പാടിലൂടെ മുന്‍കാലങ്ങളില്‍ നേരിട്ട പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം കണ്ടെത്തും. പദ്ധതികള്‍ക്കായി പ്രത്യേകം പ്രത്യേകം ആസൂത്രണവും രൂപകല്‍പ്പനയും ചെയ്യുന്നതിന് പകരം പൊതുവായ കാഴ്ചപ്പാടോടെ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കും. ഇത് വിവിധ മന്ത്രാലയങ്ങളുടെ സ്‌കീമുകളും സംസ്ഥാന ഗവണ്‍മെന്റുകളുടെ കീഴിലുള്ള ഭാരത്മാല, സാഗര്‍മാല, ജലഗതാഗത പാതകള്‍, ഡ്രൈ/ലാന്‍ഡ് പോര്‍ട്ടുകള്‍, ഉഡാന്‍ പോലുള്ള അടിസ്ഥാന സൗകര്യ വികസന സ്‌കീമുകളും സംയോജിപ്പിക്കും. സമ്പര്‍ക്കം വര്‍ദ്ധിപ്പിക്കാനും ഇന്ത്യന്‍ വാണിജ്യ മേഖലയെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കാനും ടെക്സ്‌റ്റൈല്‍ ക്ലസ്റ്ററുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ക്ലസ്റ്ററുകള്‍, പ്രതിരോധ ഇടനാഴികള്‍, ഇലക്ട്രോണിക് പാര്‍ക്കുകള്‍, വ്യാവസായിക ഇടനാഴികള്‍, മത്സ്യബന്ധന ക്ലസ്റ്ററുകള്‍, കാര്‍ഷിക മേഖലകള്‍ പോലുള്ള സാമ്പത്തിക മേഖലകള്‍ ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. ഇത് സ്ഥലസംബന്ധിയായ ആസൂത്രണ ഉപകരണങ്ങള്‍, ബിസാഗ്-എന്‍ (ഭാസ്‌കരാചാര്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പെയ്സ് ആപ്ലിക്കേഷന്‍സ് ആന്റ് ജിയോ ഇന്‍ഫോര്‍മാറ്റിക്സ്) വികസിപ്പിച്ച ഐഎസ്ആര്‍ഒ ഇമേജറിയുമായി സഹകരിക്കുന്നതടക്കം സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യും.
പിഎം ഗതിശക്തി ഇനിപ്പറയുന്ന ആറ് തൂണുകളിലാണ് നിലകൊള്ളുന്നത്:
1. സമഗ്രത: ഇത് എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും കിഴീല്‍ നിലവിലുള്ളതും ആസൂത്രണം ചെയ്തതുമായ സംരംഭങ്ങളെ ഒരൊറ്റ കേന്ദ്രീകൃത പോര്‍ട്ടലിന് കീഴില്‍ കൊണ്ടുവരും. ഓരോ വകുപ്പുകള്‍ക്കും ഇതര വകുപ്പുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ കഴിയുന്നതിനാല്‍ സമഗ്രമായ നിലയില്‍ പ്രോജക്ടുകള്‍ ആസൂത്രണം ചെയ്യുമ്പോഴും നടപ്പിലാക്കുമ്പോഴും നിര്‍ണായകമായ വിവരങ്ങള്‍ പങ്കിടാന്‍ കഴിയും.
2 മുന്‍ഗണന നിശ്ചയിക്കല്‍: പരസ്പരമുള്ള ആശയവിനിമയത്തിലൂടെ വിവിധ വകുപ്പുകള്‍ക്ക് ഇതിലൂടെ തങ്ങളുടെ പ്രോജക്ടുകള്‍ക്ക് മുന്‍ഗണന നിശ്ചയിക്കാം.
3 മികച്ചത് പ്രയോഗത്തില്‍ കൊണ്ടുവരിക: പദ്ധതികളില്‍ നിര്‍ണായകമായ കാലതാമസം കണ്ടെത്തിയാല്‍ ദേശീയ മാസ്റ്റര്‍ പ്ലാന്‍ പ്രോജക്ടുകള്‍ ആസൂത്രണം ചെയ്യുന്നതില്‍ വിവിധ മന്ത്രാലയങ്ങളെ സഹായിക്കും. ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് ചരക്കുകള്‍ നീക്കുന്നതിന് ചെലവും സമയവും ലാഭിച്ചുള്ള ഗതാഗതത്തിന് പ്ലാന്‍ സഹായം നല്‍കും.
4 സമന്വയിപ്പിക്കല്‍: ചില മന്ത്രാലയങ്ങളും വകുപ്പുകളും ചിലപ്പോള്‍ തങ്ങളുടെ പ്രവൃത്തികള്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് ചെയ്യാറുണ്ട്. ആസൂത്രണത്തിലും നടപ്പിലാക്കലിലും ഉണ്ടാകുന്ന ഏകോപനമില്ലായ്മ പ്രോജക്ടുകള്‍ക്ക് കാലതമാസമുണ്ടാകുന്നതിന് കാരണമാകുന്നു. വിവിധ വകുപ്പുകള്‍ സമഗ്രമായ രീതിയില്‍ പരസ്പരം സഹകരിച്ച് പ്രോജക്ടുകള്‍ ഒരേ കാലഘട്ടത്തില്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും പിഎം ഗതിശക്തി സഹായിക്കുന്നു.
5. അവലോകനം ചെയ്യല്‍: ജിഐഎസ് അടിസ്ഥാന സ്ഥലസംബന്ധിയായ ആസൂത്രണവും 200-ലധികമുള്ള അവലോകന ഉപകരണങ്ങളുടേയും സഹായത്തോടെ പ്ലാന്‍ മുഴുവന്‍ വിവരങ്ങളും ഒരേ സ്ഥലത്ത് ലഭ്യമാക്കുന്നു. ഇത് പദ്ധതി നടപ്പിലാക്കുന്ന വകുപ്പിന് കൂടുതല്‍ വ്യക്തമായി വിവരങ്ങള്‍ കാണുന്നതിന് സഹായിക്കുന്നു.
6. ചലനാത്മകം: സാറ്റലൈറ്റ് ഇമേജറി പദ്ധതികളുടെ പുരോഗതി ആഴ്ച തോറും നല്‍കുന്നതിനാലും പ്രോജക്ടുകളുടെ പുരോഗതി കൃത്യമായ ഇടവേളകളില്‍ പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യുന്നതിനാലും വിവിധ വകുപ്പുകള്‍ യോജിച്ച് നടത്തുന്ന പ്രോജക്ടുകളുടെ പുരോഗതി ജിഐഎസ് പ്ലാറ്റ്ഫോം വഴി എല്ലാ മന്ത്രാലയങ്ങള്‍ക്കും ഇപ്പോള്‍ കാണാനും അവലോകനം ചെയ്യാനും മേല്‍നോട്ടം വഹിക്കാനുമാകും.
ജീവിത നിലവാരം വര്‍ദ്ധിപ്പിക്കുകയും ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യുന്ന അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കാനായുള്ള പ്രധാന മന്ത്രിയുടെ നിരന്തര ശ്രമത്തിന്റെ ഫലമാണ് പിഎം ഗതിശക്തി. ജനങ്ങളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും നീക്കത്തിന് സംയോജിത-തടസ്സരഹിത സമ്പര്‍ക്കത്തിനായി വിവിധമുഖ സമ്പര്‍ക്കസംവിധാനം ലഭ്യമാകും. ഇത് അടിസ്ഥാന സൗകര്യങ്ങളുടെ അവസാന ഘട്ട സമ്പര്‍ക്കം മെച്ചപ്പെടുത്തുകയും ജനങ്ങള്‍ക്ക് യാത്രാസമയം കുറയ്ക്കുകയും ചെയ്യും.
പിഎം ഗതിശക്തി വരാന്‍ പോകുന്ന പ്രോജക്ടുകള്‍, മറ്റ് ബിസിനസ് ഹബ്ബുകള്‍, വ്യാവസായിക മേഖലകളും ചുറ്റുപാടുള്ള പരിസ്ഥിതിയും പോലുള്ളവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും വാണിജ്യ സമൂഹത്തിനുമായി പങ്ക് വയ്ക്കും. ഇത് നിക്ഷേപകരെ തങ്ങള്‍ക്ക് അനുകൂലമായ പ്രദേശങ്ങളില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായിക്കുകയും സഹകരിച്ചുള്ള പ്രവര്‍ത്തനത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത് വിവിധ തലത്തിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സമ്പദ് രംഗത്തിന് ഉണര്‍വ് പകരുകയും ചെയ്യും. ചരക്കുഗതാഗത ചെലവ് കുറയുകയും വിതരണ ശൃംഖല മെച്ചപ്പെടുകയും പ്രാദേശിക വ്യവസായങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കുമായി ശരിയായ സമ്പര്‍ക്കങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുക വഴി ഇത് പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോളതലത്തില്‍ മത്സരക്ഷമത വര്‍ദ്ധിപ്പിക്കും.
പ്രഗതി മൈതാനത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ന്യൂ എക്സിബിഷന്‍ കോംപ്ലക്സും (എക്സിബിഷന്‍ ഹാളുകള്‍ 2 മുതല്‍ 5 വരെ) ഉദ്ഘാടനം ചെയ്യും. ഈ എക്സിബിഷന്‍ ഹാളുകളില്‍ ഇന്ത്യ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്റെ ഫ്ളാഗ്ഷിപ്പ് പരിപാടിയായ ഇന്ത്യ ഇന്‍ര്‍നാഷണല്‍ ട്രേഡ് ഫെയര്‍ (ഐഐടിഎഫ്) 2021 നടക്കും. നവംബര്‍ 14 മുതല്‍ 27 വരെയാണ് പരിപാടി.
കേന്ദ്ര വാണിജ്യ, റോഡ് ഗതാഗത ഹൈവേ, റെയില്‍വേ, വ്യോമ ഗതാഗത, ഷിപ്പിംഗ്, പെട്രോളിയം മന്ത്രിമാരും ചടങ്ങില്‍ സംബന്ധിക്കും.
On the auspicious occasion of Maha Ashtami, tomorrow, 13th October at 11 AM, the PM GatiShakti - National Master Plan for multi-modal connectivity will be launched. Here are the details about why this initiative is special. https://t.co/KKE07VxfYF
— Narendra Modi (@narendramodi) October 12, 2021